22 November Friday
സമകാലികം - വി ബി പരമേശ്വരൻ

"ഏക് കദം ആഗെ ദോ കദം പീഛേ’ മോദിയുടെ പുതിയ രാഷ്ട്രതന്ത്രം - വി ബി പരമേശ്വരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

ന്യൂഡൽഹിയിലെ യുപിഎസ്‌സി ഭവൻ - കടപ്പാട്‌: ANI


വി ബി പരമേശ്വരൻ

വി ബി പരമേശ്വരൻ

മൂന്നാമതും പ്രധാനമന്ത്രിയായി ജൂൺ ഒമ്പതിന് അധികാരമേറ്റപ്പോൾ  മോദി നൽകിയ സന്ദേശം 'കുഛ് നഹി ബദലാ; ഹം നഹി ബദലേംഗേ’ എന്നായിരുന്നു (ഒന്നും മാറിയിട്ടില്ല; ഞങ്ങൾ മാറുകയുമില്ല). പ്രോ‐ടേം സ്പീക്കറുടെയും സ്പീക്കറുടെയും നിയമനവും മന്ത്രിസഭാ രൂപീകരണവും ദേശീയ സുരക്ഷാ ഉപദേശകന്റെ  നിയമനവും എല്ലാം നൽകിയ സന്ദേശം അതായിരുന്നു.

ബിജെപിക്ക് സ്വന്തം ഭൂരിപക്ഷമില്ലെങ്കിലും ടി ഡിപി, ജെഡിയു എന്നീ ഊന്നുവടികളിലാണ് ഭരണം എന്ന യാഥാർഥ്യം മറച്ചുപിടിച്ചും 56 ഇഞ്ച് നെഞ്ചുകാട്ടി 2014ലും 2019 ലും എന്നപോലെ ഭരണം മുന്നോട്ടു കൊണ്ടുപോകുമെന്ന സന്ദേശമാണ് ബിജെപിയും മോദിയും നൽകിയത്. എന്നാൽ തനിച്ച് ഭൂരിപക്ഷമില്ലെന്ന യാഥാർഥ്യം ഓരോ ദിവസം കഴിയുന്തോറും ബിജെപിക്കും മോദിക്കും ബോധ്യപ്പെട്ടുവരികയാണ്.

തനിച്ച് ഭൂരിപക്ഷമുണ്ടായിരുന്ന പത്ത് വർഷവും മോദിയും ഷായും എടുത്ത തീരുമാനങ്ങൾ അതേപടി നടപ്പിലാക്കുകയായിരുന്നു. സുപ്രധാന ബില്ലുകൾ ഉൾപ്പെടെ ചർച്ച കൂടാതെ പാർലമെന്റിൽ പാസ്സാക്കുകയായിരുന്നു. എന്നാൽ മൂന്നാം

കടപ്പാട്‌:gettyimages

കടപ്പാട്‌:gettyimages

ഭരണത്തിൽ മൂന്നു മാസം തികയുന്നതിനു മുൻപു തന്നെ മൂന്ന് സുപ്രധാന തീരുമാനങ്ങളിൽ നിന്നും സർക്കാരിന് പിന്നോട്ടു പോകേണ്ടിവന്നു.

ഇന്ത്യൻ ബ്യൂറോക്രസിയിലേക്ക് മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിലല്ലാതെ ലാറ്ററൽ എൻട്രി വഴി 45 പേരെ എടുക്കാനുള്ള തീരുമാനം മൂന്ന് ദിവസത്തിനകം സർക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. അതുപോലെ തന്നെ വഖഫ് ഭേദഗതി നിയമം എളുപ്പം പാസ്സാക്കാനുള്ള സർക്കാരിന്റെ നീക്കം ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ പരാജയപ്പെട്ടു. ബിൽ ജെപിസിക്ക് വിട്ടുകൊണ്ട് തടിയൂരി.

മോദി സർക്കാരിന് തലവേദന സൃഷ്ടിക്കുന്ന യുട്യൂബ് വാർത്താചാനലുകളെയും വാർത്താ അവതാരകരെയും ലക്ഷ്യമിട്ടുള്ള ബ്രോഡ് കാസ്റ്റിങ് സർവീസസ് (റഗുലേഷൻ) ബിൽ പാസ്സാക്കുന്നത് നീട്ടിവെക്കേണ്ടിയും വന്നു. ടെലഗ്രാഫ് പത്രം ആഗസ്ത് 23ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന് 'മൂന്ന് പിന്മാറ്റം’ എന്ന തലക്കെട്ട് നൽകിയാണ് സർക്കാരിന്റെ ഈ പിന്മടക്കത്തെ അടയാളപ്പെടുത്തിയത്.

