തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. അത് ശ്രദ്ധയിൽപ്പെട്ടയുടനെ പാര്‍ടിയും സര്‍ക്കാരും അവ പരിഹരിച്ച് നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ചു. ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെയും ഇതിന്റെ ചുമതല നിര്‍വഹിച്ചവരുടെ പേരിലും നടപടി പാര്‍ടി സ്വീകരിച്ചു. ക്രമക്കേടുകളെ സംബന്ധിച്ച് ക്രൈംബ്രാഞ്ചിനോടും സഹകരണ വകുപ്പിനോടും അന്വേഷിക്കാനും ആവശ്യപ്പെട്ടു. ആ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇഡി അന്വേഷണം ആരംഭിച്ചത്.
കേന്ദ്ര ഏജന്‍സികളുടെ ഇത്തരം താൽപ്പര്യങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടാണ് മാധ്യമങ്ങളും സഹകരണപ്രസ്ഥാനത്തിനും സിപിഐ എമ്മിനുമെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ബിജെപി എന്തുകൊണ്ട് രംഗത്തിറങ്ങിയതെന്ന് തിരിച്ചറിയണമെങ്കിൽ അവരുടെ സാമ്പത്തികനയം മനസ്സിലാക്കേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സ്വതന്ത്ര കമ്പോളം നടപ്പാക്കണമെന്നായിരുന്നു ബിജെപിയുടെ പൂര്‍വികരായിരുന്ന ജനസംഘത്തിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ഇത്തരമൊരു സംവിധാനത്തിന് തടസ്സമായി നിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെയും സഹകരണ പ്രസ്ഥാനങ്ങളെയും തകര്‍ക്കുകയെന്നത് അവരുടെ ഒരു നയമാണ്.
സഹകരണമേഖല കോര്‍പറേറ്റ് താൽപ്പര്യങ്ങള്‍ക്കെതിരായതുകൊണ്ട് മാത്രമല്ല, സംസ്ഥാനങ്ങളുടെ ബദൽ സാമ്പത്തിക സ്രോതസ്സ് എന്ന നിലയിലും അവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ബദൽ സാധ്യതകളായി വികസിക്കുന്ന സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്താനും നിലനിൽക്കുന്നവ വരുതിയിലാക്കാനുമുള്ള ശക്തമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയുമാണ്.
സംസ്ഥാനത്തിനകത്ത് സൂക്ഷ്‌മതലത്തിലുള്ള വികസനത്തിന് സഹായകമാണ് എന്ന നിലയിലാണ് സഹകരണമേഖല സംസ്ഥാന സര്‍ക്കാരിന്റെ കീഴിൽ കൊണ്ടുവരുന്ന നടപടി ഉണ്ടായത്. 97–-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട കേസിൽ ഇക്കാര്യം പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി സഹകരണ മേഖല സംസ്ഥാനത്തിന്റെ പരിധിയിൽത്തന്നെ നിൽക്കണമെന്ന നിലപാട് സ്വീകരിച്ചത്. മാത്രമല്ല ന്യൂനപക്ഷ വിധിയിലാകട്ടെ മള്‍ട്ടിസ്റ്റേറ്റ് കോ–-ഓപ്പറേറ്റ് സൊസൈറ്റികള്‍ നിരോധിക്കണമെന്നാണ് പറഞ്ഞത്. എന്നിട്ടും സഹകരണമേഖലയെ കേന്ദ്ര നിയന്ത്രണത്തിലാക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. അതിൻെറ ഭാഗമായി അമിത് ഷായെ കേന്ദ്ര സഹകരണമന്ത്രിയായി നിയമിച്ചു. വലിയ അര്‍ബന്‍ ബാങ്കുകളെ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലാക്കി. റിസര്‍വ് ബാങ്കിന് നേരിട്ട് നിയന്ത്രണമില്ലാത്ത വായ്പാ സംഘങ്ങളെയും കൈപ്പിടിയിൽ ഒതുക്കാൻ പോകുകയാണ്.
