22 December Sunday

അയൽക്കാരൻ, സുഹൃത്ത്, സഖാവ്

വി ബി 
പരമേശ്വരൻUpdated: Friday Sep 13, 2024

 

ദേശാഭിമാനിയുടെ ഡൽഹി ലേഖകനായി 1990 കളുടെ അവസാനം ഡൽഹിയിൽ എത്തിയതുമുതൽ അടുപ്പമുള്ള നേതാക്കളിലൊരാളാണ് സീതാറാം യെച്ചൂരി. ഖദർ ഷർട്ടും പാന്റ്‌സും ധരിച്ച് ചുണ്ടത്ത് എപ്പോഴും സിഗരറ്റും സദാ വിരിയുന്ന പുഞ്ചിരിയുമായി നടക്കുന്ന ആ ക്ലീൻഷേവുകാരനെ കാണാത്ത ദിവസങ്ങൾ അപൂർവം. ഇതിനു പ്രധാനകാരണം ദേശാഭിമാനിയുടെ ഓഫീസും യെച്ചൂരി താമസിക്കുന്ന ഫ്ലാറ്റും ഞാൻ താമസിക്കുന്ന ഫ്ലാറ്റും റാഫി മാർഗിലെ വിത്തൽ ഭായ് പട്ടേൽ ഹൗസെന്ന വി പി ഹൗസിലായതാണ്. ഒരുവേള ഞാനും യെച്ചൂരിയും അയൽവാസികളുമായിരുന്നു. യെച്ചൂരി വി പി ഹൗസിലെ 508ാംമുറിയിലും ഞാനും കുടുംബവും  510-ാംമുറിയിലുമായി രണ്ടു വർഷത്തോളം താമസിച്ചു. അന്നൊക്കെ ഒരു സെൻ കാറിലായിരുന്നു യെച്ചൂരിയുടെ യാത്ര. സ്വയം ഡ്രൈവ് ചെയ്യുമായിരുന്നു. അച്ഛന്റെ മരണത്തെ തുടർന്ന് അമ്മ കൽപ്പകം ഡൽഹിയിലേക്ക് വന്നതോടെയാണ് ആ കാർ അവരുടെ ഉപയോഗത്തിന് നൽകി പാർടി ഓഫീസിലെ വാഹനം ഉപയോഗിക്കാൻ തുടങ്ങിയത്. യെച്ചൂരി തനിച്ചായിരുന്നു താമസമെന്നതിനാൽ മുറിയൊക്കെ അലങ്കോലമായി കിടക്കുകയായിരുന്നു. എന്റെ മകൾ പൂർണിമ പലപ്പോഴും ‘യെച്ചൂരി അങ്കിളി’ന്റെ മുറിയിൽ പോകും. ഒരു ദിവസം പുസ്തകങ്ങൾ ചിതറി അലങ്കോലമായിക്കിടക്കുന്ന മുറിയെക്കുറിച്ച് അവൾ പരാതി പറഞ്ഞപ്പോൾ യെച്ചൂരി ഉടൻതന്നെ ആരെയോ വിളിച്ച് മുറി വൃത്തിയാക്കിച്ചു. എന്നിട്ട് മകളോട് വന്ന് പറയുകയും ചെയ്തു.

