ദസറ ആഘോഷങ്ങളുടെ ഭാഗമായി ദുർഗാവിഗ്രഹം നദിയിൽ നിമജ്ജനം ചെയ്യുന്നതിന്റെ മുന്നോടിയായി നടന്ന ഘോഷയാത്രയാണ് വർഗീയ ലഹളയ്‌ക്ക് കാരണമായത്. ഉത്തരേന്ത്യയിലെങ്ങും ഹിന്ദുമതവുമായി ബന്ധപ്പെട്ട ഇത്തരം ഘോഷയാത്രകളാണ് വർഗീയ ലഹളകൾക്ക് തുടക്കമിടാൻ ആർഎസ്എസും ഹിന്ദുത്വവാദികളും ഉപയോഗിക്കാറ്. ദസറ, ശ്രീകൃഷ്‌ണ ജയന്തി, രാമനവമി, ഗണേശ് ചതുർഥി തുടങ്ങിയ ഉത്സവദിവസങ്ങളിൽ നടക്കുന്ന ഘോഷയാത്രകൾ വർഗീയ സംഘർഷ യാത്രകളായി മാറുന്ന കാഴ്‌ച ഉത്തരേന്ത്യയിൽ പതിവായിട്ടുണ്ട്.
നേപ്പാളിനോട് അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെ ജില്ലയാണ് ബഹ്റായിച്ച്. ബർ രാജവംശത്തിൽ നിന്നാണ് ഈ പേര് ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഘഗ്റ, സരയൂ, റാപ്തി എന്നീ നദികൾ ഒഴുകുന്ന കാർഷിക സമ്പന്നമായ പ്രദേശമാണെങ്കിലും ഉത്തർപ്രദേശിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലകളിലൊന്നാണിത്.
മൗര്യ, ഗുപ്ത രാജാക്കന്മാരും സുൽത്താൻ വംശജരും മുഗൾ വംശജരും ഭരിച്ച പ്രദേശം. തുടർന്ന് ഔധ് (അവധ്) നവാബുമാരുടെയും ബ്രിട്ടീഷുകാരുടെയും ഭരണത്തിലിരുന്ന പ്രദേശം. ഒന്നാം സ്വാതന്ത്ര്യസമരത്തിലും ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിലും പ്രധാന പങ്കുവഹിച്ച ദേശമാണെങ്കിലും ആർഎസ്എസിനും അവരുടെ പ്രത്യയശാസ്‌ത്രത്തിനും വേരോട്ടമുള്ള പ്രദേശം കൂടിയാണിത്.
കേരളവുമായി ചില വിദൂര ബന്ധങ്ങളും ബഹ്റായിച്ചിനുണ്ട്. അതിലൊന്ന്, നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോക്‌സഭയിലെത്തിയത് ഈ മണ്ഡലത്തിൽ നിന്നാണ്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ നിറംമാറ്റത്തിന്റെ വേദി കൂടിയാണ് ഈ മണ്ഡലം.
1980ൽ ആദ്യമായി ലോക്‌സഭാംഗമായത് കാൺപൂരിൽ നിന്നാണെങ്കിലും 1984ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തന്നെ ടിക്കറ്റിൽ ബഹ്റായിച്ചിൽ നിന്നാണ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടത്.
1989ലെ തെരഞ്ഞെടുപ്പിൽ ജനതാദൾ ടിക്കറ്റിൽ ഇതേ മണ്ഡലത്തിൽനിന്ന് എംപിയായി. 1998ൽ ബിഎസ്‌പി ടിക്കറ്റിലും. 2004ൽ ബിജെപിയിൽ ചേർന്ന ശേഷം ബഹ്റായിച്ച് ജില്ലയിലെ മറ്റൊരു മണ്ഡലമായ കൈസർഗഞ്ചിൽ നിന്ന് ഖാൻ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അയോധ്യയിൽ 1949 ഡിസംബറിൽ മഹന്ത് അഭിറാം ദാസ് രാത്രിയുടെ മറവിൽ ബാലകരാമന്റെ വിഗ്രഹം ബാബ്റി മസ്‌ജിദിൽ സ്ഥാപിച്ച ഘട്ടത്തിൽ ജില്ലാ മജിസ്‌ട്രേറ്റായിരുന്നു മലയാളിയായ കെ കെ നായർ എന്ന കരുണാകരൻ പിള്ള. അഭിറാം ദാസ് സ്ഥാപിച്ച വിഗ്രഹങ്ങൾ സരയൂ നദിയിൽ എറിയാൻ പറഞ്ഞ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ കേൾക്കാതെ ആ വിഗ്രഹത്തിന് സംരക്ഷണം നൽകിയത് കെ കെ നായരായിരുന്നു.
