19 September Thursday

ആൾദൈവ മനഃശാസ്‌ത്രം

ഷൗക്കത്ത്Updated: Thursday Jul 25, 2024


സ്വയം ചിന്തിച്ച് തീരുമാനിക്കുന്നതിനേക്കാൾ ആൾക്കൂട്ടം എടുക്കുന്ന തീരുമാനത്തിനൊപ്പം നിന്നു പോകുന്ന പ്രവണത മനുഷ്യമനസ്സിന് സ്വാഭാവികമാണ്. ആ മനസ്സിനെ ചൂഷണം ചെയ്തു ജീവിക്കുന്നവരാണ് ആൾദൈവങ്ങൾ. ചോദ്യങ്ങളെ ഭയക്കുന്ന, ചോദ്യങ്ങളോട് അമർഷമുള്ള എല്ലാ മനസ്സും ആൾദൈവങ്ങളോ ആൾദൈവങ്ങളാകാൻ മോഹിക്കുന്നവരോ ആണ്.


ഒന്ന്
മനുഷ്യൻ ഒരു വിചിത്ര ജീവിയാണ്. ചിന്തിക്കുന്ന ജീവിയാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും നമ്മെ ഭരിക്കുന്നത് ചിന്തയല്ല. മറിച്ച്, ജനിതകരചനയിൽ നിഹിതമായിരിക്കുന്ന വാസനകളാണ്. അത് നാം വിചാരിക്കുന്നത്ര സമത്വപൂർണമോ ഹൃദ്യമോ നീതിപൂർണ്ണമോ അല്ല. അതിനായുള്ള ശ്രമങ്ങൾ നാം നിരന്തരം നടത്തുന്നുണ്ടെന്നു മാത്രമേയുള്ളൂ. നിരന്തരമായ പ്രയത്നത്തിലൂടെ നാം വികസിപ്പിച്ചുകൊണ്ടു വരേണ്ട സംസ്ക്കാരമാണ് സമത്വം.

പെട്ടെന്ന് വീണുപോകുന്ന മനസ്സാണ് നമ്മുടേത്. ഭൂരിപക്ഷത്തിനൊപ്പം അറിയാതെ നിന്നുപോകുന്ന മനസ്സ്. അത് ശരിതെറ്റുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഒന്നല്ല.

ബസ്സു മറിഞ്ഞ് അമ്പതു പേർ മരിക്കുകയും പത്തു പേർ രക്ഷപ്പെടുകയും ചെയ്താൽ ആ പത്തുപേരെ കാത്തുരക്ഷിച്ച ദൈവത്തെക്കുറിച്ചോർത്ത് മനുഷ്യർ അത്ഭുതം കൂറും. ആരാധനയോടെ കണ്ണുനിറയും. അപ്പോൾ അപകടത്തിൽ മരിച്ച അമ്പതുപേരെ എന്തുകൊണ്ട് സർവ്വശക്തനായ ദൈവം രക്ഷിച്ചില്ല, അത് ശിക്ഷയായിരുന്നോ എന്ന ചോദ്യം ബഹുഭൂരിപക്ഷം മനുഷ്യരിലും ഉണരില്ല. അങ്ങനെ ചോദിക്കുന്നവർ നിഷേധികളാണ്.

ബസ്സു മറിഞ്ഞ് അമ്പതു പേർ മരിക്കുകയും പത്തു പേർ രക്ഷപ്പെടുകയും ചെയ്താൽ ആ പത്തുപേരെ കാത്തുരക്ഷിച്ച ദൈവത്തെക്കുറിച്ചോർത്ത് മനുഷ്യർ അത്ഭുതം കൂറും. ആരാധനയോടെ കണ്ണുനിറയും. അപ്പോൾ അപകടത്തിൽ മരിച്ച അമ്പതുപേരെ എന്തുകൊണ്ട് സർവ്വശക്തനായ ദൈവം രക്ഷിച്ചില്ല, അത് ശിക്ഷയായിരുന്നോ എന്ന ചോദ്യം ബഹുഭൂരിപക്ഷം മനുഷ്യരിലും ഉണരില്ല. അങ്ങനെ ചോദിക്കുന്നവർ നിഷേധികളാണ്. മനുഷ്യപ്പറ്റില്ലാത്തവരാണ്. ദൈവനിന്ദകരാണ്. ഇതാണ് മനുഷ്യമനസ്സ്.

