22 December Sunday

ഗവർണറുടെ അമിതാധികാര മോഹം - ഡോ. സെബാസ്റ്റ്യൻ പോൾ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

 

സംസ്ഥാനത്തിന്റെ നിർവാഹകാധികാരം ഗവർണറിൽ നിക്ഷിപ്തമായിരിക്കുന്നു. ഇതുമാത്രം വായിച്ച് വഴി തെറ്റുന്ന ഗവർണർമാരിൽ മുമ്പനാണ് ആരിഫ് മൊഹമ്മദ് ഖാൻ. മുഖ്യമന്ത്രിയെ നിയമിക്കുന്നതും പിരിച്ചുവിടാനുള്ള ശുപാർശ കേന്ദ്രത്തിനു നൽകുന്നതും ഗവർണറാണ്. ഇതിനർഥം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടതും നിയമസഭയോട് ഉത്തരവാദിത്വമുള്ളതുമായ മുഖ്യമന്ത്രി, നിയമിതനായ ഉദ്യോഗസ്ഥൻ മാത്രമായ ഗവർണർക്ക് വിധേയപ്പെട്ട് കഴിയണമെന്നല്ല. മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയുടെ ചൊൽപ്പടിക്ക് നിൽക്കേണ്ട ആളാണ് ഗവർണർ. ഭരണഘടന അന്തസ്സുള്ള ഭാഷയിൽ സഹായവും ഉപദേശവും എന്നീ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു എന്നുമാത്രം.

മന്ത്രിസഭയുടെ സഹായത്തിനും ഉപദേശത്തിനും പുറമേ ചില കാര്യങ്ങൾ മുഖ്യമന്ത്രിയോട് ചോദിച്ചറിയുന്നതിനുള്ള അവസരം ഗവർണർക്ക് നൽകിയിട്ടുണ്ട്. ഭരണനിർവഹണത്തെയും നിയമനിർമാണത്തെയും സംബന്ധിക്കുന്ന കാര്യങ്ങളാണ് ഇപ്രകാരം ചോദിച്ചറിയാവുന്നത്. ഭരണഘടനയുടെ അനുച്ഛേദം 167 അനുസരിച്ച് ആവശ്യപ്പെടുന്ന വിവരം ഗവർണർക്ക് നൽകുകയെന്നത് മുഖ്യമന്ത്രിയുടെ കർത്തവ്യമാണ്. ഭരണഘടനാപരമായി അനുവദനീയമായ മേഖലവിട്ട് തോന്നുംപടി വലയെറിയുന്നതിനും ചൂണ്ടയിടുന്നതിനും ഗവർണർക്ക് അധികാരമില്ല. എന്തെങ്കിലും തടയുന്നെങ്കിൽ തടയട്ടെ എന്ന മട്ടിലുള്ള അന്വേഷണം ഗവർണർക്ക് അനുവദനീയമല്ല. മന്ത്രിസഭ തയ്യാറാക്കിക്കൊടുക്കുന്ന പ്രസംഗം നിയമസഭയിൽ ഗവർണർ വായിക്കണമെന്നല്ലാതെ മുഖ്യമന്ത്രിയുടെ പ്രസംഗം പരിശോധിക്കുന്നതിനും വിശദീകരണം ചോദിക്കുന്നതിനുമുള്ള അധികാരം ഗവർണർക്കില്ല.

ഒരു പത്രവുമായി മുഖ്യമന്ത്രി നടത്തിയ അഭിമുഖം മുൻനിർത്തി വിശദീകരണം നൽകാൻ ഡിജിപിയെ കൂട്ടിക്കൊണ്ട് രാജ്ഭവനിലെത്താനാണ് ചീഫ് സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടത്. തീർത്തും അനുചിതമായ ആവശ്യമാണ് ഗവർണറുടേതെന്ന് പറയാതിരിക്കാനാകില്ല. കാര്യനിർവഹണവും നിയമനിർമാണവും സംബന്ധിച്ച് മന്ത്രിസഭയുടെ തീരുമാനങ്ങളല്ലാതെ പത്രത്തിൽ കാണുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ഗവർണറുടെ മുന്നിൽ ഹാജരായി വിശദീകരണം നൽകുന്നതിനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കില്ല. മുഖ്യമന്ത്രിയുമായിമാത്രം സംവദിക്കാൻ അനുവാദമുള്ള ഗവർണർ താഴേക്കിറങ്ങി ആരെയും ചോദ്യം ചെയ്യുമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ചും മന്ത്രിസഭയുടെ തീരുമാനപ്രകാരവും പ്രവർത്തിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥയാണ് ചീഫ് സെക്രട്ടറി. അവരോട് ഡിജിപിയെയും കൂട്ടി നാലു മണിക്ക് തന്റെ മുന്നിലെത്തണമെന്ന് നിർദേശിക്കാൻ എന്തധികാരമാണ് ഗവർണർക്കുള്ളത്. അറിയാൻ അനുവാദമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയോട് ചോദിച്ചു മനസ്സിലാക്കുന്നതിനപ്പുറം ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള അധികാരം ഗവർണർക്കില്ല. അധികാരത്തിന്റെ ശ്രേണി ഉയരുന്തോറും നടപടിക്രമം കൃത്യമായി പാലിക്കപ്പെടണം. നടപടിക്രമം പാലിക്കുകയെന്നതും പ്രോട്ടോകോളിന്റെ ഭാഗമാണ്. വിവേചനാധികാരത്തിന്റെ പേരിൽ ഏകാധിപത്യപ്രവണതയാണ് ആരിഫ് മൊഹമ്മദ് ഖാൻ നിർലജ്ജം പ്രകടിപ്പിക്കുന്നത്. ഭരണഘടനാപരമായ പദവിയുടെ ഔന്നത്യമോർത്ത് ശ്രദ്ധിക്കാതെ വിടാവുന്ന അനൗചിത്യങ്ങളല്ല ആരിഫ് മൊഹമ്മദ് ഖാൻ നടത്തിക്കൊണ്ടിരിക്കുന്നത്.