റോൾബാക്ക് (തീരുമാനങ്ങൾ പിൻവലിക്കുന്ന) സർക്കാർ എന്ന ഖ്യാതിയാണ് ഇപ്പോൾ മോദി സർക്കാരിന്. ഏക് കദം ആഗേ, ദോ കദം പീഛേ (ഒരടി മുന്നോട്ട്; രണ്ടടി പിന്നോട്ട്) എന്നതാണ് ഇപ്പോൾ മോദി സർക്കാരിന്റെ രീതി.

റോൾബാക്ക് (തീരുമാനങ്ങൾ പിൻവലിക്കുന്ന) സർക്കാർ എന്ന ഖ്യാതിയാണ് ഇപ്പോൾ മോദി സർക്കാരിന്. ഏക് കദം ആഗേ, ദോ കദം പീഛേ (ഒരടി മുന്നോട്ട്; രണ്ടടി പിന്നോട്ട്) എന്നതാണ് ഇപ്പോൾ മോദി സർക്കാരിന്റെ രീതി.

ലാറ്ററൽ എൻട്രിക്ക് ചുവപ്പ് കാർഡ്

ആഗസ്ത് 17 നാണ് പ്രമുഖ പത്രങ്ങളിൽ ലാറ്ററൽ എൻട്രി സംബന്ധിച്ച പരസ്യം പ്രത്യക്ഷപ്പെട്ടത്. 24 മന്ത്രാലയങ്ങളിലെ 45 തസ്തികകളിലേക്കാണ് മത്സരപരീക്ഷയുടെ അടിസ്ഥാനത്തിലല്ലാതെ നേരിട്ട് റിക്രൂട്ട്മെന്റ്‌  നടത്തുന്നതെന്നായിരുന്നു പരസ്യം. മന്ത്രാലയ ജോയിന്റ്‌  സെക്രട്ടറി പോസ്റ്റിലേക്ക് 10 പേരെയും ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി എന്നീ പദവികളിലേക്ക് 35 പേരെയും നിയമിക്കുമെന്നായിരുന്നു പരസ്യം.

ധനകാര്യം, ഐടി മന്ത്രാലയങ്ങളിൽ  രണ്ട് വീതം ജോയിന്റ്‌  സെക്രട്ടറിമാരെയും ആഭ്യന്തരം, പരിസ്ഥിതി, ഉരുക്ക്, ഷിപ്പിങ്‌, ശാസ്ത്രസാങ്കേതികം എന്നീ മന്ത്രാലയങ്ങളിലേക്ക് ഓരോ ജോയിന്റ്‌  സെക്രട്ടിമാരെയും നിയമിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്. മൂന്ന് മുതൽ അഞ്ച് വർഷത്തേക്ക് കരാർ നിയമനമാണ്. കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്ക് അപേക്ഷിക്കാനാവില്ല.

സ്വകാര്യമേഖല, സംസ്ഥാന സർക്കാർ, പൊതുമേഖല, സ്വാശ്രയ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. 15 വർഷം സർവീസുള്ളവർക്ക് ജോയിന്റ്‌  സെക്രട്ടറി സ്ഥാനത്തേക്കും 10 വർഷം സർവീസുള്ളവർക്ക് ഡയറക്ടർ സ്ഥാനത്തേക്കും ഏഴ് വർഷം സർവീസുള്ളവർക്ക് ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കും അപേക്ഷിക്കാം.

വ്യത്യസ്ത മേഖലകളിൽ കഴിവുള്ളവരുടെ സേവനം രാജ്യപുരോഗതിക്ക് ഉപയോഗപ്പെടുത്തുക  എന്ന ലക്ഷ്യമാണ് ലാറ്ററൽ എൻട്രിക്ക് പിറകിലുള്ളത് എന്നാണ് വിശദീകരണം. അങ്ങനെയെങ്കിൽ അവരെ ഉപദേശകരോ മറ്റോ ആയി നിയമിച്ചാൽ പോരേ എന്ന മറുചോദ്യമുണ്ട്.

ഡോ. മൻമോഹൻ സിങ്‌

ഡോ. മൻമോഹൻ സിങ്‌

ഡോ. മൻമോഹൻ സിങ്‌  വാണിജ്യ വ്യവസായ മന്ത്രാലയ സാമ്പത്തിക ഉപദേശകനായാണ് ആദ്യം നിയമിതനാകുന്നത്. പിന്നീട് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. പിന്നീടാണ് ആസൂത്രണ കമീഷൻ ഉപാധ്യക്ഷനും റിസർവ് ബാങ്ക് ഗവർണറും ധനമന്ത്രിയും മറ്റും ആകുന്നത്. ബിമൽ ജലാൻ, സാം പിട്രോഡ, രാകേഷ് മോഹൻ തുടങ്ങി നിരവധി പേർ നെഹ്റുവിന്റെ കാലം മുതൽ ഇങ്ങനെ നിയമിതരായിട്ടുണ്ട്. എന്നാൽ 45 പേരെ ഒറ്റയടിക്ക് സർവീസിൽ എടുക്കുന്നത് ഇതാദ്യമാണ്.

