23 November Saturday

മുടി വെട്ടാ സ്വാമിക്കും വന്‍ മുടിവെട്ട്- എസ് എസ് അനില്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

മുടിവെട്ട് കഥകള്‍ ഒരുപാട് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമല്ലോ? ബാര്‍ബര്‍ഷാപ്പിലെ മുടി വെട്ടല്ല. ശതശത കോടീശ്വരന്‍മാര്‍ക്ക് സര്‍ക്കാര്‍ ബാങ്കുകള്‍ സര്‍ക്കാര്‍ അനുഗ്രഹത്തോടെ നല്‍കുന്ന മുടിവെട്ട്, അഥവാ ഹെയര്‍ കട്ട്. ആ മുടിവെട്ട് കഥകളെക്കുറിച്ചാണ് ചോദിച്ചത്. ഭൂഷണ്‍ സ്റ്റീലിന് ടാറ്റാ സ്റ്റീലിന്റെ ആഴത്തിലെ മുടിവെട്ട്, രത്തന്‍ പവറിന് ഗോള്‍ഡ്മാന്‍ സാച്ച് വക ഇടത്തരം വെട്ട്, ഡിഗിപോര്‍ട്ടിന് ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ലിമിറ്റഡ് വക ചെറു വെട്ട് അങ്ങനെ പല പല മുടി വെട്ടുകള്‍. പക്ഷെ മുടി വെട്ടാ സ്വാമിയുടെ മുടിവെട്ടാണ് യഥാര്‍ത്ഥ വെട്ട്. ചങ്ങാത്ത മുതലാളിത്തമോ ശിങ്കിടി മുതലാളിത്തമോ അല്ല. മറിച്ച് ആത്മീയ ചങ്ങാത്ത ശിങ്കിടി മുതലാളിത്തം. അങ്ങനെ വിശേഷിപ്പിക്കുന്നതാകും കൂടുതല്‍ ശരി. സംഭവം എന്തെന്നല്ലെ? പറയാം.

രുചിയുടെ കഥ

രുചി സോയ. ആഭ്യന്തരമായി പാം ഓയില്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തുന്ന കമ്പനിയാണ്. വലിയ മുതലാളി. വലിയ മുതലാളിയായതുകൊണ്ട് തന്നെ വലിയ മുതല്‍മുടക്ക്, വലിയ ലാഭം. വലിയ മുതല്‍ മുടക്കിന് വലിയ വായ്പ. തിരിച്ചടവ് കാലാവധി തുടങ്ങുന്നതു വരെ വന്‍ ലാഭം. അടവിന്റെ സമയം വന്നതും സ്ഥാപനം നഷ്ടമായി. മലേഷ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ചുങ്കം കുറച്ചതോടെ കമ്പനി പ്രതിസന്ധിയിലായെന്ന് മുതലാളി വലിയ വായില്‍ നിലവിളിച്ചു.പൊതുമേഖലാ ബാങ്കുകളിലെ വായ്പ കിട്ടാക്കടമായി. മുതലാളിയുടെ നിലവിളിയല്ലെ? സര്‍ക്കാരിനും വിഷമമായി.

കണ്ണീരൊപ്പാന്‍മുടിവെട്ട്


വന്‍കിട മുതലാളിയുടെ കിട്ടാക്കടമല്ലെ? ചെറിയ സംഖ്യയൊന്നുമല്ല. 12146 കോടി. പാപ്പര്‍നിയമമായി (IBC), കടം ദേശീയ ലോ ട്രിബ്യൂണല്‍ വഴി ലേലത്തിന് വച്ചു. ലേലം പിടിക്കാനെത്തിയതാരെന്നോ?

പഞ്ചഗുസ്തിയും പഞ്ചകര്‍മ്മവും പഞ്ചാര പോലെ പയറ്റുന്ന പതാഞ്ജലി വീരശൂരപരാക്രമസ്വാമി, സാക്ഷാല്‍ ബാബാ രാമദേവന്‍. നെഞ്ചോളമെത്തുന്ന ദീക്ഷ തടവി, ഭരണകൂടത്തിന്റെ നേരടയാളമായ കാവി വസ്ത്രവും മേല്‍വിവസ്ത്രവുമൊക്കെയായി, വേഷം കൊണ്ട് തന്റെ ജാതി, മാലോകരോടും പ്രധാനമന്ത്രാലയത്തോടും അറിയിച്ച് സ്വാമി ലേല വേദിയില്‍ ആസനസ്ഥനായി അരുള്‍ ചെയ്തു പോലും. കിട്ടാക്കടം 12146 കോടി, രാജ്യ സ്‌നേഹിയായ നോം അതേറ്റെടുക്കുന്നു രൂപ 4300 കോടി. സ്വാമിയുടെ കല്‍പ്പനയല്ലെ? എതിര്‍വായില്ലല്ലോ? എല്ലാവരും റാന്‍ മൂളി. പക്ഷെ സ്വാമി വിടുമോ? മൂപ്പര് ഒരു ആസാമിയല്ലെ? വച്ചൂ ഒരു കണ്ടീഷന്‍. 4300 കോടിയില്‍ 4000 കോടി വായ്പ വേണം.

