21 December Saturday

സമന്വയ ബൈഠക്കും
 പിന്നാമ്പുറവും

ദിനേശ്‌ വർമUpdated: Monday Oct 14, 2024

 

മൂന്നുദിവസത്തിലായി (ആഗസ്‌ത്‌ 31, സെപ്തംബർ ഒന്ന്‌, രണ്ട്‌) പാലക്കാട്‌ അഹല്യ ക്യാമ്പസിൽ ചേർന്ന സമന്വയ ബൈഠക്‌ അഥവാ സംഘപരിവാർ സംഘടനകളുടെ കാര്യകർത്താക്കളുടെ കോ–- ഓർഡിനേഷൻ യോഗം അവരെ സംബന്ധിച്ച നിർണായകമായ ചില തീരുമാനങ്ങൾ എടുത്താണ്‌ പിരിഞ്ഞത്‌, ഇന്ത്യയെ സംബന്ധിച്ചും. ആർഎസ്‌എസ്‌ നയിക്കുന്ന സംഘപരിവാർ സംഘടനകളിൽ രാഷ്‌ട്രീയരംഗത്ത്‌ പ്രവർത്തിക്കുന്ന സംഘടനയാണ്‌ ബിജെപി. നൂറാം വാർഷികമായ 2025ൽ ഹിന്ദുരാഷ്‌ട്ര പ്രഖ്യാപനമെന്ന ലക്ഷ്യത്തോടെ ആർഎസ്‌എസ്‌– -ബിജെപി ആസൂത്രിതമായി നടത്തിയിരുന്ന നീക്കങ്ങൾക്ക്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ്‌ കിട്ടിയത്‌. രാജ്യത്തെ വലിയൊരുവിഭാഗം ജനങ്ങൾ മതനിരപേക്ഷ ചേരിക്കൊപ്പം നിലകൊണ്ടതിനാൽ പാർലമെന്റിൽ ബിജെപിക്ക്‌ ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷം നേടാനായില്ല. എന്നാൽ, തങ്ങളുടെ അടിസ്ഥാനപരമായ ഹിന്ദുത്വ ആശയത്തെ കൂടുതൽ ശക്തവും വിപുലവുമായി എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നതിനുള്ള  ഹ്രസ്വ–- ദീർഘകാല പദ്ധതികളാണ്‌ കേരളത്തിൽ ആദ്യമായി ചേർന്ന സമന്വയ ബൈഠക്കിലുണ്ടായത്‌ എന്നുകാണാം.
പഞ്ച പരിവർത്തൻ എന്നപേരിൽ അംഗീകരിച്ച പ്രവർത്തന പരിപാടി തെളിയിക്കുന്നത്‌ ‘ഹിന്ദുത്വ’ ശക്തമാക്കുന്നുവെന്നതാണെങ്കിൽ, ചില വർത്തമാന പ്രശ്നങ്ങളിൽ എടുത്ത നിലപാട്‌ തങ്ങളുടെ മുൻകാല ചെയ്തികളെ ഒട്ടും ജാള്യമില്ലാതെ മറച്ച്‌ പൊതുസമൂഹത്തിന്റെ പിന്തുണ നേടാനുള്ള കുതന്ത്രമാണെന്നും കാണാം. ആർഎസ്‌എസ്‌ രൂപംകൊണ്ടതുമുതൽ പുലർത്തുന്ന കടുത്ത ന്യൂനപക്ഷ–- പുരോഗമന വിരുദ്ധ നിലപാടും പറയുന്നതും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യവും പാലക്കാട്‌ ബൈഠക്കിന്റെ തീരുമാനങ്ങളിലും മറനീക്കി. അതേസമയം, മതനിരപേക്ഷ വാദികളെ സംബന്ധിച്ച്‌ ഏറെ ജാഗ്രതയോടെ വീക്ഷിക്കേണ്ടവയും മനസ്സിലാക്കേണ്ടവയുമാണ്‌ ബൈഠക്കിലെ ചർച്ചയും പ്രഖ്യാപനങ്ങളും. കാരണം, ആർഎസ്‌എസിന്റെ ഹ്രസ്വ–- ദീർഘകാല പദ്ധതികളെല്ലാംതന്നെ രാജ്യത്തിന്റെ മതനിരപേക്ഷ, ഫെഡറൽ അന്തരീക്ഷത്തെ തകിടം മറിക്കാൻ പോന്നതും വർഗീയത ആളിക്കത്തിക്കാൻ അവസരമൊരുക്കുന്നതുമാണെന്ന്‌ പല ഘട്ടങ്ങളിലായി തെളിഞ്ഞിട്ടുള്ളതാണ്‌.