കോൺഗ്രസ് തുടങ്ങിവെച്ചത് ഞങ്ങളും തുടരുന്നുവെന്ന മോദി സർക്കാരിന്റെ  ആഖ്യാനം പൂർണമായും ശരിയല്ല. 1966ലാണ് ആദ്യ ഭരണപരിഷ്‌കരണ കമ്മീഷൻ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്നത്. വൈദഗ്‌ധ്യത്തിലും പരിശീലനത്തിലും ഊന്നിയ കമീഷൻ ലാറ്ററൽ എൻട്രി ശുപാർശ ചെയ്തിരുന്നില്ല. എന്നാൽ വാജ്പേയി സർക്കാരിന്റെ കാലത്ത് നിയമിച്ച ഭരണഘടനാ റിവ്യൂ കമീഷൻ ലാറ്ററൽ എൻട്രിയെ പിന്തുണച്ചു.

ഇങ്ങനെ വരുന്നവരെ ഉന്നതസ്ഥാനങ്ങളിൽത്തന്നെ നിയമിക്കണമെന്നാണ് ജസ്റ്റിസ് എം എൻ വെങ്കടചെല്ലയ്യ കമീഷൻ ശുപാർശചെയ്ത്. 2005ൽ ഡോ. മൻമോഹൻ സിങ്ങിന്റെ കാലത്ത്  മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിൽ നിയമിക്കപ്പെട്ട  രണ്ടാം ഭരണപരിഷ്‌കരണ കമീഷൻ ലാറ്ററൽ എൻട്രിക്ക് പച്ചക്കൊടി വീശി.

എന്നാൽ നിയമനം സിവിൽ സർവീസ് ആക്ട് അനുസരിച്ച് കേന്ദ്ര സിവിൽ സർവീസ് അതോറിറ്റി രൂപീകരിച്ച് നടത്തണമെന്നായിരുന്നു ശുപാർശ. ഈ അതോറിറ്റിയെ പ്രതിപക്ഷ നേതാവുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും  കമീഷൻ വ്യക്തമാക്കി. എന്നാൽ ഇപ്പോഴത്തെ നിയമന നീക്കത്തിന് ഇതൊന്നുമായിരുന്നില്ല അടിസ്ഥാനം.

മോദി സർക്കാരിന്റെ  കാലത്ത് 2017 ൽ നിതി ആയോഗ് സിവിൽ സർവീസസ് പരിഷ്‌കരണം സംബന്ധിച്ച്  പുറത്തിറക്കിയ 'ഇന്ത്യ ത്രീ ഇയർ ആക്‌ഷൻ അജൻഡ’ എന്ന റിപ്പോർട്ടാണ് ഇതിന് അടിസ്ഥാനമായത്. നിലവിലുള്ള ബ്യൂറോക്രസിയിൽ മത്സരം വളർത്തുന്നതിനും സങ്കീർണമായ സമ്പദ്‌വ്യവസ്ഥയിൽ നയരൂപീകരണത്തിന് പ്രത്യേക മേഖലയിൽ കഴിവുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും ലാറ്ററൽ എൻട്രി വേണമെന്നാണ് ഈ റിപ്പോർട്ട് വാദിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ 2018നു ശേഷം ഇതുവരെയായി 63 പേരെ ലാറ്ററൽ എൻട്രി പ്രകാരം സർക്കാർ നിയമിച്ചു. അതിൽ 56 പേരും ഇപ്പോൾ സർവീസിൽ തുടരുകയാണ്. ഇനി 45 പേരെ കൂടി നിയമിച്ചാൽ 111 പേരാകും. മുൻകാലങ്ങളിൽ നിയമിച്ച ഒന്നോ രണ്ടോ പേരുടെ നിയമനവുമായി ഇതിനെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നർഥം. അതുകൊണ്ടാണ് ഇത് വിവാദമായത്.
 

മല്ലികാർജുൻ ഖർഗെ

മല്ലികാർജുൻ ഖർഗെ

അഖിലേഷ്‌  യാദവ്‌

അഖിലേഷ്‌ യാദവ്‌

പ്രതിപക്ഷം രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും  കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സിപിഐ എം ജനറൽ സെകട്ടറി സീതാറാം യെച്ചൂരിയും സമാജ് വാദി പാർടി നേതാവ് അഖിലേഷ് യാദവും ആർജെഡി നേതാവ് തേജസ്വി യാദവും മാത്രമല്ല മോദി സർക്കാരിനെ പിന്തുണയ്‌ക്കുന്ന ജെഡിയുവും എൽജെപിയും വരെ സർക്കാരിനെ വിമർശിച്ചു.

