18 September Wednesday

ജമ്മു കശ്‌മീർമുതൽ ഇലക്ടറൽ ബോണ്ട്‌ വരെ ; പോരാട്ടങ്ങളുടെ നായകൻ

സാജൻ എവുജിൻUpdated: Thursday Sep 12, 2024


ന്യൂഡൽഹി
ജമ്മു കശ്‌മീരിനെയാകെ  മോദിസർക്കാർ 2019ൽ തടവറയാക്കി മാറ്റിയപ്പോൾ ആദ്യം ശബ്ദമുയർത്തിയ ദേശീയ നേതാവാണ്‌ സീതാറാം യെച്ചൂരി.  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ ചികിത്സയടക്കം നിഷേധിച്ച്‌ വീട്ടുതടങ്കലിൽ പാർപ്പിച്ചതിനെതിരെ യെച്ചൂരി നിയമപോരാട്ടം നടത്തി. ഒടുവിൽ തരിഗാമിയെ,  ശ്രീനഗറിലെ  അദ്ദേഹത്തിന്റെ വസതിയിലെത്തി കാണാനും വിദഗ്‌ധപരിശോധനയ്‌ക്ക്‌ ഡൽഹിയിലേക്ക്‌ കൊണ്ടുവരാനും സുപ്രീംകോടതി  യെച്ചൂരിക്ക്‌ അനുമതി നൽകി. കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പാർടികളുടെ നേതാക്കൾക്ക്‌ ജമ്മു -കശ്‌മീർ സന്ദർശിക്കാൻ വഴിയൊരുങ്ങിയത്‌ ഇതിനുപിന്നാലെയാണ്‌.

അഴിമതിയെ സ്ഥാപനവൽക്കരിക്കാനും അതിന്‌ നിയമസാധുത നൽകാനും മോദിസർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ടുകൾക്കെതിരായി രാഷ്‌ട്രീയവും നിയമപരവുമായ പോരാട്ടം നയിച്ചതും യെച്ചൂരിയാണ്‌. ഇലക്ടറൽ ബോണ്ടുകൾ സുപ്രീംകോടതി റദ്ദാക്കാനും അഴിമതിയുടെ വ്യാപ്‌തി  രാജ്യത്തിനും ജനങ്ങൾക്കും ബോധ്യമാകാനും ഈ പോരാട്ടം വഴിയൊരുക്കി. കേസിൽ കക്ഷിചേർന്ന ഏക രാഷ്‌ട്രീയപാർടി സിപിഐ എമ്മാണ്‌. ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന്‌ തുടക്കത്തിലേ സിപിഐ എം പ്രഖ്യാപിക്കുകയും ചെയ്‌തു.

മോദിസർക്കാർ 2014ൽ അധികാരത്തിൽ വന്നശേഷം നടപ്പാക്കിയ നോട്ടുനിരോധനം, പൗരത്വഭേദഗതി നിയമം, വിദ്യാഭ്യാസ–-സാംസ്‌കാരിക മേഖലകളിലെ കാവിവൽക്കരണം, ന്യൂനപക്ഷങ്ങൾക്കുനേരെ സംഘപരിവാർ -അഴിച്ചുവിട്ട ആക്രമണങ്ങൾ എന്നിവയ്‌ക്കെതിരെ ജനവികാരം ഉയർത്തുന്നതിൽ യെച്ചൂരി പ്രധാന പങ്ക്‌ വഹിച്ചു. കോവിഡുകാലത്ത്‌ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും പട്ടിണി കിടന്നപ്പോൾ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവച്ചത്‌ സിപിഐ എമ്മാണ്‌. ഈ ആവശ്യം ഉന്നയിച്ച്‌ യെച്ചൂരി തുടർച്ചയായി ഓൺലൈൻ വാർത്താസമ്മേളനങ്ങൾ നടത്തി. രാഷ്‌ട്രീയനേതാക്കളുടെ ഓൺലൈൻ വാർത്താസമ്മേളനങ്ങൾക്ക്‌ തുടക്കമിട്ടതും യെച്ചൂരിയാണ്‌.  എ കെ ജി ഭവൻ സ്ഥിതിചെയ്യുന്ന ഗോൾ മാർക്കറ്റിൽ  സിപിഐ എം നേതാക്കൾ നിരന്നുനിന്ന്‌ പ്രതിഷേധിച്ചു. അക്കാലത്ത്‌ മറ്റിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി ഇല്ലായിരുന്നു. സിപിഐ എമ്മിന്റെ ഈ ആവശ്യവും ആദ്യം ഇതര ഇടതുപക്ഷ പാർടികളും പിന്നീട്‌ പ്രതിപക്ഷം ഒന്നാകെയും ഏറ്റെടുത്തു. ഇതേത്തുടർന്നാണ്‌ പ്രധാനമന്ത്രി സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി പ്രഖ്യാപിച്ചത്‌.  കോവിഡ്‌ വാക്‌സിൻ നൽകുന്നതിന്‌ വൻതുക ഈടാക്കുന്നതിനെതിരെയും യെച്ചൂരി പ്രചാരണം നയിച്ചു.

ഇത്തരം വിഷയങ്ങളിൽ രൂപപ്പെട്ട പ്രതിപക്ഷ ഐക്യമാണ്‌ ക്രമേണ ഇന്ത്യ കൂട്ടായ്‌മയായി വളർന്നത്‌.   കോർപറേറ്റ്‌ അജൻഡകൾക്കെതിരെ ഇടതുപക്ഷം വിതച്ച മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത്‌ കർഷകർ നടത്തിയ ഐതിഹാസിക പ്രക്ഷോഭവും അതിന്റെ വിജയവും പ്രതിപക്ഷത്തിന്‌ ആവേശം പകർന്നു. ഇത്തരത്തിൽ കഴിഞ്ഞ 10 വർഷം ബിജെപിയുടെ അമിതാധികാരവാഴ്‌ചയ്‌ക്കെതിരായ പോരാട്ടത്തിന്‌ അരങ്ങിലും അണിയറയിലും നേതൃത്വം നൽകുകയായിരുന്നു യെച്ചൂരി. ചെറുപ്പത്തിൽ പ്രകടിപ്പിച്ച പോരാട്ടവീറ്‌ അവസാനനാളുകൾവരെ അദ്ദേഹം കൈവിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിട്ടും ദുർഘടമേഖലകൾ സന്ദർശിച്ച്‌ ജനങ്ങൾക്ക്‌ പ്രതീക്ഷ പകർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top