23 December Monday

പ്രകോപിപ്പിച്ച്‌ യുഎസ്‌
 ; വഴങ്ങാതെ റഷ്യ

എ എം ഷിനാസ്Updated: Saturday Nov 23, 2024

 

കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിൽനിന്നും ഉക്രയ്നിൽനിന്നും അമേരിക്കയുടെ നായകത്വത്തിലുള്ള നാറ്റോ രാജ്യങ്ങളിൽനിന്നും വന്ന വാർത്തകൾ, 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കാലത്തേക്കാൾ ലോകത്തെ വിറപ്പിക്കുന്നവയാണ്. ആണവശക്തികളുടെ പിന്തുണയോടെ, ആണവശക്തികളല്ലാത്ത രാജ്യങ്ങൾ നടത്തുന്ന പരമ്പരാഗത ആണവേതര ആക്രമണങ്ങളെ ആണവായുധം ഉപയോഗിച്ച് നേരിടാൻ മടിക്കില്ലെന്ന റഷ്യയുടെ തിരുത്തിയ ആണവായുധ നയമാണ് ഒന്നാമത്തേത്. ഇതോടൊപ്പംതന്നെ യുഎസ് നൽകിയ ദീർഘദൂര മിസൈലുകൾ (അറ്റാകംസ്) റഷ്യയിലെ ബ്രയൻസ്‌ക്‌ പ്രവിശ്യയിലും ബ്രിട്ടീഷ്– -ഫ്രഞ്ച് സംയുക്ത നിർമിതിയായ സ്റ്റോം ഷാഡോ മിസൈലുകൾ റഷ്യൻ ഭൂപ്രദേശമായ കുർസ്‌കിലും കരിങ്കടൽ തുറമുഖമായ യെയ്‌സ്‌കിലും ഉക്രയ്ൻ തൊടുത്തു. ഇവയിൽ മിക്കവയും റഷ്യ വെടിവച്ചിട്ടതായാണ് വാർത്ത. നാറ്റോയുടെ സർവസമ്മതത്തോടെയുള്ള ഈ സൈനിക ഉഗ്രതയ്ക്കെതിരെ ഉക്രയ്നിലെ ഡിനിപ്രോ നഗരത്തെ ലക്ഷ്യമാക്കി ആണവായുധങ്ങൾ ഘടിപ്പിക്കാത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ റഷ്യ പ്രയോഗിച്ചെന്നാണ് പുതിയ വിവരം.

ഉക്രയ്നിൽ വിന്യസിച്ചിട്ടുള്ള യുഎസ്, ഫ്രഞ്ച്, ബ്രിട്ടീഷ് മിസൈലുകൾ റഷ്യക്കകത്ത് പ്രയോഗിച്ചാൽ അത് നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി കണക്കാക്കുമെന്ന് സെപ്തംബറിൽത്തന്നെ വ്‌ലാദിമിർ പുടിൻ പറഞ്ഞിരുന്നു. അതിനൊരു കാരണം, ഇത്തരം മിസൈലുകൾ കൈകാര്യം ചെയ്യാൻ അവ കൊടുത്ത രാജ്യങ്ങളുടെ പ്രവർത്തന സാങ്കേതികസഹായം കൂടിയേ തീരൂ എന്നതാണ്. യുദ്ധം ആയിരംദിവസം പിന്നിട്ടപ്പോൾ, അതുവരെ ഇത്തരം മിസൈലുകൾ റഷ്യൻ ഭൂപ്രദേശത്ത് പ്രയോഗിക്കാൻ കീവിന് അനുമതി നൽകാൻ ശങ്കിച്ചു പരുങ്ങിനിന്നിരുന്ന പാശ്ചാത്യ സൈനികസഖ്യം പൊടുന്നനെ തീരുമാനം മാറ്റിയത് എന്തുകൊണ്ടായിരിക്കാം. അതിനനുസൃതമായി ആണവനയം റഷ്യ തിരുത്തിയതിന്റെ ചേതോവികാരമെന്താണ്.