ലാറ്ററൽ എൻട്രി നിയമനം സംവരണ തത്വം പാലിക്കുന്നില്ല എന്നതാണ് പ്രധാന വിമർശം. എസ് സി‐ എസ് ടി, ഒബിസി വിഭാഗങ്ങൾക്ക് കേന്ദ്ര നിയമനങ്ങളിൽ ന്യായമായും ലഭിക്കേണ്ട സംവരണം ലാറ്ററൽ എൻട്രിയിലൂടെയുള്ള നിയമനങ്ങളിൽ പാലിക്കാത്തത് ഭരണഘടനാ ലംഘനമാണെന്ന ആഖ്യാനവും പ്രതിപക്ഷം മുന്നോട്ടുവെച്ചു.  പ്രമോഷൻ വഴി ഈ പദവികളിൽ എത്താനുള്ള സാധ്യതയിൽ കുറവുവരുത്തുന്ന തീരുമാനം കൂടിയാണിത്.

അവിടെയും സംവരണ സാധ്യതയാണ് ഇല്ലാതാകുന്നത്. ആർഎസ്എസും ബിജെപിയും സംവരണത്തിന് പ്രത്യയശാസ്ത്രപരമായി എതിരാണ്. ഏതു വിധേനയും ഇതവസാനിപ്പിക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ കോർ

സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

വോട്ടർമാർ സവർണജാതിക്കാരാണ്. അവരുടെ ഏറ്റവും പ്രധാന ആവശ്യം സംവരണം അവസാനിപ്പിക്കണമെന്നതാണ്. എന്നാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനു കഴിയില്ല.

അതിനാൽ ഘട്ടംഘട്ടമായി സംവരണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലാറ്ററൽ എൻട്രി നിയമനം. ഇതിലൂടെ ബിജെപി മറ്റൊരു കാര്യം കൂടി ലക്ഷ്യം വയ്ക്കുന്നുണ്ട്. സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പിലാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന കേന്ദ്ര ബ്യൂറോക്രസിയെ കാവിവൽക്കരിക്കുക എന്നതാണ് അത്.

ലാറ്ററൽ എൻട്രിക്ക് വഴിയൊരുക്കിയ ഡിപ്പാർട്മെന്റ്‌ ഓഫ് പേഴ്സണൽ ആൻഡ്‌ ട്രെയിനിങ്‌ മന്ത്രാലയം തന്നെയാണ് ജൂലൈ  9ന് സർക്കാർ ജീവനക്കാർക്ക് ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് 58 വർഷമായി തുടരുന്ന വിലക്ക് എടുത്തുകളഞ്ഞത്.

അതിനുതൊട്ടു പിറകെയാണ് ലാറ്ററൽ എൻട്രി നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.  ഇതു രണ്ടും കൂട്ടിവായിച്ചാൽ സർക്കാരിന്റെ ലക്ഷ്യം എന്തെന്ന് എളുപ്പം വ്യക്തമാകും. ലാറ്ററൽ എൻട്രി വഴി രണ്ട് വിഭാഗക്കാരാണ് പ്രധാനമായും നിയമിക്കപ്പെടുക. ഒന്ന് ആർഎസ്എസുകാർ. അവർ പ്രധാനമായും വിദ്യാഭ്യാസം, സാംസ്കാരികം എന്നീ വകുപ്പുകളിലായിരിക്കും നിയമിക്കപ്പെടുക. മറ്റൊരു വിഭാഗം കോർപറേറ്റുകളുടെ പ്രതിനിധികളാണ്.

ഇന്ത്യൻ ബ്യൂറോക്രസിയിലേക്കുള്ള സംഘികളുടെയും കോർപറേറ്റുകളുടെയും നുഴഞ്ഞുകയറ്റം സാധ്യമാക്കുന്നതിന് മോദി സർക്കാർ കണ്ടെത്തിയ മാർഗമാണ് ലാറ്ററൽ എൻട്രി. വൈദഗ്‌ധ്യമുള്ളവരെ ഉപദേശകരായി നിയമിക്കാതെ ജോയിന്റ്‌  സെക്രട്ടറിമാരും ഡയറക്ടർമാരും ഡെപ്യൂട്ടി സെക്രട്ടറിമാരുമായി നിയമിക്കാൻ മോദി സർക്കാർ ശ്രമിക്കുന്നതും ഈ ലക്ഷ്യമുള്ളതുകൊണ്ടാണ്.

