18 September Wednesday

പാർലമെന്റിലെ
 രാഷ്ട്രതന്ത്രജ്ഞൻ

എം പ്രശാന്ത്‌Updated: Thursday Sep 12, 2024


ന്യൂഡൽഹി
‘പൊതുമിനിമം പരിപാടിക്കുള്ളിൽ നിന്നുകൊണ്ട്‌ എന്തുവേണമെങ്കിലും ആയിക്കോളൂ. എത്രവേണമെങ്കിലും ആയിക്കോളൂ. അതുമാത്രമാണ്‌ ഉപാധി. എപ്പോഴും പൊതുമിനിമം പരിപാടിക്കുള്ളിൽ തുടരണം’–- 2005 ആഗസ്‌ത്‌ 23ന്‌ പാർലമെന്റിലെ തന്റെ കന്നിപ്രസംഗത്തിൽ സീതാറാം യെച്ചൂരി അർഥശങ്കയ്‌ക്ക്‌ ഇടയില്ലാത്തവിധം ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണയിൽ സിപിഐ എം നിലപാട്‌ വ്യക്തമാക്കി. ബംഗാളിൽനിന്ന്‌ രാജ്യസഭാംഗമായി തെരഞ്ഞെടുത്ത യെച്ചൂരിയുടെ സത്യപ്രതിജ്ഞ തൊട്ടുതലേന്നായിരുന്നു. പാർലമെന്ററി ജീവിതത്തിലെ തന്റെ രണ്ടാംദിവസത്തിൽത്തന്നെ പത്താം പഞ്ചവത്സരപദ്ധതിയുടെ ഇടക്കാല വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൃഷി, ദാരിദ്ര്യം, തൊഴിലില്ലായ്‌മ എന്നീ വിഷയങ്ങളിൽ രാജ്യസഭയിൽ പ്രത്യേക ചർച്ചയ്‌ക്ക്‌ തുടക്കമിട്ടുള്ള കന്നിപ്രസംഗം യെച്ചൂരി നടത്തി.

സർക്കാരിനെ പിന്തുണയ്‌ക്കുമ്പോൾത്തന്നെ, തൊഴിലില്ലായ്‌മയും ദാരിദ്ര്യവും വർധിക്കുന്നതും കാർഷികമേഖലയിലെ ഉൽപ്പാദനക്കുറവും കണക്കുകളുടെ അടിസ്ഥാനത്തിൽ യെച്ചൂരി അവതരിപ്പിച്ചു. കാർഷിക സബ്‌സിഡികൾ വെട്ടിക്കുറയ്‌ക്കാനുള്ള നീക്കത്തെ നിശിതമായി വിമർശിച്ചു. മുതിർന്ന കോൺഗ്രസ്‌ നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായ വി നാരായണസ്വാമിക്ക്‌ യെച്ചൂരിയുടെ വാക്കുകൾ അസ്വസ്ഥതയുണ്ടാക്കി. എന്തുകൊണ്ട്‌ സർക്കാരിൽ ചേർന്നുകൂടാ എന്ന നാരായണസ്വാമിയുടെ ചോദ്യം സഭയിൽ ചിരിപടർത്തി. ആ ക്ഷണം വിനയപൂർവം നിരസിക്കുന്നുവെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ സർക്കാരിനെ പിന്തുണയ്‌ക്കുന്നതിൽ സിപിഐ എം മുന്നോട്ടുവയ്‌ക്കുന്ന ഏക ഉപാധി എന്തെന്ന്‌ യെച്ചൂരി വിശദമാക്കിയത്‌.

2005 ആഗസ്‌തുമുതൽ 2017 ആഗസ്‌തുവരെയായിരുന്നു രണ്ട്‌ ടേമായി യെച്ചൂരി രാജ്യസഭയിലുണ്ടായത്‌. ആറുവർഷം നീണ്ട എൻഡിഎ ഭരണം അവസാനിപ്പിച്ച്‌ അധികാരത്തിലെത്തിയ ഒന്നാം യുപിഎ സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിർണായകമായ യുപിഎ–-ഇടതുപക്ഷ ഏകോപനസമിതി അംഗംകൂടിയായ യെച്ചൂരിയുടെ പാർലമെന്റിലേക്കുള്ള വരവിന്‌ വലിയ രാഷ്ട്രീയമാനമുണ്ടായിരുന്നു. പാർലമെന്റിൽ യെച്ചൂരിയുടെ ഓരോ വാക്കിനും സർക്കാർ വിലകൽപ്പിച്ചു. എത്ര തിരക്കുണ്ടായാലും പ്രധാനമന്ത്രി മൻമോഹൻ സിങ്‌ ഉൾപ്പെടെ സർക്കാരിലെ പ്രമുഖർ യെച്ചൂരിയുടെ പ്രസംഗം കേൾക്കാൻ സഭയിൽ എത്തുമായിരുന്നു. ഒന്നാം യുപിഎ സർക്കാരിൽ ജസ്വന്ത്‌ സിങ്ങും രണ്ടാം യുപിഎ സർക്കാരിൽ അരുൺ ജെയ്‌റ്റ്‌ലിയുമായിരുന്നു പ്രതിപക്ഷനേതാക്കൾ. യെച്ചൂരിയെ കേൾക്കാൻ അവരും മുടക്കമില്ലാതെ എത്തി.

