22 December Sunday

തൊഴിലിടങ്ങളും സ്ത്രീസുരക്ഷയും

ആർ പാർവതി ദേവിUpdated: Wednesday Sep 25, 2024

ആർ പാർവതി ദേവി

ആർ പാർവതി ദേവി

സ്ത്രീകൾ എല്ലാ തൊഴിൽമേഖലകളിലേയ്ക്കും ഇതുവരെ ഇല്ലാത്ത വിധം കടന്നുകയറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വിസ്ഫോടനം സൃഷ്ടിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്. കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ ഒരു ഡോക്ടർ ഭീകരമായ ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവവും ഇക്കാലയളവിൽ ആണല്ലോ ഉണ്ടായത്. ഇപ്പോഴും കൊൽക്കത്തയിൽ പ്രതിഷേധം തുടരുകയാണ്.

തൊഴിലിടങ്ങൾ സ്ത്രീസൗഹാർദമാകുക എന്നത് ഒരു പ്രധാന മുദ്രാവാക്യമായി സ്ത്രീ സംഘടനകൾ ഉയർത്തുന്ന കാലമാണിത്. സ്ത്രീകൾ തൊഴിലിടങ്ങളിൽ സുരക്ഷിതരാകണമെന്ന ലക്ഷ്യത്തോടെയാണ് 2013ൽ നിയമനിർമാണവും ഉണ്ടായത്. ആയിരക്കണക്കിനു സ്ത്രീകൾ പണിയെടുക്കുന്ന സിനിമാ വ്യവസായം നിയമവ്യവസ്ഥയ്ക്കു പുറത്തെന്നപോലെ സ്ത്രീകളെ ക്രൂരമായ ചൂഷണത്തിന് വിധേയമാക്കുന്നു എന്നാണ് ഹേമ കമ്മിറ്റി കണ്ടെത്തിയത്.

റിപ്പോർട്ടിന്റെ പല ഭാഗങ്ങളും ഇനിയും പുറത്തുവരാൻ ഇരിക്കുന്നതേയുള്ളൂ. വന്നിടത്തോളം തന്നെ മലയാള സിനിമയ്ക്കു മാത്രമല്ല ഇന്ത്യൻ സിനിമയ്ക്കു പോലും ആത്മപരിശോധനയ്ക്കും തിരുത്തലിനും പ്രേരകമാകും വിധം ഗുരുതരമായ പ്രശ്നങ്ങളാണ് ലോകസമക്ഷം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ജസ്റ്റിസ് ഹേമയും കെ ബി വത്സലകുമാരി ഐഎഎസ്സും അഭിനേത്രിയായ ശാരദയും അംഗങ്ങളായ കമ്മിറ്റിയുടെ റിപ്പോർട്ടിന് മൂന്ന് ഭാഗങ്ങളാണുള്ളത്. അതായത് ഓരോ കമ്മിറ്റി അംഗത്തിന്റെയും റിപ്പോർട്ട്‌ വ്യത്യസ്തമാണ്. ഈ മൂന്ന് റിപ്പോർട്ടുകൾ ചേർത്തുവച്ചതാണ് ഹേമകമ്മിറ്റി റിപ്പോർട്ട്‌ എന്ന് പൊതുവിൽ പറയുന്നത്.

മൂന്ന് റിപ്പോർട്ടുകളിലെയും നിർദേശങ്ങളും നിരീക്ഷണങ്ങളും ചെറിയതോതിൽ വ്യത്യസ്‍തമായിരിക്കുമ്പോഴും അവർ യോജിക്കുന്നത് സിനിമ ഒരു തൊഴിൽമേഖല ആണെന്നതിലാണ്. ആരെയെങ്കിലും അവഹേളിക്കാനോ കുറ്റക്കാരെ വെളിപ്പെടുത്താനോ അല്ല കമ്മിറ്റി രൂപീകരിച്ചതെന്ന് ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുകയും പരിഹാരം നിർദേശിക്കുകയുമാണ് കമ്മിറ്റിയുടെ ഉദ്ദേശ്യം.

