21 November Thursday

വേണ്ടത് പഴയ പെൻഷൻ പദ്ധതി

ആർ ഇളങ്കോവൻUpdated: Wednesday Sep 18, 2024

 

ഏകീകൃത പെൻഷൻ പദ്ധതിയായ യുപിഎസ് സംബന്ധിച്ച വിവരങ്ങൾ കേന്ദ്രസർക്കാർ അൽപ്പാൽപ്പമായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. അന്തിമവിജ്ഞാപനം ഇറങ്ങിയാൽ മാത്രമേ പൂർണമായ ചിത്രവും അതിൽ അടങ്ങിയ പ്രശ്നങ്ങളും അറിയുകയുള്ളൂ. പുറത്തുവന്ന വിവരങ്ങൾ വച്ചുനോക്കുമ്പോൾ തമ്മിൽ ഭേദം എൻപിഎസ്‌ തന്നെയാണെന്ന് തൊഴിലാളികൾ പറയുന്നു.

യുപിഎസ് 2025 ഏപ്രിൽ മുതലാണ് പ്രാബല്യത്തിൽ വരിക. മാർച്ചിൽ വിരമിക്കുന്നവർക്ക് ഇത് ബാധകമാകും. എൻപിഎസിൽ ജീവനക്കാർ പത്തുശതമാനം ശമ്പളത്തിൽനിന്ന് അടയ്ക്കുമ്പോൾ സർക്കാർ വിഹിതം 14 ശതമാനമാണ്. ഇത് ഓഹരിവിപണിയിൽ നിക്ഷേപിച്ചു കിട്ടുന്ന ലാഭവും ചേർത്ത് പെൻഷൻ അക്കൗണ്ടിൽ ഉണ്ടാകും. വിരമിക്കുമ്പോൾ ഇതിന്റെ 60 ശതമാനം ജീവനക്കാരന് പിൻവലിക്കാം. 40 ശതമാനം ആന്വിറ്റി പദ്ധതിയിൽ നിക്ഷേപിച്ച്‌ അതിൽനിന്ന്‌ പെൻഷൻ നൽകും. പെൻഷനർ അഥവാ ഭാര്യ/ഭർത്താവ് മരിച്ചുപോയാൽ ആ 40 ശതമാനം  നോമിനിക്ക് നൽകും. യുപിഎസിൽ ആകട്ടെ, ഈ 10 ശതമാനം ശമ്പളത്തിൽനിന്ന്‌ പിടിക്കും. സർക്കാർ 14നു പകരം 18.5 ശതമാനം നിക്ഷേപിക്കും. അങ്ങനെ നോക്കിയാൽ ആകെ 28.5 ശതമാനം പെൻഷൻ  അക്കൗണ്ടിൽ വരേണ്ടതാണ്. എന്നാൽ, എൻപിഎസ് അക്കൗണ്ടിൽ ജീവനക്കാരന്റെ 10 ശതമാനത്തോടൊപ്പം സർക്കാർ വിഹിതമായി 10 ശതമാനം മാത്രമേ ചേർക്കുകയുള്ളൂ. അതായത് നിലവിൽ പെൻഷൻ അക്കൗണ്ടിൽ 24 ശതമാനം വരേണ്ടിടത്ത് 20  മാത്രമേ വരുകയുള്ളൂ. ഈ തുക ഓഹരിവിപണിയിൽ നിക്ഷേപിച്ച് ലാഭം കിട്ടുകയാണെങ്കിൽ അതും ചേർത്ത് പേഴ്‌സണൽ പെൻഷൻ അക്കൗണ്ട് എന്ന പേരിൽ കണക്കുവയ്ക്കും. ബാക്കിയുള്ള 8.5 ശതമാനം സർക്കാരിന്റെ കണക്കിൽത്തന്നെ നിലനിർത്തും. ഇത് പെൻഷനിൽ കുറവ് വരുമ്പോൾ അത് പരിഹരിക്കാൻ ഉപയോഗിക്കും എന്നാണ് പറയപ്പെടുന്നത്. അതായത് ജീവനക്കാരന്റെ പെൻഷൻ ഫണ്ട് അക്കൗണ്ടിലുള്ള തുക മുഴുവൻ എടുത്തുകൊണ്ട്‌ ഗ്യാരന്റീഡ് പെൻഷനും ജീവനക്കാർ മരിക്കുമ്പോൾ കുടുംബപെൻഷനും നൽകുമത്രേ. രണ്ടുപേരും മരിച്ചാൽ എൻപിഎസിൽ നിക്ഷേപിച്ചിരുന്ന 40 ശതമാനം നോമിനിക്ക് ലഭിക്കുന്നതുപോലെ യുപിഎസിൽ ലഭിക്കുകയില്ല. ആ തുക സർക്കാർതന്നെ കൈവശം വയ്ക്കും.