അതിനുള്ള ഉപകാരസ്മരണയായി ഭാരതീയ ജനസംഘം 1957ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബഹ്റായിച്ചിൽ നിന്ന് ടിക്കറ്റ് നൽകിയത് കെ കെ നായർക്കായിരുന്നു. അദ്ദേഹം ജയിക്കുകയും ചെയ്‌തു. കെ കെ നായരുടെ ഭാര്യ ശകുന്തളാ ദേവിയാകട്ടെ 1952ൽ ജില്ലയിൽത്തന്നെയുള്ള മണ്ഡലമായ കൈസർഗഞ്ചിൽ നിന്ന് ഹിന്ദു മഹാസഭാ ടിക്കറ്റിൽ വിജയിച്ച് ലോക്‌സഭയിലെത്തി.
1957ൽ ഭാരതീയ ജനസംഘത്തിന്റെ ടിക്കറ്റിലും വിജയിച്ചു. 1996 മുതൽ 2009 വരെ ഈ മണ്ഡലത്തിൽ നിന്നു വിജയിച്ചത് ഗുസ്‌തി താരങ്ങൾ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ബ്രിജ് ഭൂഷൺ ശരൺസിങ് ആയിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ മകൻ കരൺ ഭൂഷൺ സിങ്ങും.
ഇത്രയും പറഞ്ഞത് ബഹ്റായിച്ചിന് ഹിന്ദുത്വരാഷ്‌ട്രവാദികളുമായുള്ള ബന്ധം സൂചിപ്പിക്കാനാണ്. എന്നാൽ വലിയ വർഗീയലഹളകളൊന്നും ഇവിടെ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ ഒക്ടോബർ 13, 14 തീയതികളിലായി വലിയ തോതിലുള്ള വർഗീയ ലഹളയ്‌ക്ക് ബഹ്റായിച്ച് സാക്ഷിയായി. 23 കാരനായ രാം ഗോപാൽ മിശ്ര വെടിയേറ്റു മരിച്ചതൊഴിച്ചാൽ കൂടുതൽ ആൾനാശമുണ്ടായില്ല എന്നതാണ് ആശ്വാസകരമായ കാര്യം.
എന്നാൽ മിശ്രയുടെ കൊലപാതകം കരുവാക്കി മുസ്ലീങ്ങളുടെ കടകളും വീടുകളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. നൂറുകണക്കിനാളുകൾ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിൽ കുടുംബസമേതം അഭയം തേടി. ദിവസങ്ങൾക്ക് ശേഷവും നിരവധി കുടുംബങ്ങൾ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയന്ന് പൊലീസ് സ്‌റ്റേഷനു മുമ്പിൽ താമസിക്കുകയാണ് എന്ന് 'ന്യൂസ് ലോണ്ടറി’ റിപ്പോർട്ട് ചെയ്‌തു.
ദസറ ആഘോഷങ്ങളുടെ ഭാഗമായി ദുർഗാവിഗ്രഹം നദിയിൽ നിമജ്ജനം ചെയ്യുന്നതിന്റെ മുന്നോടിയായി നടന്ന ഘോഷയാത്രയാണ് വർഗീയ ലഹളയ്‌ക്ക് കാരണമായത്. ഉത്തരേന്ത്യയിലെങ്ങും ഹിന്ദുമതവുമായി ബന്ധപ്പെട്ട ഇത്തരം ഘോഷയാത്രകളാണ് വർഗീയ ലഹളകൾക്ക് തുടക്കമിടാൻ ആർഎസ്എസും ഹിന്ദുത്വവാദികളും ഉപയോഗിക്കാറ്.
ദസറ, ശ്രീകൃഷ്‌ണ ജയന്തി, രാമനവമി, ഗണേശ് ചതുർഥി തുടങ്ങിയ ഉത്സവ ദിവസങ്ങളിൽ നടക്കുന്ന ഘോഷയാത്രകൾ വർഗീയ സംഘർഷ യാത്രകളായി മാറുന്ന കാഴ്‌ച ഉത്തരേന്ത്യയിൽ പതിവായിട്ടുണ്ട്.