ഒരു നടി കൊച്ചിയിൽവച്ച് ലൈംഗികമായി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് രൂപീകരിച്ച വിമൻ ഇൻ സിനിമ കലക്ടീവ് എന്ന സംഘടന സർക്കാരിനു നൽകിയ നിവേദനമാണ് ഇത്തരമൊരു കമ്മിറ്റി ഉണ്ടാക്കാൻ ഇടയാക്കിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് അന്തിമമായി.

ഒരു തൊഴിൽമേഖലയിൽ നടക്കുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളാണ് ഈ റിപ്പോർട്ട് വെളിച്ചത്തു കൊണ്ടുവന്നത്. സംസ്ഥാന, ദേശീയ, അന്തർദേശീയ തൊഴിൽ അവകാശ മാനദണ്ഡങ്ങൾ പൂർണമായും സിനിമാമേഖലയിൽ അട്ടിമറിക്കപ്പെടുന്നു. ആധുനിക സമൂഹം അംഗീകരിക്കുന്ന തൊഴിൽവ്യവസ്ഥകളും അവകാശങ്ങളും സിനിമാവ്യവസായത്തിനു ബാധകമല്ല എന്നാണ് അവിടെയുള്ളവരുടെ ധാരണയെന്ന് റിപ്പോർട്ടു വായിക്കുന്ന ഏതൊരാൾക്കും തോന്നാം.

രേഖാമൂലമുള്ള തൊഴിൽ കരാറിന്റെ അഭാവം, ശുചിമുറി ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യമില്ലായ്മ, വേതനവ്യവസ്ഥയുടെ അപര്യാപ്തത, ദൈർഘ്യമേറിയ തൊഴിൽസമയം, ദൃഢമായ പുരുഷാധിപത്യം സൃഷ്ടിക്കുന്ന ചൂഷണവും വിവേചനവും അതിക്രമങ്ങളും, അധികാരശക്തികേന്ദ്രത്തിന്റെ ഭീഷണി, ചോദ്യംചെയ്യാൻ പാടില്ലാത്ത ജന്മിത്ത മനോഭാവം ഉള്ള മേലധികാരികൾ, നടീനടന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനകളുടെ ജനാധിപത്യ സ്ത്രീതൊഴിലാളിവിരുദ്ധ മനോഭാവം, പ്രശ്നങ്ങൾ അവതരിപ്പിക്കാനും പരാതി പരിഹരിക്കാനുമുള്ള സംവിധാനത്തിന്റെ അഭാവം തുടങ്ങി ഗുരുതരമായ പ്രശ്നങ്ങളാണ് സിനിമാവ്യവസായമേഖലയിൽ നിലനിൽക്കുന്നത്.

പ്രശ്നങ്ങളോട് പ്രതികരിക്കുന്നവരെ നിയമവിരുദ്ധമായി തൊഴിലിൽനിന്നു വിലക്കുന്നത് അംഗീകരിക്കപ്പെട്ട ഒരു രീതിയാണെന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് ജസ്റ്റിസ് ഹേമ അഭിപ്രായപ്പെടുന്നത്. ഹേമകമ്മിറ്റിയുടെ മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പോലും പലർക്കും വിലക്കുണ്ടായിരുന്നു.

ഹെയർ സ്റ്റൈലിസ്റ്റുകൾ എന്ന വിഭാഗം നേരിടുന്ന വിവേചനങ്ങൾ സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മേക്കപ് മെൻ മാത്രമേയുള്ളൂ. മേക്കപ് വിമെൻ ഇല്ല. സ്ത്രീ ആണെന്ന ഒറ്റക്കാരണത്താൽ യൂണിയനിൽ അവർക്ക് അംഗത്വം നിഷേധിക്കുന്നു. യൂണിയൻ അംഗത്വം ഉള്ളവർക്കു മാത്രമേ തൊഴിൽ കൊടുക്കൂ.

