22 November Friday

ഇടതുപക്ഷം ഇല്ലായിരുന്നെങ്കിൽ...

പുത്തലത്ത് ദിനേശൻUpdated: Monday Jul 15, 2024

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിയും ഇന്ത്യ കൂട്ടായ്‌മയ്‌ക്കുണ്ടായ മുന്നേറ്റവും സജീവമായ ചർച്ചയായിട്ടുണ്ട്. ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്തതും ചർച്ച ചെയ്യപ്പെടുന്നുണ്ട്‌. ഇടതുപക്ഷം, വിശിഷ്യാ സിപിഐ എം സ്വീകരിച്ച നിലപാട് ബിജെപിക്ക് തിരിച്ചടി കിട്ടുന്നതിനും അതുവഴി ഭരണഘടനാ സംരക്ഷണത്തിനും വഴിയൊരുക്കിയിട്ടുണ്ട്‌ എന്നതാണ് വസ്തുത.

ബിജെപിക്ക് തിരിച്ചടിയേൽപ്പിക്കാൻപോലും കഴിയില്ലെന്ന് പൊതുവിൽ കരുതിയിരുന്ന കാലത്താണ് സിപിഐ എം 23–-ാം പാർടി കോൺഗ്രസ് കണ്ണൂരിൽ ചേർന്നത്‌. ബിജെപിയെ പരാജയപ്പെടുത്താൻ ഓരോ സംസ്ഥാനത്തെയും ബിജെപി വിരുദ്ധ വോട്ടുകൾ കൂട്ടിയോജിപ്പിക്കാൻ കഴിഞ്ഞാൽ അവർക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാർടി കോൺഗ്രസ് വിലയിരുത്തി. വിവിധ രാഷ്ട്രീയ കക്ഷികളുടെ ശക്തിദൗർബല്യങ്ങൾ പരിശോധിച്ചുകൊണ്ടാണ്‌ ഇത്തരമൊരു സമീപനം സ്വീകരിച്ചത്. പൊതുപ്രശ്നങ്ങളിൽ ബിജെപിക്കെതിരെ യോജിച്ചു പ്രവർത്തിക്കുകയെന്ന നിലപാട്‌ സിപിഐ എം സ്വീകരിച്ചു. വിവിധ സംസ്ഥാനത്ത്‌ അത് നടപ്പാക്കുന്നതിനുള്ള പരിശ്രമങ്ങൾ പാർടി നടത്തി. രാഹുൽ ഗാന്ധിയെ പാർലമെന്റിൽനിന്ന് സസ്പെൻഡ്‌ ചെയ്തതിൽ ഉൾപ്പെടെ ശക്തമായ നിലപാടെടുത്തു. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻ ബർഗ് വെളിപ്പെടുത്തൽ അന്വേഷിക്കാൻ  സംയുക്ത പാർലമെന്ററി സമിതി വേണമെന്ന നിലപാടിൽനിന്നുകൊണ്ട് പൊതുവായ ഐക്യനിര സൃഷ്ടിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
 
ഈ ഘട്ടത്തിലാണ്, ആംആദ്മി പാർടി മുൻകൈയെടുത്ത് ബിജെപിയിലും കോൺഗ്രസിലുമില്ലാത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേർത്ത് ജി 8 ഗ്രൂപ്പുണ്ടാക്കാൻ ആലോചിച്ചത്. ബിജെപിക്ക്‌ എതിരായ പ്രതിപക്ഷ ഐക്യനിരയിൽ വിള്ളലുണ്ടാക്കുന്ന ഈ സമീപനത്തെ സിപിഐ എം എതിർത്തു. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെല്ലാം  ഒന്നിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുകയും ഫെഡറലിസത്തിനെതിരായ ആക്രമണത്തെ നേരിടുകയുമാണ്‌ വേണ്ടതെന്ന  നിലപാട് സ്വീകരിക്കുകയുംചെയ്‌തു. സിപിഐ എമ്മിന്റെ  ഈ നിലപാട്‌ പ്രതിപക്ഷ ഐക്യനിരയിലെ വിള്ളൽ പ്രതിരോധിച്ചു. തുടർന്ന് 18 പാർടികൾ,   പ്രതിപക്ഷത്തിനുനേരെ ഇഡി നടത്തുന്ന ആക്രമണങ്ങൾക്കെതിരെ യോജിച്ചുനിന്നു. അതിന്റെ അടിസ്ഥാനത്തിൽ നിവേദനവും നൽകി.  
 
