22 November Friday

കമ്യൂണിസ്റ്റ് വിരുദ്ധതയുടെ 
മ‍ഴവിൽ സഖ്യങ്ങൾ

കെ രാജേന്ദ്രൻUpdated: Tuesday Oct 8, 2024

 

1947 ആഗസ്‌ത്‌ 15ന് അധികാരത്തിൽ വന്ന ജവാഹർലാൽ നെഹ്റു  സർക്കാരിൽ 15 ക്യാബിനറ്റ് മന്ത്രിമാർ ഉണ്ടായിരുന്നു. മന്ത്രിസഭയിലെ ഒരാൾ തികച്ചും വ്യത്യസ്തൻ. ആ മന്ത്രി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഒരു ദിവസംപോലും ജയിലിൽ കിടന്നിരുന്നില്ല. ആർഎസ്എസുകാരനും അന്നത്തെ ഹിന്ദുമഹാസഭാ നേതാവുമായ ഡോ. ശ്യാമപ്രസാദ് മുഖർജിയായിരുന്നു ആ നേതാവ്. സ്വാതന്ത്ര്യാനന്തരം ആർഎസ്എസിന് കോൺഗ്രസ് കനിഞ്ഞു നൽകിയ പൊതുസ്വീകാര്യതയുടെ ആദ്യ ചുവടുവയ്‌പായിരുന്നു ആ പിന്തിരിപ്പൻ തീരുമാനം. സ്വാതന്ത്ര്യാനന്തരം നെഹ്റുവിന് പറ്റിയ ആ വലിയ തെറ്റിന്റെ തുടർച്ചയായുണ്ടായ ദുരന്തമാണ് രാജ്യം ഇന്ന് അനുഭവിക്കുന്നത്.

1955ൽ നെഹ്റു മലപ്പുറത്തെത്തി. നെഹ്റു അന്ന് നിലമ്പൂരിലെ തന്റെ തറവാട്ട് വീട്ടിൽ കയറിയതാണ് തന്റെ ധീര ദേശാഭിമാന പാരമ്പര്യത്തിന്റെ  ഉദാഹരണമായി പി വി അൻവർ ഇടയ്‌ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ സന്ദർശനത്തിന് വലിയ രാഷ്ട്രീയപ്രാധാന്യം ഉണ്ടായിരുന്നില്ല. നെഹ്‌റു കേരളം കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ രാഷ്ട്രീയദൗത്യം ഏറ്റെടുത്തത് 1960ലാണ്. ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടശേഷം 1960ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നെഹ്റു ശ്രദ്ധ കേന്ദ്രീകരിച്ചത് പട്ടാമ്പിയിലായിരുന്നു. പട്ടാമ്പിയിൽ ഇ എം എസിനെ തോൽപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. ഇ എം എസിനെതിരെ പാലക്കാടൻ മേഖലയിലെ കരുത്തനായ കോൺഗ്രസ് നേതാവ് എ രാഘവൻനായരെ സ്ഥാനാർഥിയാക്കി. ഇന്ദിര ഗാന്ധി, മൊറാർജി ദേശായി, നീലം സഞ്ജീവ റെഡ്ഡി, കാമരാജ്, സി സുബ്രഹ്മണ്യം എന്നിങ്ങനെ ദേശീയതലത്തിലെ പ്രമുഖരായ നേതാക്കൾക്ക് പ്രചാരണ ചുമതലകൾ നൽകി. ബിജെപിയുടെ ആദിരൂപമായ ജനസംഘം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. എന്നാൽ, കോൺഗ്രസിന്റെ അഭ്യർഥന മാനിച്ച് പിൻവലിച്ചു. ഇ എം എസിനെ തോൽപ്പിക്കാൻ കോൺഗ്രസുമായി കൈകോർക്കുമെന്ന് ജനസംഘം പ്രഖ്യാപിച്ചു. നെഹ്റുവും ജനസംഘം നേതാവ് ദീൻദയാൽ ഉപാധ്യായയും പട്ടാമ്പിയിൽ വൻ റാലികളെ അഭിസംബോധന ചെയ്തു. ആദ്യത്തെ കോൺഗ്രസ്–-- ലീഗ്–-- ആർഎസ്എസ് കൂട്ടുകെട്ടായിരുന്നു പട്ടാമ്പിയിൽ കണ്ടത്. പക്ഷേ, വർഗീയ സഖ്യം ദയനീയമായി പരാജയപ്പെട്ടു. ഇ എം എസ് 7322 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ വിജയിച്ചു. 1960ൽ തളിരിട്ട കോ–- ലീ– -ബി അന്തർധാര ഇന്ന് രാജ്ഭവൻമുതൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽവരെ വ്യാപിച്ചിരിക്കുന്നു.