25 വർഷം സർവീസ് വേണം. പെൻഷൻ അക്കൗണ്ടിലുള്ള തുക മുഴുവൻ (100 ശതമാനം) സർക്കാരിന് കൈമാറുന്നതിന് സമ്മതിക്കണം. അങ്ങനെയാണെങ്കിൽമാത്രം അവസാനത്തെ 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ 50 ശതമാനം മിനിമം പെൻഷനായി ലഭിക്കും. പഴയ പദ്ധതിയിൽ 10 വർഷം സർവീസ് ഉണ്ടെങ്കിൽത്തന്നെ അവസാനത്തെ പത്തുമാസത്തെ ശരാശരി ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ലഭിക്കും.

എൻപിഎസിൽ വിരമിക്കുമ്പോൾ ശമ്പളത്തിൽനിന്ന്‌ പിടിക്കുന്ന തുകയും സർക്കാർ വിഹിതവും ചേർത്തുള്ള 24 ശതമാനത്തിലെ 60ഉം തൊഴിലാളിക്ക് തിരികെ ലഭിക്കുന്നു. എന്നാൽ, യുപിഎസിൽ തൊഴിലാളിയുടെ വിഹിതമായ 10 ശതമാനവും സർക്കാർ വിഹിതമായ 10 ശതമാനം ചേർത്ത് 20 ശതമാനംമാത്രം വരുന്ന തുകയുടെ 60 ശതമാനമാണ് ലഭിക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ ലഭിക്കേണ്ട പെൻഷനിലും 60 ശതമാനം കുറവുവരും. ഉദാഹരണത്തിന് 60 ശതമാനം വിരമിക്കുന്ന സമയത്ത്  സ്വീകരിച്ചാൽ പെൻഷൻ തുകയിലും അതായത് അവസാനത്തെ 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ 50 ശതമാനം വരുന്ന തുകയുടെ 60 ശതമാനം കുറച്ച് ബാക്കി 40 മാത്രമേ പെൻഷനായി കിട്ടുകയുള്ളൂ. ഇത് ഉറപ്പായും ലഭിക്കും. എൻപിഎസിൽ  ഉറപ്പായ പെൻഷനും മിനിമം ഗ്യാരന്റി പെൻഷനും ഇല്ല. 25 വർഷം സർവീസ് പൂർത്തിയാക്കിയവർക്കു മാത്രമേ മേൽപ്പറഞ്ഞ 50 ശതമാനം ലഭിക്കുകയുള്ളൂ. 20 വർഷമേ സർവീസുള്ളൂവെങ്കിൽ അതിന് ആനുപാതികമായി കുറവുവരും. അപ്പോൾ 50 ശതമാനത്തിനുപകരം 40 മാത്രമേ ലഭിക്കുകയുള്ളൂ. 10 വർഷം മാത്രമേ സർവീസ് ഉള്ളൂവെങ്കിൽ  20 ശതമാനം മാത്രമേ ലഭിക്കുകയുള്ളൂ.