ബിജെപിക്കെതിരായി ഇങ്ങനെയൊരു ഐക്യനിര രൂപപ്പെടുന്നതിന് അടിത്തറയിട്ട സാഹചര്യത്തിലായിരുന്നു നിതീഷ്‌ കുമാർ രംഗത്തുവരുന്നത്. തുടർന്ന് 15 പാർടികൾ പട്നയിൽ യോഗംചേർന്ന്‌ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിന് ഒന്നിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാതെ മുന്നോട്ടുപോകുകയെന്ന ഇടതുപക്ഷ സമീപനമാണ് ഇന്ത്യ കൂട്ടായ്‌മ രൂപീകരണത്തിലേക്ക്‌ എത്തിച്ചത്. തുടർന്ന്‌ 26 പാർടികൾ യോഗംചേർന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. പൊതുലക്ഷ്യത്തിൽനിന്നുകൊണ്ട്, എല്ലാ തെരഞ്ഞെടുപ്പുസഖ്യങ്ങളും ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണെന്നത്  മനസ്സിലാക്കി നിലപാട് സ്വീകരിക്കുകയെന്ന സമീപനവും  ഇതിന്റെ ഭാഗമായി മുന്നോട്ടുവച്ചു. യോജിച്ച ഒരു റാലി മധ്യപ്രദേശിൽ നടത്തണമെന്ന് തീരുമാനിച്ചെങ്കിലും കോൺഗ്രസ് അനുകൂല സമീപനം സ്വീകരിക്കാത്തതുകൊണ്ട്‌ അത് നടക്കാതെപോയി.
 
ഇന്ത്യ കൂട്ടായ്‌മയിലെ പാർടികളെല്ലാം യോജിച്ച്‌ അണിനിരന്ന വലിയ മുന്നേറ്റമുണ്ടാകുന്നത് പിന്നീടാണ്. കേരളത്തിനെതിരെ സാമ്പത്തിക ഉപരോധമേർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ നടത്തിയ പ്രക്ഷോഭമാണ്‌ അതിന് വേദിയായത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഈ സമരത്തിന് രാജ്യത്തെ മതനിരപേക്ഷ പാർടികളും പ്രാദേശിക കക്ഷികളുമെല്ലാം പിന്തുണയുമായി രംഗത്തെത്തി. ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കുന്നതിനുള്ള വലിയ മുന്നേറ്റമായി അതുമാറി. ബിജെപിക്കെതിരായ ജനകീയ മുന്നേറ്റത്തിന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംഭാവന കൂടിയായിരുന്നു അത്. ഇത്തരത്തിൽ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തുന്നിതിന് നേതൃപരമായ പങ്ക് ഇടതുപക്ഷം വഹിച്ചു.
 
ഇന്ത്യ കൂട്ടായ്‌മയിലെ കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പാർടികൾ ആഗോളവൽക്കരണ നയങ്ങളെ പിന്തുണയ്ക്കുന്നവരാണ്‌. ഈ സാഹചര്യത്തിൽ  ജനകീയ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ഒരു മുന്നണിയെന്നനിലയിൽ സിപിഐ എം ആ സംവിധാനത്തിന്റെ ഭാഗമായതുമില്ല. വേദിയെന്നനിലയിലുള്ള കൂടിയാലോചനകളിൽ പങ്കെടുക്കുകയുംചെയ്തു. ഇത്തരത്തിൽ ആഗോളവൽക്കരണ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ അടിയുറച്ചുനിന്ന്‌ ബിജെപിക്കെതിരായ ജനാധിപത്യശക്തികളുടെ ഐക്യനിര വളർത്തിയെടുക്കുകയായിരുന്നു ഇടതുപക്ഷം ചെയ്തത്. ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ നവനാസികളെ പ്രതിരോധിക്കുന്നതിൽ ഇടതുപക്ഷം സ്വീകരിച്ച സമീപനവും ഇതിനു സമാനമാണ്.
 
ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായ മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ 63 സീറ്റാണ് ബിജെപിക്ക് നഷ്ടമായത്. ഇവയെല്ലാം മറ്റു സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി കർഷകസമരം നടന്ന മണ്ണായിരുന്നു.  പോരാട്ടം ആരംഭിക്കുന്നത് മഹാരാഷ്ട്രയിലെ ഇടതുപക്ഷ കർഷക സംഘടനകളുടെ മുംബൈ  മാർച്ചോടുകൂടിയാണ്. തുടർന്ന് അത് രാജസ്ഥാനിലേക്കും ഇടതുപക്ഷം വ്യാപിപ്പിച്ചു. ഇതിന്റെ തുടർച്ചയിലാണ് ഇടതുപക്ഷ കർഷകസംഘടനകൾ മറ്റു സംഘടനകൾക്കൊപ്പം ചേർന്ന് രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷക പ്രക്ഷോഭത്തിലേക്ക്‌ എത്തിച്ചേർന്നത്. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന കർഷകസംഘടനകൾ ഈ പ്രക്ഷോഭത്തിന്റെ മുമ്പന്തിയിലെവിടെയും ഉണ്ടായിരുന്നില്ല.  
 
