22 December Sunday

ടോറികളുടെ പതനവും ലേബറിന്റെ ഉയർച്ചയും- വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Monday Jul 22, 2024

പതിനാല് വർഷത്തെ യാഥാസ്ഥിതിക കക്ഷി (ടോറി പാർട്ടി) ഭരണത്തിന് ബ്രിട്ടനിൽ താൽക്കാലികമായി തിരശ്ശീല വീണു. കെയ്ർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിൽ തിരിച്ചു വന്നു.

1997 ൽ ടോണി ബ്ലെയറിന്റെ നേതൃത്വത്തിൽ ടോറി നേതാവ് ജോൺ മേജറെ പരാജയപ്പെടുത്തിയതിനു ശേഷം ലേബർ കക്ഷി നേടുന്ന ഏറ്റവും വലിയ വിജയമാണിത്. യൂറോപ്പിൽ തീവ്രവലതുപക്ഷം മുന്നേറ്റം നടത്തുമ്പോഴാണ് ബ്രിട്ടനിൽ തൊഴിലാളി കക്ഷി അധികാരമേറിയത്.

മാറ്റത്തിന് വോട്ട് അഭ്യർഥിച്ചാണ് ലേബർ വോട്ട് തേടിയതെങ്കിലും അത് വലിയ പ്രതീക്ഷയൊന്നും ജനങ്ങളിൽ ഉണർത്തിയില്ലെന്ന് സൂഷ്മപരിശോധന വ്യക്തമാക്കുന്നു. 2019 ൽ 67 ശതമാനമായിരുന്നു പോളിങ് എങ്കിൽ ഇക്കുറി 52 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തത്. പകുതിയോളം വോട്ടർമാർ പോളിങ് ബൂത്തിലെത്തിയില്ല.

650 അംഗ ഹൗസ് ഓഫ് കോമൺസിൽ 411 സീറ്റ് ലേബർ നേടിയെങ്കിലും പാർട്ടിക്ക് ആകെ ലഭിച്ച വോട്ടിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കുറവാണുണ്ടായത്. ലേബറിലെ ഇടതുപക്ഷക്കാരനും യുദ്ധവിരുദ്ധനുമായ, പലസ്തീൻ വിമോചനത്തിനൊപ്പം അചഞ്ചലമായി നിലകൊള്ളുന്ന ജെറമി കോർബിൻ പാർട്ടി നേതാവായ (2015–20) ഘട്ടത്തിൽ നടന്ന രണ്ട് തെരഞ്ഞെടുപ്പിലും നേടിയ വോട്ടിനേക്കാൻ കുറവ് വോട്ടാണ് ഇക്കുറി ലേബറിന് നേടാനായത്.

2017 ൽ 108 ലക്ഷവും 2019 ൽ 102 ലക്ഷവും വോട്ട് നേടിയ ലേബറിന് സ്‌റ്റാർമറുടെ നേതൃത്വത്തിൽ 97 ലക്ഷം വോട്ട് മാത്രമാണ് ലഭിച്ചത്. ലേബർ പാർട്ടിക്ക് ഇക്കുറി 34 ശതമാനം വോട്ട് ലഭിച്ചപ്പോൾ 63.7 ശതമാനം സീറ്റ് നേടാനായി.

ലേബറിന് ഈ വിജയം നേടാനായത് അവരുടെ അജൻഡ ജനങ്ങൾ നെഞ്ചേറ്റിയതുകൊണ്ടല്ല. മറിച്ച് ചെലവുചുരുക്കൽ നയം സ്വീകരിച്ച് ബ്രിട്ടനിലെ ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത, പാർപ്പിട മേഖലകളെ തകർത്ത യാഥാസ്ഥിതിക കക്ഷിയെ ഒരു പാഠം പഠിപ്പിക്കാൻ ജനങ്ങൾ തയ്യാറായതുകൊണ്ടാണ്. ടോറികൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 20 ശതമാനം (44ൽ നിന്ന് 24 ശതമാനമായി) വോട്ടാണ് കുറഞ്ഞത്. 251 സീറ്റും കുറഞ്ഞു.

