26 December Thursday

വംശഹത്യ ; ഗാസയിൽ മനുഷ്യക്കുരുതിയുടെ ഒരുവർഷം

ഡോ. ജോസഫ് ആന്റണിUpdated: Monday Oct 7, 2024

‘അവർ മൃഗങ്ങളാണ്; അവർക്ക് നിലനിൽക്കാൻ അവകാശമില്ല. അത് എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് ഞാൻ തർക്കത്തിനില്ല, പക്ഷേ, അവരെ പൂർണമായും തുടച്ചുനീക്കുകതന്നെ വേണം.' പലസ്തീൻകാരെക്കുറിച്ച് ഇസ്രയേലിന്റെ വിദ്യാഭ്യാസമന്ത്രി യോവ് കിഷ്  നടത്തിയ പരാമർശമാണിത്. ഇസ്രയേലിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുംമുതൽ ഏതാണ്ട് എല്ലാ നേതാക്കളും പങ്കുവയ്ക്കുന്ന ഈ ആശയത്തിന്റെ പ്രയോഗമാണ് ഒരുവർഷമായി ഗാസയിലും വെസ്റ്റ് ബാങ്കിലും ലോകം കാണുന്നത്.

കഴിഞ്ഞ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം, ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും പലസ്തീൻ ജനതയ്ക്കെതിരെ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഒരുവർഷം പൂർത്തിയാകുമ്പോഴുള്ള പലസ്തീനിന്റെ അവസ്ഥ, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരതയുടെ നേർക്കാഴ്ചയായി മാറുകയാണ്. ഭീകരതയ്‌ക്കെതിരെയുള്ള നടപടിയെന്നപേരിൽ ഇസ്രയേൽ നടത്തുന്നത് യഥാർഥത്തിൽ രാഷ്ട്രഭീകരതയാണെന്ന് ഓരോദിനം കഴിയുംതോറും വ്യക്തമാകുകയാണ്‌. ഒരുവർഷം തികയുമ്പോൾ അത് ലക്ഷണമൊത്ത വംശഹത്യയായി മാറിക്കഴിഞ്ഞു. ഇതിനകം നാൽപ്പത്തിരണ്ടായിരം പലസ്തീൻകാർ കൊല്ലപ്പെട്ടപ്പോൾ, പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്. മിസൈലാക്രമണങ്ങളിൽ നിലംപരിശായ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ മരിച്ചുകിടക്കുന്ന പതിനായിരത്തിലേറെപ്പേരുടെ കണക്കുകൾ കൂട്ടാതെയുള്ള സംഖ്യയാണിത്.

ഇസ്രയേലിന്റെ മിസൈലാക്രമണവും അതുമൂലമുള്ള പലായനവും ഭക്ഷ്യക്ഷാമവുമൊന്നും പലസ്തീൻകാർക്ക് പുതിയ ദുരനുഭവമല്ല. അത് 2023 ഒക്ടോബർ ഏഴു മുതൽ തുടങ്ങിയതുമല്ല. 1948ൽ ആരംഭിച്ചതും ഗാസയുൾപ്പെടുന്ന പ്രദേശം പിടിച്ചെടുത്തതിനുശേഷം 1967 മുതൽ പലസ്തീനികളെ ഇല്ലാതാക്കാൻ ഇസ്രയേൽ നടത്തുന്ന ആസൂത്രിതമായ ആക്രമണ പദ്ധതിയുടെ തുടർച്ചയുമാണ് ഈ യുദ്ധം.2006 മുതൽ ഗാസയെ ഒരു തുറന്ന ജയിലാക്കി മാറ്റി, മിസൈലാക്രമണങ്ങളിലൂടെ വധിക്കുന്നതിനു പുറമെ, സാമ്പത്തിക, ഭക്ഷ്യ, ഇന്ധന, ഔഷധ  ഉപരോധങ്ങളിലൂടെ ശ്വാസംമുട്ടിച്ചു കൊല്ലാനുള്ള നീചപ്രവൃത്തിക്കെതിരായുള്ള പ്രതികരണമായിരുന്നു ഒക്ടോബർ ഏഴിന് നടന്ന ആക്രമണം.

