26 December Thursday

അക്ഷരം മ്യൂസിയം ; ഭാഷയ്‌ക്കും സാഹിത്യത്തിനും മ്യൂസിയം

അഡ്വ. പി കെ 
ഹരികുമാർUpdated: Friday Oct 11, 2024

 

ഓരോ വ്യക്തിയും തന്റെ തലമുറകളുടെ, ശരീര സവിശേഷതകളുടെ, സാമൂഹ്യ ജീവിതത്തിന്റെ, സംസ്കൃതിയുടെ പ്രതിഫലനമാണ്. അതുകൊണ്ട് ഒരു വ്യക്തിക്ക് ഒരു വ്യക്തിയായി മാത്രം നിലകൊള്ളാൻ കഴിയില്ല. പകരം ഭൂതകാലത്തിന്റെ കണ്ണാടിയായി, ഒരു മ്യൂസിയമായി ഓരോരുത്തരും നിലനിൽക്കുന്നുവെന്നാണ് ഡേവിഡ് ഡബ്ല്യു ആന്തണി ‘ The Horse, the Wheel, and Language’ എന്ന കൃതിയിൽ പറയുന്നത്. അതുകൊണ്ടുതന്നെ നാം ഒരു ചരിത്രമ്യൂസിയമോ ആർക്കിയോളജിക്കൽ എക്സിബിഷനോ കാണാൻ പോകുമ്പോൾ സംഭവിക്കുന്നത് തലമുറകളുടെ ചരിത്രശേഷിപ്പായ വർത്തമാന മനുഷ്യൻ തന്റെ തന്നെ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുന്ന പ്രക്രിയയാണ്. അതുകൊണ്ട് മ്യൂസിയങ്ങൾ ഒരാൾക്കും അന്യമല്ല.

കേരളത്തിലെ ആദ്യത്തെ മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിതമാകുന്നത് 1855ലാണ്. അവിടുന്നിങ്ങോട്ട് വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച് വിവിധതരം മ്യൂസിയങ്ങൾ നിർമിതമായി. പുരാവസ്തു മ്യൂസിയം, നാച്ചുറൽ മ്യൂസിയം, ചരിത്ര മ്യൂസിയങ്ങൾ തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. എന്നാൽ സാഹിത്യത്തെ, ഭാഷയെ, സംസ്കാരത്തെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള മ്യൂസിയങ്ങളെക്കുറിച്ച് കേട്ടുകേൾവിയില്ല. ലോകത്തുതന്നെ അഞ്ചോ ആറോ രാജ്യങ്ങളിൽ മാത്രമേ ഭാഷയെയും സംസ്കാരത്തെയും മുഖ്യവിഷയങ്ങളാക്കി തയ്യാറാക്കിയ മ്യൂസിയങ്ങൾ ഉള്ളൂ.

കേരള സർക്കാരിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം നിർമിക്കുന്ന അക്ഷരം, ഭാഷാ സാഹിത്യ സാംസ്കാരിക മ്യൂസിയം ഭാഷാ മ്യൂസിയങ്ങൾക്കുള്ള ഇന്ത്യൻ മാതൃകയായി തീരുമെന്ന കാര്യത്തിൽ സംശയമില്ല. 1945ൽ സ്ഥാപിതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘം ഏഷ്യയിലെ തന്നെ ആദ്യത്തെ എഴുത്തുകാരുടെ കൂട്ടായ്മയാണ്. 1945ൽ പുറത്തിറങ്ങിയ തകഴിയുടെ കഥകൾ മുതലിങ്ങോട്ട് മലയാളത്തിലെ ഒട്ടുമുക്കാൽ സാഹിത്യഗ്രന്ഥങ്ങളുടെയും ആദ്യപതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടത് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽനിന്നാണ്. മലയാളസാഹിത്യത്തെ ലോകത്തിനും ലോകസാഹിത്യത്തെ മലയാളത്തിനും പരിചയപ്പെടുത്തുന്നതിൽ സംഘം വഹിച്ച പങ്ക് ചെറുതല്ലാത്തതാണ്.

