03 December Tuesday

കോവിഡിനെ നേരിടാൻ തദ്ദേശമാതൃകകൾ - ഡോ. ജോസ്‌ ചാത്തുകുളം എഴുതുന്നു

ഡോ. ജോസ്‌ ചാത്തുകുളംUpdated: Thursday Jun 25, 2020


ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലിയുടെ ജൂൺ 13 ലക്കം ശ്രദ്ധേയമാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ലേഖനത്തിലൂടെയാണ് (ലക്കം 55, ജൂൺ 13, 2020) . “കോവിഡ് മഹാമാരിയുടെ മധ്യേയുള്ള വെല്ലുവിളികൾ’ എന്ന ഈ ലേഖനത്തിൽ കോവിഡ് –-19 നെതിരായ സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ആധികാരികമായി അദ്ദേഹം വ്യക്തമാക്കുന്നു. പകർച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും നേരിടുന്നതിൽ വികേന്ദ്രീകൃതവും ജനകീയവുമായ പ്രവർത്തനങ്ങളുടെ പ്രാധാന്യവും വിവരിക്കുന്നുണ്ട്. അമേരിക്ക, ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും  മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി പോലുള്ള സംസ്ഥാനങ്ങളിലും രോഗം നിയന്ത്രണാതീതമായി തുടരുന്നു. അന്യസംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ലക്ഷക്കണക്കിനാളുകൾ തിരികെ എത്തിത്തുടങ്ങിയതോടെയാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണവും മരണനിരക്കും ഇത്രയുമുയർന്നത്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ രോഗപ്രതിരോധം മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയാക്കാവുന്നതാണ്.


 

എന്തുകൊണ്ട്‌  കേരളം വിജയിക്കുന്നു
കേരളം എങ്ങിനെ ഈ നേട്ടം കൈവരിച്ചു? ഇതിനു പിന്നിലുള്ള പ്രധാനകാരണം,  കാൽനൂറ്റാണ്ടായി കേരളത്തിൽ വേരുപിടിച്ച അധികാര വികേന്ദ്രീകരണവും അതിലൂടെ സൃഷ്ടിക്കപ്പെട്ട സാമൂഹ്യമൂലധനവുമാണ്. ഇതുകൂടാതെ തദ്ദേശ സ്വയം ഭരണ സംവിധാനത്തെ രോഗപ്രതിരോധത്തിന്റെ മുൻനിരയിൽ അണിനിരത്തിയാണ് ഈ നേട്ടം കൈവരിച്ചത്. ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ മിക്ക സംസ്ഥാനങ്ങളിലും പഞ്ചായത്തിരാജ് നിയമം പാസാക്കുകയും സമയാസമയങ്ങളിൽ തെരഞ്ഞെടുപ്പു നടത്തുകയും ധനകാര്യകമീഷനുകളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും തദ്ദേശസ്ഥാപനങ്ങളെ ചുമതലകളും അധികാരങ്ങളും പണവും  ഉദ്യോഗസ്ഥരേയും നൽകി ചലനാത്മകമാക്കിയ അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 1996 ൽ അന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ തുടക്കം കുറിച്ച  ജനകീയാസൂത്രണപ്രസ്ഥാനം തദ്ദേശസ്ഥാപനങ്ങൾക്ക് സ്വന്തമായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനുള്ള അധികാരങ്ങളും പണവും നൽകി. അതോടൊപ്പം പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കൃഷിഭവനുകൾ, മൃഗാശുപത്രികൾ, സർക്കാർ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ നിയന്ത്രണാധികാരങ്ങളോടെ കൈമാറി. അതിന്റെ ഫലമായി നഗര–-ഗ്രാമതലങ്ങളിൽ മെച്ചപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളും  വിദ്യാഭ്യാസസ്ഥാപനങ്ങളും അനുബന്ധ സൗകര്യങ്ങളുമുണ്ടായി.

