18 October Friday

ഒരുങ്ങുന്നു, ഫൈസാബാദുകൾ

പി എസ്‌ ശ്രീകലUpdated: Thursday Oct 17, 2024

 

ഉത്തർപ്രദേശിലെ ഒമ്പത് നിയമസഭാ മണ്ഡലത്തിൽ നവംബർ 13ന്‌ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടെ അധികാരത്തിലുള്ള ബിജെപി ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടു-പ്പിൽ സംസ്ഥാനത്തെ 80 മണ്ഡലത്തിൽ 37 എണ്ണത്തിൽ പരാജയപ്പെട്ടു. ബാബ്റി മസ്ജിദ് തകർത്ത്‌ രാമക്ഷേത്രം നിർമിച്ച അയോധ്യയടങ്ങുന്ന ഫൈസാബാദ് മണ്ഡലത്തിലുൾപ്പെടെ ബിജെപി പരാജയപ്പെട്ടു.

ഇന്ത്യയുടെ ചരിത്രത്തിൽ അയോധ്യ അറിയപ്പെടുന്നത് 16–-ാം നൂറ്റാണ്ടിൽ നിർമിച്ച ബാബ്റി മസ്ജിദിന്റെ പേരിലാണ്. എന്നാൽ, 1992ൽ സംഘപരിവാർ തീവ്രവാദികൾ മസ്‌ജിദ്‌ തകർത്തു. അതുവരെ ‘അയോധ്യ’യെന്നും ‘ബാബ്‌റി മസ്ജിദ്’ സ്ഥിതിചെയ്യുന്ന സ്ഥലമെന്നും അറിയപ്പെട്ടിരുന്ന പ്രദേശം ‘രാമജന്മഭൂമി’ എന്നതരത്തിൽ വ്യാപകമായി അറിയപ്പെടാനും സംഘപരിവാർ തകർത്ത ബാബ്‌റി മസ്ജിദിനെ ‘തർക്കമന്ദിരം' എന്ന് വിശേഷിപ്പിക്കാനും തുടങ്ങി.

ചരിത്രത്തെ വെല്ലുവിളിച്ചും വിശ്വാസത്തെ ചൂഷണംചെയ്തും ആർഎസ്എസും സംഘപരിവാറും നടത്തിയ പ്രചാരണങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ബിജെപിക്ക് 1992ലെ അക്രമസംഭവം പ്രയോജനപ്പെട്ടു. കോടതിയുടെ പരിഗണനയിലിരുന്ന വിഷയമായിട്ടും രാമക്ഷേത്രം, രാമജന്മഭൂമി തുടങ്ങിയ പ്രയോഗങ്ങൾവരെ വോട്ട് നേടുന്നതിനായി അവർ ഉപയോഗപ്പെടുത്തി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞാൽ രാമക്ഷേത്രം നിർമിക്കുമെന്നത് പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിമാറി. ഹിന്ദുമതത്തിൽ വിശ്വസിക്കുകയും ഹിന്ദുക്കളെന്ന് അറിയപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സാധാരണക്കാർ അതിൽ വശംവദരായി. ബിജെപി രണ്ടാമതും അധികാരത്തിൽ വന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്‌ , പണി പൂർത്തിയാകുന്നതിനുമുമ്പ്‌ 2024 ജനുവരി 22ന്‌ ക്ഷേത്രം ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തിന് വിരുദ്ധമായി രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു ആരാധനാലയത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നതും നാം കണ്ടു.

സംഘപരിവാർ ആഗ്രഹിച്ചതുപോലെ, രാജ്യത്ത് വർഗീയമായ ചേരിതിരിവിനും സംഘർഷങ്ങൾക്കും ബാബ്‌റി മസ്ജിദ് തകർത്തത് കാരണമായി. രാമക്ഷേത്രനിർമാണം കൂടിയാകുമ്പോൾ വർഗീയ ചേരിതിരിവ്‌ ശക്തമാകുമെന്നും വിദ്വേഷത്തിൽനിന്ന് കൂടുതൽ നേട്ടം കൊയ്യാമെന്നും അവർ കരുതി. എന്നാൽ, ബിജെപി പ്രതീക്ഷിച്ച ഫലമല്ല 2024ലെ തെരഞ്ഞെടുപ്പ് സമ്മാനിച്ചത്. 400ൽ അധികം മണ്ഡലത്തിൽ വിജയിക്കുമെന്ന് പ്രചരിപ്പിച്ചവർക്ക് 240 സീറ്റിലേക്ക്‌ ഒതുങ്ങേണ്ടിവന്നു. ഫൈസാബാദിൽ, സമാജ്‌വാദി പാർടിയുടെ സ്ഥാനാർഥി അവധേഷ് പ്രസാദ് വിജയിച്ചു. അഞ്ചുതവണ എംഎൽഎയും ഫൈസാബാദ് മണ്ഡലത്തിലെ എംപിയുമായിരുന്ന ബിജെപിയിലെ ലല്ലുസിങ്ങിനെയാണ്‌ പരാജയപ്പെടുത്തിയത്‌. ആർഎസ്എസിലൂടെയാണ്‌ വർഷങ്ങൾക്കുമുമ്പ് ലല്ലുസിങ്ങിന്റെ രംഗപ്രവേശം. ലല്ലുസിങ്ങിന്റെ പരാജയം  ബിജെപിയോടുള്ള ജനങ്ങളുടെ സമീപനത്തെ വെളിപ്പെടുത്തുന്നുണ്ട്‌. 