ടോറികൾക്ക് നഷ്ടമായ വോട്ട് പ്രധാനമായും ലഭിച്ചത് നിജിൽ ഫറാഷിന്റെ നേതൃത്വത്തിലുള്ള റിഫോം യു.കെ പാർട്ടിക്കാണ്. ടോറി പാർട്ടിയുടെ ചെലവുചുരുക്കൽ നയവും അത് സമൂഹത്തിൽ ഉണ്ടാക്കിയ അസ്വസ്ഥതകളും ആശങ്കകളും ഊതിക്കത്തിച്ചാണ് ഈ മുൻ ബ്രെക്സിറ്റ് പാർട്ടി മുന്നേറ്റം നടത്തിയത്.

നാലു സീറ്റേ നേടാനായുള്ളൂവെങ്കിലും 98 സീറ്റിൽ അവർ രണ്ടാം സ്ഥാനത്ത് എത്തി. ബ്രിട്ടനിലെ മറ്റൊരു തീവ്രവലതുപക്ഷ കക്ഷിയായ യു.കെ ഇൻഡിപെൻഡൻസ് പാർട്ടിയുടെ വോട്ടും ഇവർ വിഴുങ്ങി. കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പിലും തോറ്റ നിജിൽ ഫറാഷ് ഇക്കുറി ജയിച്ചത് ഇൻഡിപെൻഡൻസ് പാർട്ടി 2014 മുതൽ പ്രതിനിധീകരിക്കുന്ന ക്ലാക്ടൺ മണ്ഡലത്തിൽ നിന്നാണ് എന്നതുതന്നെ ഇക്കാര്യം വ്യക്തമാക്കുന്നു.

ടോറികളുടെ തകർച്ചയിൽ നേട്ടമുണ്ടാക്കിയ മറ്റൊരു പാർട്ടി ലിബറൽ ഡെമോക്രാറ്റുകളാണ്. 71 സീറ്റാണ് ഇവർ നേടിയത്. ഇതിൽ 60 സീറ്റും കൺസർവേറ്റീവുകൾ നേരത്തേ ജയിച്ചവയായിരുന്നു.

ഇത് വ്യക്തമാക്കുന്നത് ടോറികൾ പരാജയപ്പെട്ടെങ്കിലും വലതുപക്ഷ രാഷ്ട്രീയം ഏറെയൊന്നും പിറകോട്ടു പോയിട്ടില്ലെന്നും തീവ്രവലതുപക്ഷം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്നുമാണ്. ബ്രിട്ടൻ അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ ഭീഷണി ഈ നവനാസിസ്റ്റുകളുടെ വളർച്ചയാണ്.

ലേബർ പാർട്ടി മുമ്പെന്നത്തേക്കാളും ഇടതുപക്ഷത്ത് നിലയുറപ്പിക്കേണ്ട സമയമാണ് ഇതെന്ന് തിരഞ്ഞെടുപ്പ് ഫലം ഓർമപ്പെടുത്തുന്നു. എന്നാൽ സ്‌റ്റാർമറുടെ നേതൃത്വം അതിനു തയ്യാറാകുമോ എന്ന സംശയമാണ് ബ്രിട്ടനിൽ പ്രധാനമായും ഉയരുന്നത്.

ജനവിധിയുടെ അർഥം ഉൾക്കൊണ്ട് ചെലവ് ചുരുക്കൽ നയം ഉപേക്ഷിക്കാനും പൊതുസേവന മേഖലയിൽ, പ്രത്യേകിച്ചും ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത മേഖലകളിൽ വൻ നിക്ഷേപം നടത്താനും സ്റ്റാർമർ സർക്കാർ തയ്യാറാകുകയാണ് വേണ്ടതെന്ന് ഗാർഡിയൻ ദിനപത്രത്തിലെ കോളമെഴുത്തുകാരനായ ജോർജ് മോൺബിയോട്ടിനെ പോലുള്ളവർ പറയുന്നു.

സമ്പന്നരിൽ നിന്ന് കൂടുതൽ നികുതി പിരിച്ചെടുത്ത് (വെൽത് ടാക്സ്, ക്യാപിറ്റൽ ഗെയ്ൻ ടാക്സ്, ഇൻഹെറിറ്റൻസ് ടാക്സ് തുടങ്ങിയവ) അതു പൊതുജന സേവനത്തിനായി ചെലവഴിക്കുക എന്നത് സംസ്കാരമുള്ള സമൂഹത്തിന്റെ രീതിയാണെന്നും അദ്ദേഹം ഉപദേശിക്കുന്നു.

