22 November Friday

നാളത്തെ ആരോഗ്യത്തിനായി ഇന്നേ തുടങ്ങാം

കെ കെ ശൈലജUpdated: Monday Nov 18, 2019

രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആർദ്രം ജനകീയ ക്യാമ്പയിന്‌ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതോടെ ഇന്ന് തുടക്കം കുറിക്കുകയാണ്. സർക്കാരിന്റെ നവകേരള കർമപരിപാടികളിലൊന്നായ ആർദ്രം മിഷൻ കൂടുതൽ ജനകീയമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാനായാണ് ആരോഗ്യവകുപ്പ് ആർദ്രം ജനകീയ ക്യാമ്പയിൻ ആവിഷ്‌കരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണവകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.
ആരോഗ്യരംഗത്ത് കേരളം ചരിത്രപരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയ ആരോഗ്യസൂചികയിൽ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തിക്കഴിഞ്ഞു. ആരോഗ്യമേഖലയിലെ ഫലസൂചികകൾ, ഭരണപരമായ സൂചികകൾ, ആരോഗ്യ സംവിധാനത്തിന്റെ ദൃഢത എന്നീ 23 സൂചികയിലും അഭിമാനകരമായ നേട്ടം കൈവരിക്കാൻ കേളത്തിനായി. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശുമരണനിരക്കും അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. ഇതിലൂടെ സുസ്ഥിര വികസനലക്ഷ്യങ്ങൾ കേരളം കൈവരിച്ചിരിക്കുകയാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളിൽവച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീ–-പുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്. സംസ്ഥാനത്തെ 55 ആരോഗ്യ സ്ഥാപനത്തിന്‌ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരവും ലഭിച്ചു. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിലാണെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. പൂഴനാട് കുടുംബാരോഗ്യകേന്ദ്രവും കാസർകോട് കയ്യൂർ കുടുംബാരോഗ്യകേന്ദ്രവും ഇന്ത്യയിൽ ഒന്നാമതാണ്.

ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളമെങ്കിലും പകർച്ചവ്യാധികളും ജീവിതശൈലീരോഗങ്ങളും ഇപ്പോഴും ഒരു പ്രധാന ആരോഗ്യപ്രശ്‌നമായി നിൽക്കുകയാണ്. ആരോഗ്യരംഗത്ത് സർക്കാർതലത്തിൽ തുടക്കമിട്ടിരിക്കുന്ന നിരവധി പുതിയ പദ്ധതികളുടെ ഭാഗമായാണ് പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. യുണൈറ്റഡ് നേഷൻസിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പരിപാടികൾക്ക് രൂപം നൽകിയിട്ടുള്ളത്. പകർച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള സമഗ്രമായ ഒരു കർമപദ്ധതിക്ക്‌ സർക്കാർ രൂപം നൽകിയിരുന്നു. ആരോഗ്യ ജാഗ്രതയ്ക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചത്. മഴക്കാലപൂർവ പരിപാടിക്കു പകരം ഒരു വർഷം നീണ്ടുനിൽക്കുന്ന സമഗ്രവും തീവ്രവുമായ കാര്യപരിപാടികളാണ് ആസൂത്രണം ചെയ്തത്. ഈ പദ്ധതിയുടെ വിജയത്തെതുടർന്നാണ് കൂടുതൽ ബഹുജന പങ്കാളിത്തത്തോടെ ആർദ്രം ക്യാമ്പയിൻ തുടങ്ങാൻ തീരുമാനിച്ചത്.

സേവനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിനും ചികിത്സാചെലവ് കുറയ്ക്കുന്നതിനുമടക്കം രണ്ടാംതലമുറ വെല്ലുവിളികൾക്ക് പരിഹാരമായാണ് ആർദ്രം മിഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആർദ്രം ദൗത്യത്തിൽ കേരളം 2020ലും 2030ലും നേടേണ്ട ഹ്രസ്വകാല, ദീർഘകാല സുസ്ഥിര വികസനലക്ഷ്യങ്ങൾ നേടാനുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യ സംരക്ഷണത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള ആരോഗ്യ സംവിധാനത്തിന്റെ പരിപൂർണ പരിവർത്തനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി പ്രാഥമികതലംമുതൽ മെഡിക്കൽ കോളേജുകൾവരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച സൗകര്യമൊരുക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

ആരോഗ്യരംഗത്തെ വികസനത്തിനൊപ്പം പകർച്ചവ്യാധികൾക്കും ജീവിതശൈലീ രോഗങ്ങൾക്കും എതിരായ ശക്തമായ മുന്നേറ്റത്തിനായാണ് ആർദ്രം ജനകീയ ക്യാമ്പയിന് രൂപം നൽകിയിരിക്കുന്നത്. ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ മാർഗങ്ങൾ പിന്തുടരുക, ആരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും വളർത്തിയെടുക്കുക, ഓരോ വ്യക്തിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം. രോഗപ്രതിരോധം, നല്ല ആരോഗ്യശീലങ്ങൾ,, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവക്കാണ്‌ ഊന്നൽ. ലഹരിവസ്തുക്കളുടെ ദുരുപയോഗവും അവയോടുള്ള ആസക്തിയും ഇല്ലാതാക്കുക ക്യാമ്പയിന്റെ ലക്ഷ്യമാണ്‌. ശുചിത്വത്തിനും മാലിന്യനിർമാർജനത്തിനും കൂടുതൽ ഊന്നൽ നൽകും. ജനകീയ ക്യാമ്പയിന്റെ ശരിയായ നടത്തിപ്പിന് നിലവിലെ ആർദ്രം മിഷന്റെ കമ്മിറ്റികളെ ഉൾക്കൊള്ളിച്ചുകൊണ്ട് പുതിയ ക്യാമ്പയിൻ കമ്മിറ്റികൾക്കും വിവിധ തലങ്ങളിൽ രൂപം നൽകിയിട്ടുണ്ട്.

ജില്ലാ ആരോഗ്യദൗത്യവും ജില്ലാ ആർദ്രം ടാസ്‌ക് ഫോഴ്‌സും ജില്ലാതലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. എംഎൽഎമാർ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വാർഡുതലത്തിൽ വാർഡ് സാനിറ്റേഷൻ കമ്മിറ്റികളായിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ജില്ലയിൽ അതത് ക്യാമ്പയിനുകൾക്കായുള്ള തീമുകളും ആളുകളുടെ പങ്കാളിത്തവും ജില്ലാതലത്തിൽ ഉറപ്പുവരുത്തും. സ്ഥാപനതലത്തിൽ ആർദ്രം ജനകീയ ക്യാമ്പയിനിലുള്ള കമ്മിറ്റിയായിരിക്കും പ്രവർത്തകർക്ക് നേതൃത്വം നൽകുക.

പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിൽ കൂട്ടായ്മയാണ് ആവശ്യം. ജനങ്ങളുടെ ആരോഗ്യത്തിനായി രാഷ്ട്രീയഭേദമെന്യേ ഒരുമിച്ച് പൊരുതണം. ആർദ്രം ജനകീയ ക്യാമ്പയിൻ വലിയ വിജയമാകാൻ എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top