അതുതന്നെയാണ് ബഹ്റായിച്ചിലും സംഭവിച്ചത്. ഒക്‌ടോബർ 13ന് മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുകൂടി യാത്ര കടന്നുപോകവെയാണ് സംഘർഷം ഉണ്ടായത്. ഇത്തരം യാത്രാ റൂട്ട് ബോധപൂർവം തെരഞ്ഞെടുക്കുകയാണ് സംഘാടകർ. സംഘർഷ സാധ്യത കണക്കിലെടുത്ത് ഈ റൂട്ട് മാറ്റി നിശ്ചയിക്കാൻ ഇടപെടേണ്ട പൊലീസ് അധികൃതർ അതിന് തയ്യാറാകാത്തതും വർഗീയ ലഹളയ്‌ക്ക് കാരണമാകുന്നു.
മതഘോഷയാത്രയാണെങ്കിലും അതിന് അകമ്പടിയായി ഡിജെ മ്യൂസിക് സിസ്‌റ്റവും ഉണ്ടാകും. ഇതിലൂടെ പുറത്തുവരുന്നത് പ്രകോപനപരമായ അശ്ലീലച്ചുവയുള്ള പാട്ടുകളാണ്.
മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന ഇത്തരം പാട്ടുകൾക്ക് മതാഘോഷവുമായി ഒരു ബന്ധവുമില്ലെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും അത് മതഘോഷയാത്രയുടെ അവിഭാജ്യഘടകമാകുന്നത് വർഗീയ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തം. ബഹ്റായിച്ചിൽ സംഭവിച്ചതും അതുതന്നെയാണ്.
മുസ്ലീങ്ങൾ ഈ ഡിജെ മ്യൂസിക് നിർത്തണമെന്നാവശ്യപ്പെട്ടു. സ്വാഭാവികമായും സംഘർഷമുണ്ടായി. അതിനിടയിൽ ഒരു ഹിന്ദു യുവാവ് ഒരു മുസ്ലിം വീടിന്റെ മട്ടുപ്പാവിലേക്ക് വലിഞ്ഞുകയറി അവിടെ ഉണ്ടായിരുന്ന പച്ചക്കൊടി കൊടിമരത്തോടെ തകർത്തു.
എന്നിട്ട് കാവിക്കൊടി ഉയർത്തി വീശി. രാം ഗോപാൽ മിശ്ര എന്ന യുവാവ് ഇത് ചെയ്യുമ്പോൾ വീടിന് താഴെയുള്ള റോഡിൽ നൂറുകണക്കിനാളുകൾ 'ജയ് ശ്രീ രാം ജയ് ബജ്രംഗ്‌ബലി’ വിളികൾ ഉയർത്തി മിശ്രയെ പ്രോത്സാഹിപ്പിച്ചു.
ഇതിനിടയിലാണ് രാം ഗോപാൽ മിശ്ര വെടിയേറ്റ് മരിക്കുന്നത്. ഈ സംഭവങ്ങൾ നടക്കുന്ന വേളയിലൊന്നും പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ല. കലാപകാരികൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് നൽകുകയായിരുന്നു പൊലീസ്.
ഏതായാലും മിശ്രയെന്ന യുവാവിന്റെ കൊലപാതകത്തോടെയാണ് ഹിന്ദു വർഗീയവാദികൾ രണ്ടു ദിവസത്തോളം അഴിഞ്ഞാടിയത്. പിന്നീട് പൊലീസെത്തി വെടിവയ്‌പ്പ് നടത്തിയവരെന്ന് സംശയിക്കുന്ന മുഹമ്മദ് സർഫാറസ്, മുഹമ്മദ് തലീം എന്നീ യുവാക്കളെ അറസ്‌റ്റ് ചെയ്‌തു.
ഇവരെ തെളിവെടുപ്പിന് കൊണ്ടുപോകവെ അക്രമത്തിന് മുതിർന്നതിനാൽ ഏറ്റുമുട്ടൽ നടത്തേണ്ടിവന്നുവെന്നും അതിൽ ഇരുവരുടെയും കാൽമുട്ടിന് താഴെ വെടിവയ്‌ക്കേണ്ടി വന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. മിശ്രയുടെ കുടുംബവും സർഫാറസിന്റെ കുടുംബവും തമ്മിൽ നേരത്തേ തന്നെ തർക്കങ്ങൾ പതിവായിരുന്നുവത്രെ.
