25 November Monday

സ്റ്റിഗ്ലിറ്റ്‌സ്‌ വീണ്ടും പറയുന്നു നവ ഉദാരനയം ആപത്ത്

പ്രൊഫ. സി രവീന്ദ്രനാഥ്‌Updated: Thursday Aug 29, 2024

നവ ഉദാരനയത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്‌ ഈയിടെ  പ്രധാനപ്പെട്ട ഒരു പുസ്തകമെഴുതി. ‘റോഡ് ടു ഫ്രീഡം’ എന്നാണ് അതിന്റെ തലക്കെട്ട്.  ദശാബ്ദങ്ങളായി തുടരുന്ന നവ ഉദാര നയങ്ങളുടെ വർത്തമാന അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഈ നയം പൂർണ പരാജയമാണെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യവും കമ്പോളവും തമ്മിലുള്ള ബന്ധത്തിന്റെ നൈതികതയും ദാർശനികതയും പ്രായോഗികതയും ഇതിൽ വിവരിക്കപ്പെടുന്നു. വർത്തമാനകാലപ്രശ്നങ്ങളായ കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പ്രശ്നങ്ങൾ, മലിനീകരണ പ്രശ്നങ്ങൾ, യുദ്ധം, ദാരിദ്ര്യം തുടങ്ങിയവയിലൊന്നും കമ്പോളത്തിന് ഒന്നുംതന്നെ ചെയ്യാനില്ലെന്ന് സ്റ്റിഗ്ലിറ്റ്സ് ആവർത്തിച്ചു പറയുന്നു. കമ്പോള നൈതികത പ്രകൃതി സന്തുലനവുമായി പുലബന്ധംപോലും പുലർത്തുന്നില്ലെന്നത് പ്രത്യേകം പഠനവിഷയമാക്കണം, പ്രത്യേകിച്ച് ഇപ്പോഴത്തെ ദുരന്ത സാഹചര്യത്തിൽ.

അതിനാൽ വർത്തമാനകാല പ്രശ്നങ്ങളെ  അഭിമുഖീകരിക്കാൻ പുതിയൊരു സാമ്പത്തിക നയസമീപനംതന്നെ വേണം. ഇവിടെ  ഭരണകൂടത്തിന്റെ ചുമതല പുനർ നിർവചിക്കേണ്ടതുണ്ടെന്ന് അദ്ദേഹം തുടരുന്നു. ഭരണകൂടം പിൻവലിയുന്ന സമ്പദ്‌വ്യവസ്ഥയാണ് നവ ഉദാരനയം മുന്നോട്ടുവയ്‌ക്കുന്നത്. ആ ശൂന്യതയിലേക്ക് കമ്പോളം വരുമ്പോൾ അനിയന്ത്രിതമായ പ്രശ്നങ്ങൾ വളർന്നുവരികയാണെന്ന് അനുഭവം പഠിപ്പിക്കുന്നു.
ലോകമെമ്പാടും പരിസ്ഥിതി പ്രശ്നങ്ങൾ ആളിക്കത്തുകയാണ്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ കുറയ്‌ക്കാനുള്ള ഇടപെടൽ കമ്പോളത്തിനാണോ ഭരണകൂടത്തിനാണോ കഴിയുകയെന്ന ചോദ്യംമാത്രം മതി നവ ഉദാരനയങ്ങളുടെ പൊള്ളത്തരം തിരിച്ചറിയാൻ. മനുഷ്യന് അന്തരീക്ഷത്തിലേക്ക് എന്തും തുറന്നുവിടാനുള്ള ‘സ്വാതന്ത്ര്യം’ യഥാർഥ സ്വാതന്ത്ര്യം തന്നെയാണോ. നിയന്ത്രിക്കപ്പെടേണ്ടതല്ലേ. ആ നിയന്ത്രണം കമ്പോളത്തിന് ഏർപ്പെടുത്താൻ കഴിയുമോ. സ്വതന്ത്ര കമ്പോളത്തിന്റെ നിസ്സഹായത ഇവിടെ വ്യക്തമാക്കുകയാണ്. കമ്പോളത്തിന്റെ അജൻഡയിൽ ഈ വിഷയങ്ങളൊന്നുമില്ല.

