20 December Friday

ആകാശം വീഴുമ്പോൾ താങ്ങുന്നവർ

എമ്മോവിUpdated: Wednesday Nov 20, 2024

ആർഎസ്എസിന്റെ ആത്മീയ നേതാവ് സവർക്കറുടെ ഫോട്ടോയ്‌ക്കു മുന്നിൽ 
സാഷ്ടാംഗം പ്രണമിക്കുന്ന സതീശനും ശാഖയ്‌ക്ക് കാവൽ നിൽക്കുന്ന സുധാകരനും നേതൃത്വം നൽകുന്ന  കൂട്ടിലേക്ക് ചേക്കേറാൻ സന്ദീപിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നാണ് ആഘോഷ കമ്മിറ്റിക്കാർതന്നെ പറയുന്നത്

ആർഎസ്എസ് നേതാവ്‌ തന്നെ വന്നതിലുള്ള ആഘോഷത്തിമിർപ്പിലാണ് സതീശൻ ആൻഡ് പാർടി. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെയും വെല്ലുന്ന അതീവ രഹസ്യ ഓപ്പറേഷനിലൂടെ ആർഎസ്എസ് കാര്യാലയത്തിൽനിന്ന് നേരിട്ട് അടിച്ചു മാറ്റിയതാണ് സംഘത്തിൽ തീർത്ത തനി സംഘിയെയെന്നാണ് സംഗതികളുടെ രഹസ്യവഴി അറിയുന്ന സ്വന്തം ലേഖകന്റെ വിവരണം. ആർഎസ്എസിന്റെ ആത്മീയ നേതാവ് സവർക്കറുടെ ഫോട്ടോയ്‌ക്കു മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന സതീശനും ശാഖയ്‌ക്ക് കാവൽ നിൽക്കുന്ന സുധാകരനും നേതൃത്വം നൽകുന്ന  കൂട്ടിലേക്ക് ചേക്കേറാൻ സന്ദീപിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നാണ് ആഘോഷ കമ്മിറ്റിക്കാർതന്നെ പറയുന്നത്. രാഹുൽഗാന്ധി ജോഡോ യാത്ര നടത്തേണ്ടത് കശ്മീരിലേക്കല്ല സവർക്കറെ പാർപ്പിച്ച ആന്തമാൻ ജയിലിലേക്കാണെന്ന് ഉപദേശിച്ച കോൺഗ്രസ് സ്നേഹിയെ തറവാട്ടിലേക്ക് എത്തിക്കാൻ സവർക്കർ ഭക്തനായ സതീശന്റെ ആവേശം കണ്ട് മുരളീധരനുപോലും രോമാഞ്ചം ഉണ്ടായെന്നാണ് ടോക്ക്.

രാഹുലിന്റെ ആരോഗ്യകാര്യത്തിൽപ്പോലും സന്ദീപിനുള്ള ജാഗ്രതയും കരുതലും മുരളീധരൻ അനുസ്മരിച്ചിട്ടുണ്ട്. കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്‌ക്ക് വന്നപ്പോൾ അവിടെയല്ല കുതിരവട്ടമാണ് ഏറ്റവും അനുയോജ്യമെന്ന ഉപദേശം മരിച്ചാലും മറക്കാനാകില്ലെന്ന് പറഞ്ഞ മുരളീധരൻ രണ്ടാഴ്ച മുമ്പേ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാര്യർ വരാത്തതിൽ കുണ്ഠിതപ്പെട്ടിട്ടുമുണ്ട്. വീരശൂര പരാക്രമിയും സർവോപരി ഗാന്ധി ഭക്തനുമായ ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്തെ കോൺഗ്രസിന്റെ കൂടാരത്തിലേക്ക് എത്തിക്കാൻ സുധാകരനെപ്പോലും അറിയിക്കാതെ സതീശൻ നടത്തിയ രഹസ്യനീക്കത്തെ പുകഴ്ത്തി ചലച്ചിത്രഗാനംതന്നെ മുരളി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കോൺഗ്രസ് നേതാക്കളുടെ സ്നേഹം ആവോളം നുകർന്ന സ്വന്തം അനുഭവത്തിൽനിന്നാണത്രെ "ഞാൻ, ഞാൻ ഞാനെന്ന ഭാവമേ...' എന്ന ഗാനത്തിന്റെ അകമ്പടിയോടെ സ്നേഹം പങ്കുവച്ചത്. 

സന്ദീപ് കടുത്ത ലീഗ് സ്റ്റേഹിയാണെന്ന് കുഞ്ഞാലിക്കുട്ടി അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകഴിഞ്ഞു. മുസ്ലിങ്ങളെ നിന്ദിച്ചയാളെ യുഡിഎഫിൽ ചേർക്കാൻ പറ്റില്ലെന്ന് ഫിറോസ് പ്രസംഗിച്ചത് യൂത്ത് ലീഗിന്റെ വിവരക്കേട് കൊണ്ടാണെന്നും പറഞ്ഞിട്ടുണ്ട്.

