19 November Tuesday

നുണക്കഥകളുടെ മാധ്യമപരിവേഷം

കെ വി അബ്‌ദുൾഖാദർUpdated: Saturday Oct 5, 2024

 

കേരളത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒരു വേവലാതിയുമില്ലാതായിരിക്കുന്നു മുഖ്യധാരാമാധ്യമങ്ങൾക്ക്. കേരളത്തിന് അർഹതപ്പെട്ടത് നിഷേധിക്കുമ്പോൾ അവർ കണ്ണടയ്‌ക്കുന്നു. തങ്ങളുടെ വരിക്കാരായ മലയാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടാലും വേണ്ടില്ല എൽഡിഎഫ്‌ സർക്കാരിനെ പാഠം പഠിപ്പിച്ചാൽമതി എന്നാണവരുടെ നിലപാട്. കേരളത്തിലെ മുഖ്യധാരാചാനലുകളുടെ വാർത്താവിന്യാസം ശ്രദ്ധിക്കുന്നവർക്ക് ഇത് മനസ്സിലാകും. രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞുനിൽക്കുന്നു. ഇതിലൊക്കെ എന്ത് എന്ന മാനസികനിലയാണ്‌ പ്രതിപക്ഷത്തിനും വലതുമാധ്യമങ്ങൾക്കും. പെട്രോൾ, ഡീസൽ, പാചകവാതകവില കുത്തനെ ഉയർത്തിയത് അവർ അറിഞ്ഞിട്ടില്ല. പൊതുകടം കുത്തനെ കൂടി. രാജ്യത്താകെ വിലക്കയറ്റം. സാമ്പത്തികവളർച്ച വൻകിട കോർപറേറ്റുകൾക്കുമാത്രം. തൊഴിലില്ലായ്മ നിരക്ക് കുതിക്കുന്നു. ഗ്രാമങ്ങളിലെ ദാരിദ്ര്യം വർധിക്കുന്നു.

ഈ വിഷയങ്ങളൊന്നും കോർപറേറ്റ്‌ മാധ്യമങ്ങളുടെ വാർത്താവിന്യാസത്തിൽ കാണില്ല. നിഷ്‌പക്ഷത അന്ധമായ വിധേയത്വത്തിന് വഴിമാറുന്നു. എല്ലാ ദിവസവും കേരളമാണ് മോശമെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത നമ്മുടെ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നിലയിൽ എത്തിയിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള നിതി ആയോഗിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ മേഖലകളിലെ ഒന്നാംസ്ഥാനം കേരളത്തിനാണ്. ക്രമസമാധാനം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, വ്യവസായത്തിലെ അനുമതി, വൈദ്യുതി വിതരണം, പൊതുവിതരണം തുടങ്ങി സർവ മേഖലകളിലും കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നു. പക്ഷേ, മാധ്യമങ്ങൾക്ക് വിവാദ വ്യവസായത്തിൽ മാത്രമേ താൽപ്പര്യമുള്ളൂ.

കേരളത്തിന് അർഹമായ നികുതിവിഹിതം നിഷേധിക്കപ്പെട്ടാൽ ശബ്ദിക്കാൻ പ്രതിപക്ഷം തയ്യാറല്ല. വിഷയം ജനങ്ങളിൽ ചർച്ചയാക്കാൻ സർവസ്വതന്ത്രമെന്ന് മേനി നടിക്കുന്ന മാധ്യമങ്ങളുമില്ല. ദുരിതാശ്വാസ നിധിയിൽനിന്ന് കേരളത്തിന്‌ അർഹിക്കുന്ന ധനസഹായം ലഭിക്കുന്നില്ലെന്ന യാഥാർഥ്യത്തിനു നേരെയും ഇവർ കണ്ണടയ്ക്കുന്നു. മുഖ്യമന്ത്രി പറയാത്തകാര്യം വാർത്തയാക്കി നൽകിയ ദേശീയദിനപത്രം അത് തെറ്റായിപ്പോയെന്ന് പ്രസ്താവിച്ചു. പക്ഷേ, തെറ്റായ വാർത്ത ആഘോഷമാക്കിയവർക്ക് ജാള്യം മറയ്‌ക്കാൻ കഴിയുന്നില്ല. കള്ളവാർത്ത വിശ്വസിച്ച് പ്രകടനം നടത്തിയ പ്രതിപക്ഷം വീണിടത്തുകിടന്ന്‌ ഉരുളുകയാണ്. കെ ടി ജലീൽ എംഎൽഎയുടെ വാർത്താസമ്മേളനത്തിലേക്ക് ആവേശപൂർവം എത്തിയ മാധ്യമങ്ങൾ നിരാശയോടെ മടങ്ങിയതും കേരളം കണ്ടു. തങ്ങൾ ആഗ്രഹിക്കുന്നത്  പറഞ്ഞില്ലെങ്കിൽ പിന്നെ വക്രീകരിച്ച് നൽകുമെന്ന പതിവു രീതിതന്നെ ഇവിടെയും തുടർന്നു. സത്യം തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയണം. മാധ്യമങ്ങൾ ചെയ്യുന്നത് എത്രമേൽ  അപകടകരമെന്ന് ഇന്നല്ലെങ്കിൽ നാളെ തിരിച്ചറിയാതിരിക്കില്ലെന്ന്‌ കരുതാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top