മാത്രമല്ല, അധികമായി പിരിച്ചെടുക്കുന്ന നികുതി നാഷണൽ ഹെൽത്ത് സർവീസ് പോലുള്ള പൊതുജനാരോഗ്യ മേഖലയിലും സാമൂഹ്യ സുരക്ഷാ പദ്ധതികളിലും വിദ്യാഭ്യാസ രംഗത്തും പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കും റെയിൽ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളിലും നിക്ഷേപിച്ചാൽ ലേബർ പാർട്ടിക്ക് കൂടുതൽ ജനവിശ്വാസമാർജിച്ച് കരുത്തോടെ മുന്നേറാൻ കഴിയും.

ഈ ജനപക്ഷ ബദൽ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സ്വീകരിക്കുമോ എന്നതാണ് ചോദ്യം. അതിസമ്പന്നരെ തടിച്ചുകൊഴുക്കാൻ അനുവദിച്ചാൽ അവർ ചെലുത്തുന്ന രാഷ്ട്രീയ സ്വാധീനം വർധിക്കും. ഇത് രാജ്യപുരോഗതിക്ക് ഗുണത്തെക്കാളേറേ ദോഷമാണ് ചെയ്യുക. അസമത്വം വർധിക്കുകയും ചെയ്യും.

എന്നാൽ, അതിസമ്പന്നരിൽ നിന്ന് അഞ്ചു ശതമാനം അധികനികുതി പിരിക്കും, പോസ്റ്റൽ – ജലവിതരണം എന്നിവ തദ്ദേശവത്കരിക്കും, നാഷണൽ ഹെൽത്ത് സർവീസിൽ കൂടുതൽ നിക്ഷേപം നടത്തും തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉപേക്ഷിക്കുന്ന ലേബർ പാർട്ടിയെയാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കണ്ടത്.

ബിസിനസ്സ് ലോബിക്ക് അനുകൂലവും സ്വകാര്യവൽക്കരണത്തെ പിന്തുണയ്ക്കുന്നതുമായ നയമാണ് സ്‌റ്റാർമർ മുന്നോട്ടു വെച്ചത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളേക്കാൾ സമ്പന്നരാണ് ഇക്കുറി ലേബറിനെ പിന്തുണച്ചതെന്ന് “ഇക്കോണമിസ്റ്റും “”ഫൈനാൻഷ്യൽ ടൈംസും’’ നിരീക്ഷിച്ചത് ഈ പശ്ചാത്തലത്തിലാണ്.

സ്‌റ്റാർമറുടെ ഏറ്റവും പ്രധാന പ്രശ്നം അദ്ദേഹത്തിന്റെ അജൻഡ പൂർണമായും നിയോലിബറൽ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തിലുള്ളതും സാമ്പത്തിക വളർച്ച → ചെലവു ചുരുക്കൽ മാതൃകയിലുള്ളതുമാണെന്ന് വിജയ് പ്രസാദും നിരീക്ഷിക്കുകയുണ്ടായി.

ഈ സാഹചര്യത്തിലാണ് യുദ്ധത്തോടും സാമ്രാജ്യത്വത്തോടുമുള്ള സമീപനത്തിൽ ലേബർ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട ജെറമി കോർബിനും സംഘവും ഉയർത്തുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ പ്രസക്തി. ബ്രിട്ടനിലെ ഇടതുപക്ഷ സോഷ്യലിസ്റ്റ് ധാരയുടെ ഉറവ വറ്റാത്ത സ്രോതസ്സാണ് ജെറമി കോർബിൻ.

ഇസ്രയേൽ കൂട്ടക്കുരുതിയെ ശക്തിയുക്തം എതിർക്കുന്ന കോർബിനും സംഘവും വെടിനിർത്തലിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഉക്രെയ്ൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന വാദവും ഇവർ ഉയർത്തുന്നു.