നാലുപേർ ഒരാളെ മർദിക്കുന്നുവെന്ന് കരുതുക. അതു കാണുന്ന ഭൂരിപക്ഷം പേരും അയാൾ തല്ലുകൊള്ളാവുന്ന എന്തോ തെറ്റു ചെയ്തിട്ടുണ്ടെന്നുതന്നെ തീരുമാനിക്കും. ചിലപ്പോൾ നേരെചെന്ന് ഒരടി തന്റെ വകയായി കൊടുക്കുകയും ചെയ്യും. എന്തു തെറ്റാണ് അയാൾ ചെയ്തത്? എന്തിനാണ് അയാളെ തല്ലുന്നത്? എന്നു ചോദിക്കുന്നവർ വളരെ കുറവായിരിക്കും.

സ്വയം ചിന്തിച്ച് തീരുമാനിക്കുന്നതിനേക്കാൾ ആൾക്കൂട്ടം എടുക്കുന്ന തീരുമാനത്തിനൊപ്പം നിന്നു പോകുന്ന പ്രവണത മനുഷ്യമനസ്സിന് സ്വാഭാവികമാണെന്നർത്ഥം. ആ മനസ്സിനെ ചൂഷണം ചെയ്തു ജീവിക്കുന്നവരാണ് ആൾദൈവങ്ങൾ. ചോദ്യങ്ങളെ ഭയക്കുന്ന, ചോദ്യങ്ങളോട് അമർഷമുള്ള എല്ലാ മനസ്സും ആൾദൈവങ്ങളോ ആൾദൈവങ്ങളാകാൻ മോഹിക്കുന്നവരോ ആണ്.

ജീവിതത്തിന്റെ അർത്ഥമന്വേഷിച്ച് നടക്കുന്ന കാലം. ആത്മീയതയുടെ പല മേഖലകളിലുമുള്ള മനുഷ്യരുമായി ഇടപഴകിയിരുന്ന കാലം. വിദേശത്തുവെച്ച് അത്യപൂർവ്വമായ ഒരനുഭവമുണ്ടായെന്നും തുടർന്ന് ചിന്തകളെല്ലാം അകന്നുപോയി ശുദ്ധമായ ആകാശംപോലെ മനസ്സ് തെളിഞ്ഞെന്നും പിന്നീടവിടെ ഒരു കാർമേഘവും സ്പർശിച്ചിട്ടില്ലെന്നും അവകാശപ്പെട്ട ഒരാളെ കാണാനും അദ്ദേഹത്തോടൊപ്പം പല സമയത്തായി ചിലവഴിക്കാനും അവസരമുണ്ടായി.

ആത്മസാക്ഷാത്ക്കാരം ലഭിച്ച വ്യക്തിയെന്നാണ് അദ്ദേഹത്തോട് അടുത്തിടപഴകുന്ന സുഹൃത്തുക്കൾ പറഞ്ഞത്.
ദിവസവും അദ്ദേഹത്തിനടുത്ത് കുറച്ചുപേരുണ്ടാകും. പല വഴികളിൽ ദൈവത്തെ, വെളിച്ചത്തെ, സമാധാനത്തെ, സ്വാതന്ത്ര്യത്തെ, സത്യത്തെ അന്വേഷിച്ചു നടക്കുന്ന മനുഷ്യർ. അദ്ദേഹം കൂടുതലും മൗനത്തിലായിരിക്കും.

ഞങ്ങളെല്ലാം അദ്ദേഹത്തിനരികിലിരിക്കും. നല്ല സ്നേഹമുള്ള മനുഷ്യനായിരുന്നു. നന്നായി പാട്ടു പാടും. സ്നേഹത്തോടെ പെരുമാറും. നല്ലൊരു സുഹൃത്തെന്ന നിലയിൽ എനിക്കദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന് എന്നേയും.

