‘കെ’യെന്നു കേട്ടാൽ 
ഭ്രാന്തിളകുന്നവർ | Articles | Deshabhimani | Wednesday Sep 18, 2024
30 December Monday

‘കെ’യെന്നു കേട്ടാൽ 
ഭ്രാന്തിളകുന്നവർ

എമ്മോവിUpdated: Wednesday Sep 18, 2024

 

‘എന്നെ തല്ലണ്ടമ്മാവ ഞാൻ നന്നാവൂല’ എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്ന സ്വഭാവ വൈശിഷ്‌ട്യമുള്ളവർ കേരളത്തിൽ രണ്ടുപേരുണ്ടത്രെ. ഇവരുടെ ഖ്യാതി ഭൂമി മലയാളത്തിൽ മാത്രമല്ല ആസേതുഹിമാചലം പരന്നു കിടക്കുകയാണ്. കോടതികൾ അച്ചാലും മുച്ചാലും അടിച്ചാലും ഇവർക്ക് ഒരു കുലുക്കവും ഉണ്ടാകാറില്ലെന്നാണ് ആരാധകവൃന്ദം അഭിമാനം കൊള്ളുന്നത്. നിർത്തിപ്പൊരിച്ചാലും കിടത്തിപ്പൊരിച്ചാലും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നവർ. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന ഭാവം. എങ്ങനെ വീണാലും നാലുകാലിൽ നിൽക്കുന്ന ചില ജീവികളെപ്പോലെയാണെന്നും ടോക്കുണ്ട്. കെ വിരുദ്ധ പട്ടത്തിനായി പോരാടുന്നവരെന്ന സവിശേഷതയും ഇവർക്കുണ്ട്.

പ്രീതി നഷ്‌ടമായാൽ മന്ത്രിമാരെപ്പോലും പിൻവലിക്കാൻ ഉത്തരവിടുന്ന ഒന്നാമൻ പഴയ തമ്പുരാൻ കാലം തിരിച്ചുകൊണ്ടുവരാനുള്ള തീവ്ര യത്നത്തിലാണത്രെ. ബ്രിട്ടീഷുകാർ ഇട്ടേച്ചുപോയ അവശിഷ്ടമാണെങ്കിലും സംസ്ഥാനത്തിന്റെ തലവൻ താനാണെന്നും ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും തന്റെ റാൻ മൂളികൾ മാത്രമാണെന്നും സ്വയം പ്രഖ്യാപിക്കുന്ന ഇദ്ദേഹത്തിന് തിരുവഞ്ചൂരിൽപ്പോലും ശക്തരായ ആരാധകരുണ്ട്. പ്രീതി നഷ്ടപ്പെട്ടാൽ എല്ലാത്തിനെയും ശരിയാക്കുന്ന തന്റേടിയെയാണ് കേരളത്തിന് ആവശ്യമെന്നാണ് തിരുവഞ്ചൂർ തിരുവടികളുടെ പ്രബോധനം. ജനാധിപത്യത്തിന്റെ രണ്ടാം തൂണിന്റെ പ്രഹരം ഇദ്ദേഹത്തിന് എത്ര കിട്ടിയെന്ന് കൈയും കണക്കുമില്ല. സംസ്ഥാന സർക്കാർ പാസാക്കുന്ന ബില്ലുകളൊക്കെ തടഞ്ഞുവച്ചപ്പോൾ കിട്ടിയ കനത്ത അടി സാധാരണക്കാർക്കൊന്നും താങ്ങാൻ കഴിയുന്നതല്ലായിരുന്നു. എന്നിട്ടും എവിടെ ആല് മുളച്ചാലും അതൊക്കെ അലങ്കാരമാണെന്ന ഭാവത്തിൽ നെഞ്ചുവിരിച്ചുള്ള നിൽപ്പ് കണ്ടാൽ ആരും കൊതിച്ചുപോകും.