35 വയസ്സ് കഴിയുന്നവർ ഹെയർ സ്റ്റൈലിസ്റ്റ് യൂണിയനിൽ നിന്നു പുറത്തുപോകും. ചില ഹെയർ സ്റ്റൈലിസ്റ്റുമാർ തങ്ങളുടെ പ്രതിഷേധം ജില്ലാ ലേബർ ഓഫീസറെ അറിയിക്കുകയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്തു. യൂണിയൻ അംഗത്വ ഫീസിൽ പോലും കൃത്യത ഇല്ലാത്ത സ്ഥിതിയാണ്.

നടിമാരെപ്പോലെ തന്നെ ഹെയർ സ്റ്റൈലിസ്റ്റുമാരും ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാകുന്നു. ‘വഴങ്ങാത്തവർ’ ക്ക് തൊഴിൽ നിഷേധിക്കപ്പെടുന്നു  .
നടിമാരുടെ പ്രശ്നങ്ങൾ വളരെ കൂടുതൽ മാധ്യമങ്ങൾ ചർച്ച ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഒരു തൊഴിലിനു പോകുമ്പോൾ സുരക്ഷയ്ക്കായി അച്ഛനമ്മമാരെ കൂടെ കൊണ്ടുപോകേണ്ട ഗതികേട് സിനിമയിൽ പോലെ വേറൊരിടത്തും ഉണ്ടാവില്ല എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ഒരു തൊഴിൽ ലഭിക്കണമെങ്കിൽ കിടക്ക പങ്കിടേണ്ടിവരുന്നതും ഇവിടെ മാത്രമാണ്. അതുകൊണ്ട് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തൊഴിൽ ഉടമ്പടിയെ സംബന്ധിച്ച നിയമങ്ങൾ ഇവിടെ അപ്രസക്തമാകുന്നു. കാരണം ആ സ്ത്രീ തൊഴിലിൽ പ്രവേശിച്ചിട്ടില്ലല്ലോ.

ജൂനിയർ ആർട്ടിസ്റ്റുമാരെന്ന വിഭാഗമാണ് ഏറ്റവും ക്രൂരമായ ചൂഷണം നേരിടുന്നത്. ഇങ്ങനെ വരുന്ന പലരും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെട്ടവരാണ്. ഇവർക്ക് തൊഴിലാളിയെന്നോ കലാകാരിയെന്നോ ഉള്ള പരിഗണന കിട്ടാറില്ല.

സിനിമയിൽ ഇവർ അനിവാര്യമാണെങ്കിലും അംഗീകാരം ഇല്ല. മണിക്കൂറുകൾ വെയിലിലും മഴയിലും നിൽക്കേണ്ടി വരുമ്പോൾ ഒരു കുട പോലും ഇവർക്ക് ലഭിക്കുന്നില്ല. കുടിക്കാൻ വെള്ളമോ ഭക്ഷണമോ കിട്ടാത്ത സെറ്റുകൾ പോലും ഉണ്ട്.

അടിമകളേക്കാൾ ഗതികേടാണിവർക്ക് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇടനിലക്കാർ വേതനത്തിന്റെ നല്ല ശതമാനം തട്ടിയെടുക്കും. തൊഴിൽ കരാർ എന്നൊന്നില്ല. വാക്കാൽ പറയുന്ന കൂലി ഒരിക്കലും കിട്ടുന്നില്ല. മനുഷ്യത്വരഹിതമായ സമീപനമാണ് ജൂനിയർ ആർട്ടിസ്റ്റുകൾ അനുഭവിക്കുന്നത്.

ഇവർക്ക് താമസസൗകര്യമോ ഗതാഗത സൗകര്യമോ കിട്ടാറില്ല. രാത്രി വൈകിയാൽ പലരും റെയിൽവെ സ്റ്റേഷനിൽ കിടന്നാണുറങ്ങുന്നത്. ഷൂട്ടിങ്ങിനിടയിൽ അപകടം സംഭവിച്ചാൽ ചികിത്സാ ചെലവ് ലഭിക്കുന്നില്ല. ഇടനിലക്കാർ പലപ്പോഴും വ്യാജന്മാരാണ്.