രാം ഗോപാൽ മിശ്രയുടെ കൊലപാതകത്തെ വർഗീയ ലഹള ആളിക്കത്തിക്കാൻ ഹിന്ദു വർഗീയവാദികൾ സമർഥമായി ഉപയോഗിച്ചു. മിശ്രയെ ഷോക്കടിപ്പിച്ച് പീഡിപ്പിക്കുകയും വാൾ കൊണ്ട് വെട്ടുകയും ചെയ്തുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇവർ പ്രചരിപ്പിച്ചു. ഹിന്ദുക്കൾ അപകടത്തിൽ എന്ന പതിവ് പല്ലവിയും ആവർത്തിക്കപ്പെട്ടു. എന്നാൽ മിശ്രയുടെ ശരീരത്തിൽ വെടിയേറ്റ മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് പൊലീസ് വ്യക്തമാക്കി.
മിശ്ര കൊല്ലപ്പെട്ടതറിഞ്ഞതോടെ ആയിരക്കണക്കിന് ആർഎസ്എസ്‐ബിജെപി അനുകൂലികൾ വടിയും വാളും കുന്തവും പെട്രോൾ നിറച്ച കുപ്പികളുമായി ബഹ്റായിച്ചിലെ മഹാരാജ് ഗഞ്ചിലൂടെ കൊലവിളിയുമായി മുന്നേറി. 13ന് രാത്രിയും 14ന് പകലുമായാണ് വർഗീയവാദികൾ അഴിഞ്ഞാടിയത്. വഴിയുലടനീളം മുസ്ലിം വീടുകൾക്കും കടകൾക്കും അവർ തീവെച്ചു.
ബഹ്‌റായിച്ച് കലാപത്തിൽ അഗ്നിക്കിരയായ വാഹനങ്ങൾ
ബൈക്കും സ്‌കൂട്ടറും കാറും ജീപ്പും കത്തിച്ചാമ്പലായി. ഗ്യാസ് സിലിണ്ടറുകളും വിലപിടിപ്പുള്ള സാധനങ്ങളും ധാന്യങ്ങളും ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളും മോഷ്ടിക്കപ്പെട്ടു.
ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും അഗ്നിക്കിരയാക്കപ്പെട്ടതിൽ ഉൾപ്പെടും. നഗരത്തിലെ പ്രധാന ആശുപത്രിയായ ലഖ്നൌ സേവാ ഹോസ്‌പിറ്റൽ പൂർണമായും തകർക്കപ്പെട്ടു. വിലപിടിപ്പുള്ള മെഡിക്കൽ ഉപകരണങ്ങൾ വരെ അഗ്നിക്കിരയായി.
വർഗീയ ലഹളയുമായി ബന്ധപ്പെട്ട് 14 എഫ്ഐആറാണ് ഫയൽ ചെയ്യപ്പെട്ടത്. ഇതിൽ എട്ടും മുസ്ലീങ്ങൾക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ചാണെന്ന് 'ദ വയർ’ റിപ്പോർട്ട് ചെയ്‌തു.
മഹാരഞ്ച് ഗഞ്ച് ബസാർ, ചന്ദപാഡ, റാസി ക്രോസിങ്, മഹാസി ബ്ലോക്ക് കസബ, സുധിവാർപൂർ എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് ഈ എഫ്ഐആറുകൾ വെളിപ്പെടുത്തുന്നു. കദ്‌രൂന, ബെഗ്‌മ, ഷരീഫ് ഉസ് നിസ എന്നീ സ്‌ത്രീകളും എഫ്ഐആർ ഫയൽ ചെയ്യുകയുണ്ടായി.
അക്രമികൾ വീടുകൾക്ക് തീയിട്ടുവെന്നും വിലപിടിപ്പുള്ള എല്ലാ വസ്‌തുക്കളും നശിപ്പിച്ചുവെന്നും 'കൊല്ലും എന്ന് ഭീഷണിപ്പെടുത്തി’ എന്നും കദ്‌രൂന എഫ്ഐആറിൽ പറഞ്ഞു. ബെഗ്‌മയുടെ പരാതിയിൽ പറയുന്നത് വീടും മോട്ടോർ സൈക്കിളും കത്തിച്ചുവെന്നും രണ്ട് ആടുകളെയും ഗ്യാസ് സിലിണ്ടറും എടുത്തുകൊണ്ടുപോയി എന്നുമാണ്. വാട്ടർ ടാങ്കും പൈപ്പുകളും കാറും നശിപ്പിച്ചുവെന്നാണ് ഷരീഫ് ഉൻ നിസയുടെ പരാതി.