ഹമാസ് ആക്രമണം ഒരു കാരണമായെടുത്ത്‌ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഉടൻതന്നെ വെസ്റ്റ്ബാങ്കിലേക്കും പിന്നെ ലബനനിലേക്കും സിറിയയിലേക്കും ഇപ്പോൾ ഇറാനിലേക്കും എത്തിയിരിക്കുന്നു. ചുരുക്കത്തിൽ, അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുടെ നിരുപാധികമായ പിന്തുണയിൽ, എല്ലാ അന്താരാഷ്ട്രനിയമങ്ങളെയും കാറ്റിൽപ്പറത്തി പശ്ചിമേഷ്യൻ രാജ്യങ്ങൾക്കെതിരെ ഇസ്രയേൽ  അഴിച്ചുവിട്ട യുദ്ധം ലോകസമാധാനത്തിനും സാമ്പത്തിക ഭദ്രതയ്ക്കുംതന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.


 

ഇസ്രയേൽ പലസ്തീൻ സംഘർഷം തുല്യർ തമ്മിൽ നടക്കുന്നതല്ല എന്നതും തിരിച്ചറിയേണ്ടതുണ്ട്.  ഐക്യരാഷ്ട്ര സംഘടനയും അതിലെ 193 അംഗങ്ങളിൽ ഇന്ത്യയുൾപ്പെടെ 146 രാജ്യങ്ങൾ അംഗീകരിക്കുന്നതുമായ പലസ്തീൻരാഷ്ട്രം നേടിയെടുക്കാനാണ് പലസ്തീൻകാർ ശ്രമിക്കുന്നതെങ്കിൽ,  പലസ്തീൻകാരെയും അവരോടൊപ്പം പലസ്തീൻ രാഷ്ട്രമെന്ന സ്വപ്നത്തെയും ഇല്ലാതാക്കാനാണ് ഇസ്രയേൽ പ്രവർത്തിക്കുന്നത്. അത് വംശഹത്യയല്ലാതെ മറ്റൊന്നുമല്ല. എല്ലാ അന്താരാഷ്ട്രനിയമങ്ങളെയും പ്രത്യേകിച്ച്  യുദ്ധനിയമങ്ങളെയും  തൃണവൽഗണിച്ച്‌ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ഇസ്രയേൽ നടത്തുന്ന നിരന്തരമായ മാരകശേഷിയുള്ള മിസൈൽ ആക്രമണങ്ങളാണ് മരണസംഖ്യയും പരിക്കുകളും കൂടാനുള്ള കാരണം. ജനങ്ങൾ മാത്രമല്ല, അവരുടെ ആവാസ കേന്ദ്രങ്ങളെല്ലാം അതോടൊപ്പം ആസൂത്രിതമായിത്തന്നെ തകർക്കുന്നുമുണ്ട്. അതിനാലാണ്, ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്ന നിഗമനത്തിലേക്ക് അന്തർദേശീയ സമൂഹം എത്തിനിൽക്കുന്നത്. എന്താണ് വംശഹത്യ.  1948ലെ വംശഹത്യയെക്കുറിച്ചുള്ള ജനീവക്കരാർ എന്താണ് പറയുന്നത്. ഒരു ദേശത്തെയോ വംശത്തെയോ വർണത്തെയോ മതാനുയായികളെയോ ഭാഗികമായോ പൂർണമായോ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികളെയാണ് വംശഹത്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വംശഹത്യ ഉദ്ദേശിച്ചു നടത്തുന്ന പ്രവൃത്തികളെ അഞ്ചായി തിരിച്ചിട്ടുണ്ട്: ഒരു വിഭാഗത്തിലെ മനുഷ്യരെ കൊല്ലുക, ഒരു വിഭാഗത്തിലെ ജനങ്ങളെ മാനസികമായും ശാരീരികമായും ഗുരുതരമായി അപായപ്പെടുത്തുക, ഒരു വിഭാഗം ജനത്തിന്റെ ജീവിതസാഹചര്യങ്ങൾ പൂർണമായോ ഭാഗികമായോ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ പ്രവൃത്തി, ഒരു വിഭാഗം ജനങ്ങളുടെയിടയിൽ കുട്ടികൾ ജനിക്കുന്നത് തടയുന്ന നടപടികൾ, ഒരു വിഭാഗത്തിലെ കുട്ടികളെ മറ്റൊരു വിഭാഗത്തിലേക്ക് നാടുകടത്തൽ. പരമാവധി പലസ്തീൻകാരെ കൊന്നൊടുക്കിയും ബാക്കിയുള്ളവരെ പരിക്കേൽപ്പിച്ചും  ഭയപ്പെടുത്തിയും  ഗാസാപ്രദേശം വാസയോഗ്യമല്ലാതാക്കിയും പലസ്തീൻകാരെ ഗാസയിൽനിന്നും വെസ്റ്റ്ബാങ്കിൽനിന്നും ആട്ടിപ്പായിക്കുകതന്നെയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് 2023 ഒക്ടോബർമുതൽ അവർ നടത്തിയ ആക്രമണങ്ങൾ തെളിയിക്കുന്നു.