പ്രകൃതി ദുരന്തങ്ങൾ അടിക്കടി വരുകയാണ്. വയനാട് ദുരന്തം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ്. വികസനത്തിന്റെ ദിശ ഏതു വേണമെന്ന് ധനമൂലധനത്തിനോ കമ്പോളത്തിനോ നിയന്ത്രിക്കാൻ പറ്റുമോ. ഒരിക്കലുമില്ല. ധനമൂലധനത്തിന്റെ സർവതന്ത്ര സ്വാതന്ത്ര്യമാണ് നവ ഉദാര നയം വിഭാവനം ചെയ്യുന്നത്. ലോകം മുഴുവൻ പറന്നു നടന്ന് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ധനമൂലധനത്തിന് പ്രകൃതിയുടെയോ മനുഷ്യന്റെയോ ഇതര ജീവികളുടെയോ സസ്യങ്ങളുടെയോ വേദന തിരിച്ചറിയാൻ എത്ര കണ്ട് കഴിയും, താൽപ്പര്യമുണ്ടാകും. ദുരന്തങ്ങൾപോലും പണമുണ്ടാക്കാൻ ഉപയോഗിക്കണമെന്നുള്ള ക്രൂരവിനോദമാണ് ധനമൂലധനത്തിനും കമ്പോളത്തിനും ഉണ്ടായിരിക്കുക. ചരിത്രത്തിന്റെ ലളിത പഠനംപോലും ഇത് വ്യക്തമാക്കും. ഓരോ അന്താരാഷ്ട്ര സമ്മിറ്റും മൂലധന നിക്ഷേപത്തിന്റെ സാധ്യതയെക്കുറിച്ചാണ് പഠിക്കുന്നത്, പ്രകൃതി സന്തുലനത്തെക്കുറിച്ചല്ല.
യുദ്ധം തുടരട്ടെ എന്നുപോലും കമ്പോളം പറയും. കുഞ്ഞുങ്ങളോ ഗർഭിണികളോ നിരാലംബരോ സ്‌ത്രീകളോ രോഗികളോ നരകിച്ച് മരിക്കുന്നതിൽ കമ്പോളത്തിനാണോ ഭരണകൂടത്തിനാണോ വേദനയുണ്ടാകുക. സാമ്രാജ്യത്വഭരണകൂടവും കമ്പോളവും ഒന്നാണെന്ന കാര്യം വിസ്മരിക്കുന്നില്ല. യുദ്ധോപകരണങ്ങളും പടക്കോപ്പുകളും വിറ്റഴിയുക എന്നതാണ് കമ്പോള താൽപ്പര്യം. വികാരങ്ങൾക്ക് ഒരു സ്ഥാനവുമില്ലാത്ത കമ്പോളത്തിന്റെ സ്വാതന്ത്ര വിഹാരം മാനവികതയെ തളർത്തിക്കളഞ്ഞിരിക്കുന്നു. ഒരിഞ്ചുപോലും കമ്പോളാധിപത്യം മുന്നോട്ടുപോകാൻ ലോകജനത സമ്മതിക്കരുത്. മനുഷ്യനും പ്രകൃതിയും നശിച്ചുപോകുമെന്ന് പറഞ്ഞാൽ അതിൽ ഒട്ടുംതന്നെ അതിശയോക്തിയില്ല. വികസനരംഗത്തെ നവനവോത്ഥാനത്തിനായി ജനതയും സാംസ്കാരികലോകവും ഉണരണം. സാംസ്കാരിക നവോത്ഥാനത്തിന്റെ ആവശ്യകതയും ഉണ്ട്.