അദ്ദേഹം പകർന്ന സൗഹൃദമാണ്  വീണ്ടും വീണ്ടും അദ്ദേഹത്തിനടുത്തേക്ക് എന്നെ ആകർഷിച്ചത്. മനുഷ്യമനസ്സിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളും സാധ്യതകളും കൗതുകത്തോടെ നോക്കിക്കണ്ടിരുന്ന കാലമായിരുന്നു അത്.

വർഷങ്ങളായി അദ്ദേഹവുമായി ബന്ധപ്പെട്ടു കഴിയുന്നവരാണ് കൂടുതലും അവിടെ വരുന്നത്. ഞാൻ പുതിയ ആളായിരുന്നു. നാലഞ്ചു മാസമായപ്പോൾ ഞങ്ങൾക്കിടയിലെ സൗഹൃദം കൂടുതൽ ഊഷ്മളമായി. നല്ല സമാധാനമുള്ള മനുഷ്യനായിരുന്നു അദ്ദേഹം.

തന്റെ അനുഭവം വെച്ച് ആരെയും ചൂഷണം ചെയ്യണമെന്നൊന്നും അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹത്തിന്റെ അപൂർവ്വാനുഭവം എന്നെ കാര്യമായി സ്വാധീനിച്ചിരുന്നില്ലെങ്കിലും ആ സൗമ്യസാന്നിധ്യം എനിക്കിഷ്ടമായിരുന്നു.
ഒരു ദിവസം ഞാനദ്ദേഹത്തോടു ചോദിച്ചു: "എനിക്കൊരു പരീക്ഷണം നടത്തണം. എന്റെ കൂടെ നിൽക്കുമോ?"

അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തോട് ചേർന്നിരിക്കുന്നവരെല്ലാം ആഴ്ചയിൽ ഒരു ദിവസം ഒന്നിച്ചു കൂടാറുണ്ട്. അങ്ങനെയൊരു ദിവസം എല്ലാവരുടെയും സാന്നിധ്യത്തിൽ ഞാൻ അദ്ദേഹത്തോടു പറഞ്ഞു: "കഴിഞ്ഞ ദിവസം എനിക്കൊരു അനുഭവമുണ്ടായി.

നല്ല ഉറക്കത്തിൽനിന്ന് ആരോ വിളിച്ചുണർത്തിയതുപോലെ ഞാനുണർന്നെഴുന്നേറ്റു. കട്ടിലിനടുത്തുള്ള കസേരയിൽ ആരോ ഇരിക്കുന്നതുപോലെ എനിക്കുതോന്നി. ഞാനെഴുന്നേറ്റ് ലൈറ്റിട്ടു. അത്ഭുതംകൊണ്ട് എന്റെ ശ്വാസം നിലച്ചതുപോലെ എനിക്കു തോന്നി. അങ്ങ് ആ കസേരയിൽ ചിരിച്ചുകൊണ്ടിരിക്കുന്നു. ഒരു മുപ്പത് സെക്കന്റോളം അങ്ങനെ ചിരിച്ചുകൊണ്ടിരുന്ന് മെല്ലെ അന്തരീക്ഷത്തിലേക്ക് മറഞ്ഞു."

ഞാൻ പറയുന്നത് എല്ലാവരും സാകൂതം കേട്ടുകൊണ്ടിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ പ്രതികരണത്തിനായി കാതുകൂർപ്പിച്ചു. ഞങ്ങൾ പറഞ്ഞുറപ്പിച്ചതുപോലെ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: "നമ്മുടെ മനസ്സിലാക്കലുകൾക്കുമപ്പുറവും ചിലതുണ്ടല്ലോ. ഇത് അങ്ങനെ ഒരനുഭവമായി കരുതിയാൽ മതി."