കൈകോർത്ത് ലീഗും 
ഹിന്ദുമഹാസഭയും
സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർടിയും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചപ്പോൾ വി ഡി സവർക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭയും മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗും മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചു. ഇന്ന് ബിജെപിയെപ്പോലെ  ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായിരുന്നു ഹിന്ദുമഹാസഭ. മുസ്ലിം വിരുദ്ധത ആളിക്കത്തിച്ച് ഹിന്ദുമഹാസഭയും ഹിന്ദുവിരുദ്ധതകൊണ്ട്‌ ലീഗും ബ്രിട്ടീഷ് വിരുദ്ധ ദേശീയ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തി. എന്നാൽ, ഇരുകൂട്ടരും മതനിരപേക്ഷ പാർടികളെ ഭയപ്പെട്ടു. കോൺഗ്രസിനെയും കമ്യൂണിസ്റ്റ് പാർടിയെയും ദുർബലപ്പെടുത്തുന്നതിനായി ഹിന്ദുമഹാസഭയും ലീഗും കെട്ടിപ്പുണർന്നു. ലീഗിൽ പിളർപ്പുണ്ടാക്കി ജിന്നയേക്കാൾ വലിയ വർഗീയവാദിയായ ഫസലുൽ ഹഖിന്റെ നേതൃത്വത്തിൽ ‘കൃഷക് സമാജ് പാർടി’ എന്ന പേരിൽ വർഗീയ സംഘടന രൂപംകൊണ്ടു. 1941ൽ ബംഗാളിൽ ഹിന്ദു മഹാസഭയുമായി കൈകോർത്ത് ഫസലുൽ ഹഖ് സർക്കാർ രൂപീകരിച്ചു. ഫസലുൽ ഹഖായിരുന്നു പ്രധാനമന്ത്രി. ഹിന്ദുമഹാസഭാ നേതാവ് ശ്യാമപ്രസാദ് മുഖർജിയായിരുന്നു ഉപപ്രധാനമന്ത്രി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിന്ധ് പ്രവിശ്യയിൽ കമ്യൂണിസ്റ്റ് പാർടിയെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ദുർബലപ്പെടുത്തുന്നതിനായി നടത്തിയ പരീക്ഷണങ്ങൾ വിജയം കണ്ടു. മുസ്ലിംലീഗ്‌ നേതാവ് ജി എച്ച് ഹിദായത്തുള്ള നേതൃത്വം നൽകിയ മന്ത്രിസഭയിൽ ഹിന്ദുമഹാസഭ പങ്കാളിയായി. നോർത്ത് വെസ്റ്റ് ഫ്രോഡിയർ പ്രൊവിൻസിൽ ലീഗ് നേതാവ് ഔറംഗസേബ് ഖാൻ രൂപീകരിച്ച സർക്കാരിലെ പല പ്രധാന വകുപ്പുകളും വഹിച്ചിരുന്നത് ഹിന്ദുമഹാസഭാ നേതാക്കളായിരുന്നു. 1943 മാർച്ച് മൂന്നിനാണ് സിന്ധ് പ്രവിശ്യാ നിയമനിർമാണസഭ ഇന്ത്യൻ മുസ്ലിങ്ങൾക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന പ്രമേയം പാസാക്കിയത്. ലീഗിലെ ജി എം സെയ്ദ് അവതരിപ്പിച്ച പ്രമേയം പാസായി. പ്രമേയം കൊണ്ടുവന്ന മന്ത്രിസഭയിൽ ഹിന്ദുമഹാസഭാ അംഗങ്ങളും ഉണ്ടായിരുന്നു.

