സാക്കിർ ഹുസൈനെ ഒരു ഇന്ത്യൻ സംഗീതജ്ഞനായി മാത്രം കാണുന്നത് തികഞ്ഞ അജ്ഞതയാകും. ഇന്ത്യൻ സംഗീതത്തിന്റെ സാരം വഹിച്ച് സമകാലിക വിശ്വസംഗീതത്തിൽ അത്യുന്നതങ്ങളിൽ നിൽക്കുന്ന സംഗീതശില്പിയാണദ്ദേഹം. അച്ഛൻ ഉസ്താദ് അള്ളാ രാഖ നൽകിയത് ഇന്ത്യൻ സംഗീതത്തിന്റെ പാഠങ്ങൾ ആണെങ്കിൽ സാക്കിർ ഹുസൈൻ ലോകത്തിന് നൽകുന്നത് പ്രപഞ്ച താളത്തിന്റെ പാഠങ്ങളാണ്. ഒരു ശൈലിക്കും കണ്ണുമടച്ച് വിധേയനാകാതെ, എല്ലാ ശൈലികളെയും ഉൾക്കൊള്ളാൻ കഴിയുന്ന സംഗീതമനസ്സ് വികസിപ്പിച്ചുവെന്നതാണ് ഒരു സംഗീതജ്ഞനെന്ന നിലയിൽ അദ്ദേഹത്തിന്റെ സവിശേഷത.
ജനിച്ച് രണ്ടാം നാൾ കുഞ്ഞു സാക്കിർ ഹുസൈനെ പിതാവായ ഉസ്‌താദ് അല്ലാ രാഖ ഖുറേഷിയുടെ കൈകളിൽ കൊടുത്തപ്പോൾ അദ്ദേഹം പിഞ്ചുകുഞ്ഞിനെ ചേർത്തുപിടിച്ച് ചെവിയിൽ മന്ത്രിച്ചത് താളത്തിന്റെ ചൊല്ലുകളായിരുന്നു. പിന്നീട് അത് നിരന്തരം കേട്ടു. തബല എത്തിപ്പിടിക്കാൻ കഴിയുന്ന കാലമായപ്പോൾ, മൂന്നാം വയസ്സിൽ, തബലയിൽ തന്റെ കുഞ്ഞുകൈകൾ കൊണ്ട് സംസാരിക്കാൻ തുടങ്ങിയതാണ്. അത് ലോകത്തിന്റെ താളമായി വളർന്നു.
ഏതെങ്കിലും സങ്കുചിത ചിന്തകൾക്ക് വഴങ്ങാതെ വിശ്വമാനവികതയിലേക്ക് സംഗീതത്തെ നയിക്കാൻ സാക്കിർ ഹുസൈന് കഴിഞ്ഞത് പിതാവിൽ നിന്ന് ലഭിച്ച ചിന്തകളാണ്. മകൻ ഏഴാം വയസ്സിൽ സ്‌കൂൾ വാർഷികത്തിന് തബല വായിക്കുന്നത് കേട്ട അല്ലാ രാഖ ചോദിച്ചു, തബല പഠിക്കാൻ താല്പര്യമുണ്ടോ? ആവേശത്തോടെ സമ്മതം മൂളിയ മകനെ അടുത്ത ദിവസം പുലർച്ചെ മൂന്ന് മണിക്ക് വിളിച്ചുണർത്തി ആദ്യം പറഞ്ഞുകൊടുത്തത് സംഗീതത്തിന്റെ മഹത്വമാണ്. രാവിലെ ആറ് മണി വരെ നീളുന്ന പരിശീലനം. തുടർന്ന് മദ്രസ്സയിൽ ഖുർആൻ പഠനം. അതിനു ശേഷം സ്‌കൂളിൽ പഠനം ആരംഭിക്കുംമുമ്പ് ക്രിസ്‌ത്യൻ രീതിയിലെ പ്രാർഥന. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ മതങ്ങളുടെ സാരങ്ങൾ പഠിച്ചെങ്കിലും ഒന്നും തനിക്ക് വിലങ്ങുകളോ മതിൽക്കെട്ടുകളോ തീർത്തില്ലെന്ന് അദ്ദേഹം കരുതി. എല്ലാം സ്‌നേഹത്തിന്റെ സന്ദേശങ്ങളായാണ് മനസ്സിലാക്കിയത്. സംഗീതത്തിലെ വ്യത്യസ്‌ത ശൈലികളെയും അദ്ദേഹം സ്‌നേഹത്തിന്റെ ഭാഷയായി ഗ്രഹിച്ചു. ശൈലി ഏതായാലും സംഗീതത്തിന് സ്‌നേഹത്തിന്റെ ഒരൊറ്റ ഭാഷ മാത്രമേയുള്ളൂവെന്ന് മരണം വരെ മനസ്സിലുറപ്പിക്കുകയും ചെയ്തു.