ബഹ്റായിച്ചിലെ പ്രമുഖ ബിജെപി നേതാവും മഹാസി എംഎൽഎയുമായ സുരേശ്വർ സിങ്ങും എഫ്ഐആർ ഫയൽ ചെയ്യുകയുണ്ടായി. താൻ സഞ്ചരിച്ച കാറിനുനേരേ ആക്രമണമുണ്ടായി എന്നും മകൻ അഖണ്ഡ് പ്രതാപ് സിങ്ങിനെതിരെ വെടിവയ്‌ക്കുമെന്ന് ഭീഷണി ഉയർന്നുവെന്നുമാണ് സുരേശ്വർ സിങ്ങിന്റെ പരാതി.
കലാപത്തിന് കാരണക്കാർ ബിജെപി തന്നെയാണെന്ന് സ്വന്തം എംഎൽഎ തന്നെ പരാതിപ്പെട്ടതോടെ ബിജെപിയും യോഗി സർക്കാരും ഒരുേപാലെ വെട്ടിലായി.
എഫ്ഐആറിൽ പരാമർശിച്ച പേരുകൾ ബിജെപിയുമായി ബന്ധപ്പെട്ടവരുടേതാണ്. ആദ്യ പേരുകാരനായ അർപിത് ശ്രീവാസ്‌ത ബിജെപിയുടെ യുവജന സംഘടനയായ യുവമോർച്ചയുടെ നഗര അധ്യക്ഷനാണ്. അതുപോലെ എഫ്ഐആറിലെ മറ്റ് ആറുപേരുകാരും ഹിന്ദുക്കളാണ്.
സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് സിങ് യാദവ് ഉൾപ്പെടെ സുരേശ്വർ സിങ്ങിന്റെ എഫ്ഐആർ ചൂണ്ടിക്കാട്ടി ബിജെപിയാണ് കലാപത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്‌തു.
പ്രതിപക്ഷത്തിന്റെ ഈ ആരോപണത്തിന് ബലമേകുന്നതാണ് ഹിന്ദി മേഖലയിൽ പ്രചാരത്തിൽ രണ്ടാം സ്ഥാനത്തുള്ള 'ദൈനിക് ഭാസ്‌കർ’ എന്ന ഹിന്ദി ദിനപത്രം നടത്തിയ സ്‌റ്റിങ് ഓപ്പറേഷൻ. കലാപത്തിൽ പങ്കെടുത്ത രണ്ട് യുവാക്കളുടെ തുറന്നുപറച്ചിൽ വീഡിയോ സഹിതമാണ് ‘ദൈനിക് ഭാസ്‌കർ’ പുറത്തുവിട്ടത്.
ശിവം, ശുഭം ശ്രീവാസ്തവ് എന്നീ ലേഖകർ ബേഡ്‌വ ഗ്രാമത്തിൽ നടത്തിയ സ്‌റ്റിങ് ഓപ്പറേഷനാണിത്. ‘മുസ്ലിം വിരുദ്ധ കലാപം നടത്താൻ പൊലീസ് രണ്ട് മണിക്കൂർ അനുവദിച്ചിരുന്നു’വെന്നതാണ് ഈ യുവാക്കളുടെ പ്രധാന വെളിപ്പെടുത്തൽ.
കൂടുതൽ സമയം തന്നിരുന്നുവെങ്കിൽ മഹാരാജ് ഗഞ്ച് പൂർണമായും കത്തിച്ചേനെയെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. പൊലീസ് ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു.
മാധ്യമപ്രവർത്തകർക്ക് നേരേ നടപടി സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ഇതെഴുതുന്നതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ മൗനാനുവാദത്തോടെ നടന്നതാണ് ബഹ്റായിച്ച് കലാപം എന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.
ബിജെപി എംഎൽഎ സുരേശ്വർ സിങ്ങിന്റെ അനുമതിയില്ലാതെ ബഹ്റായിച്ചിൽ ഒന്നും നടക്കില്ലെന്ന് ഒരു പൊലീസ് ഓഫീസർ വീഡിയോയിൽ പറയുന്നുമുണ്ട്. ഇതെല്ലാം വിരൽചൂണ്ടുന്നത് കലാപം ആസൂത്രിതമായിരുന്നുവെന്നാണ്.
