20 October Sunday

പാഠപുസ്തകങ്ങള്‍ ബുള്‍ഡോസ് ചെയ്യുമ്പോള്‍ - എ എം ഷിനാസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 7, 2023


ആറുമുതൽ 12വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ചരിത്രം, രാഷ്ട്രവിജ്ഞാനീയം, സമൂഹശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി ഭാഷ എന്നിവയിൽനിന്ന്‌ സുപ്രധാന വിവരങ്ങളും അധ്യായങ്ങളും എൻസിഇആർടി വെട്ടിനിരപ്പാക്കിയ വാർത്ത വന്നത് രണ്ടു ദിവസം  മുമ്പാണ്. മുഗൾ ചരിത്രത്തോടൊപ്പം ജനാധിപത്യത്തെയും ബഹുസ്വരതയെയും സമന്വയാത്മക സംസ്കാരത്തെയും പ്രതിപാദിക്കുന്ന അധ്യായങ്ങൾ, ജനകീയസമരങ്ങളെയും ജനകീയ പ്രസ്ഥാനങ്ങളെയും കുറിച്ച് വിവരിക്കുന്ന ഭാഗങ്ങൾ, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം, ഗുജറാത്ത് വംശഹത്യ, ദളിതർ നേരിടുന്ന പീഡനവും വിവേചനവും എന്നിവ ഒഴിവാക്കിയവയിൽ ഉൾപ്പെടും. ഹിന്ദുത്വത്തിന്റെ പതാകവാഹകരായ ഭരണാധികാരികളുടെ ഇച്ഛയ്ക്കനുസൃതമായി കടുംവെട്ട് നടത്തിയത് 12–ാം ക്ലാസിൽ 15 വർഷമായി വിദ്യാർഥികൾ പഠിച്ചുപോന്ന എൻസിഇആർടിയുടെ രാഷ്ട്രതന്ത്ര പുസ്തകത്തിലാണ്. അതിൽനിന്ന് അരിഞ്ഞുമാറ്റിയ ഭാഗങ്ങൾ അതേപടി ഉദ്ധരിക്കാം.

‘ഹിന്ദു-– മുസ്ലിം ഐക്യത്തിനു വേണ്ടിയുള്ള ഗാന്ധിജിയുടെ ദൃഢചിത്തവും നെഞ്ചുറപ്പുള്ളതുമായ തീവ്രോദ്യമം അത്രത്തോളമാകയാൽ അത് ഹിന്ദുത്വ തീവ്രവാദികളെ പ്രകോപിപ്പിക്കുകയും അവർ ഗാന്ധിജിയെ വധിക്കാൻ  അനേകം ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഗാന്ധിജിയുടെ കൊലപാതകം  രാജ്യത്തെ വർഗീയ സ്ഥിതിവിശേഷത്തിൽ മാന്ത്രികമായ പ്രഭാവമാണുണ്ടാക്കിയത്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ ഇന്ത്യൻസർക്കാർ ശക്തമായി അടിച്ചമർത്താൻ തുടങ്ങി. ആർഎസ്എസ് പോലുള്ള സംഘടനകളെ അൽപ്പകാലം നിരോധിച്ചു.’

ഗുജറാത്ത് വംശഹത്യയെ രണ്ടു പേജിൽനിന്ന് രണ്ടു വരി മാത്രമാക്കി വെട്ടിനിരത്തി. നീക്കിയ ഭാഗത്ത് മർമപ്രധാനമായ ചില ചോദ്യങ്ങളുണ്ടായിരുന്നു: ‘ഇത്തരം കൂട്ടക്കൊല ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും അതിനെ സഹായിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ  കൊണ്ടുവരുന്നത് നമുക്ക് ഉറപ്പുവരുത്താനാകുമോ? അല്ലെങ്കിൽ  ഏറ്റവും കുറഞ്ഞത് രാഷ്ട്രീയമായി ഇത്തരക്കാരെ ശിക്ഷിക്കാൻ കഴിയുമോ?’ ഈ ചോദ്യശരങ്ങൾ ആരെയെല്ലാം ഉന്നംവച്ചാണെന്ന് എൻസിഇആർടിയെ നയിക്കുന്ന സംഘപരിവാറിന് അറിയാത്തതല്ലല്ലോ.

