‘ഡി കാർബണൈസേഷൻ’ എന്നത് ഒരു ഇംഗ്ലീഷ് പദം ആണെങ്കിലും പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഭാഷയോ ദേശമോ വ്യത്യാസമില്ലാതെ പ്രചരിക്കുന്ന ഒരു വാക്കാണ്. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ‘ഡി കാർബണൈസ്’ ചെയ്യുന്നതിനുള്ള സുസ്ഥിര വികസന പദ്ധതികളാണ് ഇന്ന് നടക്കുന്നത്. കാർബൺ ന്യൂട്രാലിറ്റിയിലേക്കുള്ള പ്രയാണവുംകൂടി ആണ്.
എന്താണ് ‘ഡി കാർബണൈസേഷൻ’
കാർബൺ ബഹിർഗമനവുമായി ബന്ധപ്പെട്ട് ‘കാർബൺ’ എന്ന് ഉപയോഗിക്കുന്നത് ഹരിതഗൃഹ വാതകങ്ങളെയെല്ലാം കാർബൺ ഡൈ ഓക്സൈഡ് അളവിന് തുല്യമാക്കി പറയുന്നതിനെയാണ്. ഉദാഹരണമായി ഒരു കൽക്കരി വൈദ്യുതി നിലയത്തിൽനിന്നും സൾഫർ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് ഇവയെല്ലാം അന്തരീക്ഷത്തിലേക്ക് എത്തുന്നുണ്ട്. എന്നാൽ ഇവയെല്ലാം കാർബൺ ഡയോക്സൈഡിന് തുല്യഅളവിൽ മാറ്റിയാണ് ‘എമിഷൻ റേറ്റ്’ കണക്കാക്കുന്നത്. അന്തരീക്ഷത്തെ കാർബൺ വിമുക്തമാക്കുക എന്നത് സാധ്യമല്ലെന്ന് നമുക്കറിയാം. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ആവശ്യത്തിനുള്ള അളവ് വേണം. സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന തരത്തിൽ അന്തരീക്ഷത്തിലേക്ക് വമിക്കുന്ന വാതകങ്ങളെപ്പറ്റിയാണ് നാം ആകുലപ്പെടുന്നത്. കാലാവസ്ഥാ ഉച്ചകോടികളിലെ തീരുമാനങ്ങളിൽ പ്രധാനപ്പെട്ടതാണ് അന്തരീക്ഷ ഊഷ്മാവിന്റെ വർധന 1.5 ഡിഗ്രി സെൽഷ്യസിൽ നില നിർത്തുന്നതിന് സഹായകമായ കർമപദ്ധതികൾ നടപ്പിലാക്കുക എന്നത്. അതിൽ ഊർജ സംരക്ഷണത്തിനും പുനരുപയോഗ ഊർജത്തിനുമാണ് പ്രാധാന്യം കൈവന്നിരിക്കുന്നത്. വീടുകളിലും വ്യവസായങ്ങളിലും കൃഷിയിടങ്ങളിലും നിർമാണപ്രവൃത്തികളിലും ഊർജ കാര്യക്ഷമത ഉയർത്തുകയും പ്രകൃതി സൗഹൃദ ഊർജ സ്രോതസ്സുകൾ ഉപയോഗിക്കുകയും ചെയ്തു കാർബൺ ബഹിർഗമനം കുറയ്ക്കുക എന്നതുതന്നെ പ്രധാനം. ഇവിടെയാണ് ഊർജ പരിവർത്തനം എന്ന ആശയവും ചർച്ച ചെയ്യുന്നത്. ഊർജ പരിവർത്തനം എന്നാൽ വൈദ്യുതി ഉൽപ്പാദനത്തിലായാലും വ്യവസായങ്ങളിലായാലും ഗതാഗതമേഖലയിലായാലും നിലവിൽ ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽനിന്നും മാറി പ്രകൃതിസൗഹൃദ ഊർജ സ്രോതസ്സുുകളിലേക്കും സാങ്കേതിക വിദ്യകളിലേക്കും മാറുക എന്നതാണ്. ഇതിന്റെയൊക്കെ ഭാഗമായാണ് സൗരോർജം, ഗ്രീൻ ഹൈഡ്രജൻ, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ, ഇലക്‌ട്രിക് വാഹനങ്ങൾ, പ്രകൃതിവാതക പൈപ്പുകളിലൂടെയുള്ള പാചകവാതകം, ഊർജ ഓഡിറ്റ്, ഊർജ സംരക്ഷണ വിദ്യാഭ്യാസം, ഉപകരണങ്ങൾക്കുള്ള ബി ഇ ഇ സ്റ്റാർ ലേബലിങ്, ഹരിത കെട്ടിടങ്ങൾ, ഊർജ കാര്യക്ഷമ ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയുടെയെല്ലാം പ്രോത്സാഹനം ഊർജിതമായി നടക്കുന്നത്.
