ഭാഷയിൽ പുതിയ വാക്കുകളും പ്രയോഗങ്ങളും ഉണ്ടാക്കുന്നത് പത്രങ്ങളാണെന്ന് പൊതുവിലൊരു ധാരണ ഉണ്ട്. അത് ഏതാണ്ട് ശരിയാണുതാനും. പഴഞ്ചൊല്ലിന് പകരം ന്യൂജൻ ചൊല്ലുണ്ടാക്കുന്നതിലും കേമൻമാരാണെന്ന് തെളിയിച്ചു കൊണ്ടിരിക്കയാണിപ്പോൾ. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം’ എന്ന പഴഞ്ചൊല്ലിന് ബദലായി ‘പൊന്ന് കടത്തുന്നിടത്ത് പൊലീസിനെന്ത് കാര്യം’ എന്ന ന്യൂജെൻ ചൊല്ല് നിലവിൽ വന്നിട്ടുണ്ട്. അൻവർ സൂക്തങ്ങളിൽനിന്നാണ് ഈ പ്രയോഗത്തിന്റെ കണ്ടെത്തൽ. ഭാഷയുടെയും വാർത്തകളുടെയും അനന്തസാധ്യതകളിലേക്കാണ് പുത്തൻ ചൊല്ല് നയിക്കുന്നത്. മറ്റ് രാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്ന പണ്ടം പിടിക്കുന്ന പൊലീസ് എത്ര മ്ലേച്ഛൻമാരും രാജ്യദ്രോഹികളുമാണെന്ന് മാലോകരെ എളുപ്പം ബോധ്യപ്പെടുത്താൻ ന്യൂജൻ ചൊല്ലിനാകുമെന്നാണ് ഭാഷാ പണ്ഡിതർ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ സ്വന്തം സേനയായ കസ്റ്റംസ് സർവവിധ പിന്തുണയും നൽകുന്ന സൽപ്രവൃത്തിക്ക് അപവാദമായി ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ പൊലീസ് വേട്ടയാണ് നടക്കുന്നതെന്ന് മാധ്യമങ്ങളുടെ അന്വേഷണാത്മക റിപ്പോർട്ടുകൾ പറയുന്നു. ഇത് സംബന്ധിച്ച് ലേഖന പരമ്പരകളും ദിനരാത്രങ്ങൾ നീണ്ട ചാനൽ ചർച്ചകളും മലയാളിക്ക് ലഭ്യമായി. പൊലീസിന്റെ പീഡനത്തിനിരയായ സ്വർണക്കടത്തുകാരെ തെളിവായി എംഎൽഎതന്നെ അവതരിപ്പിച്ചതോടെ അന്വേഷണ കുതുകികൾ രണ്ടുകൈയും വിട്ട് കുതിച്ച് പായുകയായി. സ്വർണം കടത്തുന്നവരെ ചാനൽ മുറിയിൽ വിളിച്ചിരുത്തിയും വീഡിയോ കോൾ ചെയ്തും അവരുടെ വീര സാഹസിക കൃത്യങ്ങൾ വിവരിക്കുകയും അതിനെതിരെ പൊലീസ് കാണിക്കുന്ന ക്രൂരത പുറത്തുകൊണ്ടുവരികയുമാണ്. ജീവിക്കാൻ വേണ്ടി ഒന്നോ രണ്ടോ കിലോ സ്വർണം വിദേശത്തുനിന്ന് കൊണ്ടുവരുന്നവരെ പൊലീസ് ഓടിച്ചിട്ട് പിടിക്കുന്നത് അൻവറിനെപ്പോലുള്ള വിശുദ്ധൻമാർക്ക് എങ്ങനെ സഹിക്കാനാകും. അൻവറിന് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ മനോരമയ്‌ക്കും മാതൃഭൂമിക്കും ഏഷ്യാനെറ്റിനും എങ്ങനെ സഹിക്കും. മീഡിയാ വണിന്റെ കാര്യം പറയാനുണ്ടോ. സ്വർണക്കടത്ത് സർവസാധാരണമാണെന്നും ഇന്ത്യയിലെ എല്ലാ വിമാനത്താവളത്തിലും അതിനുള്ള സൗകര്യം ഉണ്ടെന്നും കേരളത്തിൽ അതിന് തടസ്സമുണ്ടാക്കുന്നത് നീതികേടാണെന്നും മുൻ പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ വെളിപ്പെടുത്തലുകൂടി ആയതോടെ അൻവറിന്റെയും മാധ്യമങ്ങളുടെയും കണ്ടെത്തൽ ശരിയാണെന്ന് അടിവരയിടുകയാണ്.
സ്വർണക്കടത്തുകാർക്ക് സുരക്ഷിതമായി താമസിക്കാൻ ദുബായിൽ ഭവനം ഒരുക്കുന്ന മുനീർ സാഹിബിന്റെ ജീവകാരുണ്യ പ്രവർത്തനം മലയാളികൾ കാണാതെ പോകരുത്. സ്വർണം കൊണ്ടുവന്ന് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്ന രാജ്യസ്നേഹികളായ അബുലൈസിനെയും അബ്ദുൾ സലാമിനെയും പോലുള്ള ബിസിനസുകാരെയാണ് ഇതിന്റെ പ്രൊമോട്ടറും ഡയറക്ടറുമൊക്കെയായി നിയമിച്ചിട്ടുള്ളത്.
