23 December Monday

ഉയരുന്നു; 
വിശാല സമരമുന്നണി

എ കെ രമേശ്Updated: Saturday Nov 23, 2024

 

രാത്രി ഉറങ്ങാൻ കിടന്ന് പുലരുമ്പോഴേക്കും നിങ്ങളുടെ ആകെയുള്ള സമ്പത്തിന്റെ 99 ശതമാനവും സർക്കാർ കണ്ടുകെട്ടിയാൽ എങ്ങനെയിരിക്കും. ആരും തകർന്നുപോകും എന്നായിരിക്കും ഉത്തരം. എന്നാൽ, അതുകൊണ്ടൊന്നും കുലുങ്ങാത്തവരുമുണ്ട് ലോകത്ത്. അങ്ങനെ ഒരാളല്ല, 16 പേരുണ്ടത്രേ. സ്വത്തിന്റെ 99 ശതമാനവും കണ്ടുകെട്ടിയാലും പിന്നെയും ശതകോടീശ്വരന്മാരായി തുടരുന്നവർ. ഫൈറ്റ് ഇനിക്വാലിറ്റി  അലയൻസിന്റെ (എഫ്‌ഐഎ) ജനറൽ സെക്രട്ടറിയായ ജെന്നി റിക്സ് ആണ് ഇക്കാര്യം ഇപ്പോൾ ഓർമിപ്പിക്കുന്നത്.

തികച്ചും ന്യൂനപക്ഷമായ അക്കൂട്ടരാകട്ടെ തടിച്ചുകൊഴുക്കുന്നത് ലോകജനതയിൽ അവരൊഴികെയുള്ള ധനികരും അതിധനികരും ഇടത്തരക്കാരും സാധാരണക്കാരുമായ മുഴുവൻ മനുഷ്യരുടെയും ചെലവിലാണ്. ഒന്നുകിൽ അവരെ ചൂഷണം ചെയ്‌ത്‌ അല്ലെങ്കിൽ അവർക്കുകൂടി അർഹതപ്പെട്ടത് തട്ടിയെടുത്തുകൊണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് അമേരിക്കയിലെ ദേശസ്നേഹികളായ ലക്ഷാധിപതികൾ (patriotic millionaires ) എന്ന സംഘടന അതിസമ്പന്നരായ ശതകോടീശ്വരന്മാർക്ക് നൽകുന്ന നികുതിയിളവുകൾ പിൻവലിച്ച് അധിക നികുതി ഈടാക്കണമെന്ന് നിർദേശിച്ചത്.

2024 ജൂലൈയിൽ റിയോ ഡി ജനീറിയോയിൽ ചേർന്ന ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിൽ ലോകത്തെ അതിസമ്പന്നർക്ക് അധികനികുതി ചുമത്തുന്നതിനുള്ള ഒരു ആഗോള നികുതി സമ്പ്രദായത്തിന്റെ ആവശ്യകതയെക്കുറിച്ച് ധാരണയായതാണ്. നരേന്ദ്ര മോദിയിൽനിന്ന് നേതൃത്വമേറ്റെടുത്ത ബ്രസീൽ ദക്ഷിണാഫ്രിക്കയ്‌ക്ക് അധ്യക്ഷപദവി കൈമാറിയ റിയോ ജി20 ഉച്ചകോടി പ്രഖ്യാപനത്തിൽ അതുണ്ടായില്ല. അത്തരമൊരു നികുതി നിർദേശത്തെ അമേരിക്കയും ജർമനിയും അന്ന് ശക്തമായി എതിർത്തതാണ്.  ഇന്ത്യ നിലപാട് വ്യക്തമാക്കിയതുമില്ല. സ്പെയിനും ദക്ഷിണാഫ്രിക്കയും ഫ്രാൻസും ശക്തമായി പിന്താങ്ങിയ ആ നിർദേശം മുന്നോട്ടുവച്ചത് പാരിസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ സാമ്പത്തികശാസ്ത്ര പണ്ഡിതനായ ഗബ്രിയേൽ സുക്മാനാണ്. ജി20 കമീഷൻ ചെയ്ത ഒരു റിപ്പോർട്ടിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്, ലോകത്തെ അതിസമ്പന്നരായ മൂവായിരത്തിൽ താഴെ ധനികരിൽനിന്ന് രണ്ടു ശതമാനം നികുതി ഈടാക്കാനായാൽ അത് അവരുടെ സമ്പത്തിന്റെ 0.3 ശതമാനമേ വരൂ; പക്ഷേ അതുവഴി പിരിയുക ഏതാണ്ട് 22 ലക്ഷം കോടി രൂപ (250 ബില്യൺ ഡോളർ)യാണെന്നാണ്.