രണ്ടാം ലോക യുദ്ധത്തിനുശേഷം ലോകത്തിലെ ഒരു രാജ്യത്തിനെയും ഇത്രമേൽ ആയുധവും അർഥവും നൽകി അമേരിക്ക യുദ്ധസജ്ജമാക്കിയിട്ടില്ല. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ആണവായുധവുമൊഴികെ താന്താങ്ങളുടെ ആയുധ ആവനാഴിയിലെ സകല പടക്കോപ്പുകളും അതിഭീമമായി പണവും നാറ്റോ സഖ്യം, പ്രത്യേകിച്ച് അമേരിക്ക ഉക്രയ്ന് നൽകിക്കഴിഞ്ഞു. എന്നിട്ടും ഉക്രയ്നിന്റെ 20 ശതമാനം ഭൂപ്രദേശം റഷ്യ കീഴടക്കി എന്നു മാത്രമല്ല, ഉക്രയ്നിന്റെ കിഴക്കൻ പ്രദേശങ്ങളിൽ റഷ്യൻസൈന്യം മുന്നേറുകയും കൊട്ടിഘോഷിക്കപ്പെട്ട കുർസ്‌ക്‌ ആക്രമണം വിപരീതഫലമുണ്ടാക്കുകയും ചെയ്തു. ഇത്തരം മിസൈലുകൾ പ്രയോഗിക്കാൻ ഉക്രയ്ന് ‘മനസ്സില്ലാമനസ്സോടെ’ നാറ്റോ  മനം തുറന്നത് കുർസ്‌ക്‌ മേഖലകളിലും മറ്റിടങ്ങളിലും ഉത്തരകൊറിയൻ സൈന്യത്തിന്റെ സാന്നിധ്യമാണെന്നാണ് പാശ്ചാത്യഭാഷ്യം. റഷ്യയിലെ ഉത്തരകൊറിയൻ സൈനികബലം ഒരു ലക്ഷമാണെന്നും അതല്ല പതിനായിരമാണെന്നും നാറ്റോ ഇടയ്ക്കിടെ വ്യക്തതയില്ലാതെ പറയുകയും ചെയ്യുന്നു. വാസ്തവത്തിൽ ഇതാണോ തുടക്കത്തിൽത്തന്നെ അക്ഷരാർഥത്തിൽ റഷ്യ–- നാറ്റോ യുദ്ധമായി പരിണമിച്ച ഈ സംഘർഷത്തിന് കൈവന്ന ഭീതിജനകമായ മാനത്തിന്റെ ഏകകാരണം.

2025 ജനുവരി 20ന് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തുന്നതോടെ റഷ്യ–- ഉക്രയ്ൻ യുദ്ധത്തിൽ അമേരിക്കൻ സമവാക്യങ്ങൾക്ക് സാരമായ മാറ്റമുണ്ടാകുമെന്ന് ബൈഡൻ ഭരണകൂടത്തിന് നന്നായറിയാം.  ട്രംപ് ഭരണകൂടത്തിൽ വൈസ് പ്രസിഡന്റായി അവരോധിതനാകുന്ന ജെ ഡി വാൻസ്, 2022 അർധവാർഷികത്തിൽ സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചപ്പോൾ, പ്രധാന പ്രചാരണവിഷയം ഉക്രയ്ൻ യുദ്ധത്തോടുള്ള എതിർപ്പായിരുന്നു. ഡോൺ ജൂണിയർ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ട്രംപിന്റെ മൂത്ത മകനായ ഡോണൾഡ് ജോൺ ആകട്ടെ, ‘ബൈഡന്റെ വീണ്ടുവിചാരമില്ലാത്ത തീരുമാനം, അമേരിക്കയിലെ സൈനിക വ്യാവസായിക സമുച്ചയത്തിന് മൂന്നാം ലോകയുദ്ധം  ആരംഭിക്കാനുള്ള അവസരവും തന്റെ പിതാവിന്റെ സമാധാന സ്ഥാപനശ്രമത്തെ തുരങ്കം വയ്‌ക്കാനുള്ള ചതുരുപായവു’മായാണ് കാണുന്നത്. ട്രംപ് അധികാരമേൽക്കുന്നതിനു മുമ്പ്‌, 45–-ാം അമേരിക്കൻ പ്രസിഡന്റിനെ കുരുക്കിലാക്കുകയും ഉക്രയ്നുള്ള ആയുധ– -സാമ്പത്തിക സഹായം തുടർന്നുള്ള റിപ്പബ്ലിക്കൻ ഭരണത്തിലും ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കന്റെ പ്രസ്താവം ഇതോടൊപ്പം ചേർത്തു വായിക്കണം: ‘ഞങ്ങളുടെ കൈവശമുള്ള ഓരോ ഡോളറും ജനുവരി 20 വരെ ഉക്രയ്ന് നീക്കിവച്ചിരിക്കും’  എന്നാണ് ബ്ലിങ്കൻ പറഞ്ഞത്.