തലയ്‌ക്ക് നല്ല സ്ഥിരതയുള്ള കെ സുധാകരൻ കടത്ത് തൊഴിലാളികൾക്കും അൻവറിനും ഉറച്ച പിന്തുണയുമായി എത്തിയതോടെ മാധ്യമങ്ങളുടെ ആവേശം ഇരട്ടിയായിട്ടുണ്ടെന്നാണ് ടോക്ക്. സ്വർണക്കടത്ത് പിടിക്കുന്ന മുഖ്യമന്ത്രിയുടെ തലയ്‌ക്ക് സ്ഥിരതയില്ലെന്ന സുധാകർജിയുടെ പ്രഖ്യാപനം മാധ്യമങ്ങൾ പാൽപ്പായസം പോലെ ആസ്വദിച്ച് മുക്കിയതും ഈ ഐക്യദാർഢ്യത്തിലാണ്.
സ്വർണക്കടത്ത് പിടിക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറയുന്നതിലപ്പുറം ക്രൂരത മറ്റൊന്നില്ലെന്ന് ലീഗ്, കോൺഗ്രസ് സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വർണക്കടത്തിനെതിരെ പറഞ്ഞാൽ അത് ഒരു സമുദായത്തിന് എതിരാണെന്ന തീർപ്പും ഇവർക്കുണ്ട്. കേരളം കത്തിക്കുന്ന വർഗീയ കലാപത്തിലേക്ക് പോകുമെന്ന് ഒന്നും രണ്ടും സ്ഥാനത്തുള്ള പത്ര- ചാനൽ സിംഹങ്ങളും ചർച്ചയ്‌ക്കെത്തുന്ന ബുദ്ധിജീവികളും പ്രവചിച്ചിട്ടുണ്ട്. വളരെക്കാലമായി വർഗീയ കലാപം കണ്ട് ആഘോഷിക്കാത്തതിന്റെ കേടുതീർക്കാൻ വിഷയം പരമാവധി കത്തിക്കാൻ പറ്റുമോ എന്ന ഗവേഷണത്തിലാണ് മാധ്യമാദി മാധ്യമങ്ങളും പ്രതിപക്ഷ നേതാവ് മുതൽ അൻവർ, അമീർ വരെയുള്ളവരും. പിടിച്ച സ്വർണത്തിന്റെ കണക്ക് ജില്ല തിരിച്ച് പറയുന്ന മുഖ്യമന്ത്രി ഉടൻ രാജിവയ്‌ക്കണമെന്നാണ് യുഡിഎഫ് –-- ബിജെപി–-- ജമാഅത്തെ സഖ്യത്തിന്റെ മുന്നറിയിപ്പ്. ഇതിനായി സമര പരമ്പരകളും പ്രഖ്യാപിച്ചു. സംഭവം കൊഴുപ്പിക്കാനുള്ള മത്സരത്തിലാണ് സഖ്യത്തോടൊപ്പം ചേർന്ന മാധ്യമ കേസരികളും.
ഒരു വെടിക്ക് നാലു പക്ഷി
‘ഒരു വെടിക്ക് രണ്ട് പക്ഷി’യെന്ന് നാട്ടിൽ പരക്കെ പറയുന്ന ചൊല്ലാണ്. എന്നാൽ ഒരു വെടിക്ക് നാല് പക്ഷിയെ വീഴ്ത്തിയ സാഹസികനായാണ് അൻവറെ ലോകം ഇനി അറിയുക. മംഗളൂരുവിലെ ക്വാറിയും സലീമിന്റെ 50 ലക്ഷവും സ്വാഹയായതാണ് ആദ്യത്തേത്. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് മാച്ച് ചർച്ച ചെയ്യാൻ മണിക്കൂറുകളോളം ഇഡിയുടെ ഓഫീസിൽ പോയി സമയം കളയേണ്ടി വരില്ലെന്നതാണ് രണ്ടാമത്തേത്. (അവരിനി അൻവറിന്റെ കൺവെട്ടത്ത് കാണില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ടത്രെ ). സ്വജനങ്ങൾക്കായി പുതിയ പാർടി ഉണ്ടായി എന്നതാണ് മൂന്നാമത്തേത്. ഇന്നലെവരെ കൊമ്പ് കോർത്തിരുന്ന മാധ്യമ ജഡ്ജിമാരെ അടുക്കളക്കാരാക്കി മാറ്റിയ മാജിക്കാണ് നാലാമത്തേത്. തനിക്കീ ബുദ്ധി നേരത്തെ തോന്നാത്തതിന്റെ ഇച്ഛാഭംഗവും പേറിയാണത്രെ അൻവറിപ്പോൾ നടക്കുന്നത്. സൈബർ ലോകത്തെ പിന്തുണ കണ്ട് കണ്ണ് മഞ്ഞളിച്ചാണ് ഈ സാഹസത്തിന് ഇറങ്ങിയതെന്നും ടോക്കുണ്ട്. എന്തായാലും ബെൻസ് ലോറിയെ തടയാൻ മസിലും പിടിച്ച് റോഡിനു നടുക്ക് നിന്ന തവളയുടെ അവസ്ഥകൂടി ആലോചിച്ചാൽ കൊള്ളാമെന്ന് ഉപദേശിക്കുന്നവരുമുണ്ട്. ഇഡിയുടെ കെണിയിൽ വീണവർക്കെല്ലാം ഈ ഗതിയായിരുന്നുവെന്നാണ് പരക്കെയുള്ള സംസാരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..