കഴിഞ്ഞ 9 വർഷത്തിനിടയിൽ പത്തുലക്ഷം കോടിയാണ് വൻകോർപറേറ്റുകളുടെ മാത്രം കടം എഴുതിത്തള്ളിയത്. അദാനിപോലുള്ള കോര്‍പറേറ്റുകള്‍ തടിച്ചു കൊഴുത്തത് ഇത്തരം വഴിവിട്ട മാർഗങ്ങളിലൂടെയാണ്.
പൊതുമേഖലാ ബാങ്കുകള്‍ വായ്‌പകൾക്ക് മുൻഗണനാക്രമം നിശ്‌ചയിച്ച് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ആഗോളവൽക്കരണ നയങ്ങൾ വന്നതോടെ ഇത് അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞ 9 വർഷത്തിനിടയിൽ പത്തുലക്ഷം കോടിയാണ് വൻകോർപറേറ്റുകളുടെ മാത്രം കടം എഴുതിത്തള്ളിയത്. അദാനിപോലുള്ള കോര്‍പറേറ്റുകള്‍ തടിച്ചു കൊഴുത്തത് ഇത്തരം വഴിവിട്ട മാർഗങ്ങളിലൂടെയാണ്. എന്നിട്ടും ഇവയൊന്നും പാര്‍ലമെന്റിൽപ്പോലും ചര്‍ച്ച ചെയ്‌തില്ല. ഗുജറാത്തിൽ ഗാന്ധിജി മുന്നോട്ടു വച്ച ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെയും സോഷ്യലിസ്‌റ്റ് കാഴ്‌ചപ്പാടിന്റെയും അടിത്തറയിൽ നിന്നുകൊണ്ട് സമ്പന്നമായ ഒരു സഹകരണ പ്രസ്ഥാനത്തിൻെറ വിപുലമായ ശൃംഖല ഗുജറാത്തിൽ ഉണ്ടായിരുന്നു. അവിടെ ബിജെപിക്ക് അധികാരം കിട്ടിയതോടെ അവര്‍ സ്വീകരിച്ച സമീപനം സഹകരണ പ്രസ്ഥാനത്തിനോടുള്ള ബിജെപി നിലപാടിന്റെ നേര്‍സാക്ഷ്യപത്രമാണ്. ബിജെപി ഗുജറാത്തിൽ അധികാരത്തിൽ വരുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ അവിടെ സജീവമായിരുന്നു. അക്കാലത്ത് ഗുജറാത്തിലെ ഇടപാടിന്റെ 65–-70 ശതമാനത്തോളം സഹകരണ മേഖലയിലായിരുന്നു. ബിജെപിയുടെ നീണ്ടകാലത്തെ സംസ്ഥാന ഭരണം പിന്നിട്ടപ്പോള്‍ ആ ഇടപാട് 25 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് എടുത്ത ബോധപൂര്‍വമായ ഇടപെടലാണ് ഈ അവസ്ഥയിലെത്തിച്ചത്. സഹകരണ മേഖലയിലുണ്ടായിരുന്ന 353 ബാങ്കിൽ 40 എണ്ണത്തെ പാപ്പരാക്കി, എട്ട് ബാങ്ക് അടച്ചുപൂട്ടി. ബിജെപി നേതൃത്വം നൽകിയ ജില്ലാ ബാങ്കിന് സമാനമായ പഞ്ചമഹൽ ബാങ്ക് തകര്‍ന്നു. കോണ്‍ഗ്രസ് ചെയര്‍മാനായ ബിഷ്നഗര്‍ ബാങ്കും തകര്‍ന്നു. ഗുജറാത്തിലെ സഹകരണ മേഖലയിലുണ്ടായ ഇത്തരം പ്രശ്നങ്ങളിൽ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുപോലും കേസ് എടുക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല, അവിടെ പരിശോധനയ്ക്കായി ഒരു ഇഡിയെയും അയച്ചതുമില്ല. അക്കാലത്ത് അഹമ്മദാബാദ് ജില്ലാ ബാങ്കിന്റെ ചെയര്‍മാനും എംഎൽഎയുമായിരുന്നു അമിത് ഷാ. അദ്ദേഹം ഇതൊരു രാഷ്ട്രീയപ്രശ്നമായി കാണരുതെന്നുപോലും പ്രഖ്യാപിച്ചു. ഇത്തരക്കാരാണ് ഇപ്പോള്‍ പ്രക്ഷോഭവുമായി മുന്നോട്ടുവരുന്നത്.