നവലിബറൽ പരിഷ്‌കാരങ്ങൾക്ക്‌ അനുസൃതമായ നയസമീപനങ്ങൾ, അമേരിക്കൻ സാമ്രാജ്യത്വത്തോട്‌ കൂടുതൽ വിധേയപ്പെടുന്ന വിദേശനയം, ഫെഡറൽ ഘടനയ്‌ക്ക്‌ വിരുദ്ധമായ നിലപാടുകൾ, ചങ്ങാത്ത മുതലാളിത്തത്തെ പ്രീതിപ്പെടുത്തുന്ന ഭരണതീരുമാനങ്ങൾ, പാർലമെന്റിന്റെ അധികാരങ്ങളെ ദുർബലപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ യുപിഎ സർക്കാരിനെ വിമർശിക്കാൻ യെച്ചൂരി മടികാട്ടിയില്ല. രണ്ടാം യുപിഎ സർക്കാർ പൂർണമായും ചങ്ങാത്തമുതലാളിത്തത്തിൽ കുടുങ്ങി അഴിമതിയിൽ മുങ്ങിയപ്പോൾ യെച്ചൂരി രൂക്ഷമായിത്തന്നെ ഭരണപക്ഷത്തെ കടന്നാക്രമിച്ചു. വർഗീയതയ്‌ക്കെതിരെയും നിരന്തരം ശബ്‌ദമുയർത്തി. രാമന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാറിനെ വിമർശിച്ചുള്ള പ്രസംഗങ്ങളിലെല്ലാം, തന്റെ പേര്‌ സീതാറാം എന്നാണെന്നും സീതയും രാമനും ചേരുന്നതാണ്‌ താനെന്നും യെച്ചൂരി ഓർമപ്പെടുത്തി. രാജ്യത്ത്‌ നിലനിൽക്കുന്ന കൊടിയ ചൂഷണവും അസമത്വവും തുറന്നുകാട്ടിയുള്ള ശ്രദ്ധേയമായ ഒട്ടനവധി പ്രസംഗങ്ങളും നടത്തി. ‘ഷൈനിങ്‌ ഇന്ത്യ, സഫറിങ്‌ ഇന്ത്യ’ എന്ന പ്രയോഗവും യെച്ചൂരിയുടേതാണ്‌. ഇത്‌ പിന്നീട്‌ രാഹുൽ ഗാന്ധിയും ഏറ്റെടുത്തു.

ആണവ കരാർ വിഷയത്തിൽ ഒന്നാം യുപിഎയുമായി ഇടതുപക്ഷം ഇടഞ്ഞപ്പോൾ കരാറിന്റെ ദൂഷ്യവശങ്ങൾ പലവട്ടം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ആണവോർജത്തിന്‌ ഇടതുപക്ഷം എതിരല്ലെന്ന്‌ ആമുഖമായി പറഞ്ഞുകൊണ്ടായിരുന്നു വിമർശമെല്ലാം. ആണവോർജം മറ്റ്‌ ഊർജസ്രോതസ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ ചെലവേറിയതാണെന്ന്‌ ചൂണ്ടിക്കാട്ടി. ആണവക്കരാറിലൂടെ രണ്ടു ദശകകാലയളവിൽ 40,000 മെഗാവാട്ട്‌ വൈദ്യുതി അധികമായി കണ്ടെത്തുകയാണ്‌ ലക്ഷ്യമെന്നായിരുന്നു സർക്കാർവാദം. എന്നാൽ, അതിന്‌ മൂന്നുലക്ഷം കോടി രൂപയാണ്‌ അധികച്ചെലവെന്ന്‌ യെച്ചൂരി ചൂണ്ടിക്കാട്ടി. 1980നുശേഷം അമേരിക്ക ആണവോർജത്തിൽനിന്ന്‌ ഒരു മെഗാവാട്ടുപോലും ഉൽപ്പാദിപ്പിച്ചിട്ടില്ല. അവിടത്തെ ആണവ റിയാക്ടർ കമ്പനികൾക്ക്‌ കൊള്ളലാഭമുണ്ടാക്കുകയാണ്‌ ലക്ഷ്യം. ഒപ്പം ഇന്ത്യ യുഎസിന്റെ സാമന്തരാജ്യമായി പൂർണമായി മാറുകയും ചെയ്യും–- ആണവക്കരാറിനെതിരെ നടത്തിയ പ്രസംഗങ്ങളിൽ യെച്ചൂരി ചൂണ്ടിക്കാട്ടി. ആണവക്കരാർ ഒപ്പിടുന്നതിനുമുമ്പ്‌ ഇന്ത്യയുടെ ആണവോർജ ഉൽപ്പാദനം 4020 മെഗാവാട്ടായിരുന്നു. ഇപ്പോൾ അത്‌ 8080 മെഗാവാട്ടാണ്‌. കരാർ ഒപ്പിട്ട്‌ ഒന്നരദശകം പിന്നിട്ടിട്ടും അതിൽനിന്ന്‌ ഒരു നേട്ടവും രാജ്യത്തിനുണ്ടായില്ല. ഈ വസ്‌തുതയിൽനിന്നുതന്നെ പാർലമെന്റിൽ യെച്ചൂരി നൽകിയ മുന്നറിയിപ്പുകളുടെ കൃത്യത വെളിപ്പെടുന്നുണ്ട്‌.
12 വർഷം നീണ്ട പാർലമെന്ററി ജീവിതത്തിൽ 1689 ഇടപെടലുകളാണ്‌ യെച്ചൂരി സഭയിൽ നടത്തിയത്‌. 975 പ്രസംഗങ്ങൾ നടത്തി. രാഷ്ട്രീയവിദ്യാർഥികൾക്കുംമറ്റും കൃത്യമായ ദിശാബോധം പകരുന്നതാണ്‌ ഓരോ പ്രസംഗവും. അതിൽ നല്ലൊരു പങ്കും ചരിത്രത്തിൽത്തന്നെ ഇടംപിടിച്ചവയുമാണ്‌.      


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top