കർഷകകുടുംബങ്ങൾക്ക് കൃഷിയിൽനിന്ന് ലഭിച്ച ശരാശരി മാസവരുമാനം വെറും 5298 രൂപയാണെന്നാണ്. 87 ശതമാനം കുടുംബങ്ങളുടെയും വരുമാനം 10,000ൽ കുറവായിരുന്നു. അയ്യായിരത്തിൽ കുറവ് വരുമാനം ലഭിച്ചത് 71 ശതമാനത്തിന്. 4

മോദി അധികാരത്തിലേറിയ 2014ൽ 109 ശതകോടീശ്വരന്മാരാണ്‌ ഉണ്ടായിരുന്നതെങ്കിൽ 2024ൽ അതിന്റെ എണ്ണം മൂന്നിരട്ടിയായി വർധിച്ച് 334 ആയി എന്നാണ് ‘ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റി’ന്റെ കണക്ക്. ഓക്സ്ഫാം ഓർമിപ്പിക്കുന്നത് രണ്ടായിരാമാണ്ടിൽ ഒമ്പത് ശതകോടീശ്വരന്മാരാണ് ഇന്ത്യയിൽ ഉണ്ടായിരുന്നതെന്നാണ്. മോദിയുടെ ഇഷ്ടതോഴനായ മുകേഷ് അംബാനിയുടെ ഇപ്പോഴത്തെ ആസ്തി 11,60,000 കോടി രൂപയാണത്രെ. അതിന്റെ 99 ശതമാനവും സർക്കാർ പിടിച്ചെടുത്താലും ശതകോടീശ്വരനായി തുടരുന്ന അംബാനിയുടെ രാജ്യത്ത്, തൊഴിലെടുത്തിട്ടും ദരിദ്രരായി തുടരുന്നവരുടെ ( working poor) എണ്ണം പെരുകുന്ന കാര്യം ഐഎൽഒ രേഖ വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ പണിയെടുത്തിട്ടും കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നത് ഒമ്പതു ശതമാനം തൊഴിലാളികളാണ്. 30 ശതമാനം മിതമായ ദാരിദ്ര്യത്തിലും.
കർഷകരുടെ വരുമാനം സ്വാമിനാഥൻ കമീഷൻ ശുപാർശയ്‌ക്കനുസരിച്ച് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരമേറ്റ മോദിയുടെ ഭരണം അഞ്ചു വർഷം തികഞ്ഞ 2019ൽ കർഷകകുടുംബങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്താനായി നടത്തിയ നാഷണൽ സാമ്പിൾ സർവേ കണ്ടെത്തിയത് കർഷകകുടുംബങ്ങൾക്ക് കൃഷിയിൽനിന്ന് ലഭിച്ച ശരാശരി മാസവരുമാനം വെറും 5298 രൂപയാണെന്നാണ്. 87 ശതമാനം കുടുംബങ്ങളുടെയും വരുമാനം 10,000ൽ കുറവായിരുന്നു. അയ്യായിരത്തിൽ കുറവ് വരുമാനം ലഭിച്ചത് 71 ശതമാനത്തിന്. 44 ശതമാനവും രണ്ടായിരത്തിൽ താഴെ വരുമാനമുണ്ടാക്കിയപ്പോൾ 27 ശതമാനം കുടുംബങ്ങളുടെയും പ്രതിമാസവരുമാനം വെറും 1000 രൂപയിലും താഴെയാണ്. സമ്പത്തുൽപ്പാദകരായ തൊഴിലാളികളും കർഷകരും ഇങ്ങനെ പട്ടിണിയിൽനിന്ന് മുഴുപ്പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുമ്പോഴാണ് വൻകിട കുത്തക കുടുംബങ്ങളുടെ വരുമാനവും സമ്പത്തും ഭീമാകാരമായി പെരുകുന്നത്.