പഞ്ചപരിവർത്തൻ എന്നപേരിൽ സമന്വയ ബൈഠക്‌ അംഗീകരിച്ച പരിപാടികൾ ആദ്യം പരിശോധിക്കാം. സാമാജിക്‌ സംരസ്ഥൻ: സംഘപരിവാറുമായി നേരിട്ട്‌ ബന്ധമില്ലാത്ത സാമൂഹ്യ–- സാമുദായിക സംഘടനകളുമായി സഹകരിക്കുക. കുടുംബ പ്രബോധൻ: നഗരങ്ങളിലെ കുടുംബങ്ങളെ പുതിയ കാലത്തോടു ചേർന്നുനിന്ന്‌ സംഘടിപ്പിക്കുക, രാഷ്‌ട്ര നിർമാണത്തിലും സാമൂഹ്യപരിവർത്തന പ്രവർത്തനങ്ങളിലും അവരെ പങ്കെടുപ്പിക്കുക. സ്വ: ഭരണസംവിധാനങ്ങൾ, ഭാഷ, ജീവിത രീതി തുടങ്ങി നമ്മുടെ സംവിധാനങ്ങളെല്ലാം ദേശീയവൽക്കരിക്കുക (അഥവാ ഹൈന്ദവവൽക്കരിക്കുക). കൂടാതെ, പരിസ്ഥിതി പ്രശ്നങ്ങളിൽ ഇടപെടുക, മേൽപ്പറഞ്ഞ തത്വങ്ങൾക്ക്‌ അനുസൃതമായി പൗരബോധം വളർത്തുക എന്നിവയാണ്‌ അവർ പദ്ധതിയിട്ടിരിക്കുന്ന പരിപാടികൾ. നൂറുവർഷം മുമ്പ്‌ ആർഎസ്‌എസ്‌ രൂപീകൃതമാകുന്നതിന്‌ സാഹചര്യമൊരുക്കിയ അന്തരീക്ഷംതൊട്ടുള്ള ആശയധാരയുടെ പിന്തുടർച്ചയാണ്‌ ഈ തീരുമാനങ്ങളെന്നും വിശദാംശങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാം.

തികഞ്ഞ സവർണസംഹിതയുടെ പ്രയോക്താക്കളായിരുന്ന ആര്യസമാജംമുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായിരുന്ന ചിന്തകർ ഉൾപ്പെടെ ചേർന്നാണ്‌ ഈ ധാരയൊരുക്കിയിട്ടുള്ളതെന്നും ചരിത്രം പറയുന്നു. പ്രശസ്ത നിയമജ്ഞനും എഴുത്തുകാരനും ആർഎസ്‌എസിനെയും അവരുടെ ദേശീയതയെയും ആഴത്തിൽ പഠിച്ചിട്ടുള്ള ആളുമായ എ ജി നൂറാനി അതിനെ ഇങ്ങനെ വിശദീകരിക്കുന്നു:

‘‘ഹൈന്ദവ ദേശീയത എന്നത്‌ 1870–- 1920 കാലഘട്ടത്തിൽ നിർമിക്കപ്പെട്ട ഒരാശയ സംഹിതയാണ്‌. ആര്യസമാജം, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌, ഹിന്ദു സംഘാടൻ പ്രസ്ഥാനം, മുൻകാല ഹിന്ദുസഭകൾ, സവർക്കറിനുമുമ്പുള്ള ഹിന്ദു മഹാസഭ, വ്യത്യസ്ത തീവ്ര ദേശീയവാദികൾ, ആദ്യകാല പുരോഹിത പാഠശാലകൾ തുടങ്ങിയവയിൽനിന്നുള്ള ചിന്തകരാണ്‌ യഥാർഥത്തിൽ ഹൈന്ദവ ദേശീയത എന്ന സങ്കൽപ്പംതന്നെ രൂപപ്പെടുത്തിയത്‌.’’ (ദ ആർഎസ്‌എസ്‌ എ മെനേസ്‌ ടു ഇന്ത്യ, എ ജി നൂറാനി, പേജ്‌ 64.)

ഹിന്ദു വർഗീയവാദികളുടെ അടിസ്ഥാന പ്രചോദനമായി മാറിയ മറ്റൊന്ന്‌, ഹിന്ദുമഹാസഭയുടെ നേതാവായ വിനായക് ദാമോദർ സവർക്കർ 1923ൽ എഴുതിയ പുസ്തകം ‘ഹിന്ദുത്വ’ യാണ്‌. ഹിന്ദുക്കളെ സംബന്ധിച്ച്‌ ഇന്ത്യ അവരുടെ പിതൃഭൂമിയും വിശുദ്ധമണ്ണും ആണെന്നാണ്‌ പുസ്തകത്തിലൂടെ സവർക്കർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌. ഇത്തരം സാഹചര്യങ്ങളിലൂടെ ഹിന്ദു ദേശീയവാദികൾക്കിടയിൽ വളർന്ന്‌ ശക്തിപ്രാപിച്ച ഹിന്ദുത്വ മനോഭാവത്തിന്റെ അനന്തരഫലമായിരുന്നു 1925ൽ രൂപീകരിച്ച ആർഎസ്എസ്.  