 

‘ദ ഹിന്ദു’ ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ കടന്നുകൂടിയ പരാമർശങ്ങളെ സംബന്ധിച്ച് സാമാന്യം നല്ല വ്യക്തത അഭിമുഖം പ്രസിദ്ധപ്പെടുത്തിയ ഉടൻ ഉണ്ടായിട്ടുണ്ട്. ‘ഓഫ് ദ റെക്കോഡ്’ എന്ന പരമ്പരാഗത മുന്നറിയിപ്പോടെ പറഞ്ഞ കാര്യങ്ങൾ ലേഖികയുടെ അനവധാനത നിമിത്തമോ അത്യുത്സാഹം നിമിത്തമോ മാറ്ററിൽ കടന്നുകൂടിയ കേസല്ല ഇത്. മുഖ്യമന്ത്രി പറഞ്ഞിട്ടേ ഇല്ലാത്ത കാര്യങ്ങൾ അഭിമുഖത്തിൽ ചേർക്കപ്പെട്ടു എന്നതാണ് പ്രശ്നം. സാഹചര്യം വിശദീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം അഭിമുഖം നടത്തിയ ലേഖികയ്ക്കുണ്ട്. ലേഖികയിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് പത്രാധിപർ നിരുപാധികമായ ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി നടത്തിയിട്ടില്ലാത്ത ‘ദേശവിരുദ്ധ’ പരാമർശങ്ങളെക്കുറിച്ച് ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരന് എന്തു വിശദീകരണമാണ് ഗവർണർക്ക് നൽകാൻ കഴിയുക. പി വി അൻവർ കശക്കി വിടുന്ന ആരോപണങ്ങളിൽ തള്ളിക്കളയാനാകാത്ത ഒന്നാണ് ഫോൺ ചോർത്തൽ. ആരോപണത്തിൽ വ്യക്തതയുണ്ടെങ്കിൽ അന്വേഷണം നടക്കും. തെളിവുണ്ടെങ്കിൽ നടപടിയുണ്ടാകും. ചിലപ്പോൾ കോടതിയുടെ സ്വമേധയാ ഉള്ളതോ പരാതിയെ അടിസ്ഥാനമാക്കിയതോ ആയ ഇടപെടൽ ഉണ്ടാകും. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടാൻമാത്രം അടിയന്തരമായ എന്തു സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ വകതിരിവില്ലായ്മയ്ക്കൊപ്പം ഗവർണർ വീണ്ടുവിചാരമില്ലാതെ നീങ്ങുന്നത് ശരിയല്ല.

ഉയർന്ന ഉദ്യോഗസ്ഥരെ അവരുടെ മനോവീര്യം നഷ്ടപ്പെടുംവിധം വിളിച്ചുവരുത്തി മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ ഗർഹണീയതയാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന പദവി ആലങ്കാരികവും നാമമാത്രവുമാണ്. ജനാധിപത്യത്തിൽ യഥാർഥ അധികാരം ജനങ്ങളുടേതാണ്. ജനങ്ങളിൽനിന്നു പുറപ്പെടുന്ന അധികാരം ജനങ്ങളുടെ പേരിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് പ്രയോഗിക്കുന്നത്. പാർലമെന്ററി ജനാധിപത്യത്തിൽ യഥാർഥ അധികാരം മുഖ്യമന്ത്രിയിൽ നിക്ഷിപ്തമാണ്. കേന്ദ്രത്തിൽ രാഷ്ട്രപതി എപ്രകാരമാണോ പ്രധാനമന്ത്രിയാൽ നിയന്ത്രിതനായിരിക്കുന്നത് അവ്വിധം തന്നെയാണ് മുഖ്യമന്ത്രി പറയുന്നതു കേട്ട് ഗവർണർ ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റേണ്ടത്. അതിനു പകരം ഉദ്യോഗസ്ഥരെ വിരട്ടി മുഖ്യമന്ത്രിയെ വിചാരണ ചെയ്യാനാണ് ഗവർണറുടെ ശ്രമമെങ്കിൽ അത് പ്രയോജനരഹിതമായിരിക്കുമെന്ന് വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുമായി കൊമ്പുകോർക്കാനിറങ്ങുന്ന ഗവർണർമാരുടെ ഗതിയും ദുർഗതിയും നമ്മെ പഠിപ്പിക്കുന്നു. ‘അമേരിക്കൻ മോഡൽ’ എന്നത് സർ സി പിയുടെ കാലംമുതൽ ഗവർണർമാരെ വ്യാമോഹിപ്പിക്കുന്ന വ്യവസ്ഥയാണ്. അമേരിക്കയിൽ ഗവർണറെ ജനങ്ങളാണ് തെരഞ്ഞെടുക്കുന്നത്. അദ്ദേഹത്തെ സഹായിക്കാനും ഉപദേശിക്കാനും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയോ മുഖ്യമന്ത്രിയോ ഇല്ല. കാതലായ ഈ വ്യത്യാസം മനസ്സിലാക്കാതെ ഗവർണർ എന്ന പദവിയിൽ അഭിരമിക്കുന്നവർ ഭരണഘടനയിൽ തട്ടി വീഴും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top