വർഗീയ കലാപവുമായി ബന്ധപ്പെട്ട് 90 പേരെ അറസ്‌റ്റ് ചെയ്‌തെങ്കിലും സുരേശ്വർ സിങ്ങിന്റെ എഫ്ഐആറിൽ പരാമർശിച്ച ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. ഈ എഫ്ഐആറിനെക്കുറിച്ചും ‘ദൈനിക് ഭാസ്‌കറി’ന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും ഗോദി മീഡിയക്ക് മിണ്ടാട്ടവുമില്ല. കലാപവുമായോ ബിജെപിയുമായോ തന്റെ പരാതിക്ക് ബന്ധമൊന്നുമില്ലെന്ന് പറഞ്ഞ് സുരേശ്വർ സിങ്ങും പിൻമാറ്റം നടത്തി.
എന്നാൽ ഒക്‌ടോബർ 18ന് 23 കെട്ടിട ഉടമകൾക്ക് പിഡബ്ല്യുഡിയിൽ നിന്ന് കെട്ടിട നിർമാണം അനധികൃതമാണെന്നും പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. 23 കെട്ടിട ഉടമകളിൽ 20ഉം മുസ്ലീങ്ങളാണ്. രാം ഗോപാൽ മിശ്രയെ വധിച്ച കേസിൽ അറസ്‌റ്റിലായ സർഫാറസിന്റെ വീടും ഇതിൽ ഉൾപ്പെടും. ജില്ലാ റോഡിന്റെ 60 അടി വരെ കെട്ടിട രഹിതമായിരിക്കണമെന്നും അതിന് വിരുദ്ധമായാണ് ഈ കെട്ടിടങ്ങൾ നിർമിച്ചതെന്നുമാണ് അധികൃതർ പറയുന്നത്.
ജില്ലാ മജിസ്‌ട്രേറ്റിെന്റയോ ബന്ധപ്പെട്ട അധികാരികളുടെയോ സമ്മതപത്രം ഹാജരാക്കാത്തപക്ഷം കെട്ടിടങ്ങൾ ബുൾഡോസ് ചെയ്യുമെന്നാണ് സർക്കാർ അധികാരികളിൽനിന്ന് അറിയിപ്പ് ലഭിച്ചത്. രേഖകൾ ഹാജരാക്കാൻ കഴിയാത്ത പക്ഷം മൂന്ന് ദിവസത്തിനകം കെട്ടിടം സ്വയം പൊളിച്ചുനീക്കണമെന്നും അതല്ലെങ്കിൽ കെട്ടിടങ്ങൾ ബുൾഡോസ് ചെയ്‌ത് അതിനുള്ള ചെലവ് കെട്ടിട ഉടമകളിൽ നിന്ന് ഈടാക്കുമെന്നുമാണ് അധികൃതർ അറിയിച്ചത്.
നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ അനധികൃത കെട്ടിടങ്ങളായാൽപോലും ബുൾഡോസ് ചെയ്യാവൂ എന്ന സുപ്രീം കോടതി വിധി നിലനിൽക്കെയാണ് യോഗി ആദിത്യനാഥ് സർക്കാർ കലാപബാധിതർക്കെതിരെ ബുൾഡോസർ ഭീഷണി ഉയർത്തുന്നത്. അലഹബാദ് ഹൈക്കോടതി ഇടപെട്ടതിനാൽ മാത്രമാണ് ഈ കെട്ടിടങ്ങൾ ബുൾഡോസ് ചെയ്യുന്നതിൽനിന്ന് സർക്കാർ തൽക്കാലം പിൻവാങ്ങിയിട്ടുള്ളത്.
നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ അനധികൃത കെട്ടിടങ്ങളായാൽപോലും ബുൾഡോസ് ചെയ്യാവൂ എന്ന സുപ്രീം കോടതി വിധി നിലനിൽക്കെയാണ് യോഗി ആദിത്യനാഥ് സർക്കാർ കലാപബാധിതർക്കെതിരെ ബുൾഡോസർ ഭീഷണി ഉയർത്തുന്നത്. അലഹബാദ് ഹൈക്കോടതി ഇടപെട്ടതിനാൽ മാത്രമാണ് ഈ കെട്ടിടങ്ങൾ ബുൾഡോസ് ചെയ്യുന്നതിൽനിന്ന് സർക്കാർ തൽക്കാലം പിൻവാങ്ങിയിട്ടുള്ളത്.
