21 December Saturday

രാഷ്‌ട്രീയ വിമർശത്തിന്‌ മറുപടി വർഗീയതയല്ല - എ കെ ബാലൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

 

മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചെന്ന കെട്ടുകഥ ചന്ദ്രിക ദിനപത്രത്തിലെ മുഖപ്രസംഗവും കെ എം ഷാജിയെപ്പോലുള്ളവരും പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നടത്തിയ വർഗീയപ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഷാജിയുടെ  തെരഞ്ഞെടുപ്പ് റദ്ദാക്കി. സുപ്രീംകോടതിയിൽ പോയപ്പോൾ ശമ്പളവും അലവൻസുമില്ലാതെയും വോട്ടവകാശമില്ലാതെയും തുടരാനായിരുന്നു വിധി വന്നത്. അങ്ങനെ അധികാരങ്ങളില്ലാത്ത, ശൂന്യനായ എംഎൽഎ ആയിട്ടാണ് അദ്ദേഹം തുടർന്നത്. ഇതിന്റെ ഭാഗമായി കിട്ടുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രിക്കെതിരെ വർഗീയപ്രസംഗം അദ്ദേഹത്തിന്റെ പതിവ് ശൈലിയാണ്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ വസ്തുത മനസ്സിലാക്കിയ ഒരാളും പിണറായി വിജയനിൽനിന്ന് തെറ്റായ ഒരു വാക്കുപോലും വന്നിട്ടില്ലെന്നാണ് മനസ്സിലാക്കുക. കഴിഞ്ഞ 16നും 17നും ആയിരുന്നു പാലക്കാട്ട് മുഖ്യമന്ത്രിയുടെ പര്യടനം നടന്നത്. 17ന് പകൽ 11ന്‌ കണ്ണാടിയിലെ പൊതുയോഗത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്തു. തലേദിവസത്തെ ഒരു സംഭവം അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. ബിജെപിയിൽനിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ നേരെ പാണക്കാട്ടെ മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റിനെയാണ് കാണാൻ പോയത്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഒരുകാര്യം പറഞ്ഞത്. 1992 ഡിസംബർ ആറിനാണല്ലോ ബാബ്‌റി  മസ്‌ജിദ്‌ തകർത്തത്. അതിൽ ആർഎസ്എസിനും ബിജെപിക്കും കോൺഗ്രസിനുമുള്ള പങ്കാളിത്തം സംബന്ധിച്ച്  എല്ലാവർക്കും അറിയാം. മസ്‌ജിദ്‌ തകർക്കുമ്പോൾ അന്നത്തെ പ്രധാനമന്ത്രി  നരസിംഹറാവു മൗനംപാലിക്കുകയായിരുന്നു.   ഈ സംഭവത്തിനുശേഷമാണ് ഒറ്റപ്പാലം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്. മസ്‌ജിദ്‌ വിഷയത്തിൽ മുസ്ലിം സമുദായം ശക്തമായ പ്രതിഷേധത്തിലായിരുന്നു. മുസ്ലിംലീഗിന്റെ ഭരണപങ്കാളിത്തത്തിലും അവർക്ക്  അമർഷമുണ്ടായിരുന്നു. കോൺഗ്രസിനെതിരായ വികാരം ആളിക്കത്തിയ സന്ദർഭം. പ്രചാരണത്തിനിടെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദലി ശിഹാബ് തങ്ങൾ ഒറ്റപ്പാലത്ത് വന്നു. പ്രാദേശിക പ്രവർത്തകന്റെ വീട്ടിൽ യോഗം വിളിച്ചു. പക്ഷേ, ആളുകൾ വന്നില്ല. നിരാശരായ ലീഗ് പ്രവർത്തകർ ശിഹാബ് തങ്ങളോട് വിവരം പറഞ്ഞു. പള്ളി പൊളിച്ചതിനെതിരായുള്ള ജനവികാരം നമ്മൾ വിചാരിച്ചതിലുമപ്പുറമാണ്. തങ്ങളോടുള്ള വ്യക്തിപരമായ പ്രശ്നംകൊണ്ടല്ല ആളുകൾ പങ്കെടുക്കാതിരുന്നത്. ഒരു സമീപനത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് പ്രാദേശിക ലീഗ് നേതാക്കൾ പറഞ്ഞത്. അപ്പോൾ ശിഹാബ്  തങ്ങൾ പറഞ്ഞത്, അത് അവരുടെ ഒരു വികാരപ്രകടനമല്ലേ. അതിൽ നമ്മളെന്തിന് അത്ഭുതപ്പെടണം. അത് സ്വാഭാവികമല്ലേ എന്നാണ്. ഇതാണ് അന്നത്തെ മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌  ശിഹാബ് തങ്ങളുടെ നിലപാട്.