മിനിമം പെൻഷൻ അഥവാ യുപിഎസ്
ഒരാളുടെ അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തെ ശമ്പളം ഒരുലക്ഷം ആണെന്ന് കരുതുക. അവർ തന്റെ പെൻഷൻ ഫണ്ടിലുള്ള മുഴുവൻ തുകയും സർക്കാരിന് വിട്ടുകൊടുക്കാൻ സമ്മതിക്കുകയാണെങ്കിൽ 60 വയസ്സിൽ വിരമിക്കുമ്പോൾ 25 വർഷം സർവീസ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ 50 ശതമാനം പെൻഷനായി അവർക്ക് 50,000 രൂപ ലഭിക്കും. എന്നാൽ, 60 പിൻവലിക്കുകയാണെങ്കിൽ അവരുടെ പെൻഷൻ 50,000ന്റെ 60 കുറഞ്ഞ്‌ വെറും 20,000 മാത്രമേ ലഭിക്കുകയുള്ളൂ. പത്തുവർഷംമാത്രം സേവനം ചെയ്ത ജീവനക്കാരനാകുമ്പോൾ പെൻഷൻ ഫണ്ട് മുഴുവൻ സർക്കാരിന് വിട്ടുകൊടുത്താൽ 50,000നു പകരം 20,000 മാത്രമേ ലഭിക്കൂ. ഇതിൽത്തന്നെ 60 ശതമാനം പിൻവലിക്കുകയാണെങ്കിൽ 20,000ന്റെ 40 ശതമാനം 8000 രൂപയാണ് ലഭിക്കേണ്ടത്. പക്ഷേ മിനിമം 10,000  ഉറപ്പായും കിട്ടും. സർവീസ് 10 വർഷത്തിൽ താഴെയാണെങ്കിൽ പെൻഷൻ ഇല്ല. എന്നാൽ, അവരുടെ പെൻഷൻ ഫണ്ടിലെ തുക തിരിച്ചു നൽകുമോ എന്നത് ഉത്തരവിറങ്ങിയാൽ മാത്രമേ അറിയാൻ കഴിയൂ. പഴയ പെൻഷൻ പദ്ധതിയിൽ  ഈ വക പ്രശ്നങ്ങൾ ഒന്നുമില്ല. 10 വർഷം സർവീസുള്ള ജീവനക്കാരന് അവസാന പത്തുമാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനം നിർബന്ധമായും പെൻഷനായി ലഭിക്കും. മാത്രമല്ല എൻപിഎസിലും ഒപിഎസിലും ഉള്ളതുപോലെ  ശമ്പളത്തിൽനിന്നുള്ള റിക്കവറി ഇല്ല.

ക്ഷാമബത്ത
എൻപിഎസിൽ ക്ഷാമബത്ത ഇല്ല. യുപിഎസിൽ ക്ഷാമബത്ത ഉണ്ട്. എന്നാൽ, കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 2016 മുതലാണ് കണക്കാക്കി വരുന്നത്. ഇപ്പോൾ 2024 ജൂലൈയിൽ 53 ശതമാനമാണ് ക്ഷാമബത്ത. 2025 ജനുവരി ഒന്നിന്‌ ഇത് 57 ശതമാനം ആകാനാണ് സാധ്യത. അങ്ങനെ നോക്കുകയാണെങ്കിൽ 2025 ഏപ്രിൽ ഒന്നിന്‌ ഈ 57 ശതമാനം ക്ഷാമബത്ത പെൻഷനുമായി അല്ലെങ്കിൽ കുടുംബ പെൻഷനുമായി ചേർത്തു കൊടുക്കുമോ എന്നുള്ളതും ഇനിയും വ്യക്തമല്ല. 