ഇഡി നടത്തുന്ന അന്വേഷണങ്ങളുടെ ഇല്ലാക്കഥകള്‍ പൊടിപ്പും തൊങ്ങലുംവച്ച് പത്രമാധ്യമങ്ങളിൽ നൽകുന്നത് സഹകരണപ്രസ്ഥാനത്തെയും പാര്‍ടിയെയും ദുര്‍ബലപ്പെടുത്താനാണ്.
സഹകരണമേഖലയോട് ഗുജറാത്തിലെ ബിജെപി കാണിച്ച സമീപനമല്ല കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. കരുവന്നൂർ കേസിൽ വകുപ്പു തലത്തിലും പൊലീസ് കേസ് എന്ന നിലയിലും നടപടികൾ സ്വീകരിച്ചു. ഒപ്പം ബാങ്കിനെയും നിക്ഷേപകരെയും സംരക്ഷിക്കുന്നതിനുള്ള ഇടപെടലും നടത്തി. 73.97 കോടി രൂപ ഇതിന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് നൽകിയിട്ടുണ്ട്. 110 കോടി പുതുക്കിവച്ചു. 5.3 കോടി പുതുതായി വായ്പ അനുവദിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജ് ആവട്ടെ മുഴുവൻ നിക്ഷേപകരെയും സംരക്ഷിക്കുന്ന വിധത്തിലുള്ളതാണ് . അങ്ങനെ ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പോരായ്മകള്‍ തിരുത്തി ബാങ്കിനെ സംരക്ഷിച്ച് സാധാരണ നിലയിലേക്ക് എത്തിക്കുന്ന ഘട്ടത്തിലാണ് നൂറു കണക്കിന് ആധാരങ്ങള്‍ അന്വേഷണമെന്ന പേര് പറഞ്ഞ് ഇഡി എടുത്തുകൊണ്ടുപോയത്. അതുകൊണ്ടുതന്നെ ബാങ്ക് നൽകിയ കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത സാഹചര്യവും ഇഡി സൃഷ്ടിക്കുകയാണ് ചെയ്തത്. ഇഡി നടത്തുന്ന അന്വേഷണങ്ങളുടെ ഇല്ലാക്കഥകള്‍ പൊടിപ്പും തൊങ്ങലുംവച്ച് പത്രമാധ്യമങ്ങളിൽ നൽകുന്നത് സഹകരണപ്രസ്ഥാനത്തെയും പാര്‍ടിയെയും ദുര്‍ബലപ്പെടുത്താനാണ്.