എന്തുകൊണ്ടാണ് ഈ മർക്കടമുഷ്ടി. കാരണം, അമേരിക്കയുടെ വിദേശനയത്തെ നിയന്ത്രിക്കുന്ന അധികാരിവർഗത്തിൽ ഇപ്പോഴും അധീശത്വം പുലർത്തുന്നത്, ജോർജ് ഡബ്ല്യു ബുഷ് കാലത്തെ നവയാഥാസ്ഥിതികരും ഒബാമ–- ബൈഡൻ കാലത്തെ നവലിബറൽ വാദികളുമാണ്. ശീതയുദ്ധാഖ്യാനത്തിന്റെ ചതുപ്പിൽ പൂണ്ടുകിടക്കുന്ന ഇത്തരക്കാരുടെ ഒഴിയാവിചാരം പുടിനെ പുറത്താക്കുകയും പകരം തങ്ങൾക്ക് വിധേയനായൊരു ഭരണാധികാരിയെ ക്രംലിനിൽ പ്രതിഷ്ഠിക്കുകയുമാണ്. കൂടാതെ, ട്രംപ് മുൻകൈയെടുത്ത് ഉണ്ടാക്കിയേക്കാവുന്ന ഒരു സമാധാന ഇടപാട് തങ്ങളുടെ യശസ്സിനെ കലുഷിതമാക്കുകയും  അമേരിക്കയുടെ ‘ലോകപ്രീതി’യെ ദുഷിപ്പിക്കുകയും ചെയ്യുമെന്ന് അവർ കരുതുന്നു. അതിനാൽ, ആര് വൈറ്റ്ഹൗസിൽ ഇരുന്നാലും യുദ്ധം അഭംഗുരം തുടരുകയും റഷ്യയെ ആകുന്നത്ര പരിക്ഷീണമാക്കുകയും വേണം.  ഉക്രയ്നുണ്ടായ അതിഭീകരമായ നാശനഷ്ടങ്ങളോ ഭൂപ്രദേശ നഷ്ടമോ ഉക്രയ്നിലെ കുട്ടികളുടെ അമൂല്യബാല്യം യുദ്ധം കവർന്നെടുത്തതോ ഒന്നും ഈ യുദ്ധോൻമാദികളെ അലട്ടുന്നില്ല; ഇവരുടെ മരപ്പാവയായി പ്രവർത്തിക്കുന്ന വ്‌ലോദിമിർ സെലൻസ്‌കിയെയും.

ഉക്രയ്നെ മുൻനിർത്തി നാറ്റോ നയിക്കുന്ന ഈ യുദ്ധത്തിൽ അമേരിക്കയാണ് മുഖ്യമായും നാനാവിധ ആയുധങ്ങളും ഉക്രയ്ൻ സർക്കാരിനെ നിലനിർത്താനാവശ്യമായ ഭീമമായ ധനസഹായവും നൽകിപ്പോരുന്നത്. എന്നിട്ടും റഷ്യ, റഷ്യയുടേതെന്നും ഉക്രയ്ൻ ഉക്രയ്നിന്റേതെന്നും അവകാശപ്പെടുന്ന 20 ശതമാനം ഭൂപ്രദേശത്തുനിന്ന് റഷ്യൻ സൈന്യത്തെ അണുവിട തുരത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പുടിനെ ഒരു ‘വർണവിപ്ലവ’ത്തിലൂടെ പുറത്താക്കുകയെന്ന ബൃഹദ്‌ ലക്ഷ്യം മധുരിതമായ മനോരാജ്യമായി തുടരുകയും ചെയ്യുന്നു.

