10 October Thursday
ഇന്ന്‌ ലോക 
മാനസികാരോഗ്യ 
ദിനം

വേണം, സമ്മർദമില്ലാത്ത തൊഴിലിടം

ഡോ. പി മനോഹർലാൽUpdated: Thursday Oct 10, 2024

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ഏതൊരു തൊഴിൽമേഖലയിലും വ്യക്തിജീവിതത്തിന്റെ  സിംഹഭാഗവും ചെലവഴിക്കപ്പെടുന്നത് തൊഴിലിടങ്ങളിൽത്തന്നെയാണ്. കുടുംബത്തോടൊപ്പം കഴിയുവാൻ വേണ്ടത്ര സമയം കിട്ടുന്നില്ല എന്ന പരാതിയാണ് മിക്കവർക്കും ഉള്ളത്. അതുകൊണ്ട് വ്യക്തിജീവിതം കൂടുതൽ സന്തോഷകരവും സമാധാനപരവും ആക്കുവാൻ തീർച്ചയായും തൊഴിലിടങ്ങൾ തൊഴിൽസൗഹൃദമാകണം. ‘ജോലിസ്ഥലത്ത് മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ട സമയമാണിത്’ എന്നതാണ്‌ ലോകാരോഗ്യസംഘടനയുടെ ഈ വർഷത്തെ ലോക മാനസികാരോഗ്യദിന സന്ദേശം.

ഇവൈ എന്ന പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ അന്ന സെബാസ്റ്റ്യൻ എന്ന 26 കാരി ജോലിസമ്മർദം സഹിക്കാൻ പറ്റാതെ ഹൃദയാഘാതംമൂലം മരിച്ചു. അന്നയുടെ കാര്യത്തിൽ ഗുരുതരമായ ചൂഷണമാണ് അധികൃതരിൽനിന്ന് ഉണ്ടായതെന്ന് കുടുംബം ആരോപിച്ചു. ദിവസം 14 മണിക്കൂറിലധികം വിശ്രമമില്ലാതെ അതീവ മാനസിക സമ്മർദത്തിൽ ജോലി ചെയ്തതാണത്രെ മരണകാരണം. മറ്റൊരു പ്രമുഖ സ്വകാര്യസ്ഥാപനമായ ബജാജിൽ ഏരിയാ മാനേജർ ആയി ജോലിയെടുക്കുന്ന 42 കാരനായ ഉത്തർപ്രദേശുകാരൻ തരുൺ സക്‌സേന അമിതജോലിഭാരവും മാനസിക സമ്മർദവുംമൂലം ആത്മഹത്യ ചെയ്തു. ജോലിസ്ഥലത്തെ തീവ്രമായ മാനസികസമ്മർദം അതിജീവിക്കുവാൻ കഴിയാത്തതാണ് ഈ ദാരുണസംഭവങ്ങൾക്ക് കാരണം. ഭൂരിപക്ഷസമയവും ചെലവഴിക്കുന്നത് തൊഴിലിടങ്ങളിലായതിനാൽ (അത് ഓഫ് ലൈനായാലും ഓൺലൈനായാലും) അവിടം മനസ്സിന്‌ ഇണങ്ങിയതല്ലെങ്കിലും ജോലിയുടെ രീതി ശാസ്ത്രീയമല്ലെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും.
ഈ സാഹചര്യത്തിൽ തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തെപ്പറ്റി കൂടുതൽ പ്രചാരണം നടത്താൻ ലോകാരോഗ്യ സംഘടന മുന്നോട്ട് വന്നത് ശ്ലാഘനീയമാണ്.

അന്താരാഷ്ട്ര തൊഴിൽ നിയമപ്രകാരം 8 മണിക്കൂർ ജോലി ഏതൊരു സ്ഥാപനത്തിലെയും ജീവനക്കാരുടെ അവകാശമാണ്. സംഘടിത മേഖലകളിൽ തൊഴിലാളി സംഘടനകൾ ഇതിൽ ജാഗരൂകരാണെങ്കിലും പല സ്വകാര്യ സ്ഥാപനങ്ങളും എന്തിനേറെ ചില പൊതുമേഖലാ സ്ഥാപനങ്ങളും ഇത് കാറ്റിൽപ്പറത്തുകയാണ്‌.  ഇന്നത്തെ ഡിജിറ്റൽ മികവ് കാരണം ജീവനക്കാർ 24 മണിക്കൂറും സജ്ജരായി  ഇരിക്കണം. ഇത് ഒറ്റപ്പെടലും മുഖ്യധാരയിൽനിന്നുള്ള അകൽച്ചയും ഉണ്ടാക്കുന്നു. ജോലി സ്ഥിരതയില്ലായ്മ വലിയ മാനസിക പ്രയാസവും സാമ്പത്തിക അസ്ഥിരതയും ഉണ്ടാക്കുന്നു. ഈ കാര്യങ്ങൾ ജീവനക്കാർക്ക്‌ മാത്രമല്ല സ്ഥാപനത്തിന്റെ ഉയർച്ചയ്‌ക്കും വിഘാതമാകുന്നു എന്ന് താൽക്കാലിക ലാഭം മാത്രം നോക്കുന്ന ഉടമകൾ ചിന്തിക്കുന്നില്ല. വികസിതരാജ്യങ്ങളിൽ 8 മണിക്കൂർ ജോലി എന്നത് പാലിക്കപ്പെടാൻ ശ്രദ്ധിക്കുന്നുണ്ട്‌. അവധിദിനങ്ങളും അർഹതപ്പെട്ട മറ്റ് അവധികളും സ്വകാര്യജീവിതത്തിൽ സന്തോഷത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ, രാജ്യത്ത് ബാങ്ക് പോലുള്ള മിക്ക ധനസ്ഥാപനങ്ങളിലും മറ്റ് ചില പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിഭാരംമൂലം അർഹതപ്പെട്ട അവധി എടുക്കാൻ കഴിയാതെ ജീവനക്കാർ കഷ്ടപ്പെടുന്നു.

പരിഹാരമാർഗം
ജീവനക്കാരുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകാൻ തൊഴിലുടമ ആത്മാർഥമായി ശ്രമിക്കണം. ജോലിസ്ഥലത്തെ മാനസിക പ്രശ്നങ്ങളെക്കുറിച്ച് തുറന്ന സംഭാഷണങ്ങൾ വേണം. പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയപ്പെടാതെ, തങ്ങളുടെ മാനസികപ്രയാസങ്ങൾ പങ്കിടാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കണം. കൗൺസലിങ്‌, തെറാപ്പി ഉൾപ്പെടെയുള്ള പ്രൊഫഷണൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കണം. ഇതിലൂടെ മാനസിക സമ്മർദം, ഉൽക്കണ്ഠ എന്നിവ നേരിടാൻ ജീവനക്കാരെ പ്രാപ്തരാക്കാം.

വ്യക്‌തികൾക്ക്‌ താങ്ങാവുന്ന ജോലിയാണ് ഏൽപ്പിക്കേണ്ടത്. ആവശ്യമായ വിശ്രമം, അവധി, 8 മണിക്കൂർ ജോലിക്ക് ശേഷം വിടുതൽ എന്നിവയും അനുവദിക്കേണ്ടതാണ്. മാനസികാരോഗ്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. അത് നിലനിർത്താൻ സഹായിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top