ബിജെപിയുടെ വർഗീയധ്രുവീകരണ രാഷ്ട്രീയത്തെ ജനകീയ പ്രശ്നങ്ങളുയർത്തി  പ്രതിരോധിക്കാൻ ഇതുവഴി സാധ്യമായി. ഭരണഘടന സംരക്ഷിക്കാനായത് ഈ നിലപാടിന്റെ ഭാഗമായാണ്. കർഷകരംഗത്ത് മാത്രമല്ല, മറ്റു മേഖലയിലും  പ്രക്ഷോഭങ്ങൾ ഇടതുപക്ഷം ഏറ്റെടുത്തു. തൊഴിലാളികൾ നടത്തിയ രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് ഇതിന്റെ ഭാഗമായിരുന്നു. ക്യാമ്പസുകളിൽ കാവിവൽക്കരണത്തിനും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനുമെതിരെ ശക്തമായ പ്രക്ഷോഭം നയിച്ചത് ഇടതുപക്ഷ വിദ്യാർഥി സംഘടനകളായിരുന്നു. വനിതകൾക്കും ദളിത് ജനവിഭാഗങ്ങൾക്കും  ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർത്തി പ്രവർത്തിച്ചതും മറ്റാരുമായിരുന്നില്ല.
 
ഇത്തരത്തിൽ ജനകീയ ആവശ്യങ്ങളുയർത്തി നടന്ന പോരാട്ടത്തിലൂടെ ഇടതുപക്ഷം ഉഴുതുമറിച്ച മണ്ണിലാണ്  ജനാധിപത്യത്തിന്റെ വിത്തുകൾ മുളച്ചുപൊങ്ങിയത്. ഇടതുപക്ഷത്തിന്റെ ഈ നിലപാടുകളും  പോരാട്ടങ്ങളും ഇല്ലായിരുന്നെങ്കിൽ ഇത്തരമൊരു തിരിച്ചടി ബിജെപിക്ക്‌ ഉണ്ടാകുമായിരുന്നില്ല. കോർപറേറ്റ് മാധ്യമങ്ങളുടെ പ്രചാരണം ഏശാതെ പോയതും മതനിരപേക്ഷ നിലപാട് സ്വീകരിച്ചവർ നവമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണം ജനങ്ങളേറ്റെടുത്തതും ഇടതുപക്ഷത്തിന്റെ സമര പോരാട്ടം നടന്ന ഈ മണ്ണിലാണെന്ന കാര്യം ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. 
 
അഴിമതിരഹിതമാണ് ബിജെപി സർക്കാർ എന്നായിരുന്നു അവരുടെ തെരഞ്ഞെടുപ്പുപ്രചാരണങ്ങളിലൊന്ന്. ഈ ഘട്ടത്തിലാണ് സീതാറാം യെച്ചൂരി നൽകിയ ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീംകോടതി വിധിയുണ്ടാകുന്നത്. കേന്ദ്ര ഏജൻസികളെക്കൂടി ഉപയോഗപ്പെടുത്തി നടത്തിയ ആഴത്തിലുള്ള അഴിമതിയായിരുന്നു ഇലക്ടറൽ ബോണ്ട്‌. ഇടതുപക്ഷത്തിന്റെ ഇടപെടലോടെ ബിജെപിയുടെ അഴിമതിവിരുദ്ധ മുഖംമൂടി പൂർണമായും അഴിഞ്ഞുവീഴുകയായിരുന്നു. തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച  മറ്റൊരു ഇടപെടലായിരുന്നു ഇത്. 
 
രാഷ്ട്രീയമായി ശരിയായ നിലപാടുകൾ സ്വീകരിച്ചിട്ടും എന്തുകൊണ്ട് പ്രതീക്ഷിച്ച ജനപിന്തുണ ഉറപ്പുവരുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്ന പ്രശ്നമാണ് സിപിഐ എം പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പാർടി കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളാണ് ഇപ്പോൾ പാർടിക്കകത്ത് ചർച്ച ചെയ്യുന്നത്. ദൗർബല്യങ്ങൾ അവതരിപ്പിക്കുകയും അവ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ തേടുകയും ചെയ്യുന്നു. വിവിധ ഘടകങ്ങളിലെ ചർച്ചകൾകൂടി കണക്കിലെടുത്ത്‌ ഭാവിരൂപരേഖ തയ്യാറാക്കാനാണ്  ഉദ്ദേശിക്കുന്നതെന്ന് പാർടി സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 
 