1943 ആഗസ്‌ത്‌ 15ന് ഒരു അഭിമുഖത്തിൽ സവർക്കർ അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഇങ്ങനെ നിലപാട് വ്യക്തമാക്കി "ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് എനിക്കൊരു വ‍ഴക്കുമില്ല. ഞങ്ങൾ ഹിന്ദുക്കൾ ഒരു രാഷ്ട്രമാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട്‌ രാഷ്ട്രങ്ങളാണ് എന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്’ (സവർക്കർ എ കൺടെസ്റ്റഡ് ലെഗസി, 1924–- -1966) മതനിരപേക്ഷ ശക്തികളെ ദുർബലപ്പെടുത്താൻ കൈകോർത്ത ഹിന്ദുമഹാസഭയും ലീഗും പിന്നീട് വർഗീയവികാരം ആളിക്കത്തിച്ച് അണികളെ തെരുവിലിറക്കി. ഇന്ത്യയിൽ സംഘപരിവാറും പാകിസ്ഥാനിൽ മുസ്ലിംലീഗും പടർത്തിയ വർഗീയതയാണ് അതിർത്തി മേഖലകളിൽ വൻ കലാപങ്ങൾക്ക് തിരികൊളുത്തിയത്. കൊല്ലപ്പെട്ടത് പത്ത് ലക്ഷത്തോളം പേർ. പക്ഷേ, സങ്കുചിത രാഷ്ട്രീയ താൽപ്പര്യത്തോടെ പല വിഷയങ്ങളിലും യോജിച്ച നിലപാട് കൈക്കൊള്ളാൻ സംഘപരിവാറിനും പാക്‌ മുസ്ലിംലീഗിനും വിമുഖതയുണ്ടായില്ല. സി പി രാമസ്വാമി അയ്യർ തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കി ഏകാധിപത്യ ഭരണം ആരംഭിക്കാൻ നീക്കം നടത്തിയപ്പോൾ പിന്തുണയുമായി സംഘപരിവാറും പാക്‌ മുസ്ലിംലീഗും രംഗത്തുവന്നു. പിന്തുണ അറിയിച്ച് വി ഡി സവർക്കറും മുഹമ്മദലി ജിന്നയും രാമസ്വാമി അയ്യർക്ക് കത്തയച്ചു. തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായാൽ ഒരു ഹിന്ദുരാഷ്ട്രം രൂപീകരിക്കപ്പെടുമെന്ന് ആർഎസ്എസ് കണക്കുകൂട്ടി. ഇന്ത്യയെ  പലരാജ്യങ്ങളായി ഛിന്നഭിന്നമാക്കാം എന്ന ലക്ഷ്യമായിരുന്നു തിരുവിതാംകൂറിനെ പിന്തുണയ്ക്കാൻ ജിന്നയെ പ്രേരിപ്പിച്ചത്. സ്വതന്ത്ര തിരുവിതാംകൂർ നീക്കത്തെ ചെറുത്ത് തോൽപ്പിച്ചത്‌ കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിൽ നടന്ന ഐതിഹാസിക പ്രക്ഷോഭങ്ങളായിരുന്നു.