സന്ദീപ് വാഴ്ത്തുകളാണ് മാധ്യമങ്ങളിലാകെ. അദ്ദേഹത്തിന്റെ ഗാന്ധി സ്നേഹം എങ്ങനെ മറക്കാനാകും. ചെറുതായൊന്ന് വെടിയേറ്റ് മരിച്ച മഹാത്മാവിന്റെ ഫോട്ടോയ്‌ക്കു മുന്നിൽ വണങ്ങിയേ ദിനചര്യ ആരംഭിക്കാറുള്ളൂവെന്ന് സുധാകരൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കണമെന്ന് പറഞ്ഞത് മുസ്ലിംലീഗുകാരെക്കുറിച്ചല്ലെന്ന് പാണക്കാട് ചെന്ന് ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. സന്ദീപ് കടുത്ത ലീഗ് സ്റ്റേഹിയാണെന്ന് കുഞ്ഞാലിക്കുട്ടി അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകഴിഞ്ഞു. മുസ്ലിങ്ങളെ നിന്ദിച്ചയാളെ യുഡിഎഫിൽ ചേർക്കാൻ പറ്റില്ലെന്ന് ഫിറോസ് പ്രസംഗിച്ചത് യൂത്ത് ലീഗിന്റെ വിവരക്കേട് കൊണ്ടാണെന്നും പറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽത്തന്നെ യൂത്ത് ലീഗ് പറയുന്നത് ആരെങ്കിലും ഗൗരവത്തിലെടുക്കുമോയെന്ന് കോയമ്പത്തൂരിലെ രഹസ്യചർച്ചയ്‌ക്കിടെ സംശയം ഉന്നയിച്ച മോഹനോട് കുഞ്ഞാപ്പ വ്യക്തമാക്കിയതായും നാട്ടിൽ ടോക്കുണ്ട്.

എന്തായാലും വാര്യരുടെ ഗൃഹപ്രവേശം വിളംബരം ചെയ്ത് ലോക മലയാളികളെയാകെ ഞെട്ടിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലെ സുധാകര-–- സതീശ കൂട്ടുകെട്ടിന്റെ സ്നേഹച്ചൊരിച്ചിൽ കാണേണ്ടതുതന്നെയായിരുന്നു. സുധാകരൻ ആംഗ്യം കാണിച്ച ഉടനെ സതീശൻ കസേര മാറിയിരുന്നതും ചാനൽ കോലുകൾ ഒന്നുപോലും സുധാകരന്റെ മുന്നിലേക്ക് വീഴാതെ ജാഗ്രത കാണിച്ചതും അപാരമായ സ്നേഹപ്രകടനത്തിന്റെ മകുടോദാഹരണമാണെന്നാണ് കേൾക്കുന്നത്. "മൈ ഡിയർ' നീങ്ങിയിരിക്കുവെന്നാണ് സുധാകരൻ പറഞ്ഞതെന്ന് ആംഗ്യഭാഷ വിദഗ്ധരുടെ വിവർത്തനം ഉണ്ട്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴുണ്ടായതിനേക്കാൾ മികവുറ്റതായിരുന്നു ഇവരുടെ പ്രകടനമെന്നാണ് സംസാരം. യൂത്ത് കോൺഗ്രസ് സെക്രട്ടറിയും ഡിസിസി ജനറൽ സെക്രട്ടറിയും ഉൾപ്പെടെ പത്തോളം നേതാക്കൾ ഒരാഴ്ചകൊണ്ട് കോൺഗ്രസ് വിട്ടതൊന്നും ആരും അറിഞ്ഞില്ലെങ്കിലും കസേര കിട്ടാതെ പിണങ്ങിപ്പോയ പരിവാർ നേതാവിനെ പരിവാരസമേതം വരവേറ്റത് ആഗോള വാർത്തയായി. പത്ത് കോൺഗ്രസിന് അര വാര്യർ മതിയെന്നാണ് സതീശ ശാസനം. പിണറായി വന്ന ദിവസംതന്നെ ബോംബിട്ടതുകൊണ്ട് പിണറായിയെ കേൾക്കാൻ ആളുണ്ടായില്ലെന്ന് പരിവാരസംഘം ഗവേഷിച്ച് കണ്ടെത്തിയിട്ടുമുണ്ട്. ആകാശം വീഴുമ്പോൾ മുട്ട് കൊടുക്കുന്നതുപോലെയെന്നാണ് ഇതെല്ലാം കണ്ട് മൂലയ്‌ക്കിരിക്കുന്ന മുരളി അനുകൂലികൾക്കിടയിലെ ടോക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top