കോടതിയിൽപ്പോലും തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതരത്തിൽ ഇഡിക്ക് എത്തേണ്ടിവരുന്നത് ഇതിന്റെ ഭാഗമായാണ്. ഇഡി അറസ്റ്റ് ചെയ്ത സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയ്ക്ക് 63 ലക്ഷം രൂപ നിക്ഷേപമുണ്ടെന്ന് തെറ്റായ വിവരം കോടതിയിൽ നൽകി. മാത്രമല്ല വീടും സ്ഥലവും പണയപ്പെടുത്തി 20 ലക്ഷം രൂപ കടം വാങ്ങിയ കാര്യം ഉപേക്ഷിക്കുകയും ചെയ്തു. അരവിന്ദാക്ഷനെ മര്‍ദിച്ച് ഉയര്‍ന്ന നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതി നിലനിൽക്കവെയാണ് അറസ്റ്റ് ചെയ്തതും ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ കോടതിയിൽ നൽകുകയും ചെയ്തത്. എ സി മൊയ്തീന്റെ 15 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന കള്ളവാര്‍ത്തയും പ്രചരിപ്പിച്ചു. ഇതെല്ലാം അന്വേഷണം ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് എന്നത് വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപം 2.5 ലക്ഷം കോടിയാണ്. 1.86 ലക്ഷം കോടി രൂപ സാധാരണക്കാര്‍ക്ക് വായ്പയായി നൽകിയിട്ടുണ്ട്. ലോക റാങ്കിങ്ങിലാകട്ടെ കേരളത്തിലെ സഹകരണ സംഘങ്ങള്‍ മുന്‍നിരയിൽത്തന്നെയുണ്ട്. സംസ്ഥാനത്തെ ജനതയെ ഹുണ്ടിക വ്യാപാരികളിൽനിന്ന് മോചിപ്പിച്ച് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസകരമായി മാറിയതാണ് സഹകരണമേഖല. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ഒരു കോര്‍പറേറ്റിനും വായ്പ നൽകുന്നവയല്ല. മറിച്ച്, കൃഷിക്കാര്‍ക്കും കേരളത്തിലെ സാധാരണ ജനവിഭാഗങ്ങങ്ങള്‍ക്കും താങ്ങും തണലുമായി നിൽക്കുന്നവയാണ്. ഈ രംഗത്തുണ്ടാകുന്ന വരുമാനം ബാങ്കുകള്‍ ജനങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ക്കും പൊതുആവശ്യങ്ങള്‍ക്കും നൽകുകയാണ് ചെയ്യുന്നത്. ആശുപത്രികൾ മുതൽ കൺസ്യുമർ സ്‌റ്റോറുകൾ വരെ നീണ്ടുനിൽക്കുന്ന ജനസേവന സൗകര്യങ്ങൾ ഈ മേഖലയിൽ ഉയർന്നു വന്നിട്ടുണ്ട്.
സാധാരണ ജനങ്ങള്‍ക്ക് അത്താണിയാകുന്ന സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സഹകരണ മേഖലയിൽനിന്നും ബഹുജനങ്ങളിൽനിന്നും ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്.
ഇത്തരത്തിൽ ജനങ്ങൾക്ക് ആശ്വാസകരമായി പ്രവർത്തിക്കുന്ന ഈ മേഖലയെയാണ് കേന്ദ്രസർക്കാർ വിവിധ വഴികളിലൂടെ തകർക്കാൻ ശ്രമിക്കുന്നത്. ഇതിൽ നിന്നും വ്യത്യസ്‌തമായി സഹകരണ മേഖലയിൽ അപൂര്‍വമായി പ്രത്യക്ഷപ്പെട്ട പോരായ്മകളെ കണ്ടെത്തി അതിനുത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുകയും ഒപ്പം അവയെ ശരിയായ പാതയിൽ നയിക്കുന്നതിണനുമുള്ള ഇടപെടലാണ് പാർടി നടത്തുന്നത്. ഈ വ്യത്യസ്തതയെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനാകണം.
സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തെ ഒന്നിച്ചെതിര്‍ത്ത പാരമ്പര്യമാണ് കേരളത്തിലെ സഹകരണ മേഖലയ്ക്കുള്ളത്. ബാങ്ക് എന്ന പേര് സഹകരണമേഖല ഉപയോഗിക്കാന്‍ പാടില്ലെന്നും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടരുത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നോട്ടുവച്ച വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഒന്നിച്ച് നിലകൊണ്ട ചരിത്രം കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ട്. നോട്ട് നിരോധനകാലത്തും ഇത്തരമൊരു സമീപനം കേരളം ഉയര്‍ത്തിയിട്ടുണ്ട്. എന്നാൽ, അടുത്തകാലത്തായി സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിയുമായി ഏത് പരിധിവരെയും ചേര്‍ന്നു നിൽക്കുന്ന കോണ്‍ഗ്രസ് ഈ സമീപനത്തിൽനിന്ന് പിന്നോട്ട് പോകുകയാണ്. സാധാരണ ജനങ്ങള്‍ക്ക് അത്താണിയാകുന്ന സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സഹകരണ മേഖലയിൽനിന്നും ബഹുജനങ്ങളിൽനിന്നും ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..