ഓക്സ്ഫാം റിപ്പോർട്ട് 2024 നൽകുന്ന ശ്രദ്ധേയമായ ഒരു താരതമ്യമുണ്ട്. ഇന്ത്യയിൽ മിനിമംകൂലി ലഭിക്കുന്ന ഗ്രാമീണന് വസ്ത്രനിർമാണക്കമ്പനിയിലെ ഒരു ഉയർന്ന എക്സിക്യൂട്ടീവിന്റെ വരുമാനത്തോളം പോന്ന സംഖ്യ ഉണ്ടാക്കാൻ 941 വർഷം പണിയെടുക്കേണ്ടി വരുമെന്നാണ് കണക്ക്. ഈ അവസ്ഥയിലാണ് രാജ്യത്തെ സമ്പത്തുൽപ്പാദകർ കക്ഷിരാഷ്ട്രീയാതീതമായി, ജാതിമതഭേദം മറന്ന്, ഒന്നിച്ചുനിന്ന് ഈ അവസ്ഥ മാറണമെന്ന്‌ ആവശ്യപ്പെടുന്നത്. സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരം കണക്കാക്കിയ ചെലവും അതിൽ പകുതിയും ചേർന്ന സംഖ്യയാകണം താങ്ങുവില എന്നാണാവശ്യം. തൊഴിലാളികളുടെ മിനിമം കൂലി 26,000 രൂപയും പെൻഷൻ തുക 10,000 രൂപയും ഉറപ്പാക്കണമെന്നും കർഷകരും തൊഴിലാളികളും ഒന്നിച്ചാവശ്യപ്പെടുകയാണ്. എന്നുവച്ചാൽ അത്യതീവ ന്യൂനപക്ഷം വരുന്ന വൻകിട കുത്തകകളുടെ താൽപ്പര്യസംരക്ഷകരായ ഭരണവർഗത്തോട് കണക്കു തീർക്കാൻ, കുത്തകേതര മുതലാളിമാരും ധനികകർഷകരും ഇടത്തരക്കാരും സാധാരണക്കാരുമായ മുഴുവൻ ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള ഒരു പ്രക്ഷോഭമാണ് ഇന്ത്യയിൽ ഈ മാസം 26ന് നടക്കുന്നത്. അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള അതിവിപുലമായ സമരമുന്നണി കെട്ടിപ്പടുക്കാനാണ് ആഗസ്‌ത്‌ 21ന് ഇരുനൂറ്റമ്പതോളം കർഷക സംഘടനകളടങ്ങുന്ന സംയുക്ത കിസാൻ മോർച്ചയും ഇന്ത്യയിലെ തൊഴിലാളി ഐക്യവേദിയും ആഹ്വാനം ചെയ്തത്. അതിൽ യുവാക്കളുടെ തൊഴിലവകാശത്തിന്റെ ഡിമാൻഡുണ്ട്. പൊതുമേഖലാ സംരക്ഷണം ആവശ്യമായി ഉയരുന്നുണ്ട്. വനാവകാശ നിയമത്തിൽ വെള്ളം ചേർക്കരുതെന്ന ആവശ്യവുമുണ്ട്. നാല്‌ ലേബർ കോഡുകളും 2022ലെ വൈദ്യുതി നിയമവും വേണ്ടെന്ന പ്രഖ്യാപനമുണ്ട്.

എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും,  പൊതുവിതരണ സമ്പ്രദായത്തിന്റെ സാർവത്രികവൽക്കരണവും ശാക്തീകരണവുമുണ്ട്. വിലക്കയറ്റം തടയണമെന്നും ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യവസ്തുക്കളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. ദരിദ്ര കർഷകരുടെയും കർഷക തൊഴിലാളികളുടെയും കടം എഴുതിത്തള്ളാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിനൊക്കെ പണം എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന് ഉത്തരവും നൽകുന്നുണ്ട് ഐക്യസമരസമിതി. അതിസമ്പന്നർക്ക് നികുതി ചുമത്തുക, കോർപറേറ്റ് നികുതി വർധിപ്പിക്കുക, സമ്പത്ത് നികുതി ഏർപ്പെടുത്തുക എന്നിവയാണത്‌.
അമേരിക്കയിലെ ലക്ഷാധിപതികളും ജി20 ധനമന്ത്രിമാരും ആവശ്യപ്പെടുന്ന അതേകാര്യംതന്നെയാണ് കുത്തകകളുടെ ആക്രമണത്തിനു വിധേയരായ മുഴുവൻ ഇന്ത്യക്കാരും ഒന്നിച്ചാവശ്യപ്പെടുന്നത്. 2024 നവംബർ 26 ഇന്ത്യാചരിത്രത്തിൽ, അഭൂതപൂർവമായ ബഹുജനപങ്കാളിത്തത്തോടെ നടക്കുന്ന ഐതിഹാസിക മാനമുള്ള വൻ പ്രക്ഷോഭം എന്നനിലയ്‌ക്ക് എന്നും ജ്വലിച്ചുനിൽക്കും.

(ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top