രാമക്ഷേത്ര നിർമാണത്തോടനുബന്ധിച്ച് വലിയ തോതിലുള്ള അവജ്ഞയും അവഗണനയുമാണ് അയോധ്യയിലെ സാധാരണ ജനങ്ങൾ നേരിട്ടത്. ഭൂമി ക്ഷേത്ര നിർമാണത്തിനായി ഏറ്റെടുത്തതിലൂടെ ദരിദ്രരായ മനുഷ്യർ പൂർണമായും നിസ്വരായി. പൊലീസും ഉദ്യോഗസ്ഥരും അവരെ പലതരത്തിൽ അപമാനിച്ചു. ഹിന്ദുക്കളെന്ന് അഭിമാനിക്കുകയും വർഷങ്ങളായി ബിജെപിക്ക് വോട്ട് നൽകുകയും ചെയ്‌തവർ സ്വന്തം ഭൂമിയിൽ അന്യരായി. ചെറിയതോതിലുള്ള കച്ചവടവും മറ്റുമായി ഉപജീവനമാർഗം കണ്ടെത്തിയിരുന്നവർ ക്ഷേത്ര നിർമാണ പ്രഖ്യാപനത്തെ ആശ്വാസമായാണ് കണ്ടത്. ഭക്തരും തീർഥാടകരുമായി എത്തുന്നവർക്ക് വേണ്ടി പൂജാദ്രവ്യങ്ങളും പലഹാരങ്ങളുമുണ്ടാക്കി വിൽപ്പന നടത്തുന്നതിലൂടെ ജീവിതം മെച്ചപ്പെടുമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ, നിർമാണം പുരോഗമിക്കുംതോറും തദ്ദേശീയർ അകറ്റപ്പെടുന്ന അനുഭവമാണ് ഉണ്ടായത്. ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുപ്പിച്ചില്ലെന്ന് മാത്രമല്ല, ക്ഷേത്ര പരിസരത്ത് കടക്കാൻപോലും അവർക്ക് കഴിഞ്ഞില്ല.
ഉദ്‌ഘാടനത്തിന്‌ ദിവസങ്ങൾക്കുശേഷം രാമനവമി ആഘോഷത്തിൽ (ഏപ്രിൽ 17) പങ്കെടുക്കാൻ എത്തുന്നവരെ പ്രതീക്ഷിച്ച് പൂമാലയും മധുരപലഹാരങ്ങളും മറ്റും വിൽപ്പനയ്ക്ക്‌ തയ്യാറാക്കിയവർക്ക് അതെല്ലാം നശിപ്പിക്കേണ്ടിവന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും വലിയ കുത്തകകൾക്ക് കരാർ നൽകിയിട്ടുണ്ട്‌. ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളും ക്ഷേത്ര പരിസരത്തെ കച്ചവടങ്ങളുമുൾപ്പെടെ സമ്പന്നരുടെ കുത്തകയാണ്‌. വർഷങ്ങളായി ബിജെപിക്ക് ഏറെ അനുകൂലമായിരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്ന ഫൈസാബാദിലെ നാല് നിയമസഭാ മണ്ഡലത്തിലും ബിജെപി പിറകിലായെന്നത് ജനരോഷത്തിന്റെ തെളവാണ്. അധികാരത്തിന്റെ സൗകര്യങ്ങളും ഭീഷണിയും ഉപയോഗിച്ച് ജനങ്ങളെ വരുതിയിൽ നിർത്താമെന്ന ആദിത്യനാഥിന്റെ ധാരണയ്ക്കും ജനങ്ങൾ തിരിച്ചടി നൽകി.

ഹിന്ദുരാഷ്ട്രം, ഹിന്ദുത്വ, ഹൈന്ദവദേശീയത തുടങ്ങിയ പ്രയോഗങ്ങളിലൂടെ മതസ്‌പർധ വളർത്താനും രാജ്യത്തിന്റെ ഐക്യം തകർക്കാനും മാത്രമാണ് സംഘപരിവാർ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് അയോധ്യയിലെ ജനങ്ങളുടെ അനുഭവം. സവർണരും അതിസമ്പന്നരുമായവർ മാത്രമാണ് ആർഎസ്എസിന്റെ ഹിന്ദു പട്ടികയിലുള്ളത്. സാധാരണക്കാരും ദരിദ്രരുമായ ഹിന്ദുക്കൾ അവരുടെ പരിഗണനയിലില്ല. വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിച്ച്‌ ഭരണംനേടി മുതലാളിത്തത്തിന് ശക്തിപകരുകയാണ് ബിജെപി. നിരക്ഷരരും ദരിദ്രരുമായ ജനങ്ങൾ ഉൾപ്പെടെ ഇത്‌ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്‌. ഇത്തരമൊരു സാഹചര്യത്തിൽ,   ഉപതെരഞ്ഞെടുപ്പുകൾ മാത്രമല്ല, കേന്ദ്രാധികാരം തന്നെയും ബിജെപിക്ക് അനായാസമായിരിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top