ബാബ്‌റി മസ്‌ജിദ്‌ തകർത്തകാലത്ത് മതന്യൂനപക്ഷങ്ങളിൽ ഉയർന്ന വികാരത്തിന്റെ മറ്റൊരു രൂപം ഇപ്പോൾ ഉണ്ടാകുകയാണ്. ബാബ്‌റി മസ്ജിദ് പൊളിച്ച സ്ഥലത്ത് അമ്പലം പണിതു. മുസ്ലിങ്ങൾ ഭൂരിപക്ഷമായ കശ്മീർ ഉൾക്കൊള്ളുന്ന ജമ്മു കശ്മീർ കഷണങ്ങളാക്കി

ആ നിലപാടാണോ ഇപ്പോഴുള്ള മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളുടേത്. ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായമാണ് പലപ്പോഴും സാദിഖലി തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതൊരു മാറ്റമാണ്. ലീഗിൽനിന്ന് പ്രതീക്ഷിക്കാവുന്നതല്ല ഇത്. ഈ മാറ്റം അപകടകരമാണ്. ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്. ബാബ്‌റി മസ്‌ജിദ്‌ തകർത്തകാലത്ത് മതന്യൂനപക്ഷങ്ങളിൽ ഉയർന്ന വികാരത്തിന്റെ മറ്റൊരു രൂപം ഇപ്പോൾ ഉണ്ടാകുകയാണ്. ബാബ്‌റി മസ്ജിദ് പൊളിച്ച സ്ഥലത്ത് അമ്പലം പണിതു. മുസ്ലിങ്ങൾ ഭൂരിപക്ഷമായ കശ്മീർ ഉൾക്കൊള്ളുന്ന ജമ്മു കശ്മീർ കഷണങ്ങളാക്കി. ഏക സിവിൽ കോഡ് കൊണ്ടുവരാൻ നടപടിയാരംഭിച്ചു. മുസ്ലിങ്ങൾ വഴിനടക്കാനോ ഉപജീവനം മുന്നോട്ടുകൊണ്ടുപോകാനോ കഴിയാതെ വഴിമുട്ടുകയാണ്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മുസ്ലിങ്ങളുടെ കടകൾക്കു മുന്നിൽ ഉടമസ്ഥരുടെ പേരെഴുതിവയ്‌ക്കണമെന്ന് നിർബന്ധിക്കുകയാണ്. എളുപ്പത്തിൽ ആക്രമിക്കാനാണത്. ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ മുസ്ലിം കടകളുടെ മുന്നിലാണ് പേരെഴുതിവയ്‌ക്കേണ്ടത്. ലൗജിഹാദിനപ്പുറം ലാൻഡ് ജിഹാദ് നടപ്പാക്കാൻ ശ്രമിക്കുന്നു. മുസ്ലിങ്ങളുടെ കൈയിൽനിന്ന് ഭൂമി വാങ്ങരുതെന്ന് നിഷ്കർഷിക്കുകയാണ്.

മതന്യൂനപക്ഷങ്ങൾ ഇങ്ങനെ ആശങ്കയിലായ ഒരു കാലഘട്ടമില്ല. അത്തരമൊരു ഘട്ടത്തിൽ, ജമ്മു കശ്മീരിലെ മുസ്ലിങ്ങളെ ടയറിൽ കെട്ടി കത്തിക്കണം, ഒരു മൂന്നോ നാലോ ആയിരം മുസ്ലിങ്ങൾ കൊല്ലപ്പെട്ടാൽ ഒരു പ്രശ്നവുമുണ്ടാകില്ല ഒരു പാഠമാകും എന്നൊക്കെ  പറഞ്ഞയാളാണ്‌ സന്ദീപ്‌ വാര്യർ. ഹിന്ദുത്വത്തിന്റെ ഏറ്റവും കടുത്ത വർഗീയവിഷം എങ്ങനെയാണ് ഒരു ആർഎസ്എസുകാരനിൽനിന്ന് വരുന്നതെന്ന് കേരളം കണ്ടതാണ്. സാദിഖലി തങ്ങളുടെ കാലുപിടിച്ചതുകൊണ്ട്  ഈ പാപം കഴുകിക്കളയാൻ കഴിയുമോ. ഏറ്റവുമൊടുവിൽ ആർഎസ്എസ് കാര്യാലയം നിർമിക്കാൻ അമ്മ വാഗ്‌ദാനം ചെയ്ത ഭൂമി നൽകുകതന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ച് ആർഎസ്എസിനോടുള്ള കൂറും പ്രതിബദ്ധതയും സന്ദീപ് വാര്യർ വ്യക്തമാക്കിയിരിക്കുകയാണ്. ഹിന്ദുത്വ ആശയത്തെ ഏറ്റവും വികൃതമായി രൂപപ്പെടുത്തി മുസ്ലിംവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ശ്രമിച്ച ഒരാളെ കോൺഗ്രസിലേക്ക് സ്വീകരിക്കുമ്പോൾ ആർഎസ്എസ് വിട്ടു എന്നെങ്കിലും അയാൾ പറയണ്ടേ. താൻ പറഞ്ഞതെല്ലാം തെറ്റായിരുന്നുവെന്നെങ്കിലും പറയണ്ടേ. മഹാത്മാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ആക്ഷേപിച്ചത് ഏത് ഭാഷ ഉപയോഗിച്ചാണ്.