ഗ്രാറ്റുവിറ്റി
എൻപിഎസിലും നിയമാനുസൃതമായ ഗ്രാറ്റുവിറ്റി വിരമിക്കുമ്പോൾ കിട്ടും. അഞ്ചുവർഷം സർവീസ് പൂർത്തിയാക്കിയാൽത്തന്നെ ഓരോ വർഷത്തിനും ആറുമാസത്തെ ശമ്പളമെന്ന കണക്കിൽ അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്തയും ചേർത്തുനൽകും. പരമാവധി 16.5 മാസത്തെ ശമ്പളമാണ് ഇങ്ങനെ നൽകുക. ഏറ്റവും കൂടിയത് 25 ലക്ഷം രൂപ. വിരമിക്കൽ പ്രായമായി സർവീസിൽനിന്ന് വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിലുള്ള മുഴുവൻ തുകയും സർക്കാരിന് വിട്ടുകൊടുത്താൽ മാത്രമേ ലംസം അഥവാ കമ്യൂട്ടേഷൻ ലഭിക്കുകയുള്ളൂ. ജോലി ചെയ്ത ഓരോ ആറുമാസത്തിനും അടിസ്ഥാന ശമ്പളവും ചേർത്തുവരുന്ന തുകയുടെ 10 ശതമാനം ലംസമായി നൽകും. ഓഹരി വിപണിയിലെ നിക്ഷേപത്തിൽ എന്ത് ഉയർച്ച താഴ്ചകൾ ഉണ്ടായാലും ഗ്യാരന്റി ചെയ്ത മിനിമം പെൻഷൻ ലഭിക്കുമെങ്കിലും അത് ഒരിക്കലും വിരമിച്ച ജീവനക്കാരന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാകില്ല എന്നതാണ് യാഥാർഥ്യം. എന്നുമാത്രമല്ല നിരവധി  പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഒപിഎസിന്റെ ഗുണവശങ്ങൾ ഭൂരിഭാഗവും കവർന്നെടുക്കപ്പെടുന്നു എന്നതാണ് സത്യം.

ആയതിനാൽ ഒപിഎസ് നേടിയെടുക്കാനുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കണം. കേന്ദ്ര -സംസ്ഥാന ജീവനക്കാരിൽ 99 ലക്ഷം പേർ പുതിയ പെൻഷൻ പദ്ധതിക്ക് കീഴിലാണ്. കേന്ദ്രം പൂർണമായും യുപിഎസും എൻപിഎസും പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പാക്കിയാൽ മാത്രമേ ഇവരുടെ ജീവിതം സുരക്ഷിതമാകൂ.
99 ലക്ഷം ജീവനക്കാരുടെ പണമായ 10.5 ലക്ഷം കോടി രൂപ ഷെയർ മാർക്കറ്റിൽ തുടരണം. അത് ഉപയോഗിച്ച്  കോർപറേറ്റുകളെ താങ്ങിനിർത്തണം. അതോടൊപ്പംതന്നെ തൊഴിലാളികൾക്ക് മിനിമം പെൻഷൻ ലഭിച്ചതായി തോന്നുകയും വേണം. അതിനുവേണ്ടി കേന്ദ്രം കണ്ടുപിടിച്ചതാണ് യുപിഎസ്. നമ്മൾ നിക്ഷേപിക്കുന്ന തുക മുഴുവൻ എടുത്ത് നമുക്കുതന്നെ പെൻഷൻ നൽകുന്ന സമ്പ്രദായം മാത്രമാണ് യുപിഎസ്. അതിനെതിരെ സർക്കാർ ജീവനക്കാർ ഒന്നിച്ച് അണിനിരന്ന് വൻപ്രക്ഷോഭം ഉയർത്തണം.

(ദക്ഷിണ റെയിൽവേ പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റായ ലേഖകൻ തീക്കതിറിൽ എഴുതിയ ലേഖനം പരിഭാഷപ്പെടുത്തിയത് യൂണിയൻ 
ജോയിന്റ് ജനറൽ സെക്രട്ടറി ബി സുശോഭൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top