അത്രയും പറഞ്ഞ് അദ്ദേഹം കണ്ണുകളടച്ച് കസേരയിലേക്കു ചാഞ്ഞു. ആ ഒരു മിസ്റ്റിക്കൽ അന്തരീക്ഷത്തിൽ എല്ലാവരും ആഴമേറിയ മൗനത്തിലേക്ക് വീണുപോയി. അതീവനിശ്ശബ്ദമായ ആ മൗനാന്തരീക്ഷത്തിൽ നിന്ന് ഏവരെയും ഉണർത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: "ഇനി നമുക്ക് ഒരു ചായ കുടിക്കാം."

വൈകുന്നേരത്തോടെ എല്ലാവരും പിരിഞ്ഞുപോയി. പതിവുപോലെ അടുത്ത ഞായറാഴ്ച എല്ലാവരും ഒന്നിച്ചുകൂടി. അദ്ദേഹത്തിനടുത്ത് വർഷങ്ങളായി വരാറുള്ള സുഹൃത്ത് ഭക്ത്യാദരങ്ങളോടെ അദ്ദേഹത്തിന്റെ കൈമുത്തി വിറയലോടെ പറഞ്ഞു: "ഇത്ര നാളായിട്ടും എനിക്കിങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല.

ആളുകൾ വെറുതെ നുണ പറയുകയാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഇന്നലെ രാത്രിയിൽ ഉറങ്ങിയെഴുന്നേറ്റ ഞാൻ എന്റെ മുന്നിൽ മൗനമന്ദഹാസത്തോടെ നിൽക്കുന്ന അങ്ങയെ ദർശിച്ചു. ആകാശത്തുനിന്ന് അനുഗ്രഹവർഷമുണ്ടായതുപോലെയാണ് എനിക്കു തോന്നിയത്. നമസ്‌കരിക്കാനായി ഞാനടുത്തുവന്നപ്പോൾ അങ്ങ് അന്തരീക്ഷത്തിലേക്ക് മാഞ്ഞുപോയി."

വികാരതീവ്രതയോടെ അത്രയും പറഞ്ഞ് കാല്ക്കൽ നമസ്‌ക്കരിനായി ചെന്ന അദ്ദേഹത്തെ തടഞ്ഞ് സുഹൃത്ത് എന്നെ നോക്കി മന്ദഹസിച്ചു. വരും ദിനങ്ങളിൽ ഇനിയും കുറച്ചു പേർക്കെങ്കിലും ആ അനുഭവത്തിന്റെ തുടർച്ചയുണ്ടാകുമെന്ന് ഞങ്ങൾ നേരത്തേ പറഞ്ഞിരുന്നു.

ഇല്ലാത്ത ലോകത്തെ സങ്കല്പംകൊണ്ട് സൃഷ്ടിച്ച് അത് യാഥാർത്ഥ്യമെന്നപോലെ അനുഭവിക്കാനുള്ള മനസ്സിന്റെ വൈഭവമാണ് യുക്തിഭദ്രമായി ചിന്തിക്കുന്ന ആ മനുഷ്യനെപ്പോലും ചതിച്ചതെന്ന് അദ്ദേഹം അറിഞ്ഞില്ല. അതാണ് മനുഷ്യമനസ്സിന്റെ മായാവിലാസം. അപ്പോൾ പിന്നെ സാധാരണ മനുഷ്യരുടെ മനസ്സിന്റെ കാര്യം പറയേണ്ടതുണ്ടോ?!

മനുഷ്യമനസ്സിന്റെ ഈ ബലഹീനതയെ, സങ്കല്പശക്തിയെ പല തരത്തിലുള്ള അന്തരീക്ഷമൊരുക്കി വരുതിയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങളാണ് ആൾദൈവങ്ങളെ കേന്ദ്രമാക്കി സമൂഹത്തെ അന്ധതയിലേക്ക് കൊണ്ടുപോകുന്നത്. ഒരു മായാവലയത്തിൽ അകപ്പെട്ടതുപോലെയാണ് അവിടെയെത്തുന്ന മനുഷ്യരുടെ അനുഭവം.