സംവരണത്തെ എതിർക്കുന്നവർ പൊതുവെ മുന്നോട്ടുവെക്കുന്ന ഒരു ആഖ്യാനമുണ്ട്. അതിതാണ്. മത്സരപരീക്ഷകളിൽ ആരാണ് പാസ്സാകുന്നത് അവർ നിയമിക്കപ്പെടട്ടേയെന്ന്. അങ്ങനെ സിവിൽ സർവീസ് പരീക്ഷകൾക്കായി ഊണും ഉറക്കവും ഉപേക്ഷിച്ച് പഠിക്കുന്ന ലക്ഷോപലക്ഷം പേർക്ക് ലഭിക്കേണ്ടിയിരുന്ന പദവികളല്ലേ ലാറ്ററൽ എൻട്രിക്കാർ തട്ടിയെടുക്കുന്നത്? മത്സരാർഥികളുടെ അവസരവും നിഷേധിക്കപ്പെടുകയാണ്.

ഈ വിഷയങ്ങളെല്ലാം മുന്നോട്ടുവയ്ക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞതോടെയാണ് മോദി സർക്കാർ പിന്മാറ്റം നടത്തിയത്. ഒരടി മുന്നോട്ടുവെച്ചത് രണ്ടടി പിന്നോട്ടു വെക്കേണ്ടി വന്നു. 'ഭരണഘടനയിൽ പറഞ്ഞതുപോലെ സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും സംവരണ തത്വത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ  ലാറ്ററൽ എൻട്രിയും പാടുള്ളൂ’വെന്ന് പ്രധാനമന്ത്രി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ആഗസ്ത് 17 ന് നൽകിയ പരസ്യം പിൻവലിക്കാൻ പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി ജിതേന്ദ്രസിങ്‌ യുപിഎസ്‌സി ചെയർമാൻ പ്രീതി സുദനോട് ആഗസ്ത് 20ന് ആവശ്യപ്പെട്ടു.

ലാറ്ററൽ എൻട്രി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തം. ടെലിഗ്രാഫ് പത്രം സൂചിപ്പിച്ചതുപോലെ ഫെഡറലിസവും പാർലമെന്ററി ജനാധിപത്യവും സംരക്ഷിക്കപ്പെടാൻ തനിച്ച് ഭൂരിപക്ഷമുള്ള സർക്കാരിനേക്കാൾ എന്തുകൊണ്ടും നല്ലത് കൂട്ടുകക്ഷി സർക്കാരാണെന്ന് ഈ സംഭവം ബോധ്യപ്പെടുത്തി.


വഖഫിലും കൈ കടത്തി മോദി


ലാറ്ററൽ എൻട്രി കാര്യത്തിൽ പിന്നോട്ടു പോകുന്നതിനു മുമ്പു തന്നെ ഖഖഫ് ബോർഡ് വിഷയത്തിലും സർക്കാരിന് പിൻവാങ്ങേണ്ടി വന്നു. ഇസ്ലാമിക നിയമം അനുശാസിക്കുന്ന മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്ക് ഒരു വ്യക്തി സമർപ്പിക്കുന്ന സ്വത്താണ് വഖഫ്. ഇത്തരം സ്വത്തുക്കളുടെ മേൽനോട്ടം വഖഫ് ബോർഡുകൾക്കാണ്. 

ഇവയുടെ പ്രവർത്തനത്തിൽ പല വീഴ്ചകളും ചൂണ്ടിക്കാണിക്കാമെങ്കിലും അതിന്റെ പേരിൽ ഈ സ്വത്തിൽ കൈകടത്താൻ ശ്രമിക്കുന്നത് ബിജെപിയുടെ ന്യൂനപക്ഷ വേട്ടയുടെ ഭാഗമാണ്.

പുതിയ വഖഫ് ഭേദഗതി നിയമം അതിന്റെ  ഭാഗമാണെന്ന് പുതിയ ബില്ലിന്റെ സൂക്ഷ്മപരിശോധന വ്യക്തമാക്കും. അതിൽ ഏറ്റവും പ്രധാനം കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും രണ്ട് അംഗങ്ങൾ മുസ്ലിങ്ങൾ അല്ലാത്തവരായിരിക്കണം എന്നതാണ്. അതുപോലെ കേന്ദ്ര വഖഫ് കൗൺസിലിൽ അംഗമാകേണ്ട മൂന്ന് എം പിമാർ മുസ്ലിം സമുദായത്തിൽ നിന്നായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുകയും ചെയ്തു  .

മുൻ ജഡ്ജിമാർ, അഭിഭാഷകർ, വിദഗ്‌ധർ എന്നിവർക്കും സമുദായം ബാധകമല്ലാതാകും. അതുപോലെ സംസ്ഥാന വഖഫ് ബോർഡിൽ അംഗമാകുന്ന എം പി, എംഎൽഎ, ബാർ കൗൺസിൽ അംഗം എന്നിവർ മുസ്ലിം സമുദായത്തിൽ നിന്നാകണമെന്ന വ്യവസ്ഥ മാറ്റാനും ബിൽ നിർദേശിക്കുന്നുണ്ട്. അതുപോലെ വഖഫ് ബോർഡ് സി ഇ ഒ മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും.

