‘ജിൻ ജിയാൻ ആസാദി’–- ഈ വർഷത്തെ സമാധാന നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്ന ഓസ്ലോയിലെ യോഗത്തിൽ അവാർഡ് കമ്മിറ്റി അധ്യക്ഷ ബെറിറ്റ് റെയിസ് ആൻഡേഴ്‌സൺ തന്റെ പ്രസംഗം ആരംഭിച്ചത് ഈ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നാണ് ഈ മുദ്രാവാക്യത്തിന്റെ പരിഭാഷ.
ഇറാനിലെ ഷിയാ മത പൗരോഹിത്യ ഭരണകൂടം സ്ത്രീ ജീവിതത്തെ എത്രമാത്രം അപ്രസക്തമാക്കുന്നു എന്നത് ലോകമാകെ ഉറ്റുനോക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്നമാണ്. മതാത്മക–-- ലിംഗാധികാര രാഷ്‌ട്രീയത്തെ തുറന്നുകാട്ടാനും ഇറാനിയൻ സ്ത്രീകളുടെ ചെറുത്തുനിൽപ്പിന് ലോകജനതയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് ഇത്തവണത്തെ നൊബേൽ സമ്മാനം പ്രയോജനപ്പെട്ടിരിക്കുന്നത്.
അവാർഡ് ജേതാവായ നർഗെസ് മൊഹമ്മദി കഴിഞ്ഞ എട്ടുവർഷമായി തെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്. 31 വർഷത്തെ ശിക്ഷയാണ് നർഗെസിന് അനുഭവിച്ചു തീർക്കാനുള്ളത്. നൂറ്റി അമ്പത്തി നാല് ചാട്ടവാറടിയും നർഗെസ് ഏറ്റുവാങ്ങണം.
1972 ഏപ്രിൽ 21ന് ഇറാനിലെ സാഞ്ജാനിൽ ജനിച്ച നർഗെസ് മൊഹമ്മദി റോജിലാത്തെ എന്ന് കുർദുകൾ വിളിക്കുന്ന ഇറാനിയൻ കുർദിസ്താനിലെ ഖോർവെയിലും കരാജിലും ഓഷ്നാവിയേയിലുമാണ് വളർന്നത്. കുർദിഷ് വിമോചന പ്രത്യയശാസ്ത്രം നർഗെസിനെ സ്വാധീനിച്ചിട്ടുണ്ടെന്നുവേണം കരുതാൻ. ജിൻ ജിയാൻ ആസാദി (സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം) എന്നത് കുർദിഷ് മുദ്രാവാക്യം ആണ്. തുർക്കിയിൽ വർഷങ്ങളായി തടവിലുള്ള കുർദിഷ് തൊഴിലാളി പാർടി (പികെകെ) നേതാവ് അബ്ദുള്ള ഓക്കലാൻ രൂപീകരിച്ച ജിനെയോളജി എന്ന സ്ത്രീവിമോചന ആശയത്തിന്റെ അടിസ്ഥാന മുദ്രാവാക്യം എന്ന നിലയ്ക്കാണ് ജിൻ ജിയാൻ ആസാദി, രാജ്യരഹിത രാഷ്ട്രമായ കുർദിസ്താനിലും പുറത്തും പ്രചാരത്തിലായത്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ 2022 സെപ്തംബറിൽ മത സാന്മാർഗിക പൊലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മഹ്സാ അമീനിയുടെ രക്തസാക്ഷിത്വത്തിനുശേഷം റോജിലാത്തെയിലും ഇറാനിലാകെയും പൊട്ടിപ്പുറപ്പെട്ട സർക്കാർവിരുദ്ധ കലാപത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഈ സമരം ഇപ്പോഴും ശമിച്ചിട്ടില്ല.
സർവകലാശാല പഠനകാലത്തുതന്നെ അറസ്റ്റ് ചെയ്യപ്പെട്ട നർഗെസ് പതിമൂന്നോളം തവണ തടവിലാക്കപ്പെട്ടു. സ്വന്തം ജനതയ്ക്കുമേൽ യുദ്ധം പ്രഖ്യാപിക്കുന്നവരാണ് മതയാഥാസ്ഥിതികത്വത്തിലും ഏകാധിപത്യത്തിലും ഊന്നി ഭരിക്കുന്ന ഇറാനിയൻ ഭരണനേതൃത്വം. ‘വെളുത്ത പീഡനങ്ങൾ- ഇറാൻ തടവറയ്ക്കകത്തെ സ്ത്രീ ജീവിതങ്ങൾ’ എന്ന പുസ്തകവും നിരവധി ലേഖനങ്ങളും നർഗെസ് എഴുതിയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബർ 16ന് മഹ്സാ അമീനിയുടെ രക്തസാക്ഷിത്വ വാർഷികത്തിന് ന്യൂയോർക്ക് ടൈംസിൽ എഴുതിയ ‘എത്രത്തോളം അവർ നമ്മളെ അടച്ചിടും, അതനുസരിച്ച് നാം കരുത്താർജിക്കും’ എന്ന ലേഖനമാണ് അവസാനത്തേത്.
ഇറാനിലെ സ്ത്രീകളും കുർദുകളും അടിച്ചമർത്തപ്പെട്ട മറ്റനേകം മനുഷ്യരും ഈ നൊബേൽ സമ്മാനത്തെ ആശ്വാസത്തോടെ ഏറ്റുവാങ്ങുന്നു. ഏകാധിപത്യത്തിലും മത പൗരോഹിത്യത്തിലും യാഥാസ്ഥിതികത്വത്തിലും ഊന്നി സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവിതംതന്നെ ദുസ്സഹമാക്കുന്ന എല്ലാ ഭരണകൂടങ്ങൾക്കുമുള്ള ഒരു താക്കീതാണ് നർഗെസ് മൊഹമ്മദിക്കുള്ള നൊബേൽ സമ്മാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..