കോഴിക്കോട്
‘‘കോഴിക്കോട് എനിക്ക് കണ്ണീരും ചിരിയും പുരണ്ട ഓർമയാണ്’’ –-സാക്കിർ ഹുസൈൻ ഒരഭിമുഖത്തിൽ പറഞ്ഞു. ജീവിതത്തിലെ മറക്കാനാകാത്ത കലാപ്രകടനം കോഴിക്കോട്ട് നടത്തിയതിന്റെ ആഹ്ലാദത്തിനൊപ്പം ആ യാത്രയിലുണ്ടായ എക്കാലത്തെയും വലിയ ദുഃഖവും അദ്ദേഹം അന്ന് പങ്കുവച്ചു. കോഴിക്കോട്ടെ അരങ്ങിൽ തബലവായിക്കുന്നതിനിടെ വന്നുപെട്ട ജീവിത നഷ്ടങ്ങൾ, സാക്കിറിന്റെ ഭാഷയിൽ ‘ഇരട്ട ദുരന്തം. തബലവാദനത്തിനിടെയാണ് സഹോദരി റസിയയുടെ വേർപാടിന്റെ വാർത്തയെത്തിയത്. അനുജൻ ഫസൽ ഖുറേഷിക്കൊപ്പമായിരുന്നു അന്നത്തെ പ്രകടനം. റസിയയുടെ മരണവിവരമറിഞ്ഞ് തിരിച്ചുപോകാൻ കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ ടെലിവിഷനിൽ കാണുന്നു, അടുത്ത ദുരന്തവാർത്ത. പ്രിയപ്പെട്ട അബ്ബാജിയുടെ (ഉസ്‌താദ് അല്ലാ രാഖ) മരണം. പിതാവും സഹോദരിയും നഷ്ടമായ ദുഃഖത്തിലാണ് 24 വർഷം മുമ്പ് തിരിച്ചുപോത്.
2000 ഫെബ്രുവരി രണ്ടിനായിരുന്നു കോഴിക്കോട്ട് ആ മാന്ത്രിക വാദനം. ആ സായാഹ്നത്തിൽ അബ്ബാജിക്കൊപ്പമായിരുന്നു സാക്കിർ തബല വായിക്കേണ്ടിയിരുന്നത്. എന്നാൽ പനിബാധിച്ച അല്ലാ രാഖയ്‌ക്ക് എത്താനായില്ല. വിശ്രുത കലാകാരൻ സുൽത്താൻ ഖാൻ സാരംഗിയിലും സാക്കിർ ഹുസൈൻ തബലയിലും ഒരുക്കിയ ജുഗൽബന്ദി കോഴിക്കോട്ടുകാരുടെ ഹൃദയത്തിൽ ഇന്നും മുഴങ്ങുന്നുണ്ട്. സാക്കിർ ഒന്നരമണിക്കൂറാണ് ‘രേല’യുടെ താളപ്പെരുക്കം തീർത്തത്.
കോഴിക്കോട്ടെ വേദി തന്നിലെ കലാകാരനെ ത്രസിപ്പിച്ചുവെന്ന് പിന്നീട് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ‘‘താളത്തെ, തബലയെ, ഗസലുകളെ ഭ്രാന്തമായി സ്‌നേഹിക്കുന്ന കലാസ്വാദകരാണ് അന്ന് ഒത്തുകൂടിയത്. എത്ര വായിച്ചാലും നമുക്കും എത്രകേട്ടാലും ആസ്വാദകർക്കും മതിവരില്ല. ലോകത്ത് മറ്റെവിടെയും ഇത്രയും കലാഭിനിവേശമുള്ള ആസ്വാദകരെ ഞാൻ കണ്ടിട്ടില്ല’’–-സാക്കിർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..