വഖഫുകൾ മുസ്ലിങ്ങളിൽ നിന്നു പിടിച്ചെടുക്കാനുള്ള സംഘപരിവാറിന്റെ  ഗൂഢനീക്കമാണ് ഭേദഗതി ബില്ലിലൂടെ മറനീക്കി പുറത്തു വന്നത്. ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് എന്ന് മുദ്രാവാക്യം ഉയർത്തുന്നവരാണ് വഖഫ് ബോർഡുകളിൽ മുസ്ലിങ്ങളല്ലാത്തവരെ കുത്തിനിറയ്‌ക്കാൻ ശ്രമിക്കുന്നത്. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ട്രസ്റ്റിലും ഗുരുവായൂർ ദേവസ്വത്തിലും മുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചാലുള്ള പുകിലെന്തായിരിക്കും?

വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണ് പുതിയ ഭേദഗതി നിയമത്തിലൂടെ ബിജെപി ലക്ഷ്യമാക്കുന്നത് എന്ന് വ്യക്തമാണ്. നാല്പതാം വകുപ്പ് റദ്ദാക്കുന്നതിലൂടെ ഒരു വസ്തു വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള അധികാരം പോലും വഖഫ് ബോർഡിൽ നിന്ന് എടുത്തുകളഞ്ഞിരിക്കുകയാണ്. സ്വത്തു തർക്കങ്ങളിൽ വഖഫ് ബോർഡുകളുടെയും വഖഫ് ട്രിബ്യൂണലുകളുടെയും തീരുമാനം അന്തിമമാണെന്ന വ്യവസ്ഥയും എടുത്തുകളയുകയാണ്.

ഇതോടെ സ്വത്തു തർക്കങ്ങളിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സർക്കാരിനായിരിക്കും. നേരത്തേ സ്വത്തുക്കൾ സർവേ ചെയ്ത് തിട്ടപ്പെടുത്തിയത് സർവേ കമീഷണറാണെങ്കിൽ ഇനി ആ ചുമതല നിർവഹിക്കേണ്ടത് ജില്ലാ കലക്ടറാണ്. ഏതു വ്യക്തിക്കും അവനവന്റെ  സ്ഥാവര ജംഗമ സ്വത്തുക്കൾ വഖഫ് ചെയ്യാമെന്ന വ്യവസ്ഥ മാറ്റി അഞ്ച് വർഷമായി മതം അനുഷ്ഠിക്കുന്ന ഒരാൾക്ക് മാത്രമേ വഖഫ് ചെയ്യാനാകൂ എന്ന്‌ വ്യവസ്ഥ ചെയ്തു.

കടപ്പാട്‌: The Guardian

കടപ്പാട്‌: The Guardian

ഏത് കോണിലൂടെ നോക്കിയാലും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനല്ല,  മറിച്ച് അതിൽ കൈകടത്താനുള്ള പഴുതുകളാണ് പുതിയ ഭേദഗതി നിയമത്തിൽ ഉള്ളത്. സ്വാഭാവികമായും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ബിൽ അവതരിപ്പിച്ച വേളയിൽത്തന്നെ പ്രതിപക്ഷം ഒന്നടങ്കം ഈ ഭേദഗതികളെ എതിർത്തു. ബിജെപിയുടെ സഖ്യകക്ഷികളായ ടിഡിപിയും എൽജെപിയും പ്രതിഷേധവുമായി രംഗത്തെത്തി.

ഇതോടെയാണ് ബിൽ ജെപിസിക്ക് വിട്ടത്. എൻഡിഎക്ക് ഭൂരിപക്ഷമുള്ള 31 അംഗ ജെപിസിക്കാണ്‌ രൂപം നൽകിയിട്ടുള്ളത്. ഒരു ഭേദഗതി നിയമം ജെപിസിക്ക് വിടുന്നത് പതിവില്ലാത്തതാണ്. ഈ വിഷയത്തിൽ അതുണ്ടായത് 2006ൽ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക ലക്ഷ്യമാക്കി ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസ് നേതാവുമായ റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ ഒരു ജെപിസിക്ക് രൂപം നൽകിയപ്പോഴായിരുന്നു.