അക്ഷരത്തിനും സാഹിത്യത്തിനും സംസ്കാരത്തിനും വേണ്ടി സമർപ്പിക്കപ്പെടുന്ന അക്ഷരം മ്യൂസിയംപോലെ മറ്റൊരു സ്ഥാപനം ഇന്ത്യയിലുണ്ടായിട്ടില്ല. അന്തർദ്ദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 25,000 ചതുരശ്രയടിയിലാണ് മ്യൂസിയം നിർമിക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഭാഷയുടെ ഉൽപ്പത്തി മുതൽ മലയാളഭാഷയുടെ സമകാലികമുഖംവരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാണ് ആദ്യഘട്ടത്തിൽ. ഇന്ത്യൻ ഭാഷകളെയും ഏഷ്യൻ ഭാഷകളെയും മറ്റ് പ്രധാന ലോകഭാഷകളെയും വിശദമായി അടയാളപ്പെടുത്തുന്നതാണ് രണ്ടാംഘട്ടം. മൂന്ന് നാല് ഘട്ടങ്ങളിലായി മലയാള കവിത, ഗദ്യസാഹിത്യം, വൈജ്ഞാനികസാഹിത്യം, വിവർത്തനം തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്. മനുഷ്യർക്ക് എന്നുമുതലാണ് ഭാഷ സംസാരിക്കാനുള്ള ശേഷി കൈവന്നത് അല്ലെങ്കിൽ എന്നു മുതൽക്കാണ് മനുഷ്യഭാഷ രൂപപ്പെട്ടത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള പരിഹാരം കണ്ടെത്തിയാണ് അക്ഷരം മ്യൂസിയത്തിന്റെ ആദ്യഭാഗം ആരംഭിക്കുന്നത്.

വാമൊഴിയിൽനിന്ന് ഗുഹാവരകളായും ചിത്രലിപികളായും പരിണമിക്കുന്ന ആശയപ്രകാശനത്തിന്റെ വ്യത്യസ്ത തലങ്ങളെയാണ് ഒന്നാം ഗ്യാലറി പരിചയപ്പെടുത്തുന്നത്. ഭാഷയാർജ്ജിച്ച മനുഷ്യൻ തന്റെ ആവാസയിടങ്ങളിൽ തന്റെ ചുറ്റുപാടിനെയും ജീവിതവൃത്തിയെയും പലതായി അടയാളപ്പെടുത്തിവയ്‌ക്കുന്നുണ്ട്. അവ കോറിയിട്ട വരകളായും ചിത്രങ്ങളായും നമുക്ക് കാണാം.

അക്ഷരം മ്യൂസിയം രണ്ടാം ഗ്യാലറി വിശദമാക്കുന്നത് ഇന്ത്യൻ ലിപി സമ്പ്രദായങ്ങളുടെ ചരിത്രത്തെയാണ്. മലയാളത്തിൽ ഇന്ന് നാം ഉപയോഗിക്കുന്ന അക്ഷരങ്ങൾ എങ്ങനെ പരിണമിച്ചുണ്ടായി എന്ന് ഈ ഗ്യാലറി വിശദമാക്കുന്നുണ്ട്. വട്ടെഴുത്തും കോലെഴുത്തും മലയാൺമയും വിശദമായി അറിയാനും പഠിക്കാനുമുള്ള അവസരമുണ്ടിവിടെ. മ്യൂസിയത്തിന്റെ മൂന്നാം ഗ്യാലറി ആധുനികതയുടെ കടന്നുവരവിനുശേഷമുള്ള അച്ചടിയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ്. അച്ചടിവിപ്ലവം സാധ്യമാക്കിയ ഘടകങ്ങൾ, അച്ചടിക്കപ്പെട്ട ആദ്യകാല പുസ്തകങ്ങൾ, അച്ചടിയന്ത്രങ്ങളും സാങ്കേതികവിദ്യയും തുടങ്ങിയ വിവരണങ്ങൾ ഉൾപ്പെടുന്നതാണ് ഈ ഗ്യാലറി. കൂടാതെ കേരളത്തിലെ സാക്ഷരതാ ചരിത്രം, കേരളത്തിലെ ഗോത്ര ഭാഷകൾ, ദ്രാവിഡ ഭാഷകൾ, പ്രാദേശിക ഭാഷാഭേദങ്ങൾ തുടങ്ങിയ വിപുലമായ മേഖലതന്നെയുണ്ട്‌.

നാലാം ഗ്യാലറിയിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെക്കുറിച്ചുള്ള വിവരണങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അക്ഷരത്തെയും ഭാഷയെയും പരിപോഷിപ്പിച്ച ഒരു സഹകരണ സ്ഥാപനമെന്ന നിലയിൽ എസ്‌പിസിഎസിനെ ഈ ഗ്യാലറിയിൽ അടയാളപ്പെടുത്തുന്നു. ലോകഭാഷകളുടെ പ്രദർശനമാണ് അക്ഷരം മ്യൂസിയത്തിലെ ഏറെ കൗതുകമേറിയ മറ്റൊരു ഭാഗം. ലോകത്തിലെ 6752 ഭാഷകൾ ഇവിടെ കാണാം. ഭാഷകളും അതിന്റെ ലിപികളും ചരിത്രവും അടങ്ങുന്നതാണ് ഈ വിവരലോകം. ചുരുക്കത്തിൽ അക്ഷരം മ്യൂസിയം ഓരോരുത്തരെയും പലനിലയിൽ ആശ്ചര്യപ്പെടുത്തുന്നതാകും എന്ന കാര്യത്തിൽ സംശയമില്ല.

(സാഹിത്യ പ്രവർത്തക സഹകരണ സംഘം 
പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top