അതുകൊണ്ടാണല്ലോ, മറ്റെവിടെയും സ്വീകരിക്കാത്ത ഒരാളെയാണല്ലോ കോൺഗ്രസ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് കോൺഗ്രസ്‌ നേതാവ് കെ മുരളീധരൻ പറഞ്ഞത്. ഒരിക്കലും കോൺഗ്രസിന് സ്വീകരിക്കാൻ പറ്റുന്ന വ്യക്തിത്വമല്ലെന്ന് തോന്നിയതുകൊണ്ടാണല്ലോ മുരളീധരൻ അങ്ങനെ പറഞ്ഞത്. മതന്യൂനപക്ഷങ്ങളിൽ ഇദ്ദേഹത്തെക്കുറിച്ചുള്ള പ്രതിച്ഛായ മാറ്റാൻ കോൺഗ്രസിലേക്ക് വന്ന ഒരാളെ ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനു മുന്നിലേക്ക് വിടുന്നതിന്റെ അർഥമെന്താണ്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പരാമർശത്തെ അടിസ്ഥാനപ്പെടുത്തി ഒരു വർഗീയ ധ്രുവീകരണം നടത്താൻ കഴിയുമോയെന്ന് ചിലർ ശ്രമിക്കുകയാണ്‌.  അത് മുസ്ലിംലീഗിലെ ഒരു വിഭാഗത്തിന്റെ ലക്ഷ്യവുമാണ്. മതന്യൂനപക്ഷങ്ങൾ പൊതുവിൽ ഇടതുപക്ഷത്തോടും മുഖ്യമന്ത്രിയോടും കാട്ടുന്ന അനുഭാവവും സ്നേഹവും ബഹുമാനവും ചിലർക്ക് അസൂയയുണ്ടാക്കുക സ്വാഭാവികമാണ്. മത സംഘടനകളും മതപണ്ഡിതരും ഒരക്ഷരം പിണറായിക്കെതിരെ പറഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കണം.  സാദിഖലി തങ്ങളെക്കുറിച്ച് പിണറായി പ്രതികരിച്ചത്, സാദിഖലി തങ്ങൾ ഒരു രാഷ്ട്രീയ പാർടിയുടെ പ്രസിഡന്റ് ആയതുകൊണ്ടാണ്. ആത്മീയതലംമാത്രം കൈകാര്യം ചെയ്ത് പ്രചാരണം നടത്തുന്ന ഒരാൾക്കെതിരെ പ്രതികരിക്കേണ്ടതില്ല. മറിച്ച്, മതബോധത്തെയും മതവികാരത്തെയും രാഷ്ട്രീയനേട്ടത്തിനുവേണ്ടി ഉപയോഗിക്കുമ്പോൾ അത് തുറന്നുകാട്ടേണ്ടിവരും. മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷന് രണ്ട് ചുമതലയുണ്ട്. ഒന്ന്: മതപരമായ കാര്യങ്ങളിലും നൂറുകണക്കിന് സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ  നേതൃത്വം. അതിലൊന്നും ആരും ഇടപെടുന്നില്ല. രണ്ട്‌: മുസ്ലിംലീഗ് അധ്യക്ഷനെന്ന ചുമതല.  മുസ്ലിംലീഗ് അധ്യക്ഷനെന്ന നിലയിൽ അഭിപ്രായങ്ങൾ പറയുമ്പോൾ പൊതുസമൂഹത്തിന് സ്വീകരിക്കാൻ പറ്റാത്തതാണെങ്കിൽ തുറന്നുകാട്ടേണ്ടിവരും. പിണറായിയെ സംഘിയായി ചിത്രീകരിച്ച്  മതന്യൂനപക്ഷങ്ങൾക്കിടയിൽനിന്ന് ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കിൽ അത് നടപ്പില്ല.

കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച ആര്യാടൻ മുഹമ്മദിനോട് മുസ്ലിംലീഗുകാർക്കുണ്ടായ വിദ്വേഷത്തിന്റെ കാരണം പാണക്കാട് തങ്ങളുമായി ആര്യാടൻ നടത്തിയ സംവാദമാണ്. തങ്ങൾ ആത്മീയ നേതാവാണെങ്കിൽ അത് അംഗീകരിക്കുമെന്നും രാഷ്ട്രീയത്തിൽ അഭിപ്രായങ്ങൾ പറഞ്ഞാൽ അതിനോട് ആരും പ്രതികരിക്കാൻ പാടില്ലെന്ന തീട്ടൂരം അംഗീകരിക്കില്ലെന്നുമാണ് ആര്യാടൻ പറഞ്ഞത്. അതിൽ അദ്ദേഹം ഉറച്ചുനിൽക്കുകയും ചെയ്തു. മലപ്പുറം ജില്ലയിൽ കോൺഗ്രസും മുസ്ലിംലീഗും തമ്മിലുള്ള വലിയ ഭിന്നതയ്‌ക്ക് ഇത് കാരണമായി.

കമ്യൂണിസ്റ്റുകാരന്റെ ഹൃദയത്തിൽ ഒരു തുള്ളി രക്തം ബാക്കിയുണ്ടെങ്കിൽ മതസൗഹാർദം കാത്തുസൂക്ഷിച്ച് മതന്യൂനപക്ഷത്തെ സംരക്ഷിക്കണമെന്ന പ്രമേയം സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് മുന്നോട്ടുവച്ചത്. ആ പാർടിയുടെ നേതാവാണ് പിണറായി.

മതന്യൂനപക്ഷങ്ങൾ ആശങ്കയിലായ കാലങ്ങളിലെല്ലാം കമ്യൂണിസ്റ്റ് പാർടിയും നേതാക്കളും, പ്രത്യേകിച്ച് പിണറായി വിജയൻ കാട്ടിയ സമീപനം കേരളത്തിന് നന്നായി അറിയാം. തലശേരി ലഹള ആളിക്കത്തിയ കാലത്ത് മാഹിപ്പാലത്തിനപ്പുറം ആരും പോയിട്ടില്ലല്ലോ. പേടിച്ച് തിരിച്ചുപോരുകയാണല്ലോ ചെയ്തത്. ആ സമയത്ത് ആരായിരുന്നു മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ സ്വന്തം ജീവൻ കൊടുക്കേണ്ടിവന്നിട്ടും രംഗത്തുവന്നതെന്ന് ജനങ്ങൾക്ക് അറിയാം. കൂത്തുപറമ്പിലെ നീർവേലിയിൽ യു കെ കുഞ്ഞിരാമൻ രക്തസാക്ഷിയായത് ഓർക്കുമല്ലോ. കമ്യൂണിസ്റ്റുകാരന്റെ ഹൃദയത്തിൽ ഒരു തുള്ളി രക്തം ബാക്കിയുണ്ടെങ്കിൽ മതസൗഹാർദം കാത്തുസൂക്ഷിച്ച് മതന്യൂനപക്ഷത്തെ സംരക്ഷിക്കണമെന്ന പ്രമേയം സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് മുന്നോട്ടുവച്ചത്. ആ പാർടിയുടെ നേതാവാണ് പിണറായി. അദ്ദേഹം അന്ന് വളരെ ചെറുപ്പമായിരുന്നു. അദ്ദേഹം കാട്ടിയ ധീരത, ആർഎസ്എസിനെതിരെ അദ്ദേഹം സ്വീകരിച്ച ഉറച്ച നിലപാട്, മുഖ്യമന്ത്രിയായ ശേഷം മതസൗഹാർദം കാത്തുസൂക്ഷിക്കാൻ ഔപചാരികമായി അദ്ദേഹം സ്വീകരിച്ച നടപടികൾ എന്നിവ സുവിദിതമാണ്. വർഗീയത ആളിക്കത്തിക്കാൻ എല്ലാ വഴിവിട്ട മാർഗങ്ങളും വർഗീയശക്തികൾ സ്വീകരിച്ചപ്പോൾ അതിനെ തിരിച്ചറിഞ്ഞ് മുളയിൽത്തന്നെ നുള്ളുന്നതിന് എടുത്ത ഭരണപരമായ നടപടികളാണ് മതന്യൂനപക്ഷത്തിനിടയിൽ പിണറായിക്കുള്ള അംഗീകാരത്തിനും സ്വീകാര്യതയ്‌ക്കും അടിസ്ഥാനം. ന്യൂനപക്ഷസംരക്ഷണം എന്നത് മതനിരപേക്ഷതയുടെ സംരക്ഷണത്തിന്റെ  സുപ്രധാനമായ ഭാഗം എന്ന്  തിരിച്ചറിഞ്ഞുള്ള നിലപാടാണത്‌. അതില്ലാതാക്കാൻ നൂറ് കെ എം ഷാജിമാർ വിചാരിച്ചാലും കഴിയില്ല. ഓർമപ്പെടുത്തുന്നു എന്നുമാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top