2014ൽ ഗാന്ധിജയന്തി ദിനത്തിൽ മോദി വലിയ ആർപ്പുവിളിയോടെ ആരംഭിച്ചതാണ് ‘സ്വച്ഛ് ഭാരത് അഭിയാൻ’. ഗാന്ധിജിയെ ശുചിത്വപാലനയജ്ഞത്തിന്റെ ബിംബമാക്കുക മാത്രമല്ല, ഗാന്ധിജിയുടെ കണ്ണട സ്വച്ഛ് ഭാരതിന്റെ ലോഗോ ആക്കുകയും ചെയ്തു. ഇതിനു മുമ്പുതന്നെ ഉത്തരേന്ത്യയിൽ പലയിടത്തും ഗോഡ്സെയ്ക്ക് ക്ഷേത്രങ്ങൾ ഉയർന്നുവന്നിരുന്നു. ഗാന്ധിഘാതകനും ഹിന്ദു മഹാസഭയുടെ സജീവ പ്രവർത്തകനുമായ നാഥുറാം വിനായക് ഗോഡ്സെയെയും കൂട്ടാളിയായ നാരായൺ ആപ്തെയെയും അംബാല ജയിലിൽ വച്ച് 1949 നവംബർ 15നാണ് തൂക്കിക്കൊന്നത്. എന്നാൽ, ആ ദിവസം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദുത്വ ഉദ്ഘോഷകർ ‘ബലിദാന ദിനം’ ആയാണ് ആചരിക്കുന്നത്. 2017ൽ ശിവരാജ്സിങ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഹിന്ദുമഹാസഭ ഗ്വാളിയറിലെ അവരുടെ ഓഫീസിൽ  ഗോഡ്സെ പ്രതിമ സ്ഥാപിക്കുകയും ഓഫീസ് പരിസരത്ത് ഗോഡ്സെയ്‌ക്ക് ഒരു ക്ഷേത്രം നിർമിക്കുകയും ചെയ്തു. സംസ്ഥാനം ഭരിച്ച ബിജെപിയുടെ മൗനാനുവാദത്തോടെയും ആശീർവാദത്തോടെയുമായിരുന്നു ഇതെല്ലാം. രാജ്യത്തെ മറ്റിടങ്ങളിലും ഗോഡ്സെ ക്ഷേത്രവും പൂജയും അവതരിച്ചു.

ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാദിനമായാണ് ലോകം ആചരിക്കുന്നത്. എന്നാൽ, ഗാന്ധിജി ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച അഹിംസയെപ്പറ്റിയോ ഹിന്ദു–-മുസ്ലിം ഐക്യത്തെപ്പറ്റിയോ ഹിന്ദുത്വരാഷ്ട്ര വിരുദ്ധതയെക്കുറിച്ചോ മോദിയോ ബിജെപി നേതാക്കളോ ഒരക്ഷരം ഉരിയാടിയില്ല. 

വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 2003 ഫെബ്രുവരി 26നാണ്‌ സവർക്കറിന്റെ ചിത്രം ഗാന്ധിജിയുടെ ചിത്രത്തിന് മുഖാമുഖം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അന്നത്തെ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം അനാച്ഛാദനം ചെയ്തത്‍‍. ചരിത്രത്തിലെ ജുഗുപ്സാവഹമായ മുഹൂർത്തമായിരുന്നു അത്.  1948 ജനുവരി 14, 17 തീയതികളിൽ ഗോഡ്സെയും ആപ്തെയും തങ്ങളുടെ മാർഗദർശിയായ സവർക്കറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ദൃക്സാക്ഷിയായ ദിഗംബർ ബാഡ്ഗെ വിചാരണവേളയിൽ കോടതിയിൽ മൊഴി നൽകിയത് ‘Be sucessful and come back ’ എന്ന് പറഞ്ഞ് സവർക്കർ ഗോഡ്സെയെയും ആപ്തെയെയും ആശീർവദിച്ചു എന്നാണ്. 2019 ഗാന്ധിജയന്തി ദിനത്തിൽ മോദി ഗാന്ധിജിയെ കക്കൂസുൾപ്പെടെയുള്ള കുളിപ്പുരയുടെ ഗുരുവായും സുസ്ഥിര വികസനത്തിന്റെ വക്താവായും ചുരുക്കി. ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാദിനമായാണ് ലോകം ആചരിക്കുന്നത്. എന്നാൽ, ഗാന്ധിജി ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച അഹിംസയെപ്പറ്റിയോ ഹിന്ദു–-മുസ്ലിം ഐക്യത്തെപ്പറ്റിയോ ഹിന്ദുത്വരാഷ്ട്ര വിരുദ്ധതയെക്കുറിച്ചോ മോദിയോ ബിജെപി നേതാക്കളോ ഒരക്ഷരം ഉരിയാടിയില്ല. 

