20 December Friday

നെഹ്‌റു അംബേദ്‌കർ ഹത്യ

എൻ എസ്‌ സജിത്‌Updated: Friday Dec 20, 2024

 

ഗാന്ധിജിയെ ഒരു തവണയേ ഹിന്ദുത്വശക്തികൾക്ക്‌ കൊല്ലാൻ സാധിച്ചുള്ളൂവെങ്കിൽ നെഹ്‌റുവിനെയും അംബേദ്‌കറിനെയും ആവർത്തിച്ചു കൊലപ്പെടുത്തുകയാണവർ. സ്വാഭാവികമരണം സംഭവിച്ച സ്വാതന്ത്ര്യസമര സേനാനികൾകൂടിയായ ഈ രാഷ്‌ട്രശിൽപ്പികൾ മുന്നോട്ടുവച്ച ആശയങ്ങളെ പാർലമെന്റിലും പുറത്തും നിരന്തരം ഭർത്സിക്കുക വഴി അവർ ചെയ്യുന്നത്‌ അക്ഷരാർഥത്തിൽ ഹിംസതന്നെ.  ആശയങ്ങളെ ആശയങ്ങൾകൊണ്ട്‌ നേരിടാൻ കഴിയാത്തപ്പോൾ അധിക്ഷേപവും പരിഹാസവും ബിജെപി നേതാക്കളുടെ രീതിയാണ്‌. അവസരം കിട്ടിയിരുന്നെങ്കിൽ ഗാന്ധിജിയെപ്പോലെതന്നെ നെഹ്‌റുവിനെയും ഹിന്ദുത്വശക്തികൾ വകവരുത്തിയേനെ എന്ന്‌ തോന്നിപ്പിക്കുംവിധമാണ്‌ ഈ ദേശീയ നേതാക്കൾക്കെതിരെയുള്ള കടന്നാക്രമണങ്ങൾ.

കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ ഭരണഘടനയെക്കുറിച്ചു നടന്ന ചർച്ച ഉപസംഹരിക്കവെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ഭരണഘടനയെ അട്ടിമറിച്ചുവെന്ന്‌ പറഞ്ഞത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌. മറ്റൊരവസരത്തിൽ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കറും നെഹ്‌റുവിനെ ആക്ഷേപിച്ചു. നെഹ്‌റുവിന്റെ വിദേശനയത്തിലെ തെറ്റുകൾ തിരുത്താനാണ്‌ ഈ ഗവൺമെന്റ്‌ ശ്രമിക്കുന്നത്‌ എന്നാണ്‌ ജയ്‌ശങ്കർ പ്രസംഗിച്ചത്‌. ധനമന്ത്രി നിർമല സീതാരാമനും സഭയിൽ നെഹ്‌റുവിനെ രൂക്ഷമായി വിമർശിച്ചു.

ഇന്ത്യയിലെ ബൂർഷ്വാ– -ഭൂപ്രഭു വർഗത്തിന്റെ താൽപ്പര്യം സംരക്ഷിച്ചുകൊണ്ട് 1947 മുതൽ 1964വരെ 16 വർഷം രാജ്യം ഭരിച്ച കോൺഗ്രസ്‌ സർക്കാരുകളെ നയിച്ച ജവാഹർലാൽ നെഹ്‌റുവിന്റെ സാമ്പത്തിക–- രാഷ്‌ട്രീയ നിലപാടുകളോടല്ല വാസ്‌തവത്തിൽ സംഘപരിവാറിനു രോഷം. അന്തരിച്ച്‌ 60 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ അവസരത്തിലും അനവസരത്തിലും അടിസ്ഥാനരഹിതമായ വിമർശങ്ങൾക്ക്‌ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നതിന്‌ കാരണങ്ങൾ വേറെയാണ്‌. തികഞ്ഞ മതനിരപേക്ഷവാദി, ജനങ്ങളിൽ ശാസ്‌ത്രാവബോധം സൃഷ്‌ടിക്കുന്നതിനുവേണ്ടി പ്രയത്നിച്ച ഭരണാധികാരി, ആധുനിക ചിന്തകളാൽ നയിക്കപ്പെട്ട രാഷ്‌ട്രതന്ത്രജ്ഞൻ എന്നീ നിലയ്‌ക്കുള്ള നെഹ്‌റുവിനെയാണ്‌ സംഘപരിവാർ ഭയക്കുന്നത്‌. ഭരണഘടനാശിൽപ്പി അംബേദ്‌കറിനും അദ്ദേഹത്തെപ്പോലുള്ള അനേകം പ്രതിഭാശാലികൾക്കുമൊപ്പം സാമൂഹ്യസമത്വം എന്ന ആശയത്തെ അവിച്‌ഛിന്നമാക്കി ഇന്ത്യൻ ഭരണഘടനയ്‌ക്ക്‌ രൂപം നൽകുന്നതിൽ മുന്നിൽനിന്ന നെഹ്‌റു അവർക്ക്‌ ശത്രുവാകുന്നത്‌ സ്വാഭാവികം.