പിന്നെ സർക്കാർ നിയമിച്ച വൈസ് ചാൻസലർമാരെയൊക്കെ അടിച്ചു പുറത്താക്കിയില്ലേ. ചാൻസലറേക്കാൾ വലിയ വൈസ് ചാൻസലറെ നിയമിക്കാൻ സർക്കാരിന് എങ്ങനെ ധൈര്യം വന്നുവെന്നാണ് ഏമാൻ ചിന്തിച്ചത്. തന്നോടുമാത്രം പ്രീതിയുള്ളവരെ നിയമിക്കാൻ സെർച്ച് കമ്മിറ്റികളെ സ്വയം പ്രഖ്യാപിച്ചതിന് എറണാകുളത്തെ രണ്ടാം തൂണ് പലതവണ തല്ലിയിട്ടും കുലുക്കമില്ലാതെ നിൽക്കുകയല്ലേ നിശ്ചയദാർഢ്യൻ. വീസിമാർ മാത്രമല്ല ഇവിടെയൊക്കെ പഠിക്കുന്നവരിൽ ഭൂരിപക്ഷവും ‘ബ്ലഡി ക്രിമിനൽസാ’ണെന്ന് തിരിച്ചറിയാനും കക്ഷി വരേണ്ടി വന്നു. എവിടെ തെരഞ്ഞെടുപ്പ് നടന്നാലും ഈ ‘ബ്ലഡി ക്രിമിനൽസ്’ ജയിക്കുമ്പോൾ കിട്ടുന്ന പ്രഹരം കനത്തതാണെങ്കിലും അതൊന്നും പുറത്തുകാണിക്കാതിരിക്കാനുള്ള മെയ്‌വഴക്കം അപാരമാണ്.

കോഴിക്കോട് സർവകലാശാലയുടെ പിടിപ്പുകേടുകൊണ്ട് 30 ലക്ഷത്തോളം രൂപ നഷ്‌ടമായതിന് ലീഗനുകൂല സംഘടന നേതാവിനെ ‘സസ്‌പെൻഡ് ചെയ്ത നീതികേട് തിരുത്തി ഉടൻ തിരിച്ചെടുക്കണമെന്നും പിടിച്ചുവച്ച ശമ്പളവും ആനുകൂല്യവും നയാ പൈസയില്ലാതെ കൊടുക്കണമെന്നും ഉത്തരവിട്ടതിനല്ലേ കോടതി ഏറ്റവും ഒടുവിൽ തല്ലുകൊടുത്തത്. എന്നിട്ടും കുലുക്കമില്ലാതെ, കാലാവധി കഴിഞ്ഞിട്ടും തൽസ്ഥിതിയിൽ തുടരണമെങ്കിൽ ആൾ ചില്ലറക്കാരനല്ലെന്ന് എല്ലാവർക്കും ബോധ്യമായി. ഇനിയൊരു 25 കൊല്ലം ഇവിടെത്തന്നെ ഉണ്ടാകണമെന്ന് തിരുവഞ്ചൂരദ്ദേഹം ആഗ്രഹിക്കുന്നതിൽ തെറ്റു പറയാനാകില്ല.

രണ്ടാമത്തെ ആൾക്ക് ‘കെ'യോടുള്ള അലർജി വിശ്വവിഖ്യാതമാണ്. കെ ഫോൺ, കെ റെയിൽ, കെ സ്റ്റോർ, കെ എസ് എന്നൊക്കെ കേൾക്കുമ്പോൾത്തന്നെ തിളയ്‌ക്കും രോഷം ഞരമ്പുകളിൽ. ഒരു ‘കെ’യും കേരളത്തിൽ അനുവദിക്കില്ലെന്ന ഉഗ്രശപഥം എടുത്തിട്ടുള്ള ആളാണ്. കെ ഫോണിൽ നിറയെ അഴിമതിയാണെന്ന് തന്റെ ദിവ്യ ദൃഷ്ടിയിൽ കക്ഷി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ പൊലീസിൽ വിശ്വാസമില്ലാത്തതുകൊണ്ട് സിബിഐ വരണമെന്ന ചെറിയ ആവശ്യവുമായി പോയതാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെല്ലിന് കരാർ കൊടുത്തതിൽ കോടിയുടെ അഴിമതിയുണ്ടെന്ന് മാധ്യമവാർത്തകളെ ഉദ്ധരിച്ച് എത്രതവണ പറഞ്ഞു. എന്നിട്ടും ചീപ്പ് പ്രശസ്‌തിക്കു വേണ്ടിയല്ലേയെന്ന് ചോദിക്കുന്നത് ഹൃദയഭേദകമല്ലേ. തെളിവൊക്കെ കിട്ടുമ്പോൾ തരുമെന്ന് പറഞ്ഞിട്ടും ഹർജി ചുരുട്ടി താഴത്തെ കൊട്ടയിലിട്ടത് നീതികേടായി. സുധാകർജിയാണെങ്കിൽ ‘മൈ ഡിയർ’ എന്നുമാത്രം വിളിക്കുന്ന ഇദ്ദേഹത്തിന്റെ മുഖത്തുനോക്കി ഇങ്ങനെയൊക്കെ ചോദിക്കാനും ചെയ്യാനും പാടുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പുതിയ വെളിപാടിനുള്ള ഗവേഷണത്തിലാണ് കെ വിരുദ്ധ സഹയാത്രികരായ മാധ്യമപ്രവർത്തകർ. തെളിവൊക്കെ പത്രത്തിലുണ്ടെന്ന് പറഞ്ഞിട്ടുള്ളതിനാൽ കൂട്ടിലടച്ച തത്തകളെ കിട്ടില്ലെന്ന വാർത്ത ആരും കാണാതെ മുക്കിയും ഐക്യദാർഢ്യപ്പെട്ടിട്ടുണ്ട്. കാരസ്‌കരത്തിൽ കുരു പാലിലിട്ടാൽ കാലാന്തരെ കയ്‌പ്‌ ശമിപ്പതുണ്ടോയെന്ന് ചോദിക്കുന്ന അസൂയാലുക്കളും ഉണ്ടെന്ന സംസാരമുണ്ട്.