ആഡംസ്മിത്തിന്റെ സ്വതന്ത്ര മാർക്കറ്റ് സിദ്ധാന്തം തകരുമെന്ന് മാർക്സും എംഗൽസും പറഞ്ഞത് ശരിയാണെന്ന് 1929ൽ ആണ് മുതലാളിത്തത്തിന് ആദ്യം ബോധ്യം വന്നത്. അന്നാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥ തകർന്നത്.  പിന്നീട്  ജോൺ മെയ്നാഡ് കെയിൻസാണ് സ്വതന്ത്ര മാർക്കറ്റിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഭരണകൂടം ഇടപെടണമെന്നും പറഞ്ഞത്. പക്ഷേ, തൊള്ളായിരത്തി എഴുപതുകളിൽ വീണ്ടും മുതലാളിത്തം തകർന്നപ്പോൾ ബദലായി നവ ഉദാരനയം വന്നു. അതിലാണ് ഭരണകൂട പിൻമാറ്റവും സ്വകാര്യവൽക്കരണവും ധനമൂലധന ഒഴുക്കും നടപ്പായത്. ഇന്ന് അസമത്വവും പാരിസ്ഥിതിക പ്രശ്നങ്ങളും ദാരിദ്ര്യവും തൊഴിലില്ലായ്മയും പ്രകൃതി ദുരന്തങ്ങളും വർഗീയതയും ഫാസിസവും ബീഭത്സമായി കുതിച്ചുയരുകയാണ്. ഇന്ത്യയും ഇതേ പ്രശ്നങ്ങളെ ഗൗരവമായി അഭിമുഖീകരിക്കുന്നു. ദാരിദ്ര്യത്തിൽ 111–-ാം സ്ഥാനത്തും പ്രതിശീർഷവരുമാനത്തിൽ 140–-ാം സ്ഥാനത്തും പരിസ്ഥിതി സൂചികയിൽ 180–-ാം സ്ഥാനത്തും മാനവവിഭവ സൂചികയിൽ 132–-ാം സ്ഥാനത്തും നാം എത്തിക്കഴിഞ്ഞു. ഇനിയും പിറകോട്ട് പോകാനാകുമോ. എന്നിട്ടും നവ ഉദാരനയങ്ങൾ നടപ്പാക്കുന്നു എൻഡിഎ സർക്കാർ.

ഇനി നവ ഉദാരനയം തുടരുന്നത് ആത്മഹത്യാപരമാണ്. മനുഷ്യരാശിതന്നെ അസ്തമിക്കും. കുറച്ചു കോർപറേറ്റുകൾമാത്രം കൊഴുത്തുവരും. പക്ഷേ, മറ്റെല്ലാവരും പാപ്പരാകുമ്പോൾ അവരും കുത്തുപാളയെടുക്കുമെന്ന്‌ അവർപോലും അറിയുന്നില്ല. സമ്പത്തിന്റെ കേന്ദ്രീകരണ നയങ്ങൾക്ക് ഒരിക്കലും ജനങ്ങൾക്കും പ്രകൃതിക്കും നീതി നൽകാൻ കഴിയില്ല. നവ ഉദാരനയം പരാജയമാണെന്ന് മുതലാളിത്തം പോലും മനസ്സിലാക്കുന്നുണ്ട്. പക്ഷേ, ഇന്ത്യ ഇപ്പോഴും നയം തുടരുന്നു. ഈ വൈരുധ്യത്തെ ജനങ്ങളിലെത്തിച്ച് തുടർപ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റുയരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർഷകസമരം നടന്ന പ്രദേശങ്ങളിലെ ബിജെപിയുടെ 38 സീറ്റ് നഷ്ടം ഈ കൊടുങ്കാറ്റിന്റെ നാന്ദിയായി കാണണം. നവ ഉദാരനയങ്ങളെ പ്രതിരോധിച്ചില്ലെങ്കിൽ ഇന്ത്യയുടെ ഭാവി അപകടത്തിലാണ്. ഇടതുപക്ഷം മാത്രമാണ് നയത്തിനെതിരെ 1991 മുതൽ ആഞ്ഞടിച്ചിട്ടുള്ളത്. നയം ഇന്ത്യയിൽ നടപ്പാക്കിയ കോൺഗ്രസിന് ഈ നയത്തെ എതിർക്കാൻ ധാർമിക ഉത്തരവാദിത്വമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സന്ദേശം ഇതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top