20 September Friday

അശാന്തി പുകയുന്ന പശ്ചിമേഷ്യ

വി ബി പരമേശ്വരൻUpdated: Friday Sep 20, 2024

ഇസ്രയേൽ ഗാസയിൽ തുടരുന്ന മനുഷ്യക്കുരുതി പശ്ചിമേഷ്യയെ ആകെ വിനാശകരമായ യുദ്ധത്തിലേക്ക് നയിക്കുകയാണോ എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നു. ഒരാഴ്ചയ്‌ക്കകം ഉണ്ടായ മൂന്നു സംഭവങ്ങളാണ് മേഖലയിലാകെ യുദ്ധഭീതി പടർത്തുന്നത്. ഈ മാസം 15ന് യെമനിലെ ഹൂതി വിമതർ ഇസ്രയേലിനുനേരേ ഹൈപ്പർസോണിക്‌ മിസൈൽ ആക്രമണം നടത്തി. 17ന് ലബനനിലെമ്പാടും പേജറുകൾ പൊട്ടിത്തെറിച്ച് നിരവധിപേർ മരിക്കുകയും 3000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വിവിധ പ്രദേശങ്ങളിൽ വാർത്താവിനിമയ ഉപകരണങ്ങളായ വാക്കിടോക്കിയും റേഡിയോയും പൊട്ടിത്തെറിച്ച് നിരവധിപേർ കൊല്ലപ്പെടുകയും 450 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ ഗാസയിലെ കൂട്ടക്കുരുതി തുടരവേയാണ് യുദ്ധം മറ്റു മേഖലകളിലേക്ക് വ്യാപിക്കുന്നത്. ഗാസയിൽ സമാധാനം സ്ഥാപിച്ച് യുദ്ധവ്യാപനം തടയണമെന്ന് അന്താരാഷ്ട്രസമൂഹം ആവശ്യപ്പെടുമ്പോഴാണ് പ്രകോപനപരമായ നീക്കങ്ങൾ നടക്കുന്നത്.

ഇസ്രയേലിന്റെ ലോകോത്തര ചാരക്കണ്ണുകളെയും പ്രതിരോധ സംവിധാനങ്ങളെയും നിഷ്‌പ്രഭമാക്കിയാണ് യെമനിലെ ഹൂതി വിമതർ ഇസ്രയേലിനുനേരേ മിസൈൽ ആക്രമണം നടത്തിയത്. രണ്ടു മാസത്തിനകം നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂലൈയിലും ഹൂതികൾ ഇസ്രയേലിനുനേരെ ഡ്രോൺ ആക്രമണം നടത്തി. ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് മറുപടിയായാണ് ചെങ്കടലിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ഇസ്രയേൽ ആക്രമിച്ചത്. ഇതുകൊണ്ടൊന്നും ഹൂതികളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് ഞായറാഴ്ചത്തെ മിസൈൽ പ്രയോഗം തെളിയിക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹമാസിന്റെ ആക്രമണത്തെ തുടർന്ന് ഇസ്രയേൽ ഗാസ ആക്രമിച്ച ഘട്ടത്തിൽത്തന്നെ ഹൂതികൾ പലസ്തീൻജനതയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇസ്രയേലിനുനേരേ യുദ്ധ പ്രഖ്യാപനം നടത്തി. പൊരുതുന്ന പലസ്തീൻ ജനതയെ കൈവിടില്ലെന്ന സന്ദേശമാണ് ഹൂതികൾ നൽകിയത്. ഇറാൻ പിന്തുണയുള്ള ഹൂതികൾ ഒമ്പത് വർഷമായി സൗദി നേതൃത്വത്തിലുള്ള സഖ്യകക്ഷി സൈന്യത്തെ ചെറുത്ത്, തലസ്ഥാനമായ സന ഉൾപ്പെടെ യെമനിലെ ഒരു വലിയ ഭൂപ്രദേശത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്തി.  ചെങ്കടലിൽ ഇവർക്കുള്ള നിയന്ത്രണം ഇതുവഴിയുള്ള ചരക്കുകടത്തിനെ, പ്രത്യേകിച്ചും എണ്ണക്കടത്തിനെ ബാധിച്ചു. യൂറോപ്പിൽ ഇന്ധന വിലക്കയറ്റത്തിനുതന്നെ ഇതു കാരണമായി. അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേന പ്രധാനമായും അമേരിക്കയും ബ്രിട്ടനും ഹൂതികൾക്കെതിരെ വ്യോമാക്രമണം തുടരുന്നുണ്ടെങ്കിലും അവരെ തളർത്താനായിട്ടില്ല.  ഈ സാഹചര്യത്തിൽ ഇസ്രയേലിനുനേരെ നടത്തിയ മിസൈൽ ആക്രമണം തുടർആക്രമണങ്ങൾക്കുള്ള വ്യക്തമായ സൂചനയാണ്. ഇസ്രയേൽ പ്രത്യാക്രമണം നടത്തുമെന്നും  ഉറപ്പാണ്.