സീതാറാം യെച്ചൂരി ശരിയായി മുമ്പ്‌ നിരീക്ഷിച്ചതുപോലെ ‘ഗാന്ധിജി ബിജെപിക്ക് അന്താരാഷ്ട്ര ഉപയോഗത്തിനും  ഗോഡ്സെ ഈ ഹിന്ദുത്വ രാഷ്ട്രീയസ്വരൂപത്തിന് ആഭ്യന്തര വർഗീയ ധ്രുവീകരണത്തിനുമുള്ള വ്യക്തികളാണ്.’

ജനകീയ സമരങ്ങളെയും ജനകീയ പ്രസ്ഥാനങ്ങളെയും അപ്പടി വെട്ടി വെടിപ്പാക്കിയത് യാദൃച്ഛികമല്ല. കാർഷിക നിയമങ്ങൾക്കെതിരെ 2020-–21ൽ സംയുക്ത കിസാൻ മോർച്ച നടത്തിയ,  ഈ നൂറ്റാണ്ടു കണ്ട അഭൂതപൂർവമായ സമരം, പാഠഭാഗം വെട്ടിയവരുടെ മനസ്സിൽ  നീറുന്നുണ്ടായിരിക്കണം. ഇന്ത്യയുടെ മഹത്തായ ജനാധിപത്യ സംസ്ഥാപന പ്രക്രിയയെയും സ്വരവൈവിധ്യത്തെയും സമന്വയാത്മക സംസ്കാരത്തിന്റെ ഉരുവപ്പെടലിനെയും പ്രതിപാദിക്കുന്ന പാഠഭാഗങ്ങൾ നിരങ്കുശം വെട്ടി.

‘ഈ ഐതിഹാസിക കാലഘട്ടത്തിലാണ് ഇന്ത്യ നിർമിക്കപ്പെട്ടത്. ഹിന്ദി ഭാഷ, ഒരു പരിധിവരെ ഹിന്ദുയിസം, കല, ശിൽപ്പ, സംഗീത, -സാഹിത്യ, ചരിത്ര, സാംസ്കാരിക രംഗങ്ങളിലെ ഉൽകൃഷ്ട പാരമ്പര്യം, ബിരിയാണി ഉൾപ്പെടെയുള്ള പാചകക്രമങ്ങൾ എന്നിവയെല്ലാം ഈ പേർഷ്യൻ യുഗത്തിലാണ് ഉരവംകൊണ്ടതും പുഷ്ടിപ്പെട്ടതും.

മുഗൾ ഭരണകാലത്തോട് പൊതുവിലും ഔറംഗസേബിനോട് വിശേഷിച്ചുമുള്ള സംഘപരിവാറിന്റെ ഈർഷ്യയും വിദ്വേഷവും വെറുപ്പും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒന്നാം എൻഡിഎ സർക്കാരിന്റെ കാലത്തുതന്നെ മുഗൾ ചരിത്രത്തിനുമേൽ കത്രികപ്രയോഗം തുടങ്ങിയിരുന്നു. മുസ്ലിങ്ങളെ മുഴുവൻ അപരരും വിദേശികളുമായി കാണുന്ന സംഘപരിവാർ, ഇപ്പോഴാണ് മുഗൾ കാലഘട്ടത്തിന് നിശേഷനിർമൂലനം വിധിച്ചതെന്നുമാത്രം. മധ്യകാല ഇന്ത്യയെക്കുറിച്ച് സവിശേഷാവഗാഹമുള്ള ചരിത്രപണ്ഡിതനായ റിച്ചാർഡ് എം ഈറ്റൺ ‘ഇന്ത്യ ഇൻ ദ പേർഷ്യനേറ്റ് ഏജ്’ എന്ന ഗ്രന്ഥത്തിൽ നടത്തുന്ന നിരീക്ഷണം അതീവ ശ്രദ്ധേയമത്രെ ! ‘ഈ ഐതിഹാസിക കാലഘട്ടത്തിലാണ് ഇന്ത്യ നിർമിക്കപ്പെട്ടത്. ഹിന്ദി ഭാഷ, ഒരു പരിധിവരെ ഹിന്ദുയിസം, കല, ശിൽപ്പ, സംഗീത, -സാഹിത്യ, ചരിത്ര, സാംസ്കാരിക രംഗങ്ങളിലെ ഉൽകൃഷ്ട പാരമ്പര്യം, ബിരിയാണി ഉൾപ്പെടെയുള്ള പാചകക്രമങ്ങൾ എന്നിവയെല്ലാം ഈ പേർഷ്യൻ യുഗത്തിലാണ് ഉരവംകൊണ്ടതും പുഷ്ടിപ്പെട്ടതും.’ 16–-17 നൂറ്റാണ്ടുകളിൽ ലോകത്തിലെതന്നെ ഏറ്റവും സമ്പദ്‌സമൃദ്ധമായ സാമ്രാജ്യം ഭരിച്ചിരുന്ന മുഗളൻമാരില്ലാത്ത ഇന്ത്യാചരിത്രം എത്രമേ വരണ്ടതും ശുഷ്കവുമായിരിക്കും.

