21 November Thursday

മരത്തിലെ പക്ഷിയും മാടപ്രാവിന്റെ ഹൃദയവും

ഗൗതമൻ/പച്ചപ്പരമാർഥംUpdated: Monday Dec 2, 2019

ഇണചേർന്നിരുന്ന ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നിനെ അമ്പെയ്‌തുകൊന്ന വേടനോട്  മഹാമുനിയായ വാല്‌മീകി പറഞ്ഞതാണ്‌  അരുത്‌ കാട്ടാളാ, അരുത്‌ എന്ന്‌ അർഥം വരുന്ന   ‘മാനിഷാദാ’. ആദികാവ്യത്തിന്‌ കാരണമായ ആ വിലാപമിപ്പോൾ ഗൗതമൻ ഓർത്തുപോയത്‌ മഹർഷിതുല്യമായിരുന്ന പൂർവാശ്രമം ഉണ്ടായിരുന്നെന്ന്‌ സംഘബന്ധുക്കളൊക്കെ ആണയിടുന്ന മോഡിജി പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ൽ  എൻസിസിസി കേഡറ്റുകളോട്‌ മനസ്സുതുറന്നത്‌ കേട്ടിട്ടാണ്‌. മൻ കി ബാത്തിൽ അദ്ദേഹം ‘മേരേ പ്യാരി ദേശ്‌വാസിയോം ’ എന്ന്‌ സംബോധനചെയ്‌ത്‌   പറയുന്നതൊക്കെ  വെറും തള്ളാണെന്നു പറയുന്നവരൊക്ക ചങ്കെടുത്തുകാണിച്ചാൽ ചെമ്പരത്തിപ്പൂവാണെന്നുപറയുന്ന പാകിസ്ഥാൻ ചാരന്മാരാണെന്നേ ഏതൊരു ദേശസ്‌നേഹിക്കും കരുതാനാകൂ.

ഗൂഗിളിൽനിന്ന്‌ അതിവേഗം വിവരങ്ങൾ കിട്ടുന്നതുകൊണ്ട്‌ തനിക്ക്‌ വായന തീരെ കുറഞ്ഞെന്ന്‌ അദ്ദേഹം പറഞ്ഞു.വായന തീരെയില്ലെന്ന കാര്യത്തിലൊന്നും  ഈ ഭൂഗോളത്തിൽ ആർക്കും തർക്കമുണ്ടാകുമെന്നു തോന്നുന്നില്ല.  പിന്നെ മോഡിജി കോളേജിൽ പഠിച്ചിട്ടില്ലെന്നും സർട്ടിഫിക്കറ്റ്‌ കാണിക്കണമെന്നുമൊക്കെ പറഞ്ഞ്‌ തർക്കമുന്നയിക്കുന്ന ചില കുരുത്തംകെട്ടവന്മാരുണ്ട്‌. അർഹിക്കുന്ന അവജ്ഞയോടെ മോഡിജി അത്‌ തള്ളിക്കളഞ്ഞിട്ടേയുള്ളൂ.പ്രധാനമന്ത്രിയാകാൻ യോഗം ഉണ്ടായിരുന്നില്ലെങ്കിൽ താനൊരു യോഗാധ്യാപകനാകുമായിരുന്നുവെന്നായിരുന്നു അദ്ദേഹം  എൻസിസി  പിള്ളേരോട്‌  പറഞ്ഞ മറ്റൊരുകാര്യം.
ഇതൊന്നുമല്ല  ഗൗതമന്റെ കണ്ണുനിറയിച്ച  സംഭവം. താൻ എൻസിസി  അംഗമായിരുന്നപ്പോൾ സംഭവിച്ച കാര്യം അദ്ദേഹം വിശദീകരിച്ചതു കേൾക്കണം.  ഒരിക്കൽ എൻസിസി ക്യാമ്പിനിടയിൽ അദ്ദേഹം മരത്തിൽക്കയറാൻ പോയി. ക്യാമ്പ്‌ നിയമം ലംഘിച്ചെന്ന പരാതിയായി. എന്നാൽ, മരത്തിൽ ഒരു പക്ഷി  കഴുത്തിൽ പട്ടത്തിന്റെ ചരട്‌ കുരുങ്ങിയിരിപ്പുണ്ടായിരുന്നു. അതിനെ രക്ഷിക്കാനായിരുന്നു അദ്ദേഹം മരത്തിൽക്കയറിയത്‌. ഇതറിഞ്ഞതോടെ പരാതി അഭിനന്ദനങ്ങൾക്ക്‌ വഴിമാറുകയും മോഡിജിക്ക്‌ വലിയ സ്വീകരണങ്ങളുംമറ്റും കിട്ടുകയും ചെയ്‌തത്രെ.