വടക്കൻ ലണ്ടനിലെ ഇസ്ലിംഗ്ടൺ നോർത്തിൽ നിന്നു മത്സരിച്ച കോർബിൻ പതിനൊന്നാം തവണയും വിജയിച്ചുവെന്നത് അവർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നയത്തിനുള്ള അംഗീകാരം കൂടിയാണ്. 1983 മുതൽ 40 വർഷമായി തുടർച്ചയായി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ് കോർബിൻ.

ഏഴായിരത്തിലധികം വോട്ടിനാണ് ലേബർ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയെ കോർബിൻ പരാജയപ്പെടുത്തിയത്. അതുപോലെ സ്‌റ്റാർമറുടെ നിഴൽ മന്ത്രിസഭയിൽ അംഗവും ലേബർ പാർട്ടിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചയാളുമായ ജൊനാഥൻ ആഷ്വർത്തിനെ ലീസസ്റ്റർ സൗത്തിൽ പരാജയപ്പെടുത്തിയത് ലേബർ പാർട്ടിയിലെ പലസ്തീൻ അനുകൂലിയായ സ്വതന്ത്ര സ്ഥാനാർഥി ഷോക്കത്ത് ആഡമാണ്.

ബ്രീമിങ്ഹാം പെരി ബാറിൽ ആയൂബ് ഖാനും ബ്ലാക്ക് ബേണിൽ അദ്നാൻ ഹുസൈനും ഡ്യൂസ് ബറിയിൽ ഇഖ്ബാൽ മുഹമ്മദും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചു. ഈ അഞ്ചുപേർക്ക് പുറമെ ഗ്രീൻ പാർട്ടിയും പലസ്തീനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

നാല് എം പിമാരാണ് ഗ്രീൻ പാർട്ടി ടിക്കറ്റിൽ വിജയിച്ചിട്ടുള്ളത്. (47 സീറ്റിൽ ഗ്രീൻ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തി) ബ്രിട്ടീഷ് പാർലമെന്റിലെ യുദ്ധവിരുദ്ധ ബ്ലോക്കായി ഈ ഒമ്പതു പേർ നിലകൊള്ളുന്നത് ഇസ്രയേൽ പക്ഷത്തേക്ക് നീങ്ങുന്ന സ്റ്റാർമർക്ക് വലിയ വെല്ലുവിളി ഉയർത്തും.

എന്നാൽ ഈ സംഘം നിയോലിബറൽ നയത്തിന്റെ ഭാഗമായ ചെലവു ചുരുക്കൽ നയത്തെക്കൂടി എതിർത്ത് പരസ്യമായി രംഗത്തു വരുമോ എന്നതാണ് പ്രധാന ചോദ്യം. അതിന് തയ്യാറായാൽ മാത്രമേ വലതുപക്ഷത്തിനും തീവ്രവലതു പക്ഷത്തിനുമെതിരെ വിശാലമായ ഇടതുപക്ഷ പുരോഗമന സഖ്യം രൂപംകൊള്ളുകയുള്ളൂ.

അത്തരമൊരു സഖ്യമാണ് ഫ്രാൻസിൽ നവനാസികൾ അധികാരത്തിലെത്തുന്നതിനെ തടഞ്ഞത്. അത്തരമൊരു സഖ്യം രൂപീകരിക്കുന്നതിൽ വിജയിച്ചാൽ മാത്രമേ റിഫോം യുകെ പാർട്ടിയെന്ന നവനാസി കക്ഷിയെ ബ്രിട്ടനിലും തളയ്ക്കാൻ പറ്റൂ.

അതിനുള്ള രാഷ്ട്രീയ ആർജവം സ്‌റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി കാട്ടുമോ? ടോണി ബ്ലെയറുടെ 'ന്യൂ ലെഫ്റ്റ്’ വലത്തോട്ട് നീങ്ങിയതുപോലെ സ്‌റ്റാർമറുടെ 'മാറ്റ'വും വലതുപക്ഷത്തേക്കാകുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാവി ബ്രിട്ടീഷ് രാഷ്ട്രീയത്തെ കരുപ്പിടിപ്പിക്കും എന്നു മാത്രം ഇപ്പോൾ പറഞ്ഞുവെക്കാം.

ചിന്ത വാരികയിൽ നിന്ന്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top