ജനപിന്തുണയാർജിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പരിശോധനയാണ്  നടക്കുന്നത്. ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യണമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ്‌ ആർഎസ്എസിന്റെ സർസംഘചാലക് പ്രഖ്യാപിച്ചിരുന്നു. ഇടതുപക്ഷമാണ് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഭരണഘടനാ സംരക്ഷണത്തിനുവേണ്ടിയും പൊരുതിക്കൊണ്ടിരിക്കുന്നത്. അതിനാൽ ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്തുകഴിഞ്ഞാൽ പ്രതിരോധം ഇല്ലാതായിത്തീരുമെന്നും അതുവഴി തങ്ങളുടെ അജൻഡ എളുപ്പം നടപ്പാക്കാമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. വൈവിധ്യപൂർണമായ വഴികളിലൂടെ ഇടതുപക്ഷം നടത്തിയ പോരാട്ടങ്ങൾ ഇല്ലായിരുന്നെങ്കിൽ ഭരണഘടന സംരക്ഷിക്കാൻ പറ്റുന്ന രീതിയിൽ ബിജെപിക്ക് തിരിച്ചടി ലഭിക്കുമായിരുന്നില്ല. ഇടതുപക്ഷം മുന്നോട്ടുവച്ച ഇത്തരം നിലപാടുകളിലൂടെയാണ്,  രാജ്യത്തിന്റെ ഇന്നത്തെ നില സംരക്ഷിക്കാൻ കഴിയുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ‘ഇടതില്ലെങ്കിൽ നമ്മുടെ ഇന്ത്യയില്ല’ എന്ന മുദ്രാവാക്യം എൽഡിഎഫ് മുന്നോട്ടുവച്ചത്. 
 
ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതയ്ക്ക്‌ അനുസരിച്ച് മതനിരപേക്ഷ വോട്ടുകളെ കൂട്ടിയോജിപ്പിക്കാനുള്ള നിർദേശം ഇടതുപക്ഷമാണ് സമർപ്പിച്ചത്. ജനകീയ പ്രശ്നങ്ങളുയർത്തി വർഗീയതയ്‌ക്കെതിരെ നീങ്ങുകയെന്ന ഇടതുപക്ഷ നിലപാടാണ് ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽത്തന്നെ അവർക്ക് തിരിച്ചടി നൽകാനുള്ള കരുത്ത് മതനിരപേക്ഷ കക്ഷികൾക്ക് നൽകിയത്. 
 
തെരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ എം ഇല്ലാതായിത്തീരുമെന്ന് മനപ്പായസമുണ്ണുന്നവരുമുണ്ട്. കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്ന ഘട്ടത്തിൽത്തന്നെ ഗൂഢാലോചന കേസുകളുടെ പരമ്പര സൃഷ്ടിച്ചും  പാർടിയെ നിരോധിച്ചും ഉന്മൂലനം ചെയ്യാനായിരുന്നു ബ്രിട്ടീഷുകാർ ശ്രമിച്ചത്. അതിനെ അതിജീവിച്ച് പാർടി കരുത്താർജിച്ചു. 1948ൽ കമ്യൂണിസ്റ്റ് പാർടി നിരോധിച്ചതും  1964 ൽ  ചൈനാ ചാരൻമാരെന്നുപറഞ്ഞ് പാർടി സഖാക്കളെ ജയിലിൽ അടച്ചതും  പാർടിയെ തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യപരമായ പ്രവർത്തനങ്ങൾ അസാധ്യമാക്കിയപ്പോഴും ചിന്ത ഇതുതന്നെയായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയഘട്ടത്തിലും ഇത്തരം ചർച്ചകൾ ഉയർത്തിയവരുണ്ടായിരുന്നു. എന്നാൽ, തുടർന്നു നടന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയമുണ്ടായി. സംസ്ഥാനത്ത് തുടർഭരണംനേടി ചരിത്രം തിരുത്തി. 
 
വിവിധ തരത്തിലുള്ള പ്രതിസന്ധികളെല്ലാം ഉയർന്നുവരുമ്പോൾ അതിനെയെല്ലാം അതിജീവിക്കാൻ കേരളത്തിലെ പാർടിക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ തിരിച്ചടിയുണ്ടാകുമ്പോഴും അതിന്റെ കാരണങ്ങൾ സ്വയംവിമർശപരമായുൾപ്പെടെ പരിശോധിച്ച് തെറ്റ് തിരുത്തുകയെന്ന നയം സ്വീകരിച്ചതുകൊണ്ടാണ് അതിനു കഴിഞ്ഞത്. ആ പ്രക്രിയയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആ യാഥാർഥ്യം തിരിച്ചറിയാതെ പ്രചാരണം നടത്തുന്നവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിയപ്പെടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top