19 December Thursday
ദേശസാൽക്കരണത്തിന് 55

പൊതുമേഖലാ ബാങ്കുകൾ
 ഇല്ലാതാക്കാൻ നീക്കം - എസ് എസ് അനിൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

 

അമേരിക്കയിൽ ന്യൂജഴ്‌സിയിലെ  ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച ഫിൽ മർഫി, താൻ അധികാരത്തിലേറിയാൽ പൊതുമേഖലയിൽ ബാങ്ക് തുടങ്ങുന്നതിന് നിയമനിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല,  അധികാരമേറിയ ഉടൻ പബ്ലിക് ബാങ്ക് ഇംപ്ലിമെന്റേഷൻ ബോർഡ് രൂപീകരിക്കുകയും ചെയ്തു. അമേരിക്കയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഏക ബാങ്കാണ് ബാങ്ക് ഓഫ് നോർത്ത് ഡെക്കോറ്റ. നൂറു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഇതിനെ മാതൃകയാക്കി ബാങ്കുകൾ തുടങ്ങാൻ പല അമേരിക്കൻ സംസ്ഥാനങ്ങളിലും ചർച്ച നടക്കുന്നു. അമേരിക്കയിൽപ്പോലും പൊതുമേഖലാ ബാങ്കുകളുടെ പ്രസക്തി ചർച്ച ചെയ്യുന്ന വേളയിൽ ഇന്ത്യൻ ഭരണാധികാരികൾ പൊതുമേഖലാ ബാങ്കുകളെ കുത്തകവൽക്കരിക്കുന്നതിന്‌ നിയമഭേദഗതിക്കുള്ള തയ്യാറെടുപ്പിലാണ്.

പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ ബാങ്കിങ്‌, സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് രണ്ട് സംഭവമുണ്ടായി.  പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണമായിരിക്കും മൂന്നാം മോദി  സർക്കാരിന്റെ പ്രധാന അജൻഡകളിലൊന്ന് എന്ന അരവിന്ദ് പനഗാരിയയുടെ പ്രഖ്യാപനമാണ് ആദ്യത്തേത്. നാനൂറ് സീറ്റിലേറെ നേടി മോദി വീണ്ടും അധികാരത്തിൽ എത്തുമെന്ന വലിയ ചർച്ച നടക്കുന്ന വേളയിലായിരുന്നു പനഗാരിയയുടെ പ്രഖ്യാപനം. ധന കമീഷൻ ചെയർമാനും നിതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാനുമായിരുന്നു അരവിന്ദ് പനഗാരിയ. തുടർന്ന്, ധനമന്ത്രി നിർമല സീതാരാമനും പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പാക്കുമെന്ന്‌  സൂചിപ്പിച്ചു.

കരുതലില്ലാത്ത സർക്കാർനയം
സർക്കാരിന്റെ  ‘പ്രഖ്യാപിത' നിർദേശങ്ങളൊന്നുമില്ലാതെ 2,10,847 കോടി രൂപ, റിസർവ്‌ ബാങ്ക് ഫണ്ടിൽനിന്ന്‌ കൈമാറിയതാണ് മറ്റൊരു സംഭവം. കരുതൽ ധനത്തിൽനിന്ന്‌ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ധനക്കൈമാറ്റമാണ് റിസർവ്‌ ബാങ്ക് നടത്തിയത്. ഇത് ജനശ്രദ്ധയിലേക്ക് എത്തിയതേയില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് വേളയിൽപ്പോലും ഇത് എവിടെയും ചർച്ച ചെയ്യപ്പെട്ടുമില്ല.  റിസർവ്‌ ബാങ്കിന്റെ ലാഭമാണ് കരുതൽ ധനമായി കണക്കാക്കപ്പെടുന്നത്.  കരുതൽ ധനമെന്നാൽ രാജ്യത്തെ സമ്പദ്മേഖലയെ സംരക്ഷിക്കുന്നതിനുള്ള കരുതൽ ധനം എന്നതാണ് അർഥം. അതുകൊണ്ടുതന്നെ ഏറെ സൂക്ഷ്മതയോടെ മാത്രമേ റിസർവ്‌ ബാങ്ക് കരുതൽ ധനം കൈകാര്യം ചെയ്യൂ. റിസർവ്‌ ബാങ്കിന്റെ വാർഷിക റിപ്പോർട്ടുകളിലെ ബാലൻസ് ഷീറ്റിൽ ലാഭവിഹിതത്തിൽനിന്ന് ഒരു നിശ്ചിത സംഖ്യ കണ്ടിൻജൻസി ഫണ്ട്, അസറ്റ് ഡെവലപ്മെന്റ്‌ ഫണ്ട് എന്നിവയിലേക്ക് ഉൾപ്പെടുത്തുമായിരുന്നു.  സാമ്പത്തിക മേഖലയിലെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഭാവിയിൽ ഉണ്ടായേക്കാവുന്ന ആകസ്മിക പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള പണമാണ് കണ്ടിൻജൻസി ഫണ്ടായി മാറ്റിവയ്‌ക്കപ്പെട്ടിരുന്നത്.  രാജ്യത്തിന്റെ സമ്പദ്മേഖലയെ സംരക്ഷിക്കുന്നതിനുള്ള യഥാർഥ കരുതൽ ധനമായിരുന്നു അത്‌. കണ്ടിൻജൻസി ഫണ്ട് മാറ്റിവച്ച ശേഷമുള്ള തുകയിൽ നിന്ന്‌  നാല്‌ കോടി രൂപ റിസർവ്‌ ഫണ്ടായി നിലനിർത്തി  ബാക്കി തുകയായിരുന്നു   കേന്ദ്രത്തിന് കൈമാറിയിരുന്നത്‌.  ഏറെക്കാലമായി ഇതായിരുന്നു  നയം. എന്നാൽ,  2014 ജൂൺ 30 മുതൽ കണ്ടിൻജൻസി, അസറ്റ് ഡെവലപ്മെന്റ്‌ ഫണ്ടുകൾ ബാലൻസ് ഷീറ്റിൽനിന്ന്‌ ഒഴിവാക്കുകയും അതുകൂടി  കരുതൽ ധനമായി കണക്കാക്കുകയും ചെയ്തു. അതോടെ കരുതൽ ധനത്തിൽനിന്ന്‌ കേന്ദ്ര സർക്കാരിന് കൈമാറേണ്ട തുകയിൽ  വലിയ വർധനയുണ്ടായി. ചുരുക്കത്തിൽ രാജ്യത്തെ സമ്പദ്മേഖലയെ സംരക്ഷിക്കുന്നതിനുള്ള യഥാർഥ കരുതൽ ധനമാണ് ഇപ്പോൾ കേന്ദ്രത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കൈമാറുന്നത്. ഇതിനെതിരെ വലിയ വിമർശങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിൽ, ബാലൻസ് ഷീറ്റിൽ പ്രത്യേകമായി കാണിക്കാതെ ചെറിയൊരു തുക നീക്കിവയ്‌ക്കുന്ന പ്രക്രിയ ഇപ്പോൾ ആർബിഐ പുനരാരംഭിച്ചിട്ടുണ്ട്.

