22 December Sunday

പ്രോട്ടീന്‍ രൂപകൽപ്പന എന്ന നാഴികക്കല്ല്

ഡോ. സംഗീത ചേനംപുല്ലിUpdated: Thursday Oct 10, 2024


ഈ വർഷത്തെ രസതന്ത്ര നൊബേൽ ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജംപർ എന്നീ ശാസ്ത്രജ്ഞർ പങ്കിട്ടു. ജീവശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്ന തന്മാത്രകളാണ് പ്രോട്ടീനുകൾ. സാധാരണയായി പ്രോട്ടീനുകളിൽ കാണുന്ന 20 അമിനോ ആസിഡുകളെ ഉപയോഗിച്ച് ജീവശരീരത്തിൽ കാണപ്പെടാത്ത പുതിയ പ്രോട്ടീനുകൾ നിർമ്മിച്ചതാണ് യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ പ്രൊഫസറായ ഡേവിഡ് ബേക്കറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മരുന്നുകൾ, വാക്സിനുകൾ, സെൻസറുകൾ തുടങ്ങി പല മേഖലകളിൽ ഈ പുതിയ പ്രോട്ടീനുകൾ ഉപയോഗിക്കാനാവും. ഇന്നുവരെ കണ്ടെത്തിയ ഇരുന്നൂറ് ദശലക്ഷം പ്രോട്ടീനുകളുടെ ഘടന കണ്ടെത്താൻ സഹായിക്കുന്ന AlphaFold2 എന്ന എ ഐ ടൂൾ വികസിപ്പിച്ചതിനും, പ്രോട്ടീനുകളുടെ ഘടന പ്രവചിച്ചതിനുമാണ് ഗൂഗിൾ ഡീപ് മൈൻറ്ന്റെ സി എ ഓ ആയ ഡെമിസ് ഹസാബിസിനും അതേ സ്ഥാപനത്തിലെ മുതിർന്ന ഗവേഷകനായ ജോൺ ജംപറിനും നോബൽ നല്കപ്പെടുന്നത്. ഇന്ന് 20 ലക്ഷത്തിലേറെ ഗവേഷകർ ഇവർ വികസിപ്പിച്ച ടൂൾ ഉപയോഗിക്കുന്നുണ്ട്. പ്രോട്ടീനുകളുടെ പ്രവർത്തനം മനസ്സിലാക്കാനും , പ്രത്യേക ദൌത്യങ്ങൾ നിർവ്വഹിക്കുന്ന പുതിയ പ്രോട്ടീൻ ഘടനകൾ വികസിപ്പിക്കാനും ഇവരുടെ കണ്ടെത്തൽ സഹായിക്കുന്നു.

ശ്വസനം, ദഹനം, പ്രത്യുൽപ്പാദനം തുടങ്ങി നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നത് പ്രോട്ടീനുകളുടെ വിവിധ രൂപങ്ങളാണ്. ഇവയിൽ പലതും ഹോർമോണുകളായും, ആന്റിബോഡികളായും പ്രവർത്തിക്കുന്നു. മാത്രമല്ല, മസിലുകൾ, മുടി, നഖം, തൂവലുകൾ, പട്ടുനൂൽ എന്നിവയുടെ മുഖ്യ ഘടകവും പ്രോട്ടീനുകൾ തന്നെ. അമിനോ ആസിഡുകൾ എന്ന ചെറു തന്മാത്രകൾ കൂടിച്ചേർന്നുണ്ടാകുന്ന പോളിമറുകളാണ് പ്രോട്ടീനുകൾ. വെറും ഇരുപത് അമിനോ ആസിഡുകൾ പല തരത്തിൽ കൂടിച്ചേർന്ന് അനന്തമായ തരം പ്രോട്ടീൻ തന്മാത്രകൾ നിർമ്മിക്കാനാവും. എന്നാൽ ഇവയെല്ലാം ശരീരത്തിൽ കാണപ്പെടുന്നില്ല.


 

എൺപതിനായിരം മുതൽ നാല് ലക്ഷം വരെ പ്രോട്ടീനുകളാണ് മനുഷ്യശരീരത്തിൽ കാണപ്പെടുന്നത്. 51 അമിനോ ആസിഡുകൾ മാത്രമുള്ള ഇൻസുലിനും, രണ്ടായിരത്തിലേറെ അമിനോ ആസിഡുകളുള്ള മയോസിനും ഇതിൽപ്പെടുന്നു. ഇവയ്ക്കോരോന്നിനും തനത് ധർമ്മങ്ങളുമുണ്ട്. ഓരോന്നും എപ്പോഴൊക്കെ എത്രത്തോളം നിർമ്മിക്കണം എന്ന് തീരുമാനിക്കുന്നതാകട്ടെ ഓരോരുത്തരുടെയും ജനിതക ഘടനയാണ്. അമിനോ ആസിഡുകളുടെ നേർരേഖാ ക്രമീകരണം കൂടാതെ ഈ ചങ്ങലകൾ ചേർന്നുണ്ടാകുന്ന ദ്വിമാന, ത്രിമാന ഘടനകളും അവയുടെ പ്രവർത്തനത്തെ സംബന്ധിച്ച് പ്രധാനമാണ്. ഈ സങ്കീർണ്ണ ഘടനയുടെ ഇഴപിരിച്ചെടുക്കുക എളുപ്പമല്ല. ഇതിനായി കമ്പ്യൂട്ടർ പ്രോഗ്രാമുകളുടേയും നിർമ്മിത ബുദ്ധിയുടെയും സഹായം തേടുകയാണ് നോബൽ നേടിയ ശാസ്ത്രജ്ഞർ ചെയ്തത്. പ്രോട്ടീനുകളുടെ സങ്കീർണ്ണമായ ഘടന മനസ്സിലാക്കാനും, കൃത്രിമമായി പ്രോട്ടീനുകളെ നിർമ്മിക്കാനും കഴിയുന്നത് കാൻസർ ഉൾപ്പടെയുള്ള പല രോഗങ്ങൾക്കും മരുന്നുകൾ വികസിപ്പിക്കാൻ സഹായിക്കും. കൂടാതെ രോഗാണുക്കളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിബോഡികൾ നിർമ്മിച്ച് വാക്സിൻ രൂപത്തിൽ നല്കാനുമാവും.

വാർദ്ധക്യത്തെ തടയാനും, ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാനുമൊക്കെ സഹായിക്കുന്ന വിധത്തിൽ പ്രോട്ടീനുകളുടെ പ്രവർത്തനം കൃത്യമായി മനസ്സിലാക്കാനും, പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റുന്ന കൃത്രിമ പ്രോട്ടീനുകൾ നിർമ്മിക്കാനും സഹായിക്കുന്നതാണ് ഇവരുടെ കണ്ടെത്തലുകൾ. ഓർഗാനിക് തന്മാത്രകൾ ദൈവത്തിനല്ലാതെ മനുഷ്യന് നിർമ്മിക്കാൻ സാധ്യമല്ല എന്ന് വിശ്വസിച്ചിരുന്ന കാലത്ത് നിന്ന് നിർമിത ജനിതകഘടനയുള്ള ജീവനോളം വളരാൻ ശാസ്ത്രത്തിന് കഴിഞ്ഞിരിക്കുന്നു. ആ യാത്രയിലെ ഒരു നാഴികക്കല്ലാണ് നൊബേലിലൂടെ ആദരിക്കപ്പെട്ടിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top