അവർ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് മുന്നോട്ടുവെച്ച നടപടികൾ മറ്റൊരു ജെപിസിയിലൂടെ തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് മോദി സർക്കാരിന് ഉള്ളതെന്നു തോന്നുന്നു. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ 1995ലെ വഖഫ് നിയമം പര്യാപ്തമാണോ, ബന്ധപ്പെട്ട സർക്കാരുകൾ അത് നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രധാനമായും 2006ൽ ജെപിസിക്ക് രൂപം നൽകിയത്.

കൈയേറിയ വഖഫ് സ്വത്തുക്കൾ ഒഴിപ്പിച്ച് വഖഫ് ബോർഡിന് കൈമാറാനാണ് ഈ ജെപിസി ശുപാർശ ചെയ്തത്. മുകേഷ് അംബാനി ഉൾപ്പെടെയുള്ള വൻകിട കോർപറേറ്റുകളും കേന്ദ്ര സംസ്ഥാന സർക്കാരുകളുമാണ് പലയിടത്തും വഖഫ് ഭൂമി കയ്യേറിയിട്ടുള്ളത്. ഈ ജെപിസിയുടെ നിർദേശങ്ങളും സച്ചാർ കമ്മിറ്റി റിപ്പോർട്ടും പരിഗണിച്ചാണ് 1995 ലെ വഖഫ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള നിയമ ഭേദഗതി 2013ൽ പാസ്സാക്കിയത്.

ജോൺ ബ്രിട്ടാസ്

ജോൺ ബ്രിട്ടാസ്

എന്നാൽ വഖഫ് സ്വത്തുക്കളുടെ സംരക്ഷണം ഇല്ലാതാക്കുന്നതാണ് പുതിയ ഭേദഗതി. അതിനാൽ ഇത് റിഫോം അല്ല ഡിഫോം ആണെന്നാണ് 2006ലെ വഖഫ് ജെപിസിക്ക് നേതൃത്വം നൽകിയ റഹ്മാൻ ഖാന്റെ  അഭിപ്രായം.
അതിനിടെ 2014 ൽ പാസ്സാക്കിയ (വഖഫ് സ്വത്തുക്കൾ,  അനധികൃതമായി താമസിക്കുന്നവരുടെ ഒഴിപ്പിക്കൽ) ബിൽ പിൻവലിക്കാനും സർക്കാർ നീക്കം നടത്തുന്നതായി രാജ്യസഭയിലെ സിപിഐ എം പ്രതിനിധി ജോൺ ബ്രിട്ടാസ് ആരോപിക്കുകയുണ്ടായി.

പത്ത് വർഷമായി പാർലമെന്റിന് മുമ്പിലുള്ള ഈ ബിൽ പിൻവലിക്കാനുള്ള മോദി സർക്കാരിന്റെ  നീക്കത്തിനെതിരെ രാജ്യസഭയിൽ നോട്ടീസ് നൽകിയിരിക്കുകയാണ് ജോൺ ബ്രിട്ടാസ്. വഖഫ് സ്വത്തുക്കളുടെ സംരക്ഷണമല്ല സർക്കാരിന്റെ  ലക്ഷ്യമെന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണ് ഈ നീക്കം. മുസ്ലിം സമുദായത്തിനിടയിൽത്തന്നെ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള നീക്കവും പുതിയ ഭേദഗതി നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

ഷിയാ വിഭാഗത്തിൽ ബോറ, ആഗാഖാനി വിഭാഗങ്ങൾക്ക് പ്രത്യേക വഖഫ് ബോർഡുകൾ രൂപീകരിക്കാനുള്ള നീക്കം  അതിന്റെ  ഭാഗമാണ്. ഏത് കോണിലൂടെ നോക്കിയാലും വഖഫ് സംരക്ഷണമല്ല സർക്കാരിന്റെ  ലക്ഷ്യം എന്ന് വ്യക്തമാണ്.


മാധ്യമങ്ങൾക്ക് നേരേ

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ ചാർ സൗ പാർ എന്ന ലക്ഷ്യം തകർത്തതിൽ പ്രധാന പങ്കുവഹിച്ചത് യുട്യൂബിലൂടെ മാധ്യമ പ്രവർത്തനം നടത്തിയ ചിലരായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ മോദിയുടെ മടിത്തട്ട് മാധ്യമങ്ങളായി അധഃപതിച്ചപ്പോൾ മാധ്യമപ്രവർത്തനത്തിന്റെ  കൊടിക്കൂറ ഉയർത്തിപ്പിടിച്ചത് ഈ യുട്യൂബർമാരാണ്.

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ ചാർ സൗ പാർ എന്ന ലക്ഷ്യം തകർത്തതിൽ പ്രധാന പങ്കുവഹിച്ചത് യുട്യൂബിലൂടെ മാധ്യമ പ്രവർത്തനം നടത്തിയ ചിലരായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ മോദിയുടെ മടിത്തട്ട് മാധ്യമങ്ങളായി അധഃപതിച്ചപ്പോൾ മാധ്യമപ്രവർത്തനത്തിന്റെ  കൊടിക്കൂറ ഉയർത്തിപ്പിടിച്ചത് ഈ യുട്യൂബർമാരാണ്. 

