22 November Friday

മല പൊട്ടിയൊഴുകിയത് അതിതീവ്രമഴയിൽ

ഡോ. എം ജി മനോജ്‌Updated: Thursday Aug 1, 2024

 

പാരിസ്ഥിതികമായി ദുർബലപ്രദേശവും അവിടത്തെ ഭൂവിനിയോഗവും ഉരുൾപൊട്ടലിന് കാരണമായി സാധാരണ പറയാറുണ്ട്. എന്നാൽ, ചൂരൽമലയിൽ ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രത്തിൽ അതുപോലുള്ള നിർമാണങ്ങൾ ഒന്നുംതന്നെയില്ല. ദിവസങ്ങളായി പെയ്യുന്ന അതിതീവ്രമഴ തന്നെയാണ്‌ അവിടത്തെ ഉരുൾപൊട്ടലിനു പ്രധാന കാരണം. രണ്ടാഴ്ചയോളമായി വയനാട്ടിലെ പല സ്ഥലത്തും നിർത്താതെ മഴയുണ്ട്. സംഭവദിവസത്തിന്റെ 48 മണിക്കൂറിനുള്ളിൽ 57.2 സെന്റിമീറ്റർ വരെ മഴ ലഭിച്ചു. അഞ്ചുദിവസത്തെ കണക്ക്‌ എടുത്തുനോക്കുമ്പോൾ പല പ്രദേശത്തും 70 മുതൽ 90 സെന്റിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്.

ചൂരൽമല ചെങ്കുത്തായ സ്ഥലമാണ്. അതോടൊപ്പം മണ്ണ് ബ്ലാക്ക്‌ ലാറ്ററേറ്റ് എന്നുപറയുന്ന വിഭാഗത്തിൽപ്പെടുന്നതാണ്‌. ഈ മണ്ണിന്‌ വെള്ളത്തെ നന്നായി പിടിച്ചുനിർത്താനുള്ള കഴിവുണ്ട്. അതോടൊപ്പം സമ്മർദം അധികമായാൽ ജലം പെട്ടെന്ന്‌ പുറത്തുവിടുകയുംചെയ്യും. ഇത്തരത്തിൽ തുടർച്ചയായി പെയ്ത അതിതീവ്രമഴയുടെ അതിസമ്മർദംകൊണ്ട് ഉരുൾപൊട്ടി വന്നതാകാം. 2020ൽ പുത്തുമലയിൽ ഉണ്ടായ ദുരന്തത്തിനു കാരണമായി അന്ന്‌ പറഞ്ഞിരുന്നത് സോയിൽ പൈപ്പിങ് (കുഴലീകൃതമായ മണ്ണൊലിപ്പ്) എന്നുപറയുന്ന പ്രതിഭാസമായിരുന്നു. ചൂരൽമലയിൽ സോയിൽ പൈപ്പിങ് ഉണ്ടായോ എന്നത് ഭൗമശാസ്‌ത്രവിദഗ്‌ധരുടെ സഹകരണത്തോടെ അന്വേഷിക്കണം.

ഒരാഴ്ചയായി കാലവർഷം ശക്തിപ്പെട്ടുവരികയാണ്. അതിന്റെ ഭാഗമായി മൺസൂൺ കാറ്റ് ശക്തിപ്പെടുകയും കൂമ്പാരമേഘങ്ങളുടെ സാന്നിധ്യമുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഭൂമിയുടെ പ്രതലത്തിൽ ഏകദേശം ഒന്നര–- രണ്ട് കിലോമീറ്റർ മുതൽ 16 കിലോമീറ്റർ വരെ ഉയരത്തിലുള്ള അത്രയും ഭീമാകാരമായ മേഘമാണ്‌ ഉണ്ടായത്‌. അത്‌ നമ്മുടെ തലയ്ക്കുമുകളിൽ വലിയ ജലബോംബ് സ്ഥാപിച്ചിരിക്കുന്നതു പോലെയാണ്. അതിൽനിന്ന്‌ തുടർച്ചയായി പെയ്യുന്ന മഴ ഒരു സ്ഥലത്തിനും ഉൾക്കൊള്ളാൻ സാധിക്കുകയില്ല.

കേരളത്തിന്റെ അതിർത്തി പങ്കിടുന്ന അറബിക്കടലിലെ ഉപരിതലതാപം വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്. ആഗോള സമുദ്രതാപനത്തിന്റെ ഇരട്ടി വേഗതയിലാണ് അറബിക്കടലിലെ താപനം. ഈ താപനത്തിന്റെ ഭാഗമായി അന്തരീക്ഷത്തിലെത്തുന്ന കൂമ്പാരമേഘങ്ങളുടെ രൂപീകരണത്തിന് അനുയോജ്യമായ ഭൂപ്രകൃതികൂടി ഉണ്ടായാൽ ഇപ്പോൾ മാത്രമല്ല, വരുംവർഷങ്ങളിലും പുത്തുമലയോ ചൂരൽമലയോ ആവർത്തിക്കും.