ഇവയെല്ലാം നിത്യജീവിതവുമായി ബന്ധപ്പെട്ടതാണ് എന്ന് കാണാം. ഒരു സാധാരണ 55 വാട്ട്സ് ഫാനിനു പകരം 28 വാട്ട്സ് ബിഎൽഡിസി ഫാൻ വാങ്ങി ഉപയോഗിച്ചാൽ മാസം 9 യൂണിറ്റ് വൈദ്യുതിയും ഒരു സ്റ്റാർ ഫ്രിഡ്‌ജിന് പകരം 5 സ്റ്റാർ ഫ്രിഡ്‌ജ് ഉപയോഗിച്ചാൽ മാസം 11 യൂണിറ്റ് വൈദ്യുതിയും ലാഭിക്കാം എന്ന് അറിയുമ്പോഴാണ് വീടുകളിലെ ഓരോ ഉപകരണങ്ങളുടെയും ഊർജകാര്യക്ഷമതയെപ്പറ്റി നാം ആലോചിക്കുന്നത്. മാത്രമല്ല വൈദ്യുതി ലാഭത്തിലൂടെ നമുക്ക് ഒഴിവാക്കാനാകുന്ന കാർബൺ ബഹിർഗമനവും. കേരളത്തിൽ ഊർജ കാര്യക്ഷമതാ പദ്ധതികൾ പൊതുജന പങ്കാളിത്തത്തോടെ നല്ല രീതിയിൽ നടത്തുവാനും ദേശീയ ഊർജ കാര്യക്ഷമതാ സൂചികയിൽ മുൻപന്തിയിൽ എത്താനും സാധിച്ചിട്ടുണ്ട്. ഊർജ സംരക്ഷണ ദിനത്തിന്റെ സന്ദേശവും ഇത്തരം ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി പ്രകൃതിസൗഹൃദമായ ഒരു ജീവിതശൈലി കെട്ടിപ്പടുക്കുക എന്നതാണ്. എല്ലാ മേഖലകളിലും ഊർജ കാര്യക്ഷമത വർധിപ്പിച്ച് ഊർജ സംരക്ഷണത്തിലൂടെയും മെച്ചപ്പെട്ട ഊർജ മാനേജ്മെന്റ് സംവിധാനങ്ങളിലൂടെയും ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രതിഭാസങ്ങളെ പ്രതിരോധിക്കാൻ നമുക്കേവർക്കും ഒരുമിച്ചു പ്രവർത്തിക്കാം എന്ന ഒരു ആഹ്വാനം കൂടിയാണ്. ഡി കാർബണൈസേഷൻ എന്നത് ഒരു സാങ്കേതിക പദം മാത്രമല്ല നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ആശയംകൂടിയാണ്.
(എനർജി മാനേജ്മെന്റ് സെന്റർ പിആർഒയാണ് ലേഖിക)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..