 

ഒന്നാം മോദി  സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടു മുമ്പ്‌, 2019ൽ കേന്ദ്ര സർക്കാർ റിസർവ്‌ ബാങ്കിനോട് രണ്ട് ലക്ഷം കോടി രൂപ കരുതൽ ധനത്തിൽനിന്ന്‌ കൈമാറാൻ ആവശ്യപ്പെട്ടതും അത് നിരസിച്ചതും വാർത്തയായിരുന്നു.  വീണ്ടും മോദി അധികാരമേറിയതോടെ അന്നത്തെ ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവച്ചു. 1,75,988 കോടി രൂപ കരുതൽ ധനത്തിൽനിന്ന്‌ സർക്കാരിന് കൈമാറി. കഴിഞ്ഞ പത്തു വർഷത്തെ കരുതൽ ധനത്തിന്റെ  കുത്തിച്ചോർത്തലിനെ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണ്.

ഇതുപോലെതന്നെയാണ് പൊതുമേഖലാ ബാങ്കിങ്‌ സംവിധാനത്തോടുള്ള കേന്ദ്ര സർക്കാർ നയവും. രാജ്യത്താകെ 137 വാണിജ്യ ബാങ്കാണ് പ്രവർത്തിക്കുന്നത്. ഇതിൽ 12 എണ്ണം പൊതുമേഖലാ ബാങ്കുകൾ. 1969ൽ 14 ബാങ്കും 1980ൽ ആറ്‌ ബാങ്കും ദേശസാൽക്കരിക്കുമ്പോൾ 28 ബാങ്കായിരുന്നു പൊതു മേഖലയിലുണ്ടായിരുന്നത്. ഇത്‌ ലയനങ്ങളിലൂടെയും കൂട്ടിച്ചേർക്കലിലൂടെയും 12 ആയി ചുരുങ്ങി. അയ്യായിരത്തിലേറെ ശാഖകളും നിർത്തലാക്കി.

ആർബിഐ കണക്കുപ്രകാരം  1,59,130 വാണിജ്യ ബാങ്ക് ശാഖകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഗ്രാമീണ ശാഖകളുടെ എണ്ണം 55,049.  അർധനഗര ശാഖകൾ 44,900. അർധനഗര ശാഖകൾ പൂർണമായും പഞ്ചായത്തുകളിലല്ല. ചില ഗ്രാമങ്ങളിൽ ഒന്നിലധികം പ്രവർത്തിക്കുന്നു. സർക്കാർ ധനസഹായങ്ങൾ ബാങ്ക് അക്കൗണ്ടുകളിലൂടെയെന്ന പ്രഖ്യാപനം യാഥാർഥ്യമാകണമെങ്കിൽ ഗ്രാമീണ ശാഖകൾ ഇനിയും എത്രയോ തുടങ്ങേണ്ടിയിരിക്കുന്നു.