ബഹ്റായിച്ച് കലാപം ഡബിൾ എൻജിൻ സർക്കാരും ബിജെപിയും ആസൂത്രണം ചെയ്‌ത കാര്യം പുറത്തുവന്നതോടെ ജാള്യം മറയ്‌ക്കാനും മുസ്ലിം വേട്ട നടത്തി ഹിന്ദുത്വമോജോ പ്രതിച്ഛായ നിലനിർത്താനുമാണ് ആദിത്യനാഥ് സർക്കാരിന്റെ ശ്രമം. നിയമവാഴ്‌ചയോട്, സുപ്രീം കോടതി വിധിയോട് ഒരു ബഹുമാനവും ബിജെപി സർക്കാരുകൾക്ക് ഇല്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ നടപടി.
ബഹ്റായിച്ചിൽ നിന്ന് വിവിധ മാധ്യമങ്ങൾക്കായി റിപ്പോർട്ട് ചെയ്യുന്നവർ മുസ്ലീങ്ങൾ ആയതിനാലാണ് ബിജെപി വിരുദ്ധ ആഖ്യാനം സൃഷ്ടിക്കപ്പെടുന്നതെന്നാണ് ദേവഡിയ എംഎൽഎ ശലഭമണി ത്രിപാഠിയുടെ കണ്ടെത്തൽ. ഗോദി മീഡിയ നൂറു ശതമാനം ബിജെപിയെ പിന്തുണച്ചിട്ടും മാധ്യമ ധർമം അടിയറ വയ്‌ക്കാത്ത ചില യൂട്യൂബർമാരും യൂട്യൂബ് ചാനലുകളുമാണ് ബഹ്റായിച്ച് കലാപത്തിന്റെ യഥാർഥ വസ്‌തുതകൾ ജനങ്ങൾക്ക് മുമ്പിലെത്തിച്ചത്.
അതിലുള്ള അമർഷവും നീരസവും ശലഭമണിയുടെ വാക്കുകളിലുണ്ട്. നേരത്തേ രാം ഗോപാൽ മിശ്രയെ വധിച്ചവർക്കെതിരെ പൊലീസ് വെടിയുതിർത്തപ്പോൾ 'ബഹ്റായിച്ചിലെ മൃഗങ്ങൾക്ക് കിട്ടേണ്ടത് കിട്ടി’ യെന്നായിരുന്നു ശലഭമണി ത്രിപാഠി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. യോഗി ആദിത്യനാഥിന്റെ മുൻ പ്രസ് സെക്രട്ടറി കൂടിയാണ് ശലഭമണി ത്രിപാഠി എന്നുകൂടി അറിയുക.
'ദംഗ മുക്ത് സ്റ്റേറ്റ്’ (കലാപമില്ലാത്ത സംസ്ഥാനം) എന്ന യോഗിയുടെ അവകാശവാദമാണ് ബഹ്റായിച്ചിൽ പൊളിഞ്ഞുവീണത്. സഹാരൻപൂരിൽ അടുത്തിടെ നടന്ന റാലിയിൽ ആദിത്യനാഥ് പ്രസംഗിച്ചത് 'ആജ് യുപി മേം ന ദംഗ, ന കർഫ്യൂ , യുപി മേം സബ് ചംഗ’ (യുപിയിൽ വർഗീയ കലാപമില്ല, കർഫ്യൂവും ഇല്ല. എല്ലാം ശുഭകരമാണ്) എന്നായിരുന്നു.
2017ൽ അധികാരത്തിൽ വന്നതിനുശേഷം ഒരു വർഗീയ കലാപംപോലും ഉണ്ടായിട്ടില്ലെന്ന് പൊതുയോഗങ്ങളിൽ അഭിമാനത്തോടെ അവകാശപ്പെടാറുള്ള യോഗിക്ക് ഇനി അതിനു കഴിയില്ല. സർക്കാരിന്റെയും ബിജെപിയുടെയും അറിവോടെ നടന്ന കലാപമാണ് ബഹ്റായിച്ചിേലത് എന്നുകൂടി വന്നതോടെ 'ദംഗ മുക്ത് സ്‌റ്റേറ്റ്’ എന്നുപറയാൻ ഇനി യോഗിക്കാവില്ല.
ബഹ്റായിച്ചിൽ മാത്രമല്ല, ബാരാബങ്കിയിലും സീലാംപൂരിലും കൗസംബിയിലും കലാപത്തിനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും മുസ്ലിം ജനവിഭാഗം അതീവ സംയമനം പാലിച്ചതിനാൽ അത് വർഗീയ ലഹളയായി മാറിയില്ലെന്നു മാത്രം. ദുർഗാവിഗ്രഹ നിമജ്ജന യാത്ര ബാരാബങ്കിയിലെ റൗസ മസ്‌ജിദിന് മുമ്പിലൂടെ കടന്നുപോയപ്പോൾ ചിലർ ചെരിപ്പും ഷൂസും മസ്‌ജിദിലേക്ക് എറിഞ്ഞു.