മൂന്ന് ഘടകം പ്രധാനമായും ഉരുൾപൊട്ടലിന്‌ കാരണമായി പറയാം. ഒന്ന്‌ അതിതീവ്രമഴ. മറ്റൊന്ന് ആ ഭൂപ്രകൃതിയുടെ ചരിവ്. 20 ഡിഗ്രിയോ അതിൽ കൂടുതലോ ചരിവുള്ള പ്രദേശത്ത് അതിതീവ്ര മഴയുണ്ടായാൽ എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടാം. വേറൊരു കാര്യം അവിടെ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഭൂവിനിയോഗം അല്ലെങ്കിൽ കടന്നുകയറ്റം ഉണ്ടായിട്ടുണ്ടോ എന്നതാണ്‌. ഈ മൂന്ന് കാരണം വച്ചുകൊണ്ട് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉരുൾപൊട്ടൽ സാധ്യതാ മാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ 20 ശതമാനത്തോളവും ഈ മേഖലയിൽപ്പെടുന്ന പ്രദേശങ്ങളാണ്. പക്ഷേ, സ്വാഭാവികമായും  ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ് കൊടുക്കുന്നതിന് പലവിധ തടസ്സമുണ്ട്. മഴ പ്രവചിക്കുന്നതുപോലെ ഉരുൾപൊട്ടൽ പ്രവചിക്കാൻ സാധിക്കില്ല. മഴയുടെ പ്രവചനംതന്നെ നൂറു ശതമാനം കൃത്യതയോടെ പറയാൻ സാധിക്കില്ല. മഴമൂലം ഉണ്ടാകുന്ന ഉരുൾപൊട്ടലിനെ സംബന്ധിച്ചുള്ളത്‌ സ്വാഭാവികമായും കൂടുതൽ സങ്കീർണമാണ്‌.

തുടർച്ചയായി അതിതീവ്ര മഴ ഉണ്ടായാൽ ഭൂമിയുടെ ചരിവ് അനുസരിച്ച് ഒരുപക്ഷേ  ഉരുൾപൊട്ടാൻ സാധ്യതയുണ്ട്. ചിലപ്പോൾ ആ പ്രദേശം തീവ്രമഴ പണ്ട് ഏറ്റുവാങ്ങിയിട്ടുണ്ടാകാം. ചൂരൽമലയിൽ പലവിധ കാരണംമൂലം ശോഷണം സംഭവിച്ചിട്ടുണ്ടാകാം. ഇതുപിന്നീട്‌ ഓരോ വർഷവും ക്രമാനുഗതമായി ശക്തി ക്ഷയിച്ചുവരുന്നതിനു കാരണമാകാം. ഇപ്പോൾ പെയ്ത മഴ ഉരുൾപൊട്ടലിന്‌ ഒരു കാരണം മാത്രമാണ്. ഇതുപോലെയുള്ള പലതും അവിടെ പരിശോധിക്കേണ്ടതുണ്ട്‌. കൃത്യമായി ഭൂപ്രകൃതി മനസ്സിലാക്കിയും പ്രാദേശികമായ എല്ലാ മാറ്റവും സൂക്ഷ്മമായി നിരീക്ഷിച്ചുമായിരിക്കണം ആ പരിശോധന. നമ്മൾ നിർമിക്കുന്ന ഒരു കാലാവസ്ഥാ പ്രവചനത്തിൽ ഇത്തരത്തിലുള്ള വളരെ സൂക്ഷ്‌മവിവരം കിട്ടാൻ പ്രയാസമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും പ്രവചനങ്ങൾ തെറ്റിപ്പോകാറുണ്ട്. പക്ഷേ, എങ്കിലും ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള സൗകര്യങ്ങളും സാറ്റലൈറ്റ് ഡാറ്റയും ഉപയോഗിച്ച്‌ ഉരുൾപൊട്ടൽ സാധ്യതാ പ്രവചനം നടത്താനാകണം.

പലപ്പോഴും ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം വനത്തിൽ ആയിരിക്കും. അവിടെ ആധുനിക നിരീക്ഷണ ഉപാധികൾ സ്ഥാപിക്കുക വളരെ ബുദ്ധിമുട്ടാണ്‌. മഴമാപിനികൾ വന്യമൃഗങ്ങൾ നശിപ്പിക്കും. എന്നും വിവരം ശേഖരിക്കാൻ പോകാൻ സാധിക്കില്ല. ജനങ്ങളുടെ സഹകരണത്തോടുകൂടി മാത്രമേ മുന്നറിയിപ്പ്‌ സംവിധാനം കുറച്ചുകൂടി മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ. അടിയന്തരമായി വേണ്ടത് ജനങ്ങളിൽ നല്ല രീതിയിലുള്ള ശാസ്ത്രാവബോധം വർധിപ്പിക്കുകയാണ്. സർക്കാർ പറയുന്ന ഏതു മുൻകരുതലിലും  ജനങ്ങളുടെകൂടി സഹകരണം ഉണ്ടായാൽ ഒരുപരിധിവരെ ജീവൻ രക്ഷിക്കാൻ സാധിക്കും. സ്വത്തുക്കളുടെ നാശനഷ്ടം പൂർണമായും തടയാൻ സാധിക്കില്ല. പക്ഷേ, ജീവൻ സംരക്ഷിക്കുക എന്നുള്ളതായിരിക്കണം ഏറ്റവും പ്രധാനം.

( കുസാറ്റ് റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top