കേരളത്തിൽ സിപിഐ എമ്മുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വിവാദ വാർത്തകൾ നൽകുന്ന ദിവസം എന്റെ മുറിയുടെ ബെൽ മുഴങ്ങുമെന്നുറപ്പാണ്. കതക് തുറന്നാൽ കേൾക്കുന്നത് "അരേ പരമേശ്വരൻ, വാട്ട് ഈസ് ഹാപ്പനിങ് ഇൻ കേരള പാർടി’ എന്ന ചോദ്യമായിരിക്കും. യെച്ചൂരിയുടെ മക്കളായ ആഷിഷും അഖിലയും ചില ദിവസങ്ങളിൽ അച്ഛനൊപ്പം താമസിക്കാനെത്തും. അവരും മകളുമൊത്ത് വരാന്തയിൽ കുശലം പറയുന്നതും ഇന്നലെയെന്നപോലെ ഓർക്കുന്നു. ഞങ്ങളൊക്കെ ബിക്കു എന്ന്‌ വിളിച്ച ആഷിഷിനെ 2021 ഏപ്രിലിൽ കോവിഡ് കവർന്നെടുത്തു. ന്യൂസ്‌ ലോണ്ട്രിയിൽ പ്രവർത്തിക്കുകയായിരുന്നു. മകൾ അഖില യുകെയിൽ ചരിത്രാധ്യാപികയാണ്.

ദിവസവും വൈകിട്ട് ഗോൾ മാർക്കറ്റിലെ എ കെ ജി ഭവനിൽ പോകുക പതിവായിരുന്നു. അന്ന്‌ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയും യെച്ചൂരി പിബി അംഗവും പീപ്പിൾ ഡെമോക്രസി എഡിറ്ററുമായിരുന്നു. എ കെ ജി ഭവനിലെ താഴത്തെനിലയിലാണ് പീപ്പിൾ ഡെമോക്രസി, ലോക്‌ലഹർ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഡൽഹിയിലുള്ള ദിവസങ്ങളിൽ വൈകിട്ട് അഞ്ചോടെ യെച്ചൂരി അവിടെ എത്തും. ലെഫ്റ്റ് ബീറ്റുള്ള ഏതാനും മാധ്യമപ്രവർത്തകർ അവിടെയെത്തും. ഹിന്ദുവിലെ കെ വി പ്രസാദ്, ടൈംസ് ഓഫ് ഇന്ത്യയിലെ അക്ഷയ മുകുൾ (‘ഗീത പ്രസ് ആൻഡ്‌ ദ മേക്കിങ് ഓഫ് ഹിന്ദു ഇന്ത്യ’ പുസ്തകത്തിന്റെ രചയിതാവ് ), ഇക്കണോമിക് ടൈംസിലെ അമിത ഷാ തുടങ്ങിയവർ. ഇടതുപക്ഷത്തിന്റെ നിർണായക പിന്തുണയോടെ ഒന്നാം യുപിഎ സർക്കാർ ഭരിക്കുന്ന കാലമായതിനാൽ ഓരോ വിഷയത്തിലും ഇടതുപക്ഷത്തിന്റെ സമീപനം അറിയുക പ്രധാനമായിരുന്നു. മാധ്യമങ്ങളെ കൈകാര്യം ചെയ്യാൻ നല്ല പ്രാവീണ്യംതന്നെ യെച്ചൂരിക്ക് ഉണ്ടായിരുന്നു. മാതൃഭാഷയായ തെലുങ്ക് കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തമിഴ്, ഉർദു ഭാഷകൾ അനായാസം കൈകാര്യം ചെയ്യുമായിരുന്നു. മലയാളവും കേട്ടാല്‍ മനസ്സിലാകുമായിരുന്നു.