ഇന്റർവ്യൂ കടുക്കും
ഓണക്കാലം കഴിഞ്ഞു, കോൺഗ്രസിൽ ഇനി ഇന്റർവ്യൂവിന്റെ ആവേശക്കാലമാണ്. അടിച്ചു കേറി വാ മക്കളെ എന്ന ആഹ്വാനവുമായി ഗ്രൂപ്പ് ക്യാപ്റ്റൻമാർ അണിനിരന്നിട്ടുണ്ട്. പ്രസിഡന്റുമാരെ നേരിട്ട് നിയമിക്കുന്ന ഏർപ്പാടൊക്കെ നിർത്തിയത്രെ. ഇനിയുള്ള നിയമനം അപേഷ സ്വീകരിച്ച് സ്‌ക്രീൻ ചെയ്ത് പാനലുണ്ടാക്കി മികച്ചവരെമാത്രം വിളിച്ചിരുത്തി ചോദ്യങ്ങൾ ചോദിക്കും. അണ്ഡകടാകത്തിലെ ഏത് വിഷയവും ചോദിക്കും. അതിൽ വിജയിക്കുന്നവരെ ജില്ലകളുടെ പ്രസിഡന്റായി നിയമിക്കും. ഇതിനായി ഇവന്റ്‌ മാനേജ്മെന്റ്‌ ഗ്രൂപ്പുകളുടെ ക്വട്ടേഷൻ വാങ്ങിയിട്ടുണ്ട്. ഏറ്റവും ചെറിയ തുക ക്വാട്ട് ചെയ്തവരെ തെരഞ്ഞെടുത്ത് ഇന്റർവ്യൂ പരിപാടി ആരംഭിക്കുമെന്നാണ് ഹൈക്കമാൻഡ് അറിയിപ്പ്. ഇന്റർവ്യൂവിൽ തങ്ങളുടെ ഗ്രൂപ്പുകാരെ മുന്നിലെത്തിക്കാനാണ് ക്യാപ്റ്റൻമാരുടെ മത്സരം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമീഷന്റെ കാർഡ് ചവറുപോലെ കിട്ടിയതുപോലെ ഇതിലും നൂതനവിദ്യകൾ പലരും പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണെന്ന ടോക്കുണ്ട്‌. പ്രബല ഗ്രൂപ്പുകളിൽ ചേക്കേറാനുള്ള തള്ളൽ പരക്കെ ഉണ്ടെന്നും പറയുന്നു. ഗ്രൂപ്പുകൊണ്ടൊന്നും കാര്യമില്ലെന്ന് ചിന്തിക്കുന്നവർ ബിജെപിയിലേക്കും പാലമിട്ട് തുടങ്ങിയിട്ടുണ്ടത്രെ. രണ്ടും തമ്മിൽ വലിയ അന്തരമില്ലാത്തതിനാൽ ഒന്നായാൽ എന്തെന്ന് ചിന്തിക്കുന്ന പാർലമെന്റേറിയന്മാരും ഉണ്ടെന്ന് സംസാരമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top