ഹൂതി ആക്രമണത്താൽ മുഖം നഷ്ടപ്പെട്ട ഇസ്രയേലിന് തീവ്രജൂതരുടെ പിന്തുണ നേടാൻ സഹായിക്കുന്നതാണ് ലബനനിലെ ഹിസ്‌ബുള്ള ഉപയോഗിക്കുന്ന പേജറുകൾ വഴി നടത്തിയ സ്‌ഫോടന പരമ്പര. തായ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയിൽനിന്നും ഹിസ്‌ബുള്ള  ഇറക്കുമതി ചെയ്ത ആയിരക്കണക്കിന് പേജറുകളിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് നിറച്ചതായി സംശയിക്കുന്ന സ്ഫോടകവസ്തുക്കളാണ് സ്ഫോടനത്തിന് വഴിവച്ചത്. ഇതെഴുതുമ്പോൾ വിവിധ നഗരങ്ങളിലായി  പത്തിലധികം പേർ മരിച്ചിട്ടുണ്ട്.  പത്ത് വയസ്സുകാരിയും മരിച്ചവരിൽ ഉൾപ്പെടും. ലബനനിലെ ഇറാൻ സ്ഥാനപതി മൊജ്താബ അമാനി ഉൾപ്പെടെ 3000 പേർക്ക് പരിക്കേറ്റു. ഇതിൽ 200 പേരുടെ നില ഗുരുതരമാണെന്നാണ്  ‘ഗാർഡിയൻ’ പത്രം റിപ്പോർട്ട് ചെയ്തത്. അതായത് മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ബുധനാഴ്ചയും സ്‌ഫോടന പരമ്പര തുടർന്നു. പേജർ ആക്രമണത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്ന വേളയിൽപ്പോലും സ്ഫോടനമുണ്ടായി. യുദ്ധത്തിന്റെ പുതിയ മുഖം തുറക്കുകയാണെന്നും ഏറെ ധൈര്യവും നിശ്ചയദാർഢ്യവും അശ്രാന്ത പരിശ്രമവും വേണ്ട സമയമാണിതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി  യോവ് ഗാലന്റ്‌ പ്രതികരിച്ചു. 


 

ഇറാൻ പിന്തുണയുള്ള ഹിസ്‌ബുള്ളയുടെ സീനിയർ മിലിട്ടറി കമാൻഡർ ഫുവദ് ഷോക്കറെയെ നേരത്തേ ഇസ്രയേൽ വധിച്ചിരുന്നു. അതോടൊപ്പം ഹമാസിന്റെ സൈനിക മേധാവി ഇസ്മായിൽ  ഹനിയേയും ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വച്ച് ഇസ്രയേൽ വധിച്ചു. ഈ രണ്ട് കൊലപാതകങ്ങൾക്കും പ്രതികാരം ചെയ്യുമെന്ന് ഹിസ്‌ബുള്ളയും ഇറാനും വ്യക്തമാക്കി. ഇസ്രയേൽ ഭീകരരാഷ്ട്രമാണ് എന്നതിന് മറ്റൊരു തെളിവുകൂടിയാണ് ഈ പേജർ ആക്രമണം. തായ്‌വാൻ കമ്പനി ഉണ്ടാക്കിയ പേജറുകൾ ഹിസ്‌ബുള്ളയ്‌ക്ക് കൈമാറുന്നതിനുമുമ്പായാണ് മൊസാദ് വഴി സ്ഫോടകവസ്തുക്കൾ നിറച്ചതെന്നാണ് ‘റോയിട്ടർ’ എന്ന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ഈ ഭീകരവാദ പ്രവർത്തനത്തിന് തയ്യാറായിട്ടുള്ളത്. യുദ്ധം അവസാനിച്ചാൽ ആദ്യം അധികാരത്തിൽനിന്നും ഇറങ്ങേണ്ടി വരിക ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവായിരിക്കും. അതുകൊണ്ടാണ് സമാധാന ശ്രമങ്ങൾക്കൊന്നും ഇസ്രയേൽ പച്ചക്കൊടി കാണിക്കാത്തത്.