ഇന്ത്യയെ കണ്ടെത്തിയ 
യാത്രകൾ
ഇത്തരമൊരു ബ്രീഫിങ്ങിലാണ് ദുംഗാർപുരിലേക്ക് പോകുന്ന കാര്യം പറഞ്ഞത്. തെക്കൻ രാജസ്ഥാനിൽ, ഗുജറാത്തിനോട് അടുത്തുകിടക്കുന്ന, ആദിവാസികൾ ഏറെയുള്ള ദുംഗർപൂരിൽ രണ്ടാമത് അഖിലേന്ത്യാ ആദിവാസി -ദളിത് യുവജന ക്യാമ്പ് ഉദ്ഘാടനം ചെയ്യാനാണ് പോകുന്നത്‌. ദേശാഭിമാനിക്ക് താൽപ്പര്യമുണ്ടെങ്കിൽ വരാമെന്നും പറഞ്ഞതോടെ അങ്ങോട്ട് പോകാൻതന്നെ തീരുമാനിച്ചു. ഓഫീസ് കാറെടുത്ത് ഒന്നുരണ്ടു മാധ്യമസുഹൃത്തുക്കളെയും കൂട്ടി ദുംഗാർപുരിലേക്ക് പുറപ്പെട്ടു. 14 മണിക്കൂർ ഡ്രൈവ് ചെയ്താണ് അവിടെയെത്തിയത്. ഉദയ്‌പുർവരെ ട്രെയിനിൽ വന്ന യെച്ചൂരി കാർമാർഗം ദുംഗർപൂരിലെത്തി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഹന്നൻ മൊള്ളയും ഒപ്പമുണ്ടായിരുന്നു. ഒരു സ്കൂളിലായിരുന്നു കൺവൻഷൻ. ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങൾ യെച്ചൂരിയുമായി മണിക്കൂർ നീണ്ട സംഭാഷണത്തിന് തുടക്കമിട്ടു. നിങ്ങൾ എങ്ങിനെയാണ് വന്നത് എന്ന ചോദ്യവും കാറോടിച്ചാണ് വന്നതെന്ന ഞങ്ങളുടെ ഉത്തരവും യെച്ചൂരിയെ ഓർമകൾ ചികഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു. അച്ഛൻ സർവേശ്വര സോമയാജലു താനുമൊത്ത് ഹൈദരാബാദിൽനിന്ന്‌ ഫിയറ്റ് കാറോടിച്ച് ഡൽഹിയിലേക്ക് പലതവണ യാത്ര നടത്തിയ കാര്യം യെച്ചൂരി വിവരിച്ചു. അച്ഛനും മകനും മാറി മാറി ഡ്രൈവ് ചെയ്യും. സ്ഥിരമായി ഒരു വഴിയിലൂടെയായിരുന്നില്ല യാത്രകൾ. ഒരിക്കൽ നിസാമാബാദ് നന്ദേഡ്, അകോള ഇൻഡോർ, ഉജ്ജയിൻ, കോട്ട വഴിയാണെങ്കിൽ അടുത്തത് നാഗ്പുർ, ബേതുൽ, ഹൊഷങ്കാബാദ്, ഭോപ്പാൽ, ആഗ്ര വഴിയായിരിക്കും. ഭക്തനായ അച്ഛന് പ്രധാനക്ഷേത്രങ്ങളിൽ കയറണമെന്നത് നിർബന്ധമായിരുന്നു. ആദിവാസി, കാർഷിക മേഖലയിലൂടെ ഈ യാത്ര യഥാർഥ ഇന്ത്യയെ കണ്ടെത്താൻ സഹായിച്ചുവെന്ന് യെച്ചൂരി പറഞ്ഞു.