അറിവിന്റെ ലോകത്തിന് അവിടെ ഒരു പ്രസക്തിയുമില്ല. ചിന്ത അവിടെ പ്രവർത്തിക്കുന്നേയില്ല. ഉള്ള അറിവിനെക്കൂടി മയക്കി അന്ധതയിലേക്ക് കൊണ്ടുപോകലാണ് അവിടെ ലക്ഷ്യം. മനുഷ്യനെ മനുഷ്യത്വമുള്ളവരാക്കലോ അറിവുള്ളവരാക്കലോ അവിടെ പ്രധാനമല്ല. അടിമകളാക്കി ചിന്താശൂന്യരാക്കലാണ് ലക്ഷ്യം.

 രണ്ട്

വളരെ കുറച്ചുപേർ മാത്രം ജീവിക്കുകയും മറ്റുള്ളവരെല്ലാം അവർക്കുവേണ്ടി ജീവിക്കുകയും ചെയ്യുകയെന്നതായിരുന്നു മനുഷ്യചരിത്രം. വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇന്നും തുടരുന്ന ഒരു യാഥാർത്ഥ്യമാണതെങ്കിലും ചെറിയ മാറ്റങ്ങൾ ബാഹ്യമായെങ്കിലും വന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്.

അടിമയുടമ സമ്പ്രദായത്തിൽ തന്നെയാണ് മനുഷ്യബോധം ഇപ്പോഴും പ്രവർത്തിക്കുന്നത്. നമ്മുടെ ശരിയോട് ആരെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചാൽ നാം അസ്വസ്ഥരാകുന്നത് അതിന്റെ ഉത്തമോദാഹരണമാണ് . നാം എപ്പോഴും ഉടമയായിരിക്കാനാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവർ നമ്മെ അനുസരിക്കണമെന്നും നമ്മോട് ചേർന്നു നിൽക്കണമെന്നുമാണ് നമ്മുടെ ആന്തരികമായ തീരുമാനം.

അപ്പുറത്തിരിക്കുന്നവർ പറയുന്നതിൽ എന്തെങ്കിലും ശരിയുണ്ടോ എന്ന് സമചിത്തതയോടെ ആലോചിക്കുന്നതിനു പകരം നമ്മുടെ താല്പര്യങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ശത്രുവായി കാണുന്ന മനോഭാവമാണ് നമ്മുടെ ബോധത്തിൽ സഹജമായുള്ളതെന്ന കാര്യം ഓർത്തുകൊണ്ടു വേണം ആൾദൈവം എന്ന വിഷയം ചർച്ച ചെയ്തു തുടങ്ങാൻ.

അതായത് നമ്മൾ ഓരോരുത്തരും ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ആൾദൈവങ്ങളോ ആൾദൈവങ്ങളാവാൻ ശ്രമിക്കുന്നവരോ ആണെന്നർത്ഥം. ഞാനാണ് ശരി, ഞാൻ മാത്രമാണ് ശരി; ആ ശരിയെ എല്ലാവരും പിന്തുടരണം എന്ന മനോഭാവത്തിനു പറയുന്ന പേരാണ് ആൾദൈവം.

സ്ഥിതിസമത്വത്തിലും സ്വാതന്ത്ര്യത്തിലും ജനാധിപത്യസംവിധാനത്തിലും വിശ്വസിക്കുന്ന ബോധങ്ങൾക്ക് എന്തുകൊണ്ടാണ് ആൾദൈവങ്ങളോട് ഇത്ര അസ്വസ്ഥത തോന്നുന്നത്? അവർ ഉടമകളായിരിക്കുകയും ബാക്കിയുള്ളവരെല്ലാം അടിമകളായിരിക്കണമെന്ന് ചിന്തിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെയാണത്. വിധേയത്വം അവിടെ സ്വാഭാവികമായി സംഭവിക്കുന്നു.