ദേശസാൽക്കരണത്തിനുശേഷം 1991 വരെ  ബാങ്കിങ്‌ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ കാലയളവിൽ ആകെ ബാങ്ക് ബിസിനസിന്റെ 90 ശതമാനവും പൊതു മേഖലയിലായിരുന്നെങ്കിൽ ഇപ്പോഴത് 58 ശതമാനമായി

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ യഥാർഥ ചിത്രം മനസ്സിലാക്കണമെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബാങ്കുകളുടെ ബിസിനസ് വളർച്ച പരിശോധിച്ചാൽ മതിയാകും. പൊതുമേഖലാ ബാങ്കുകൾ 9.4 ശതമാനം നിക്ഷേപ വളർച്ചയും 13 ശതമാനം വായ്പാ വളർച്ചയും കൈവരിച്ചപ്പോൾ സ്വകാര്യ ബാങ്കുകളിൽ ഇത് യഥാക്രമം 20.1ഉം 27.9ഉം ശതമാനവുമായിരുന്നു. ഇക്കാലയളവിൽ സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപം 31.3 ശതമാനവും വായ്പ 25.8 ശതമാനവും വർധിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളാകട്ടെ 18 ശതമാനം നിക്ഷേപ വളർച്ചയും 12 ശതമാനം വായ്പാ വളർച്ചയും കൈവരിച്ചു. പൊതുമേഖലാ ബാങ്കുകളിൽ 7,72,571 സ്ഥിരം ജീവനക്കാർ പണിയെടുക്കുമ്പോൾ സ്വകാര്യ ബാങ്കുകളിലും വിദേശ ബാങ്കുകളിലുമായി 7,69,890 പേരാണ് നിലവിലുള്ളത്. ദിവസക്കൂലി, കരാർ അടിസ്ഥാനത്തിൽ മൂന്നു ലക്ഷം പേരും  22,18,000 പേർ ബിസിനസ് കറസ്പോണ്ടന്റുമാരായും ബാങ്കിങ്‌ മേഖലയിൽ പണിയെടുക്കുന്നു. ഇവരിൽ എട്ടര ലക്ഷം മാത്രമാണ് സംഘടിത തൊഴിലാളികൾ. ഇന്നും പൊതുമേഖലാ ബാങ്കിങ്‌ നിലനിന്നു പോകുന്നത് ഈ സംഘടിത തൊഴിലാളികളുടെ യോജിച്ചുള്ള ചെറുത്തുനിൽപ്പിലൂടെയാണ്.

ദേശസാൽക്കരണത്തിനുശേഷം 1991 വരെ  ബാങ്കിങ്‌ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ കാലയളവിൽ ആകെ ബാങ്ക് ബിസിനസിന്റെ 90 ശതമാനവും പൊതു മേഖലയിലായിരുന്നെങ്കിൽ ഇപ്പോഴത് 58 ശതമാനമായി. അന്ന്  പൊതുമേഖലാ ബാങ്കുകളുടെ അതേനയങ്ങൾതന്നെയായിരുന്നു സ്വകാര്യ മേഖലാ ബാങ്കും തുടർന്നിരുന്നത്. കാർഷിക വായ്പകളുൾപ്പെടെ സ്വകാര്യ ബാങ്കുകളും നൽകി വന്നിരുന്നു. എന്നാൽ, 1991ൽ സാമ്രാജ്യത്വ ആഗോളവൽക്കരണ നയങ്ങൾക്ക് തുടക്കം കുറിച്ചതുമുതൽ ബാങ്കിങ്‌ മേഖലയിലും വലിയ മാറ്റങ്ങൾ വന്നു.  പൊതുമേഖലാ ബാങ്കുകളുടെ ജനകീയ ബാങ്കിങ്‌ പ്രവർത്തന രീതിക്കും മാറ്റം വരുത്തുന്ന നയങ്ങൾ അതിവേഗം നടപ്പാക്കുകയാണ് ഇപ്പോൾ. നവ സ്വകാര്യ ബാങ്കുകളുടെ കഴുത്തറുപ്പൻ പലിശയും സേവന നിരക്കുകളും പൊതുമേഖലാ ബാങ്കുകളിലും അടിച്ചേൽപ്പിച്ചു. പൊതുമേഖലാ ബാങ്കുകളുടെ എണ്ണവും വണ്ണവും കുറച്ച് വിൽക്കുകയെന്ന നയമാണ് ഭരണാധികാരികൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. ജൂലൈ 19ന്‌ രാജ്യം 55–-ാം ദേശസാൽക്കരണ ദിനം ആചരിക്കുന്ന വേളയിൽ ജനവിരുദ്ധ ബാങ്കിങ്‌ നയങ്ങൾക്കെതിരെ വലിയ ജനകീയ ചെറുത്തുനിൽപ്പ് ഉയർന്നുവരേണ്ടിയിരിക്കുന്നു. 


(ബിഇഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ്‌ 
ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top