ധ്രുവ്‌ റാഠി

ധ്രുവ്‌ റാഠി

ധ്രുവ്‌ റാഠിയും രവീഷ് കുമാറും അജിത് അൻജൂമും അഭിഷാർ ശർമയും പുണ്യ പ്രസൂൺ വാജ്പേയിയും സാക്ഷി ജോഷിയും പ്രഗ്യ ശർമയും സത്യ ഹിന്ദിയും ന്യൂസ് ലോണ്ട്റിയും ന്യൂസ് ലോഞ്ചറും മറ്റുമാണ് ഭരണാധികാരികളോട് സത്യം വിളിച്ചു പറഞ്ഞത്. ഹിന്ദിയിൽ വൻ പ്രചാരമുള്ള ഈ യൂട്യൂബർമാരും ചാനലുകളും വലിയ തോതിൽ വോട്ടർമാരെ സ്വാധീനിച്ചു.

ധ്രുവ് റാഠിക്കും രവീഷ് കുമാറിനും കോടിയിലധികം പേരാണ് സബ്‌സ്‌ക്രൈബേഴ്സ്. സർക്കാരിന് ഈ മാധ്യമങ്ങൾ തലവേദന സൃഷ്ടിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ മോദി സർക്കാർ അവരെ നിയന്ത്രിക്കാനാണ് കഴിഞ്ഞ നവംബറിൽത്തന്നെ ബ്രോഡ് കാസ്റ്റിങ് സർവീസസ് ( റഗുലേഷൻ) ബിൽ കൊണ്ടുവന്നത്.

പൊതുജന താൽപര്യത്തിനെതിരായ ഉള്ളടക്കമുണ്ടെന്ന് പറഞ്ഞ് ഇത്തരം മാധ്യമ പ്രവർത്തകരെ വാറന്റ്‌  ഇല്ലാതെ അറസ്റ്റ് ചെയ്യാനും ഓഫീസ്‌ റെയ്‌ഡ് ചെയ്യാനും അവരുടെ ക്യാമറകളും മറ്റുപകരണങ്ങളും പിടിച്ചെടുക്കാനും സർക്കാരിന് വിപുലമായ അധികാരം നൽകുന്നതാണ് പുതിയ ബിൽ.

ഈ നിയമനിർമാണത്തിന് സമാന്തരമായി മോദി സർക്കാരിനെ വിമർശിക്കുന്ന നാല്പതോളം വരുന്ന ഈ മാധ്യമ പ്രവർത്തകർ ഹിന്ദുവിരോധികളാണെന്ന് ആക്ഷേപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രചാരണവും സംഘപരിവാർ അനുകൂലികൾ സംഘടിപ്പിച്ചു. 

ഇതെല്ലാം വിരൽചൂണ്ടുന്നത് പരാജയം സംഘപരിവാർ സംഘടനകളെ എത്രമാത്രം അസ്വസ്ഥമാക്കുന്നുവെന്നാണ്.  പ്രതിപക്ഷവും പൗരസമൂഹവും വൻ പ്രതിഷേധം ഉയർത്തിയതോടെ മാധ്യമമാരണ ബിൽ വർഷകാല സമ്മേളനത്തിൽ പാസ്സാക്കുന്നതിൽ നിന്ന് സർക്കാർ പിൻവാങ്ങി. ഒക്ടോബർ 15 വരെ ബില്ലിനെ സംബന്ധിച്ച് പ്രതികരണങ്ങൾ സമർപ്പിക്കാമെന്നും അവ കൂടി പരിഗണിച്ച് സമഗ്ര നിയമനിർമാണം നടത്തുമെന്നുമാണ് വാർത്താ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചിട്ടുള്ളത്.

ചർച്ച കൂടാതെ ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെ സ്വന്തം ഇച്ഛയ്ക്കനുസരിച്ചുള്ള ബിൽ പാസാക്കിയെടുക്കുന്ന മോദിക്കാലത്തിന് താൽക്കാലികമായെങ്കിലും തിരശ്ശീല വീണിരിക്കുന്നു. കൂട്ടുകക്ഷി സർക്കാരിനാണ് താൻ നേതൃത്വം നൽകുന്നത് എന്ന യാഥാർഥ്യത്തിലേക്ക് തിരിച്ചുനടക്കാൻ മോദി നിർബന്ധിതനായിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ  കരുത്ത് മോദിക്കും സംഘപരിവാറിനും പതുക്കെയാണെങ്കിലും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.


ദേശാഭിമാനി വാരികയിൽ നിന്ന്


  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top