07 November Thursday

കമലയുടെ പരാജയത്തിനു പിന്നിൽ

വി ബി പരമേശ്വരൻUpdated: Thursday Nov 7, 2024

ഫാസിസ്റ്റുകളെയും അർധഫാസിസ്റ്റുകളെയും നേരിടാൻ മധ്യവലതുപക്ഷത്തിന് കഴിയില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. പാർലമെന്റിലും ഭൂരിപക്ഷം ഉറപ്പായതോടെ ട്രംപിന്റെ അമിതാധികാരപ്രവണതയ്‌ക്ക് ആക്കം കൂടും. ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയും നിലവിൽ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിലെത്തുന്നത്. 2016ൽ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ഹിലരി ക്ലിന്റനെയാണ് ട്രംപ് തോൽപ്പിച്ചത്. രണ്ടു ഘട്ടത്തിലും സ്ത്രീ–- പുരുഷ പോരാട്ടമെന്ന ആഖ്യാനം സൃഷ്ടിച്ച് യാഥാസ്ഥിതിക വോട്ടുകൾ അനുകൂലമാക്കാൻ ട്രംപ് നടത്തിയ ശ്രമം വിജയിച്ചെന്ന് ഫലം വ്യക്തമാക്കുന്നു. ഫ്രാൻസിൽ മരീൻ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള നവഫാസിസ്റ്റുകളെ തടയുന്നതിൽ പ്രസിഡന്റ്‌ മാക്രോണിന്റെ മധ്യ വലതുപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. ഇടതുപക്ഷ സഖ്യമാണ് അവിടെ നവഫാസിസ്റ്റുകൾ അധികാരമേറുന്നത് തടഞ്ഞത്. അമേരിക്കയിൽ ട്രംപിനെ തളയ്ക്കാൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞില്ല. 2021ൽ പാർലമെന്റിനുനേരെ ആക്രമണം നടത്തി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച ട്രംപിനെ ഡെമോക്രാറ്റുകൾക്ക് തടയാൻ കഴിയാത്തത്  വന്ദ്യവയോധിക കക്ഷിയുടെ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ വീഴ്ചയാണ് കാണിക്കുന്നത്.

പ്രായാധിക്യം കാരണം പ്രസിഡന്റ്‌ ജോ ബൈഡൻ മത്സരത്തിൽനിന്ന്‌ പിന്മാറുകയും കമല ഹാരിസിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്ത വേളയിൽ അഭിപ്രായവോട്ടെടുപ്പിൽ ട്രംപിനേക്കാൾ മുന്നിലായിരുന്നു കമല. ഒരേ സമയം ഇന്ത്യൻ–-അമേരിക്കനും ആഫ്രോ–- അമേരിക്കനും സ്ത്രീയുമായ കമല ഹാരിസ് ആ വിഭാഗം ജനങ്ങളുടെ വർധിച്ച പിന്തുണ നേടി അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ആഗസ്തിൽ ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് കൺവൻഷനിൽ ഇടതുപക്ഷ പുരോഗമനപക്ഷത്താണ് നിലകൊള്ളുന്നതെന്ന ശക്തമായ സന്ദേശമാണ് കമല ഹാരിസ് നൽകിയത്. ബേണി സാൻഡേഴ്സ് ഉൾപ്പെടെ പാർടിയിലെ സോഷ്യൽ ഡെമോക്രാറ്റുകളും യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് നേതാവ് ഷാ ഫെയ്‌നും മറ്റും അതിൽ പങ്കെടുക്കുകയും കോർപറേറ്റുകൾക്കും കോടീശ്വരന്മാർക്കുമെതിരെ സാധാരണക്കാരുടെ പക്ഷത്താണ് കമല ഹാരിസ് എന്ന സന്ദേശം നൽകുകയും ചെയ്തു.

തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യനീതി എന്ന അജൻഡയെക്കുറിച്ച് കമല ഹാരിസിന് മിണ്ടാട്ടമില്ലാതായി. മാത്രമല്ല, മെച്ചപ്പെട്ട സാമ്പത്തിക അജൻഡ തയ്യാറാക്കാനായി ജനങ്ങൾ വെറുക്കുന്ന വാൾസ്ട്രീറ്റ് ലോബിയുമായി അവർ ചർച്ച ആരംഭിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിനായി വൻകിട കോർപറേറ്റുകളെയും ഫാർമ കമ്പനികളെയും സമീപിച്ചു. മാത്രമല്ല, ബേണി സാൻഡേഴ്സുപോലുള്ള സോഷ്യൽ ഡെമോക്രാറ്റുകളെ പ്രചാരണത്തിലുടനീളം കമല നിശ്ശബ്ദമാക്കി. 70 ശതമാനം ജനങ്ങളും പ്രധാന പ്രശ്നമായി കാണുന്ന വിലക്കയറ്റം, മിനിമം കൂലി വർധന, എല്ലാവർക്കും വീട് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അവർ മൗനംപാലിച്ചു. മെഡികെയർ പദ്ധതി സാർവത്രികമാക്കുക എന്ന ബേണി സാൻഡേഴ്സിന്റെ ആവശ്യത്തെ ആദ്യഘട്ടത്തിൽ പിന്തുണയ്‌ക്കുകയും ബിൽ കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കുകയും ചെയ്തത് കമലയുടെ ചാഞ്ചാട്ട സ്വഭാവത്തെയാണ് കാണിക്കുന്നത്. തെരഞ്ഞെടുപ്പുവേളയിൽ ഒരിക്കൽപ്പോലും മെഡികെയർ പദ്ധതിയെക്കുറിച്ച് പരാമർശിക്കാൻപോലും തയ്യാറായില്ല. അത്‌ അവർ ഏതു പക്ഷത്താണ് നിലയുറപ്പിക്കുന്നത് എന്ന് മനസ്സിലാക്കാൻ അടിത്തട്ടിലുള്ള ജനവിഭാഗങ്ങളെ സഹായിച്ചു. കമല പ്രതിനിധാനം ചെയ്യുന്ന ഇന്ത്യൻ–- അമേരിക്കൻ–- ആഫ്രിക്കൻ വോട്ടർമാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ ട്രംപിന്റെ നയംതന്നെയാണ് ഏറിയോ കുറഞ്ഞോ അവരും മുന്നോട്ടുവച്ചത്. ട്രംപിനു ബദലായി ഒരു സാമ്പത്തിക അജൻഡ വയ്‌ക്കുന്നതിൽ ഡെമോക്രാറ്റുകൾ പരാജയപ്പെട്ടു. ട്രംപിൽനിന്ന്‌ വ്യത്യസ്തമായി സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന സന്ദേശം നൽകിയിരുന്നെങ്കിൽ ആഫ്രിക്കൻ വംശജരും ലാറ്റിനോകളും അറബുകളും ഒരു പരിധിവരെ കമല ഹാരിസിനെ പിന്തുണച്ചേനേ.