വാല്‌മീകിയെപ്പോലെയല്ല,  ജീവിതംകൊണ്ടാണ്‌ മോഡിജി ഇതിഹാസം രചിച്ചതെന്ന്‌ സംഘബന്ധുക്കൾ പറയുന്നതു വെറുതെയാണോ. ഒരു ഉറുമ്പിനുപോലും വേദനിക്കുന്നത്‌ മോഡിജിക്ക്‌ സഹിക്കാൻ കഴിയില്ല. അല്ലെങ്കിൽ ഉറുമ്പ്‌ പാകിസ്ഥാനിൽനിന്നുവന്നതോ, ഇന്ത്യൻ പൗരത്വമില്ലാത്തതോ ആർഷഭാരതസംസ്‌കാരം തിന്നു ജീവിക്കാത്തതോ ആയിരിക്കണം. മോഡിജിയുടെ കാരുണ്യം, ദീനാനുകമ്പ, സർവ ജീവജാലങ്ങളോടുമുള്ള കരുതൽ, അഹിംസയിലൂന്നിയ ജീവിതം  ഇത്യാദി ഗുണങ്ങൾ മനസ്സിലാക്കാൻ  ഗുജറാത്ത്‌ കലാപത്തെപ്പറ്റി ഏതെങ്കിലും സംഘബന്ധുക്കൾ എഴുതിയ പ്രബന്ധം വായിച്ചുനോക്കണം.  അല്ലാതെ മാടപ്രാവിന്റെ ഹൃദയമുള്ള അദ്ദേഹത്തെപ്പറ്റി അറിയാൻ കുത്ബുദ്ദീൻ അൻസാരി, സഞ്ജീവ്‌ ഭട്ട്‌ എന്നിവരോടൊന്നും ചോദിച്ച്‌ മെനക്കെടരുത്‌.

ഗോമാതാവിന്റെ കോട്ട്‌

ആളുകൾ കോട്ടുവായിട്ടുനടന്നാലും ഗോമാതാവ്‌ കോട്ടിട്ടു നടക്കണമെന്ന കാര്യത്തിൽ സംഘകുടുംബത്തിലെ എല്ലാവർക്കും നിർബന്ധമുണ്ട്‌. സാക്ഷാൽ ശ്രീരാമചന്ദ്രന്റെ ജന്മദേശമായ അയോധ്യയിൽ പശുക്കൾക്ക്‌ കോട്ട്‌ ഉടൻ എത്തും. 250മുതൽ 300 രൂപവരെ വിലയുള്ള കോട്ടുകൾ. 

ആളുകൾ പലതും പറയുമെങ്കിലും സംഘകുടുംബം ഇവിടെ ലിംഗനീതിയുടെ കാര്യത്തിലും ഒരു വിട്ടുവീഴചയ്‌ക്കും തയ്യാറില്ലെന്നു മാത്രമല്ല ഒരു പണത്തൂക്കം മുന്നിലാണെന്ന്‌ തെളിയിച്ചിരിക്കയാണ്‌. പുരുഷപ്രജയായ കാളകൾക്ക്‌ ചണംകൊണ്ടുമാത്രം നിർമിച്ച ഒറ്റ ലെയർ മാത്രമുള്ള കോട്ടുകൾ നൽകുമ്പോൾ ചണത്തിനൊപ്പം മൃദുവായ തുണികളും ചേർത്തുള്ള രണ്ടു ലെയറുള്ള കോട്ടുകളാണ്‌  പശുക്കൾക്ക്‌ നൽകുന്നത്‌.  നാളത്തെ ഭാരതം കെട്ടിപ്പടുക്കേണ്ട ഭാവിതലമുറയെ സംബന്ധിച്ചും അവർക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌.  കിടാവുകൾക്ക്‌ മൂന്നു ലെയറുള്ള കോട്ടുകളാണ്‌ നൽകുക.ഇതിനുമുമ്പ്‌  ഡിങ്കൻ, കപീഷ്‌,  ടോം, ജെറി  തുടങ്ങിയ കഥാപാത്രങ്ങളെ മാത്രമാണ്‌ നമ്മൾ വസ്‌ത്രം ധരിച്ചു കണ്ടിട്ടുള്ളത്‌.   ആട്ടിൻതോൽ ധരിച്ച ചെന്നായ്‌ക്കളെപ്പറ്റി ഇടയ്‌ക്കിടയ്‌ക്കു പറയാറുണ്ടെങ്കിലും ചെന്നായ്‌ക്കൾ ഇത്‌ മനസ്സറിഞ്ഞകാര്യമല്ല. 

അയോധ്യയിൽനിന്ന്‌  തുണിയുടുപ്പിക്കൽപരിഷ്‌കാരം നടക്കുമ്പോൾ ഗൗതമന്‌ ഒരു സങ്കടമുണ്ട്‌.   സാക്ഷാൽ ശ്രീരാമചന്ദ്രനുവേണ്ടി പൊരുതിയ വാനരപ്പടയെ നിങ്ങൾ അവഗണിച്ചാൽ ശാപം ഉറപ്പാണ്‌.  അയോധ്യയിലൂടെ തേരാപ്പാരാ നടക്കുന്ന കുരങ്ങന്മാർക്കുകൂടി നഗ്നത മറയ്‌ക്കാനുള്ള നടപടികളുണ്ടാകണം.

വെടിക്കുഴൽ

കണ്ണടച്ച്‌ പാലുകുടിക്കുന്ന മാർജാരനാണ്‌ പി ജെ ജോസഫ്‌: ജോസ്‌ കെ മാണിയുടെ മുഖപത്രം കേരള കോൺഗ്രസുകാർ ‘മൃഗീയ താരതമ്യം’ തുടർന്നാൽ മൃഗങ്ങൾ മാനനഷ്ടത്തിന്‌ കേസ്‌ കൊടുക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top