പിന്നീട് തെരഞ്ഞെടുപ്പുവേളകളിൽ യെച്ചൂരിക്കൊപ്പം രാജസ്ഥാനിലും ഹിമാചൽ പ്രദേശിലും ത്രിപുരയിലും ബംഗാളിലും ബിഹാറിലുമൊക്കെ യാത്രചെയ്യാൻ അവസരം ലഭിച്ചു. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയത്തിന്റെ ഉൾപിരിവുകൾ മനസ്സിലാക്കാൻ യെച്ചൂരിയുമായുള്ള സംഭാഷണം ഏറെ സഹായിച്ചിട്ടുണ്ട്. കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ ഹർകിഷൻ സിങ് സുർജിത്തിൽനിന്ന് പഠിച്ചെടുത്ത യെച്ചൂരിക്ക് വലതുപക്ഷ നേതാക്കളുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇതാണ് രാഷ്ട്രീയത്തിലെ  വൈവിധ്യങ്ങളെ ഇഴപിരിച്ചെടുക്കാൻ യെച്ചൂരിയെ സഹായിച്ചത്. 1996ൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിന്റെയും 2004ൽ ഒന്നാം യുപിഎ സർക്കാരിന്റെയും രൂപീകരണത്തിൽ സുർജിത്തിന്റെ വലംകൈയായി പ്രവർത്തിച്ച യെച്ചൂരി ഇരുസർക്കാരുകളുടെയും പൊതുമിനിമം പരിപാടി തയ്യാറാക്കുന്ന സമിതിയിൽ അംഗമായിരുന്നു. ആണവ കരാർ വിഷയത്തിൽ യുപിഎ സർക്കാരും ഇടതുപക്ഷ പാർടികളും തമ്മിലുണ്ടാക്കിയ ഏകോപനസമിതിയിലും പ്രകാശ് കാരാട്ടിനൊപ്പം  അംഗമായിരുന്നു. പ്രണബ് മുഖർജി നേതൃത്വം നൽകിയ ഈ സമിതിയുടെ ഓരോ യോഗത്തിനുശേഷവും വിവരങ്ങൾ അറിയാൻ ഈ ലേഖകന്‌ പ്രധാന ആശ്രയം യെച്ചൂരിയായിരുന്നു. പുറത്തറിയേണ്ട കാര്യങ്ങൾ മാത്രം വ്യക്തതയോടെ അദ്ദേഹം പറയുമായിരുന്നു.

ബിജെപിയെ ചൊടിപ്പിച്ച 
‘സീതാറാം’
രാജ്യസഭാംഗമെന്ന നിലയിൽ യെച്ചൂരി നടത്തിയ പ്രസംഗങ്ങൾ കക്ഷിഭേദമന്യെ അംഗങ്ങൾ ശ്രദ്ധയോടെ ശ്രവിച്ചിരുന്നു. സീതയും രാമനും പേരിലുള്ള യെച്ചൂരി ഹിന്ദുത്വ രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുന്നത് ബിജെപി ബെഞ്ചുകളെ ചൊടിപ്പിച്ചിരുന്നു. സാമ്പത്തികശാസ്‌ത്ര അധ്യാപകനാകാൻ ആഗ്രഹിച്ച യെച്ചൂരി രാജ്യസഭയിൽ ബജറ്റ് ചർച്ചയിലും മറ്റും നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ഫിദലിനെ ഏറെ ബഹുമാനിക്കുന്ന, 60-–-70 കളിലെ ഹിന്ദി ചലച്ചിത്രഗാനങ്ങളും മൊസാർട്ട്, വിവാൽഡി സംഗീതവും ആസ്വദിക്കുന്ന, ഗോദിമീഡിയ കാണാൻ ഇഷ്ടപ്പെടാത്ത യെച്ചൂരി സിപിഐ എമ്മിന്റെ ഒരു സാർവദേശീയ മുഖമായിരുന്നു.
ഫിദലിന്‌ പുറമെ യാസർ അറഫാത്തുമായും ജെറമി കോർബിനുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. 2009 നവംബറിൽ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് ആൻഡ്‌ വർക്കേഴ്സ് പാർടികളുടെ 11–-ാമത് സമ്മേളനം ന്യൂഡൽഹിയിൽ നടന്നപ്പോൾ അതിന്റെ മുഖ്യസംഘാടകനായിരുന്നു യെച്ചൂരി. അന്ന് യെച്ചൂരിക്കൊപ്പം വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് നേതാക്കളെ കാണാനും പരിചയപ്പെടാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ അനുഭവമായിരുന്നു. യെച്ചൂരിയുടെ വേർപാട് സിപിഐ എമ്മിന് മാത്രമല്ല ലോക ഇടതുപക്ഷ പ്രസ്ഥാനത്തിനുതന്നെ തീരാനഷ്ടമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top