പലസ്തീൻ ജനതയെ ആട്ടിപ്പായിക്കുന്നതു തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന്‌ ഇസ്രയേലി നേതാക്കൾ പരസ്യമായി പറഞ്ഞു. അന്തർദേശീയ ക്രിമിനൽ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടറായ കരീം ഖാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും പ്രതിരോധമന്ത്രി യോവ് ഗാലന്റിനെയും യുദ്ധക്കുറ്റത്തിന്റെ പേരിൽ അറസ്റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ അന്തർദേശീയ നീതിന്യായ കോടതി  ഇസ്രയേൽ നടപടി വംശഹത്യയാണെന്ന് നിരീക്ഷിക്കുകയും യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ പ്രത്യേക പ്രതിനിധി  ഇസ്രയേലിന്റെ നടപടി വംശഹത്യയാണെന്നത് ശരിവയ്ക്കുകയും മറ്റു നിരവധി ഏജൻസികളും പഠനസ്ഥാപനങ്ങളും ഇസ്രയേലിന്റെ വംശഹത്യ സ്ഥാപിക്കുകയും ചെയ്തു. എന്നിട്ടും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ആഗോളതലത്തിലെ നടത്തിപ്പുകാരായ അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളുമൊന്നും അതൊന്നും ഇതുവരെ കണ്ടില്ലെന്നുമാത്രമല്ല, ഇസ്രയേലിലേക്ക് കൂടുതൽ സാമ്പത്തിക സൈനിക സഹായങ്ങൾ എത്തിച്ചു കൊണ്ടിരിക്കുകയുമാണ്.

പലസ്തീൻ വംശത്തെമാത്രമല്ല, അവരുമായി  ബന്ധമുള്ളതിനെയെല്ലാം തുടച്ചുമാറ്റുകയെന്നത് സയണിസ്റ്റു വംശീയപദ്ധതിയുടെ ലക്ഷ്യമാണ്. അതിന്റെ ഭാഗമായി അവരുടെ പ്രിയപ്പെട്ട ‘പലസ്തീൻ സൂര്യപ്പക്ഷി’യുടെ പേരുപോലും മാറ്റാൻ ശ്രമം നടന്നു. പലസ്തീൻകാരുടെ സ്വാതന്ത്ര്യത്തിന്റെ ചിഹ്നമാണ് ‘പലസ്തീൻ സൂര്യപ്പക്ഷി’ (സൺ ബേർഡ്). ആ പക്ഷിയുടെ പേരുമാറ്റാൻ ഇസ്രയേൽ ശ്രമിച്ചപ്പോൾ, 2015ൽ പലസ്തീൻകാർ സൂര്യപ്പക്ഷിയെ അവരുടെ ദേശീയപക്ഷിയായി പ്രഖ്യാപിച്ചു. ഗാസയിൽ നടക്കുന്ന വംശഹത്യയിൽ പ്രതികരിച്ചുകൊണ്ട് ഐറിഷ് സംഗീതജ്ഞനായ ജോൺ സ്പില്ലെയിൻ എഴുതിയ പ്രസിദ്ധമായ ഗാനത്തിന്റെ പേരുതന്നെ ‘സൺ ബേർഡ് ഓഫ് പലസ്റ്റെയിൻ' എന്നാണ്. ആ ഗാനത്തിലെ ചില വരികൾ ഇങ്ങനെയാണ്:

“മറ്റു പക്ഷികളേക്കാൾ പ്രഭയുള്ള മനോഹരമായ ഒരു പക്ഷിയുണ്ടായിരുന്നു
വേട്ടക്കാർ വന്ന്‌ അതിന്റെ കൂട് തകർത്തുകളഞ്ഞു
അവർ അതിന്റെ കുഞ്ഞുങ്ങളെ കൊന്നു
അവർ അതിനൊരു കൂടുപണിതു.
എല്ലാ നിഷ്ഠുര ഭരണാധികാരികളും നിലംപതിക്കും
എല്ലാ ഉരുക്കുമുഷ്ടികളും തകരും
നിങ്ങൾക്ക് ഒരു സൂര്യപ്പക്ഷിയെ കൊല്ലാനാകും
എന്നാൽ എല്ലാ സൂര്യപ്പക്ഷികളെയും കൊല്ലാനാകില്ല
പലസ്തീൻ സൂര്യപ്പക്ഷീ, നിന്റെ സ്വാതന്ത്ര്യഗീതം പാടൂ.”

ഗാസയിൽ നടക്കുന്ന വംശഹത്യ, ഇസ്രയേൽനീക്കങ്ങളുടെ അവസാനമല്ല, കൂടുതൽ ആപത്തിന്റെ ഒരു തുടക്കമാണ്. ഇസ്രയേലിന്റെ പൂർവകാല ചരിത്രവുമായി ബന്ധമുള്ള, അയൽരാജ്യങ്ങളായ ലബനന്റെയും സിറിയയുടെയും  ഈജിപ്തിന്റെയുമൊക്കെ പ്രദേശങ്ങൾ വെട്ടിപ്പിടിച്ച് വിശാല ഇസ്രയേൽ രൂപീകരിക്കാനുള്ള പദ്ധതിയുടെ ആദ്യത്തെ ചുവടാണ് ഈ വംശഹത്യ. അതിനാൽ ഈ പദ്ധതിയിൽ ഇസ്രയേൽ വിജയിച്ചാൽ വരുംനാളുകൾ പശ്ചിമേഷ്യയെ കൂടുതൽ കലുഷിതമാക്കും. ഈ സാഹചര്യത്തിൽ, ഇസ്രയേൽ ആക്രമണം വിനാശകരമായ ഒരുവർഷം പൂർത്തിയാകുന്ന ദിനത്തിൽ കൂടുതൽ രൂക്ഷമായ മറ്റൊരുയുദ്ധം ആരംഭിക്കുമോയെന്ന ഭീതിയിലാണ് ലോകം. പലസ്തീൻ എന്നത് കേവലം മണ്ണും മലയും കടലുമല്ല, അതൊരു സ്വപ്നമാണ്; സ്വന്തം രാഷ്ട്രത്തിനായുള്ള ഒരു ജനതയുടെ സ്വപ്നം. അതിനെ ഇല്ലാതാക്കാനുള്ള ആയുധമൊന്നും ലോകം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതിനാൽ ഇസ്രയേലിന്റെ ഈ ആക്രമണവും പലസ്തീൻ ജനതയുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ പരാജയപ്പെടും.

(കേരള സർവകലാശാല പൊളിറ്റിക്‌സ്‌ വിഭാഗം 
മുൻമേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top