തുർക്കിയിൽനിന്ന് കുടിയേറിയ ഒരു മുസ്ലിം കുടുംബത്തിൽ അംഗമായ, കവിയും സംഗീതജ്ഞനും പണ്ഡിതനുമായ അമീർ ഖുസ്റൊ പേർഷ്യൻ ഭാഷയിൽ 1318ൽ എഴുതിയ ‘നൂഹ് സിഫിർ’ എന്ന ഛന്ദോബദ്ധമായ കൃതിയിൽ ഇന്ത്യയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ‘ഹിന്ദാണ് എന്റെ ജന്മദേശം. ഇവിടെയാണ് ഞാൻ ജീവിക്കുന്നത്, ഇതാണ് എന്റെ സ്വദേശം’’.

ഇന്ത്യയിലെ മുസ്ലിം ഭരണകാലം 1000 കൊല്ലത്തെ അടിമത്തം ആയിരുന്നുവെന്നാണ് ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്നത്. വാസ്തവത്തിൽ  ആയിരം കൊല്ലമൊന്നും മുസ്ലിം ചക്രവർത്തിമാർ ഇന്ത്യ (അതിൽ ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം പ്രദേശവുമില്ല) ഭരിച്ചിരുന്നില്ല. അഞ്ചര മുതൽ ആറ് നൂറ്റാണ്ടുമാത്രം. ഈ പറയുന്ന ആയിരം കൊല്ലം അടിമസമാനമായ  ജീവിതവും അവാച്യമായ പീഡനവും അനുഭവിച്ചത് താഴ്ന്ന ജാതിക്കാരാണ്, പ്രത്യേകിച്ച് മുൻ അയിത്തജാതിക്കാർ.  ഇന്ന് ദളിതർ എന്നറിയപ്പെടുന്ന ജനവിഭാഗം. അവർക്ക് മനുഷ്യാന്തസ്സ്  നിഷേധിച്ച ബ്രാഹ്മണ പ്രത്യയശാസ്ത്രമാണ്  ഇവിടെ ഒരു ജനവിഭാഗത്തെ അടിമകൾക്ക് സമാനമായി കണ്ടത്. 

മധ്യകാല മുസ്ലിം ഭരണകൂടങ്ങളുടെ പിന്തുണയോടെ  ഇവിടെ വൻതോതിൽ  മതപരിവർത്തനം നടന്നുവെന്നാണ് മറ്റൊരു പ്രചാരണം. മുഗൾ സാമ്രാജ്യത്തിലെ പ്രധാന മേഖലയെന്നു പറയുന്ന ഗംഗാസമതലത്തിൽ  സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിൽ  ഇപ്പോഴും മുസ്ലിം ജനസംഖ്യ 15 ശതമാനമേ വരൂ. മുഗൾ സാമ്രാജ്യത്തിന്റെ സ്വാധീനം നന്നേ കുറവായിരുന്ന പ്രാന്തപ്രദേശങ്ങളായ കശ്മീരിലും  ബംഗാളിലും പഞ്ചാബിലും മുഗൾ ഭരണസ്വാധീനം ഒട്ടുമില്ലാതിരുന്ന മലബാറിലും മറ്റുമാണ് ഭൂപ്രദേശപരമായി മുസ്ലിങ്ങൾ കൂടുതലുള്ളതെന്ന കാര്യം പരിശോധിച്ചാൽ  ഇസ്ലാം മതത്തിലേക്കുള്ള മാറ്റം നടന്നത് വ്യത്യസ്ത ഏജൻസികളിലൂടെയാണെന്ന് അനുമാനിക്കേണ്ടിവരും. കാരണവും ഓരോ പ്രദേശത്തും ഭിന്നമായിരിക്കും.
(എറണാകുളം മഹാരാജാസ് കോളേജ് ചരിത്രവിഭാഗം അധ്യാപകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top