കോലീബിയുടെ ഹാങ്ങോവർ
സ്വാതന്ത്ര്യാനന്തരം രൂപംകൊണ്ട  ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് നേതൃത്വത്തിന്റെ പ്രധാന ചാലകശക്തി അധികാരത്തിനോടുള്ള അത്യാർത്തിയായിരുന്നു. രാജീവ് ഗാന്ധി സർക്കാർ ഹിന്ദുക്കൾക്ക് ആരാധന നടത്തുന്നതിനായി ബാബ്‌റി മസ്ജിദിന്റെ പൂട്ട്  തുറന്നുകൊടുത്തപ്പോ‍ഴും ശിലാന്യാസം നടത്താൻ വിഎച്ച്പിക്ക് അനുമതി നൽകിയപ്പോ‍ഴും ലീഗ് നേതൃത്വത്തിന് പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. കർസേവകർ തർക്കസ്ഥലത്തല്ല ശിലാന്യാസം നടത്തിയതെന്ന ന്യായീകരണവും  ലീഗിന്റെ മുഖപത്രമായ ചന്ദ്രിക നടത്തി. അയോധ്യ രാഷ്ട്രീയവുമായി സംഘപരിവാർ അടിത്തറ വിപുലീകരിച്ചുകൊണ്ടിരിക്കെ 1991ൽ കേരളത്തിൽ നടന്ന ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽ ഡിഎഫിനെ തോൽപ്പിക്കാനായി കോൺഗ്രസും ബിജെപിയും ലീഗും കൈകോർത്തു. കോ– -ലീ–- ബി സഖ്യം വടകര ലോക്‌സഭാ മണ്ഡലത്തിൽ രത്നസിങ്ങിനെയും ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ ഡോ. കെ  മാധവൻകുട്ടിയെയും സ്ഥാനാർഥികളാക്കി. ജന്മഭൂമി പത്രത്തിന്റെ അസോസിയറ്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണൻ എ‍ഴുതിയ "കെ ജി മാരാർ–- രാഷ്ട്രീയത്തിലെ സ്നേഹസാഗരം’ എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ 1991ലെ കോ–- ലീ–- -ബീ സഖ്യത്തെക്കുറിച്ച് ഇങ്ങനെ എ‍ഴുതിയിരിക്കുന്നു. "കോൺഗ്രസ് മാത്രമല്ല, ലീഗും കേരള കോൺഗ്രസും ബിജെപിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. ലീഗ് നേതാക്കളും ബിജെപി നേതാക്കളും പലതവണ ചർച്ച നടത്തി. മറ്റ് കക്ഷികളേക്കാൾ സഹകരണാത്മക സമീപനം അവരിലുണ്ടായി. ബിജെപി സഹകരണം ഉറപ്പാക്കുന്നതിൽ കരുണാകരൻ അത്യുത്സാഹം കാട്ടി. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോ‍ഴിക്കോടും കൂടിയാലോചനകൾക്ക് വേദിയായി. സ്വതന്ത്ര സ്ഥാനാർഥിയായി ബേപ്പൂരിൽ ഡോ. കെ മാധവൻകുട്ടിയെ നിർത്താനും വടകര ലോക്‌സഭാ മണ്ഡലത്തിൽ അഡ്വ. രത്നസിങ്ങിനെ പൊതുസ്ഥാനാർഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു. ധാരണയിലെ പരസ്യമായ ഈ നിലപാടിനു പുറമെ മഞ്ചേശ്വരത്ത് കെ ജി മാരാർ, തിരുവനന്തപുരം ഈസ്റ്റിൽ കെ രാമൻപിള്ള, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ  ഒ രാജഗോപാൽ എന്നിവർക്ക് ഐക്യമുന്നണി പിന്തുണ നൽകാൻ ധാരണയെത്തിയിരുന്നു. കെ ജി  മാരാർക്ക് ജയിക്കാനാവശ്യമായ വോട്ട്  കോൺഗ്രസും ലീഗും നൽകുമെന്ന് ഉറപ്പുണ്ടായി. അതിനായി ഓരോ മുതിർന്ന നേതാക്കളെ അവർ ചുമതലപ്പെടുത്തുന്നതായും അറിയിച്ചു.’

മോദി സർക്കാരിന്റെ ഭരണത്തിനു കീ‍ഴിൽ ഏറ്റവും വേട്ടയാടപ്പെട്ടത് മുസ്ലിം ന്യൂനപക്ഷങ്ങളാണ്. എന്നാൽ, മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല പലപ്പോ‍ഴും ബിജെപിക്ക് സഹായകരമായ നിലപാടുകളാണ് ലീഗ് നേതൃത്വം കൈക്കൊണ്ടത്. മതവിവേചനത്തിന്റെ പ്രതീകമാണ് മുത്തലാഖ് ബിൽ. ബിൽ പാസാക്കുന്ന ഘട്ടത്തിൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിൽനിന്ന് വിട്ടുനിന്നു.

മതനിരപേക്ഷ ശക്തികളെ  തോൽപ്പിക്കാൻ വർഗീയശക്തികൾ കൈയും മെയ്യും മറന്ന് സഹകരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ജമ്മു കശ്മീരിലെ കുൽഗാം മണ്ഡലമാണ്. ഇവിടെ ജമാ അത്തെ ഇസ്ലാമി സ്വതന്ത്രനായി മത്സരിപ്പിക്കുന്ന സയാർ അഹമ്മദ് റേഷിക്കാണ് ബിജെപിയുടെ പിന്തുണ. ഇരുവരുടെയും മുഖ്യശത്രു  സിപിഐ എമ്മുകാരനായ മുഹമ്മദ് യൂസഫ് തരിഗാമിയാണ്. സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ അവിഭക്ത ഇന്ത്യയിലുണ്ടായിരുന്ന മുസ്ലിം–- -ഹിന്ദുത്വ വർഗീയശക്തികളുടെ  അധികാരാധിഷ്ഠിത കൂട്ടുകെട്ടുകൾക്കു സമാനമാണ് കശ്മീരിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top