 

എന്നാൽ, ബിജെപി നേതാക്കളുടെ പാർലമെന്റിലെ നിരന്തരമായ നെഹ്‌റുവധത്തിന്‌ കോൺഗ്രസ്‌ നേതാക്കളിൽനിന്ന്‌ വലിയ പ്രതിഷേധമുയർന്നിട്ടില്ല. ഈ നെഹ്‌റുഹത്യ ഒരു പരീക്ഷണമായിരുന്നു. രാജ്യം ആദരിക്കുന്ന നേതാക്കളെ ആക്ഷേപിച്ചാൽ ഉണ്ടാകാനിടയുള്ള പ്രതിഷേധത്തിന്റെ തീവ്രത അളക്കുകയായിരുന്നു ബിജെപിക്കാർ. നെഹ്‌റുവിനെയും നെഹ്‌റു കുടുംബപരമ്പരയുടെ ഇങ്ങേയറ്റത്തുള്ള സോണിയ–- രാഹുൽ –- പ്രിയങ്കമാരെയും കടന്നാക്രമിച്ചിട്ടും കോൺഗ്രസുകാർ കാര്യമായി അനങ്ങിയില്ല. പ്രതിഷേധിക്കാൻ കഴിയാത്തവിധം കോൺഗ്രസ്‌ ദുർബലമായിക്കഴിഞ്ഞു. സംഘപരിവാർ വിധേയത്വവും ഭീരുത്വവും ആ പാർടിയുടെ അടിത്തട്ടിലേക്കിറങ്ങിച്ചെന്നിരിക്കുന്നു. നെഹ്‌റുവിയൻ പൈതൃകത്തെ ആക്രമിച്ചതിന്റെ തുടർച്ചയാണ്‌ അംബേദ്‌കർ അധിക്ഷേപം. എന്നാൽ, അംബേദ്‌കറിനെ തൊട്ടപ്പോൾ പ്രതിഷേധത്തിന്റെ രൂപം മാറി. നെഹ്‌റു വിമർശത്തെക്കാളൊക്കെ നീചമായ ഭാഷയിൽ ഭരണഘടനാ ശിൽപ്പി ബി ആർ അംബേദ്‌കറിനെ ആക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്കെതിരെ രാജ്യമൊട്ടുക്ക്‌  വലിയ പ്രതിഷേധമുയരുകയാണിപ്പോൾ.  ‘അംബേദ്‌കർ... അംബേദ്‌കർ... അംബേദ്‌കർ... എന്ന്‌ പറയുന്നത്‌ ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്‌. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട്‌ സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്ന അമിത്‌ ഷായുടെ പ്രകോപനപരമായ പ്രസംഗത്തെ ന്യായീകരിച്ച്‌  അമിത്‌ ഷാ  രംഗത്തുവന്നെങ്കിലും പ്രതിഷേധം പെട്ടെന്ന്‌ അടങ്ങില്ല.

ചാതുർവർണ്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്‌ ഹിന്ദുത്വ പ്രത്യയശാസ്‌ത്രം. സ്‌ത്രീകളെയും ദളിതരെയും മനുഷ്യരായിപ്പോലും പരിഗണിക്കാത്ത മനുസ്‌മൃതിയാണ്‌ സംഘപരിവാറിന്റെ അടിസ്ഥാനഗ്രന്ഥം.

നെഹ്‌റു നയിച്ച കോൺഗ്രസുമായി ചില മേഖലകളിലെങ്കിലും സംഘപരിവാറിന്‌ യോജിപ്പിന്റെ തലങ്ങളുണ്ടെങ്കിൽ  സംഘപരിവാറിന്റെ സവർണ ഹിന്ദുത്വ ആശയത്തിന്റെ അടിത്തറതന്നെ തകർക്കാനുതകുന്ന സ്‌ഫോടകവസ്തുക്കൾ തന്റെ എഴുത്തിലും പ്രസംഗങ്ങളിലും കരുതിവച്ചിട്ടുണ്ട്‌ അംബേദ്‌കറെന്ന്‌ അദ്ദേഹത്തിന്റെ രചനകൾ പരിശോധിച്ചാൽ മനസ്സിലാകും. ചാതുർവർണ്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്‌ ഹിന്ദുത്വ പ്രത്യയശാസ്‌ത്രം. സ്‌ത്രീകളെയും ദളിതരെയും മനുഷ്യരായിപ്പോലും പരിഗണിക്കാത്ത മനുസ്‌മൃതിയാണ്‌ സംഘപരിവാറിന്റെ അടിസ്ഥാനഗ്രന്ഥം.    സമീപകാലത്ത്‌ സനാതന ധർമത്തെക്കുറിച്ചു നടന്ന സംവാദത്തിൽ സംഘപരിവാറുകാരുടെ വാദങ്ങളിൽ ഇക്കാര്യങ്ങൾ പ്രകടമായിരുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അംബേദ്‌കറാണ്‌ ഹിന്ദുത്വവാദികളുടെ ശത്രുവെങ്കിൽ തമിഴ്‌നാട്ടിൽ ജാതീയതയ്‌ക്കെതിരെ പോരാടിയ പെരിയാർ ഇ വി രാമസ്വാമി നായ്‌ക്കറാണ്‌ പ്രധാനശത്രു. പെരിയാറിന്റെ പ്രതിമകൾ നശിപ്പിക്കാൻതന്നെ തയ്യാറായി ബിജെപി നേതാക്കൾ.