പഞ്ചപരിവർത്തനിലെ മറ്റൊരു പരിപാടി തങ്ങൾക്ക്‌ നേരിട്ട്‌ സ്വാധീനിച്ച്‌ സംസ്ഥാന അധികാരം പിടിക്കാനോ കൂടുതൽ പാർലമെന്റ്‌ അംഗങ്ങളെ വിജയിപ്പിക്കാനോ കഴിയാത്ത ഇടങ്ങളിൽ ഉപയോഗിക്കുന്ന തന്ത്രമാണ്‌. അതത്‌ പ്രദേശത്ത്‌ സ്വാധീനമുള്ള മത– ജാതി പ്രസ്ഥാനങ്ങളെ കീഴ്‌പ്പെടുത്തൽ. തെറ്റിദ്ധരിപ്പിച്ചും പ്രലോഭനങ്ങൾ വഴിയും ഭീഷണിപ്പെടുത്തിയും ഇത്തരം സംഘങ്ങളെ കൂടെനിർത്തുന്ന രീതികൊണ്ട്‌ ചിലയിടങ്ങളിൽ ബിജെപി രാഷ്‌ട്രീയമായും ആർഎസ്‌എസിന്‌ സംഘടനാപരമായും നേട്ടം ഉണ്ടാക്കിയിട്ടുമുണ്ടാകാം. എന്നാൽ, ആർഎസ്‌എസിന്‌ വർഗീയമായ അവരുടെ സ്വന്തം അജൻഡ മാത്രംവച്ച്‌ കൂടുതൽ വളർച്ച കേരളം അടക്കമുള്ള ദേശങ്ങളിൽ നേടുക ദുഷ്കരമാണെന്ന തിരിച്ചറിവും ഇത്തരം നീക്കങ്ങൾക്കു പിന്നിലുണ്ട്‌. വർഗീയ ചേരിതിരിവ്‌ വ്യാപിപ്പിച്ച്‌ കേരളത്തിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമവും ഒരുഭാഗത്ത്‌ അതിശക്തമായി നടക്കുന്നുമുണ്ട്‌. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലെ മതപരിവർത്തന പ്രശ്നം ഊതിപ്പെരുപ്പിക്കുന്നതും കേരളം പല മേഖലകളിലും പിന്നോട്ടടിക്കുകയാണെന്ന വസ്തുതാവിരുദ്ധമായ ക്യാമ്പയിനും ഇതിന്റെ ഭാഗമാണ്‌. കേരളത്തിൽ ആദ്യമായി ചേർന്ന സമന്വയ ബൈഠക്‌ തന്നെ അവരുടെ ചില പദ്ധതികളുടെകൂടി ഭാഗവും മുൻകൂട്ടി ആസൂത്രണം ചെയ്തതുമാണ്‌. കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷം തകർക്കുകയെന്നത്‌ അവരുടെ മുഖ്യലക്ഷ്യങ്ങളിലൊന്നുമാണ്‌ കേരളവും തമിഴ്‌നാടും കീഴടക്കുകയെന്നത്‌ ആർഎസ്‌എസിന്റെ സ്വപ്‌നവും നിലനിൽപ്പിന്‌ ആവശ്യവുമായി തീർന്നിരിക്കുന്നുവെന്നതാണ്‌ വസ്തുത.

നഗരകേന്ദ്രീകൃതമായി കുടുംബങ്ങളിൽ സ്വാധീനമുറപ്പിക്കുകയെന്ന പദ്ധതി സ്‌ത്രീകളുടെ കൂട്ടായ്മകൾ കേന്ദ്രീകരിച്ചാണ്‌ ആർഎസ്‌എസ്‌ നേരത്തേതന്നെ നടത്തിപ്പോരുന്നത്‌. അടുത്ത കാലത്തായി ക്ഷേത്രങ്ങൾ, വിവിധ സാമുദായിക സംഘടനകൾ, റസിഡന്റ്‌സ്‌ അസോസിയേഷനുകൾ തുടങ്ങിയവ വഴി ഇത്തരം കൂട്ടായ്മകൾ ശക്തമാക്കുകയായിരുന്നു. പ്രത്യക്ഷത്തിൽ വിശ്വാസവും വീട്ടുകാര്യങ്ങളുമായി ബന്ധപ്പെടുത്തിയുള്ള കൂട്ടായ്മകളാണെങ്കിലും നിഷ്‌കളങ്കമെന്ന രൂപത്തിൽ നടത്തുന്ന ചില പ്രചാരണത്തിലൂടെ ഇതിൽ സംഘരാഷ്‌ട്രീയം കടത്തിവിടുകയാണ്‌ ചെയ്യുന്നത്‌. ഈ രീതി കൂടുതൽ വിപുലമാക്കാനും പ്രയോജനപ്പെടുത്താനുമുള്ള ബൈഠക്കിലെ ധാരണ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾവച്ചുകൊണ്ടുള്ളതുമാണ്‌.

(അവസാനിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top