ക്യൂ നിന്ന് ബാങ്കുകള്‍

സര്‍ക്കാര്‍ ബാങ്കുകാര്‍ ക്യൂ നിന്നുവെന്നാണ് അറിയുന്നത്. എസ്.ബി.ഐ, പി.എന്‍.ബി, സിണ്ടിക്കേറ്റ്, അലഹബാദ്, യൂണിയന്‍ ബാങ്ക്, , കോര്‍പ്പറേഷന്‍ ബാങ്ക് ..... എല്ലാവരും വരിവരിയായി അണിനിരന്നു. സാക്ഷാല്‍ സ്വാമിയാണ് വായ്പ ചോദിച്ചത്. അതും ശിങ്കിടി മുതലാളി സ്വാമി. വിഷമിച്ച് വിഷമിച്ചാണ് ചില ബാങ്കധികാരികള്‍ പലിശ എത്ര തരുമെന്ന് ചോദിച്ചത്. മറുപടിയായി സ്വാമി ഒന്നും മിണ്ടിയില്ലത്രെ. പകരം എല്ലാ ഉദ്യോഗസ്ഥന്‍ മാര്‍ക്കും ഓരോ രുദ്രാക്ഷമാല നല്‍കി അനുഗ്രഹം ചൊരിഞ്ഞു പോലും.

എന്തായാലും മുടി വെട്ടാ സ്വാമിക്ക് മുടി വെട്ടിനത്തില്‍ കുറവ് കിട്ടിയത് 66%. തീര്‍ന്നില്ല സ്വാമിയുടെ കൈ ചിലവ് 300 കോടി മാത്രം. അതായത് കേവലം 2.5%. സ്വാമി പാമോയില്‍ കമ്പനി ഉടമസ്ഥനായതും പൗരത്വ വിഷയമുയര്‍ന്നു. മലേഷ്യന്‍ സര്‍ക്കാര്‍ ഭാരത സര്‍ക്കാരിനെ വിമര്‍ശിച്ചു. സര്‍ക്കാര്‍ പാമോയില്‍ ഇറക്കുമതി കുറച്ചു, ചുങ്കം കൂട്ടി. അതോടെ പതാഞ്ജലി സ്വാമിക്ക് വീണ്ടും അനുഗ്രഹം. പൗരത്വ നിയമത്തിനെതിരെ സാധാരണക്കാരനെ ഭരണകൂടം അടിക്കുന്നു ഇടിക്കുന്നു വെടിവെച്ച് കൊല്ലുന്നു. ആത്മീയ ശിങ്കിടി മുതലാളിത്ത വക്താക്കള്‍ അതിലും ലാഭം കൊയ്യുന്നു.

സ്വാമി മുടി വെട്ടി നേടിയ വായ്പയാണ്. ഇനി വെട്ടിയ മുടി  വളരുംപോലെ അതും വളരും. വളര്‍ന്ന് വളര്‍ന്ന് അത് വലിയ കോടിയാകും. അപ്പോള്‍ സ്വാമിയുടെ വായ്പയെയും മുടിവെട്ടി ചെറുതാക്കും. സാധാരണക്കാരന്റെ ബാങ്ക് നിക്ഷേപം ഇത്തരം ആസാമി മുതലാളിമാര്‍ക്ക്, വെള്ളി തളികയിലാക്കി നല്‍കുകയാണ്, നമ്മുടെ രാജ്യസ്‌നേഹി ഭരണാധികാരികള്‍. സ്വാമിയുടെ, ഈ സ്വാമിമാര്‍ക്ക് ചൂട്ടു പിടിക്കുന്ന ഭരണ വര്‍ഗ്ഗത്തിന്റെ അനുയായികള്‍ ഇതെന്തെങ്കിലും അറിയുന്നുണ്ടോ? അവര്‍ അപ്പോഴും എപ്പോഴും ഉറക്കെ വിളിക്കും. ജയ് ശ്രീറാം! ജയ് ബാബാ രാമദേവാനന്ദ പതാഞ്ജലി ഷാ മോദി റാം! അവര്‍ ഉറക്കെ ഉറക്കെ വിളിക്കും.

(ലേഖകന്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ( ബെഫി ) സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top