മുസ്ലീങ്ങളെ പ്രകോപിപ്പിക്കുക ലക്ഷ്യമാക്കി ഡിജെ മ്യൂസിക് സിസ്‌റ്റം വഴി അശ്ലീല ഗാനങ്ങളാണ് മസ്‌ജിദിന്റെ മുന്നിലൂടെ യാത്ര മുന്നേറിയപ്പോൾ പുറത്തേക്ക് ഒഴുകിയത്. എന്നാൽ മുസ്ലീങ്ങൾ സംയമനം പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. സമാനമായ സംഭവങ്ങൾ ഗാന്ധിയാബാദിലും കുശിനഗറിലും ദേവ്ഡിയയിലും അരങ്ങേറി.
എന്തിനാണ് ഈ കലാപം ആസൂത്രണം ചെയ്യപ്പെട്ടത്? അതിനുള്ള ഒരുത്തരം യുപിയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദയനീയമായ തോൽവിയാണ് ബിജെപിക്ക് ഉത്തർപ്രദേശിൽ നേരിടേണ്ടി വന്നത്. ക്ഷേത്രനിർമാണം പൂർത്തിയാകുന്നതിന് മുമ്പ് ജനുവരി 22ന് പ്രധാനമന്ത്രി മോദി ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമം നിർവഹിച്ചത് വോട്ടിൽ കണ്ണുനട്ടായിരുന്നു.
എന്നിട്ടും അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ലല്ലൻസിങ് സമാജ് വാദി പാർടി നിർത്തിയ ദളിത് സ്ഥാനാർഥി അവ്ധേഷ് പ്രസാദിനോട് പരാജയപ്പെട്ടു. ഫൈസാബാദ് മണ്ഡലത്തിലെ മിൽക്കാപൂർ അസംബ്ലി മണ്ഡലത്തിൽ ഒമ്പത് മണ്ഡലങ്ങളോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതാണെങ്കിലും അത് മാത്രം നീട്ടിവച്ചു.
അയോധ്യയിൽ വീണ്ടും തോറ്റുവെന്ന ആഖ്യാനം തടയാനാണ് ഈ ഉപതെരഞ്ഞെടുപ്പ് നീട്ടിവച്ചത്. ഫൈസാബാദ് എംപി അവ്ധേഷ് പ്രസാദിന്റെ മകനെയാണ് സമാജ് വാദി പാർടി മിൽകാപൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതോടെ പരാജയം ഉറപ്പാക്കിയ ബിജെപി നാണക്കേട് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമീഷനെ സ്വാധീനിച്ച് ഉപതെരഞ്ഞെടുപ്പ് തന്നെ നീട്ടിവച്ചിരിക്കുകയാണ്.
ഗുജറാത്ത് പോലെ, കന്ദമൽ പോലെ, മുസഫർ നഗർ പോലെ വലിയ വർഗീയ ലഹളകൾ അന്താരാഷ്‌ട്ര പ്രാധാന്യമുള്ള വാർത്തകളാകുന്നതിനാൽ ചെറിയ ചെറിയ വർഗീയ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ച് പ്രാദേശികമായി വർഗീയ ധ്രുവീകരണം സൃഷ്ടിക്കുക എന്ന പദ്ധതിയാണ് മോദി പ്രധാനമന്ത്രിയായതോടെ നടപ്പിലാക്കുന്നത്.
വലിയ ആസൂത്രണം തന്നെ ഈ ഓരോ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്ക് പിന്നിലും ഉണ്ട്. ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, പ്രളയ ജിഹാദ്, രാസവള ജിഹാദ് എന്നിവയും ബുൾഡോസർരാജും എല്ലാം തന്നെ ഇതിന്റെ ഭാഗമാണ്. തീവ്രത കുറഞ്ഞ വിദ്വേഷ കലാപങ്ങളും സംഭവങ്ങളും സൃഷ്ടിച്ച് ആ പ്രദേശങ്ങളിൽ വർഗീയ ധ്രുവീകരണം ശക്തമാക്കി വോട്ട് നേടുക എന്ന രീതിയാണ് ആർഎസ്എസും ബിജെപിയും അവലംബിക്കുന്നത്. അതിന്റെ ഭാഗമാണ് ബഹ്റായിച്ച് കലാപം.
ദേശാഭിമാനി വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..