അടുത്ത മാസം ഏഴിന്‌  ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതിക്ക് ഒരു വർഷം തികയും. ഇതിനകം ഗാസയിലെ 41000ത്തിൽ അധികം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പലസ്തീനികളെയാണ് ഇസ്രയേൽ കൊന്നുതള്ളിയിട്ടുള്ളത്. ഒരു വശത്ത് സമാധാനത്തിന് ശ്രമം നടത്തുകയാണ് എന്ന് പ്രചരിപ്പിക്കുന്ന അമേരിക്ക തന്നെയാണ് ഇസ്രയേലിന്  വേണ്ട യുദ്ധസാമഗ്രികളും പണവും നൽകുന്നത്. കഴിഞ്ഞ ദിവസമാണ് 350 കോടി ഡോളർ സഹായം അമേരിക്ക പ്രഖ്യാപിച്ചത്. ഇന്ത്യയും ഇസ്രയേലിന് ആയുധങ്ങൾ നിർബാധം നൽകിവരികയാണ്. ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര നീതിന്യായ കോടതിയും ഒരുപോലെ ഇസ്രയേലിന് ആയുധം വിൽക്കരുതെന്ന് ലോകരാജ്യങ്ങളോട് അഭ്യർഥിക്കുമ്പോഴാണ് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളും ഇന്ത്യയും ആയുധം  നൽകുന്നത്. ജനീവ കൺവൻഷനിലും വംശഹത്യാ കൺവൻഷനിലും ഒപ്പിട്ട രാജ്യങ്ങൾ ഒന്നൊന്നായി ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തിവയ്‌ക്കുകയാണ്. ഇസ്രയേലിന് ആയുധം വിൽക്കുന്ന കമ്പനികൾക്കുള്ള ലൈസൻസ് ക്യാനഡ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം പിൻവലിച്ചു. അമേരിക്കയോടൊപ്പം അണിനിരക്കുന്ന ബ്രിട്ടൻപോലും ക്യാനഡയുടെയും സ്പെയിനിന്റെയും പാത പിന്തുടർന്നു. എന്നാൽ ഈ രണ്ട് കൺവൻഷനുകളിലും അംഗമായ ഇന്ത്യ പലസ്തീനികളെ കൂട്ടക്കൊല ചെയ്യാൻ ഇസ്രയേലിന് ആയുധങ്ങൾ നൽകുകയാണ്.

ഗാസയിൽ ഹമാസിനെ എളുപ്പത്തിൽ കീഴ്പ്പെടുത്താമെന്ന ഇസ്രയേലിന്റെ കണക്കുകൂട്ടൽ തെറ്റിയെന്നു മാത്രമല്ല  ഹിസ്‌ബുള്ളയ്‌ക്കും ഹൂതികൾക്കുമെതിരെ ഒരേ സമയം യുദ്ധമുഖം തുറക്കേണ്ട ഗതികേടിലുമാണ്. ഈ ത്രിമുഖ യുദ്ധം ഇസ്രയേലിനെ സാമ്പത്തികമായി തളർത്തി. വിവിധ മന്ത്രാലയങ്ങളോട് ചെലവുചുരുക്കാൻ ആവശ്യപ്പെട്ടതിനു പുറമെ ചില മന്ത്രാലയങ്ങൾ അടച്ചിടാനും ധനമന്ത്രി ശുപാർശ ചെയ്തു. മിസൈൽ - ഡ്രോൺ ആക്രമണങ്ങളും ബോംബുസ്ഫോടനങ്ങളും നിത്യസംഭവമായതോടെ പല ബിസിനസ് സ്ഥാപനങ്ങളും പൂട്ടി. വിനോദസഞ്ചാര മേഖലയാകെ സ്തംഭിച്ചു. യുദ്ധച്ചെലവിനായി ഭീമമായ തുക വായ്പയെടുക്കേണ്ടി വന്നു. രാജ്യം അരക്ഷിതമായതോടെ ഇരട്ട പൗരത്വമുള്ളവർ ഇസ്രയേൽ വിടുകയാണ്. ഇത് ഉപഭോഗവും വ്യാപാരവും കുറയാൻ കാരണമായി. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. തൊഴിലാളികൾ പ്രക്ഷോഭത്തിലാണ്. യുദ്ധം ഇസ്രയേലിനെ തളർത്തുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top