അതിഭാവുകത്വത്തിന്റെയും അതിശയോക്തിയുടെയും ലോകത്തിൽ അഭിരമിക്കുന്നതിലാണ് അവിടെ പ്രിയം. യാഥാർത്ഥ്യങ്ങളെ മനഃപൂർവ്വമോ അല്ലാതെയോ മറച്ചുവയ്ക്കുന്നു. ഇല്ലാക്കഥകൾ മെനഞ്ഞ് മനുഷ്യരെ മയക്കുന്നു. കാര്യത്തേക്കാൾ കഥകളിൽ അഭിരമിക്കുന്ന മനുഷ്യബോധം അതിൽ കറങ്ങിവീഴുന്നു. വൈകാരികമായി ആശ്രയത്വം തേടുന്ന പാവം മനുഷ്യമനസ്സിനെ എളുപ്പത്തിൽ വരുതിയിലാക്കാൻ ദൈവം ചമയുന്നവർക്കും സംഘത്തിനും കഴിയുന്നു.

ആൾദൈവങ്ങളെക്കുറിച്ച് പറയുമ്പോൾ മതത്തെയും മതപൗരോഹിത്യത്തേയുമൊക്കെയാണ് നാം പറഞ്ഞുതുടങ്ങുക. എന്നാൽ രാഷ്ട്രീയത്തിലും കലാസാഹിത്യസാംസ്‌കാരികലോകങ്ങളിലും ആൾദൈവങ്ങളുള്ള കാര്യം നാം മറന്നുപോകരുത്.

വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് ആൾദൈവപ്രതിഷ്ഠയിലേക്കുള്ള ആദ്യത്തെ പടി. അതിന്ന് നമുക്ക് എല്ലാ മേഖലകളിലും കാണാം എന്നുള്ളതാണ് യാഥാർത്ഥ്യം. പണം, പ്രശസ്തി, അധികാരം, അറിവ് എന്നീ മേഖലകളിലും ആൾദൈവങ്ങളുടെ വിളയാട്ടമാണ്.

എല്ലാ മേഖലകളിലും സജീവമായി കാണുന്ന ഈ ആൾദൈവപ്രവണതയെ ഇല്ലായ്മ ചെയ്യാൻ എന്താണ് നാം ചെയ്യേണ്ടത്? എവിടെനിന്നാണ് ആ മാറ്റത്തിനായുള്ള പ്രവൃത്തി നാം തുടങ്ങേണ്ടത്? അത് ആദ്യം തുടങ്ങേണ്ടത് നമ്മിൽനിന്നു തന്നെയാണ് എന്നതാണ് യാഥാർത്ഥ്യം.

നാം എന്നു പറയുമ്പോൾ അത് വീട്ടിൽനിന്ന് തുടങ്ങണം. പ്രായം, ലിംഗം, അധികാരം, പണം, പ്രശസ്തി, അറിവ് എന്നീ ലോകങ്ങളിൽ നമ്മെക്കാൾ കുറഞ്ഞിരിക്കുന്നവരെന്ന് കരുതുന്നവരോട് തുല്യതയോടെ പെരുമാറിത്തുടങ്ങുന്നിടത്തുനിന്നാണ് ആ വഴി തുടങ്ങേണ്ടത്.

മനുഷ്യൻ ഒരു ശ്രേണീബദ്ധ ജീവിയായതിനാൽ തനിക്കു മുകളിലും തനിക്കു താഴെയും ആരെങ്കിലും ഉണ്ടെങ്കിലേ ജീവിക്കുന്നുവെന്ന് തോന്നുകയുള്ളൂ. ഒരാളെങ്കിലും നമുക്ക് വിധേയപ്പെടാൻ ഉണ്ടാകണം. ഒരാളെങ്കിലും നമുക്ക് വിധേയപ്പെട്ട് ഉണ്ടാകണം. അപ്പോഴാണ് ഒരു സുഖം. സമാധാനം. ആ ആശ്വാസത്തിനു പിന്നിലെ ഇരുട്ടിനെ മനസ്സിലാക്കി സ്വയം തിരുത്തിത്തുടങ്ങാൻ നമുക്കാവുമ്പോഴാണ് നാം വ്യക്തികളായി വളർന്നു തുടങ്ങുക.