ഹിന്ദുത്വ പ്രത്യയശാസ്‌ത്രം കാലൂന്നിയ ജാതിവ്യവസ്ഥയെ അനിഹിലേഷൻ ഓഫ്‌ കാസ്‌റ്റ്‌ എന്ന കൃതിയിൽ എത്ര മൂർച്ചയോടെയും വിട്ടുവീഴ്‌ചയില്ലാതെയുമാണ്‌ അംബേദ്‌കർ നേരിടുന്നതെന്ന്‌ കാണാം. ‘ഹിന്ദുമതത്തിലെ ജാതിയെക്കുറിച്ച്‌ അംബേദ്‌കർ പറയുന്നത്‌ നോക്കുക: ജനങ്ങൾ ജാതി അനുഷ്‌ഠിക്കുന്നത് തെറ്റല്ല. എന്റെ അഭിപ്രായത്തിൽ ഈ ജാതിസങ്കൽപ്പം വളർത്തിയെടുത്ത അവരുടെ മതമാണു തെറ്റായിട്ടുള്ളത്. ജാതി ആചരിക്കുന്ന ജനങ്ങളല്ല ശത്രു, അവരെ ജാതികളാക്കിത്തീർക്കാൻ മതം ഉപയോഗിച്ച ശാസ്ത്രങ്ങളാണ് ശത്രു. ശാസ്ത്രങ്ങളുടെ വിശുദ്ധിയെപ്പറ്റിയുള്ള വിശ്വാസം നശിപ്പിക്കുകയെന്നതാണ് യഥാർഥ വിധി’. ഹിന്ദുത്വവർഗീയതയുടെ അടിവേരിനെത്തന്നെയാണ്‌ അംബേദ്‌കർ ഇങ്ങനെ കടന്നാക്രമിക്കുന്നത്‌.

ഹിന്ദുക്കൾക്കിടയിലെ ജാതിനശീകരണം ഏറെക്കുറെ അസാധ്യമാണെന്നാണ്‌ താൻ വിചാരിക്കുന്നതെന്നും അതിനായി യുഗങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും അംബേദ്‌കർ ഇതേ ഗ്രന്ഥത്തിൽ പറയുന്നുണ്ട്‌. ‘ജാതിവ്യവസ്ഥയ്‌ക്ക് ഒരു തകർച്ച സംഭവിക്കണമെങ്കിൽ വേദങ്ങളെയും ശാസ്‌ത്രങ്ങളെയും ഡൈനാമിറ്റ്‌ വച്ചുതകർക്കേണ്ടി വരും. യുക്തിചിന്തയ്‌ക്ക്‌ ഒരു സ്ഥാനവും കൽപ്പിക്കാത്തവയാണ്‌ വേദ–- ശാസ്‌ത്രങ്ങൾ. അവ സന്മാർഗത്തിന്‌ ഒരു പങ്കും നൽകുന്നില്ല. ശ്രുതികളുടെയും സ്‌മൃതികളുടെയും മതം നശിപ്പിക്കണം. മറ്റൊന്നും ഫലപ്രദമാകുകയില്ല.’–-  തന്റെ സുചിന്തിതമായ അഭിപ്രായമെന്ന്‌ വിശേഷിപ്പിച്ചാണ്‌ അംബേദ്‌കർ ഇങ്ങനെ പറയുന്നത്‌. 

അംബേദ്‌കറിനെതിരെയുള്ള അമിത്‌ ഷായുടെ ആക്ഷേപം ബോധപൂർവംതന്നെ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളതാണ്‌. മാത്രവുമല്ല, ഇത്തരം ആക്ഷേപങ്ങൾ വരുംനാളുകളിൽ ആവർത്തിക്കുകയും ചെയ്യും. ഇപ്പോഴുയർന്ന പ്രതിഷേധങ്ങളുടെ തീവ്രത അടുത്തഘട്ടത്തിൽ ഉണ്ടാകില്ലെന്ന പ്രതീക്ഷയോടെയായിരിക്കണം ഇങ്ങനെയൊരു ആക്ഷേപപരീക്ഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top