ഈ ചിന്തയാണ് ലോകത്തിലെ ഏത് സംഗീതശൈലിയുമായും അനായാസമായി ഉടൻ ചങ്ങാത്തമുണ്ടാക്കാൻ സാക്കിർ ഹുസൈന് തുണയായത്. ഇന്ത്യൻ സംഗീതം പഠിച്ചെങ്കിലും അത് പരിമിതിയായില്ല. ലോകസംഗീതത്തിലേക്ക് കയറിനിൽക്കാൻ കരുത്താവുകയേ ചെയ്‌തുള്ളൂ. സംഗീതത്തിൽ ഫ്യൂഷൻ എത്രയോ കാലം മുതൽ തുടങ്ങിയതാണെന്ന് അദ്ദേഹം വിശ്വസിച്ചു. ധ്രുപദ് സംഗീതം നിലനിന്ന ഇന്ത്യയിൽ സൂഫി സംഗീതത്തിന്റെ സ്വാധീനവും സാമീപ്യവും കൊണ്ട് ഖയാൽ രൂപം കൊണ്ടത് ഫ്യൂഷൻ തന്നെയാണ്. മുഗൾ സ്വാധീനം കൊണ്ട് ഇന്ത്യൻ സംഗീതത്തിൽ വന്ന പരിവർത്തനം സംഗീതത്തിലെ സംയോജനത്തിന്റെ വലിയ ഉദാഹരണമാണ്. വ്യത്യസ്‌ത ഖരാനകളും സംയോജനത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങൾ തന്നെ. ശാസ്ത്രീയസംഗീതം സിനിമയിൽ ഉപയോഗപ്പെടുത്തിയപ്പോൾ സംഭവിച്ച ജനകീയത ഫ്യൂഷന്റെ തിളങ്ങുന്ന പ്രത്യേകതയായി അദ്ദേഹം കാണുന്നു.
മറ്റ് ശൈലിയിലെ പ്രഗത്ഭരുമായി വേദി പങ്കിടുന്നതിന് ഒരു ഒരുക്കവും നടത്താത്ത സാക്കിർ ഹുസൈൻ തത്സമയത്തെ സംഗീതചിന്തകളെ മറ്റുള്ളവരുടെ സംഗീതവുമായി കൂട്ടിയിണക്കുക മാത്രമേ ചെയ്യുന്നുള്ളൂ. വേദിയിലെത്തുംവരെ സംഗീതമൊഴികെ ലോകത്തുള്ള പല വിഷയങ്ങളും സംസാരിക്കുന്ന അവർ വേദിയിലെത്തിയാൽ സംഗീതത്തിന്റെ ഭാഷയിൽ അന്യോന്യം സംസാരിക്കുന്നു.
വളരെ അനായാസവും സ്വാഭാവികവുമായ പ്രക്രിയയാണ് തനിക്ക് സംഗീതശൈലികളുടെ സംഗമമെന്ന് അദ്ദേഹം കരുതി. ജോർജ് ഹാരിസൺ, ജിയോവന്നി ഫിദാൽഗോ, ചാൾസ് ലോയ്‌ഡ്, യോയോ മാ, വാൻ മോറിസൺ, മാർക്ക് മോറിസ് തുടങ്ങി എത്രയോ വിശ്വവിശ്രുതരായ സംഗീതജ്ഞരുമായി അദ്ദേഹം വേദി പങ്കിട്ടു. പണ്ഡിറ്റ് രവിശങ്കർ, ഉസ്‌താദ് അലി അക്ബർ ഖാൻ, ശിവകുമാർ ശർമ്മ, എൽ ശങ്കർ, ലാൽഗുഡി ജയരാമൻ, എം ബാലമുരളീകൃഷ്‌ണ തുടങ്ങിയ എത്രയോ ഇന്ത്യൻ സംഗീതജ്ഞരുമായും സംഗീതം പങ്കുവെച്ചു. ലോകത്തെ തന്റെ കൈവിരലുകളിലേക്ക് ആവാഹിക്കാൻ ഒരു ശൈലിയുടെയും വ്യാകരണം അദ്ദേഹത്തിന് തടസ്സമായില്ല.
ഭൂമി എന്ന ഗോളത്തിന്റെ ജീവതാളമാണ് അദ്ദേഹം അന്വേഷിച്ചത്. ശക്തി, മാസ്റ്റേഴ്സ് ഓഫ് പെർകഷൻ, പ്ലാനറ്റ് ഡ്രം, ഗ്ലോബൽ ഡ്രം പ്രോജക്ട് തുടങ്ങി നിരവധി നൂതനങ്ങളായ അന്വേഷണങ്ങൾ അദ്ദേഹത്തെ കലയുടെ ലോകത്ത് വ്യത്യസ്‌തനാക്കിയിട്ടുണ്ട്. 2009 ലും 2024ലും ഗ്രാമി അവാർഡുകൾ അദ്ദേഹം നേടി. കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോ, പത്മവിഭൂഷൻ തുടങ്ങിയ എത്രയോ പുരസ്കാരങ്ങൾ അദ്ദേഹം നേടി.
ഇന്ത്യൻ സംഗീതത്തിലൂടെ ലോക സംഗീത ഭൂപടത്തിൽ അടയാളമിട്ട പണ്ഡിറ്റ് രവിശങ്കർ, ഉസ്‌താദ് അലി അക്ബർ ഖാൻ, ഉസ്‌താദ് അള്ളാ രാഖ എന്നിവരുടെ ശ്രേണിയിൽ ഇന്ത്യൻ സംഗീതം ലോക സംഗീതത്തിന് നൽകിയ മഹാരഥരായ പ്രതിഭാശാലികളിൽ ഒരാളായി സക്കീർ ഹുസൈനെ ലോകം എക്കാലവും ഓർമിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..