അടിമയായിരിക്കാനും ഉടമയായിരിക്കാനുമുള്ള മനസ്സിന്റെ പ്രവണതയോട് നിരന്തരം സമരം ചെയ്യാനും ചിന്തകൊണ്ട് ആ ബലഹീനതയെ കുഞ്ഞുന്നാൾ മുതലേ ഇല്ലായ്മ ചെയ്യാനും സഹായിക്കുന്ന അന്തരീക്ഷം വൈകാരികമായും വൈചാരികമായും നമുക്ക് ലഭ്യമാകേണ്ടതുണ്ട്. അങ്ങനെയൊരു അന്തരീക്ഷം കുടുംബത്തിലും സമൂഹത്തിലും വിദ്യാലയത്തിലും ലഭ്യമായാൽ എല്ലാ മേഖലകളിലുമുള്ള ആൾദൈവങ്ങൾ തനിയെ കൊഴിഞ്ഞു വീഴുകതന്നെ ചെയ്യും.

ഓണത്തിനും വിഷുവിനും ക്രിസ്‌മസിനും നൃത്തം ചെയ്യുകയും പാട്ടു പാടുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന പെൺകുട്ടികളെ വിമർശിച്ചും പഴിച്ചും മതപുരോഹിതന്മാർ യൂട്യൂബിലൂടെ പ്രതികരിക്കുമ്പോൾ എന്തുതോന്നുന്നു? അമർഷം തോന്നാറുണ്ടോ എന്ന് മലപ്പുറത്തെ വിദ്യാസമ്പന്നരായ മുസ്ലീം പെൺകുട്ടികളോട് ചോദിച്ചപ്പോൾ അവർ ചിരിച്ചുകൊണ്ട് പറഞ്ഞത് അതൊക്കെ ആര് ശ്രദ്ധിക്കുന്നു എന്നാണ്.

ഓണത്തിനും വിഷുവിനും ക്രിസ്‌മസിനും നൃത്തം ചെയ്യുകയും പാട്ടു പാടുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന പെൺകുട്ടികളെ വിമർശിച്ചും പഴിച്ചും മതപുരോഹിതന്മാർ യൂട്യൂബിലൂടെ പ്രതികരിക്കുമ്പോൾ എന്തുതോന്നുന്നു? അമർഷം തോന്നാറുണ്ടോ എന്ന് മലപ്പുറത്തെ വിദ്യാസമ്പന്നരായ മുസ്ലീം പെൺകുട്ടികളോട് ചോദിച്ചപ്പോൾ അവർ ചിരിച്ചുകൊണ്ട് പറഞ്ഞത് അതൊക്കെ ആര് ശ്രദ്ധിക്കുന്നു എന്നാണ്.

അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞ് അവർ സന്തോഷങ്ങളിൽ പങ്കാളികളാകുന്നുവെന്നത് വ്യക്തിത്വത്തിലേക്ക് വികസിച്ച മനസ്സിന്റെ ലക്ഷണമാണ്. ആ ഒരു മനോഭാവത്തിന്റെ പ്രസരണം എല്ലാ മേഖലകളിലും സംഭവിക്കേണ്ടതുണ്ട്. അവിടെയാണ് എല്ലാ അന്ധവിശ്വാസങ്ങളുടെയും വേരറ്റുവീഴുക.

വ്യക്തിത്വത്തിന്റെ മഹനീയത സ്വയം ബോധ്യമാകുന്ന തരത്തിലുള്ള സാമൂഹികാന്തരീക്ഷം വികസിച്ചു വരുമ്പോൾ, വികാരത്തോടൊപ്പം വിചാരവും പുലരുന്ന ജീവിതദർശനം അകമേ വിരിഞ്ഞു വരുമ്പോൾ ആരെയും അടിമകളാക്കാനോ ആരുടെയും അടിമയാകാനോ നമുക്കാകുകയില്ല. അവിടെയേ എല്ലാ അസമത്വങ്ങളും അറ്റുവീണു തുടങ്ങുകയുള്ളൂ. ആ വെളിച്ചത്തിൽ ആൾദൈവങ്ങളുടെ ചൂഷണങ്ങളും ഒലിച്ചുപോകുകതന്നെ ചെയ്യും.

 

ദേശാഭിമാനി വാരികയിൽ നിന്ന്

  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top