സ്വകാര്യവിദ്യാലയങ്ങളിൽ നിന്ന്‌ സർക്കാർ വിദ്യാലയങ്ങളിലേക്ക്‌ കുട്ടികൾ തിരികെയെത്തിത്തുടങ്ങി. രോഗികളുടെ ആശ്വാസകേന്ദ്രങ്ങളായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മാറി. എന്നുമാത്രമല്ല, അവയുടെ നേതൃത്വത്തിൽ വീടുകളിലെത്തിക്കുന്ന സാന്ത്വനപരിചരണം മറ്റൊരു പ്രധാനനേട്ടമാണ്. ആരോഗ്യപ്രവർത്തകരും ആശ, അങ്കണവാടി പ്രവർത്തകരും കൃഷി, മൃഗസംരക്ഷണം തുടങ്ങി കൈമാറപ്പെട്ട മുഴുവൻ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപനങ്ങളുടെ അവിഭാജ്യഘടകമായി ഇഴുകിച്ചേർന്നു. ഇതോടെ ആദ്യകാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന അഭിപ്രായഭിന്നതകൾ തീർന്നു. ഓരോ അഞ്ചുവർഷം കൂടുമ്പോഴും കൃത്യമായി ധനകാര്യകമീഷനുകളെ നിയമിക്കുകയും അവയുടെ ശുപാർശകൾ ഏതുസാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നടപ്പാക്കുകയും ചെയ്യുന്ന അപൂർവ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒരു ശരാശരി പഞ്ചായത്തിന്റെ ബജറ്റ് തുക ഇന്ന് കോടികളിലെത്തി നിൽക്കുന്നു. ഇതുകൂടാതെ സാക്ഷരതാപ്രസ്ഥാനവും ജനകീയാസൂത്രണ പ്രസ്ഥാനവുമൊക്കെ രൂപം നൽകിയ സാമൂഹ്യമൂലധനമായി  നൂറു കണക്കിനു സന്നദ്ധ പ്രവർത്തകരുമുണ്ട്‌. പ്രകൃതി ദുരന്തങ്ങളെയും മഹാമാരിയെയും പ്രതിരോധിക്കുന്നതിന്  രൂപീകരിക്കപ്പെട്ട സാമൂഹ്യ സന്നദ്ധസേനയിൽ ഇപ്പോൾ 3,30,000 അംഗങ്ങളുണ്ട്.


 

താഴെത്തട്ടിലെ ദുരന്തനിവാരണം
ദുരന്തങ്ങളെയും പകർച്ചവ്യാധികളേയും ഫലപ്രദമായി നേരിടുന്നതിന് കേന്ദ്രീകൃത ഭര ണസംവിധാനത്തേക്കാൾ ജനങ്ങളോട്‌ ഏറ്റവും അടുത്തുപ്രവർത്തിക്കുന്ന പഞ്ചായത്തുകളും നഗരസഭകളുമാണ് ഫലപ്രദം. കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇക്കാര്യം അംഗീകരിക്കണം. പ്രാദേശിക സർക്കാരായി പ്രവർത്തിക്കുന്നതിന് ആവശ്യമായ മൂന്ന് ഉപാധികളായ, പണം, ജീവനക്കാർ, അധികാരങ്ങൾ എന്നിവ കൈമാറുകയും ചെയ്യണം. ഓരോ തലത്തിലുള്ള സർക്കാരുകളുടെ ചുമതലകളിൽ കൈകടത്താതെ സഹകരണാത്മക ഫെഡറലിസത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് –-19 മഹാമാരിയെ പ്രതിരോധിച്ചതാണ് കേരളത്തിന്റെ ഇതുവരെയുള്ള വിജയത്തിനു കാരണമെന്ന് മുഖ്യമന്ത്രിയുടെ ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്‌.

കോവിഡ്‌ രോഗികളെ കണ്ടെത്തുന്നതിനും സമ്പർക്കത്തിലേർപ്പെട്ടവരെ തിരിച്ചറിയുന്നതിനും നിരീക്ഷണ കേന്ദ്രങ്ങളൊരുക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കഴിഞ്ഞു. മാത്രമല്ല, തയ്യാറെടുപ്പില്ലാതെയും സംസ്ഥാന സർക്കാരുകളുടെ പോലും അഭിപ്രായമാരായാതെയും കേന്ദ്രം പ്രഖ്യാപിച്ച ലോക്ഡൗൺ കാലത്ത് ഈ സ്ഥാപനങ്ങൾ മുന്നോട്ടിറങ്ങി പ്രവർത്തിച്ചു. നിരാലംബർക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിലും സമൂഹ അടുക്കളയുടെ നടത്തിപ്പിലുമെല്ലാം നടത്തിയ ഇടപെടൽ കേരള ചരിത്രത്തിൽ ഇടംപിടിക്കുമെന്നതിൽ തർക്കമില്ല.


 

കേന്ദ്ര–-സംസ്ഥാന സർക്കാരുകളെപ്പോലെയുള്ള ഒരു ഭരണസംവിധാനം തന്നെയാണ് തദ്ദേശസ്ഥാപനങ്ങൾ എന്ന പ്രഖ്യാപനം പിണറായി വിജയൻ അല്ലാതെ മറ്റൊരു മുഖ്യമന്ത്രിയും നാളിതുവരെ നടത്തിയിട്ടുള്ളതായി അറിവില്ല. മാത്രവുമല്ല കേരളത്തിന്റെ നേട്ടത്തിന്റെ ഖ്യാതി സ്വയം ഏറ്റെടുക്കാതെ, പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനത്തെ അദ്ദേഹം അംഗീകരിക്കുകയും ചെയ്യുന്നു. ഇതിന് കാരണം 1957 ൽ ഇ എം എസ് നമ്പൂതിരിപ്പാടു മുതൽ പിണറായി വിജയൻ വരെയുള്ള എൽഡിഎഫ്‌ സർക്കാരുകളുടെ, ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണം സംബന്ധിച്ച കാഴ്ചപ്പാടു തന്നെയാണ്‌.

(ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ്‌ഇക്കണോമിക് ചെയ്ഞ്ച് എന്ന ഗവേഷണ സ്ഥാപനത്തിൽ പ്രൊഫസറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top