ട്രംപ് അമേരിക്കൻ ഹിറ്റ്‌ലറാണെന്നു പറഞ്ഞ് ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളിൽ കമല ഹാരിസ് ഊന്നിയെന്നത് സത്യമാണ്. പക്ഷേ, ജനങ്ങൾ ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ മെച്ചപ്പെട്ട ജീവിതവുമായും സാമ്പത്തിക സമത്വവുമായും ബന്ധിപ്പിച്ച് വീക്ഷിക്കാനാണ് താൽപ്പര്യപ്പെട്ടത്. അതിനെ പിന്തുണയ്‌ക്കുന്ന നയപരമായ ഒരു നീക്കവും കമലയുടെയോ ഡെമോക്രാറ്റുകളുടെയോ ഭാഗത്തുനിന്നുണ്ടായില്ല. അവർ ഏറ്റവും പ്രധാന വിഷയമായി ഉയർത്തിയത് ഗർഭച്ഛിദ്രത്തിന് സ്ത്രീകൾക്കുള്ള അവകാശ സംരക്ഷണമാണ്. ഈ വിഷയം പ്രധാനമാണെങ്കിലും 1970കളിൽ ഈ വിഷയത്തിനുള്ള രൂക്ഷത ഇപ്പോഴത്തെ അമേരിക്കയിലില്ല. കമലയെ കറുത്തവളെന്നും ബുദ്ധിയില്ലാത്തവളെന്നും ആരോപിച്ച് വെള്ളക്കാരുടെയും ലാറ്റിനോകളുടെയും ഭൂരിപക്ഷം പുരുഷന്മാരുടെയും വോട്ട് നേടാനാണ് ട്രംപ് ശ്രമിച്ചത്. ചാഞ്ചാട്ടസ്വഭാവമുള്ള ഏഴു സംസ്ഥാനത്ത്‌ ഭൂരിപക്ഷവും ട്രംപിന് അനുകൂലമായത് ഈ പശ്ചാത്തലത്തിലാണ്. ട്രംപിനെതിരെ ജനാധിപത്യ പക്ഷത്താണ് തങ്ങളെന്ന ആഖ്യാനം ശക്തമാക്കാനാണ് അവസാന ദിവസം കമല ഹാരിസ് സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പു വച്ച പെൻസിൽവാനിയയിൽ പ്രചാരണം അവസാനിപ്പിച്ചത്. എന്നാൽ, ഇലക്ടറൽ കോളേജിൽ 19 സീറ്റുള്ള ആ സംസ്ഥാനവും ട്രംപാണ് നേടിയത്. അറബുകളുടെ പിന്തുണപോലും പ്രതീക്ഷിച്ച രീതിയിൽ കമല ഹാരിസിന് ലഭിച്ചില്ല. അതിന് പ്രധാനകാരണം ഗാസയിലെ വംശഹത്യക്ക് ഡെമോക്രാറ്റുകളും വൈസ് പ്രസിഡന്റ്‌ എന്ന നിലയിൽ കമല ഹാരിസും നൽകിയ നിർലോഭമായ പിന്തുണയാണ്. ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നു പറഞ്ഞ് ഗാസയിലെ കൂട്ടക്കുരുതിയെ അവർ ന്യായീകരിച്ചു. ഇസ്രയേലിന് കോടിക്കണക്കിനു ഡോളറും ആയുധങ്ങളും യഥേഷ്ടം നൽകുന്നതിനെയും പിന്തുണച്ചു. ഡെമോക്രാറ്റിക് പാർടി കൺവൻഷനിലും പ്രചാരണത്തിലും പലസ്തീനെ പിന്തുണയ്‌ക്കുന്നവർക്ക് ഇടം നൽകാത്തതും അറബ് വോട്ടർമാരെ കമല ഹാരിസിൽനിന്ന്‌ അകറ്റി.

ട്രംപിന്റെ വിജയം അമേരിക്കൻ സമൂഹത്തിലെ തീവ്ര വലതുപക്ഷവൽക്കരണം കൂടുതൽ ശക്തമാക്കും. കുടിയേറ്റക്കാരെ ക്രിമിനലുകൾ എന്നാണ് ട്രംപ് വിശേഷിപ്പിക്കാറുള്ളത്. ലാറ്റിനോകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ള അമേരിക്കൻ ഇന്ത്യക്കാർക്കും ഈ നയം വിനയാകും. അതോടൊപ്പം വിദേശ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ചുങ്കം ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനവും ഇന്ത്യക്ക് ദോഷകരമാകും. കാലാവസസ്ഥാ വ്യതിയാനം തടയാൻ നടപടികളുണ്ടാകില്ലെന്നു മാത്രമല്ല അത് രൂക്ഷമാക്കുന്ന നടപടികളും ഉണ്ടാകും. പെട്രോളിന്റെയും പാചകവാതകത്തിന്റെയും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുമെന്ന പ്രഖ്യാപനം ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്. അമേരിക്കൻ ആഭ്യന്തരരാഷ്ട്രീയം മാത്രമല്ല ലോകരാഷ്ട്രീയവും പ്രധാന വഴിഞ്ഞിരിവിലേക്കാണ് നീങ്ങുന്നത്. ഇടതുപക്ഷ പുരോഗമന ഉള്ളടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അഭാവമാണ് അമേരിക്കയെ ഈ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top