19 September Thursday

‘ഞങ്ങളുടെ ബാബു’ - മോഹൻ കന്ധ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

മോഹൻ കന്ധ


ചെന്നൈ. 1952 ആഗസ്‌ത്‌ 12. ആശുപത്രിക്ക്‌ പുറത്ത് ഞങ്ങൾ കാറിൽ ഇരിക്കുകയായിരുന്നു. എന്റെ സഹോദരി ആൺകുട്ടിക്ക് ജന്മം നൽകിയെന്ന വിവരമെത്തി. കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. രോഹിണി നക്ഷത്രത്തിലാണ് കുഞ്ഞ് ജനിച്ചത്, അതും കൃഷ്‌ണാഷ്ടമി ദിനത്തിൽ. പുരാണത്തിൽ  കൃഷ്‌ണൻ  അമ്മാവനായ കംസനെ വധിച്ച ദിവസം.

പ്രായവ്യത്യാസം ഏഴ് വർഷത്തിൽ കൂടുതലാണെങ്കിലും ഞങ്ങൾ രണ്ടുപേരും സഹോദരങ്ങളെപോലെയാണ് വളർന്നത്. സീതാറാം എന്റെ അമ്മയെ അമ്മൂമ്മ എന്നല്ല, അമ്മ എന്നാണ് വിളിച്ചിരുന്നത്. ‘ബാബു' എന്നാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അവനെ വിളിച്ചത്. ജെഎൻയുവിൽ ചേർന്നതോടെയാണ് ബാബുവിന്റെ രാഷ്ട്രീയ ജീവിതാരംഭം. സർവകലാശാലയിൽ അദ്ദേഹത്തിന്റെ സമകാലികരായിരുന്നവർ ഇന്നും വളരെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും ആ കാര്യങ്ങൾ ഓർക്കുന്നു.

അടിയന്തരാവസ്ഥ കാലത്ത്, പൊലീസ് വേട്ടയെ തുടർന്ന് ബാബുവിന്‌ ഒളിവിൽ പോകേണ്ടിവന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് അവനെ നിരുത്സാഹപ്പെടുത്താൻ ഞാൻ ശ്രമിച്ചു. ആ ശ്രമത്തിൽ ഞാൻ പരാജയപ്പെട്ടെന്ന് മാത്രമല്ല, ബാബുവിന്റെ  സ്വാധീനത്തിൽ കമ്യൂണിസ്റ്റാകുമോയെന്നും തോന്നി. കഴിഞ്ഞ പത്ത് വർഷത്തിനിടെ, ഹൈദരാബാദ് സന്ദർശിക്കുമ്പോൾ ബാബു എന്റെ  വീട്ടിൽ പലപ്പോഴും താമസിച്ചു. തീവ്രവും ഭാരിച്ചതുമായ ഉത്തരവാദിത്തങ്ങളിൽനിന്നുള്ള വിശ്രമമാണ് ഞങ്ങളോടൊപ്പം ചെലവഴിച്ച ചുരുങ്ങിയ സമയം എന്ന് അദ്ദേഹം കരുതി. തന്റെ നിരന്തരമായ പോരാട്ടം ജീവിതാവസാനംവരെ സീതാറാം തുടർന്നു. മകന്റെ വേർപാടിന്റെ സമയത്തും പതറാതെ പിടിച്ചുനിന്നു. ഇപ്പോൾ മുഴക്കമുള്ള ശബ്ദം നിലച്ചു,  അപാരമായ ആത്മവിശ്വാസവും.

സീതാറാമിനെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കോടിക്കണക്കിന് ആളുകളിൽ ഒരാളാണ് ഞാനും. രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽനിന്നും എന്റെ വാട്ട്‌സാപ്പിൽ ഒഴുകിയെത്തുന്ന സഹതാപവും സങ്കടവും അവർക്ക് അവനോടുള്ള സ്നേഹവും വാത്സല്യവും അളവറ്റ ബഹുമാനവും കാണിക്കുന്നു.

(വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top