ഇതുവരെ പ്രയോഗിക്കാൻ അനുമതി നൽകാതിരുന്ന ദീർഘദൂര മിസൈലുകൾ ക്രംലിനെ ചർച്ചാ മേശയിലേക്കെത്തിക്കുമെന്നാണ് ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അങ്ങനെ സംഭവിച്ചാലും ക്രീമിയയും ഡോൺബാസുമുൾപ്പെടെയുള്ള റഷ്യൻ വംശജർക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ, ജനഹിത പരിശോധന നടത്തി റഷ്യയുടെ അവിച്ഛിന്ന ഭാഗമാക്കിയ സ്ഥിതിക്ക് സമാധാന ചർച്ചകളിൽ പുടിൻ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാൻ സാധ്യതയില്ല. അപ്പോൾ പല വിദേശകാര്യ വിദഗ്ധരും പ്രായോഗികപരിഹാരമെന്ന നിലയിൽ ചൂണ്ടിക്കാണിച്ചതുപോലെ, തൽസ്ഥിതി നിലനിർത്തി ഇരുവിഭാഗവും വെടിനിർത്തുന്നതാണ് പോംവഴി. അന്താരാഷ്ട്രപരമായി അംഗീകരിക്കപ്പെട്ട റഷ്യൻ ഭൂപ്രദേശങ്ങളിലേക്ക് യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച് മിസൈലുകൾ കീവ് തൊടുക്കുന്നത് തുടർന്നാൽ യുദ്ധം, നാറ്റോയെയും ഉക്രയ്നെയും റഷ്യയെയും ലോകത്തെത്തന്നെയും ചിന്താകലുഷമാക്കുന്ന അചിന്ത്യമായ അവ്യവസ്ഥയിലേക്ക് വഴുതിപ്പോയേക്കാം.

അമേരിക്കൻ കോളമിസ്റ്റായ പാട്രിക് ബാഷമിന്റെ നിരീക്ഷണം ഇത്തരുണത്തിൽ ശ്രദ്ധേയം: ‘ഞാൻ 20 മാസം മുമ്പ്‌ എഴുതിയ ഒരു കാര്യം ആവർത്തിക്കുന്നു. സെലൻസ്‌കിയും പാശ്ചാത്യ രക്ഷാധികാരികളും വിജയിക്കാനാകാത്ത യുദ്ധത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇത്തരം യുദ്ധാവസ്ഥ, യുക്തിയുക്തമായ സാഹചര്യം കണക്കിലെടുത്ത് നയതന്ത്രജ്ഞരെ മോസ്കോയുമായി മാന്യമായ ഒരു സമാധാന ഉടമ്പടിയുണ്ടാക്കാൻ ചർച്ചാമേശയിലേക്കാണ് അതിവേഗം എത്തിക്കുക. എന്നിട്ടും, ഈ യുക്തിസഹമായ മാർഗം പാശ്ചാത്യചേരിക്ക് സ്വീകാര്യമല്ല. യുദ്ധത്തിന് പര്യവസാനമുണ്ടാക്കി ട്രംപ് നയതന്ത്ര കരഘോഷം നേടുന്നത് അവർ ആഗ്രഹിക്കുന്നില്ല. ഏറ്റവും പ്രധാനമായി, ഒരു സമാധാന ഇടപാട്, അവരുടെ അഭിമാനത്തിനും അന്തസ്സിനും ക്ഷതമേൽപ്പിക്കുമെന്ന് അവർ വിചാരിക്കുന്നു.’ (ദ ടൈംസ് ഓഫ് ഇന്ത്യ, നവംബർ 20, 2024)

( മടപ്പള്ളി ഗവ. കോളേജിലെ ചരിത്രവിഭാഗം മേധാവിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top