വേതനത്തിന് ഒരു വ്യവസ്ഥയുമില്ല. സ്ത്രീകൾ എത്ര പ്രധാനപ്പെട്ടവരായാലും പുരുഷന്മാർക്കൊപ്പം വേതനം ലഭിക്കില്ല. ഹൗ ഓൾഡ് ആർ യൂ, ടേക് ഓഫ് തുടങ്ങി നായികാ പ്രധാനമായ സിനിമകളുടെ പോലും സ്ഥിതി ഇതാണെന്ന് കെ ബി വത്സലകുമാരി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ആർത്തവസമയത്തുപോലും ശുചിമുറി ലഭിക്കാതെ സ്ത്രീകൾ ദുരിതം അനുഭവിക്കുന്നു. സമയത്തു മൂത്രം ഒഴിക്കാതെ അണുബാധ മൂലം പലരും ആശുപത്രിയിലായ സംഭവങ്ങളുമുണ്ട്. പ്രസവകാല, ഗർഭകാല ആനുകൂല്യങ്ങൾ ഒന്നും സിനിമാമേഖലയിൽ ലഭ്യമല്ല.

പുരുഷാധിപത്യത്തിന്റെ ഇരകൾ ആയ സ്ത്രീകൾക്ക് നിലവിലുള്ള നിയമത്തിന്റെ പരിരക്ഷയും കിട്ടുന്നില്ല. നിരവധി നിർദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടു വെക്കുന്നുണ്ട്.

സമഗ്രമായ സിനിമാ നയം ഉണ്ടാകുക, കേരള സിനി എംപ്ലോയീസ് ആൻഡ് എംപ്ലോയേഴ്‌സ് റെഗുലേഷൻ ആക്ട് 2020 എന്ന പേരിൽ നിയമനിർമാണം നടത്തുക, ട്രിബ്യുണൽ രൂപീകരിക്കുക തുടങ്ങിയ പ്രധാന നിർദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടുവയ്‌ക്കുന്നു.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമത്തിനെതിരായ നിയമം അനുസരിച്ചുള്ള Internal committee  ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ അത് നിലവിലുണ്ടെങ്കിലും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്നതാണ് അനുഭവം.

ചലച്ചിത്ര പഠനത്തിൽ ജൻഡർ ഉൾപ്പെടുത്തുക, സിനിമയുടെ ഉള്ളടക്കം സ്ത്രീപക്ഷം ആകുന്നതിനു ശ്രമിക്കുക, സാങ്കേതികവിഭാഗത്തിൽ സ്ത്രീകൾക്ക് കൂടുതൽ പരിശീലനം നൽകി ഉൾപ്പെടുത്തുക, ഇ ടോയ്‌ലറ്റുകൾ ഷൂട്ടിങ് ലൊക്കേഷനുകളിൽ നിർബന്ധമാക്കുക തുടങ്ങി പല നിർദേശങ്ങളും പൊതുസമൂഹവും സിനിമാമേഖലയിലെ സംഘടനകളും ഏറ്റെടുക്കേണ്ടതാണ്.

ഇന്ത്യൻ ഭരണഘടന സ്ത്രീക്കു നൽകുന്ന ഉറപ്പുകൾ സിനിമാ വ്യവസായവും പാലിക്കണമെന്ന തിരിച്ചറിവുണ്ടാകണം. സിനിമ ഭരണഘടനക്കോ നിയമവ്യവസ്ഥയ്ക്കോ പുറത്തല്ല. ജനാധിപത്യപരമായ തൊഴിൽസംസ്കാരത്തിന് ഹേമ കമ്മിറ്റി റിപ്പോർട്ട് കാരണമാകേണ്ടിയിരിക്കുന്നു. തൊഴിലെടുക്കുന്ന സ്ത്രീയുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുമ്പോൾ അത് നിയമത്തിന്റെ മുന്നിൽ കുറ്റകരമാകുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും വേണം.

ധാരാളം സ്ത്രീകൾ അതിക്രമങ്ങൾക്കെതിരെ സധൈര്യം മുന്നോട്ടു വരുകയും കേസ് കൊടുക്കാൻ തയാറാകുകയും ചെയ്തത് നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ്. ആ വിശ്വാസം ശരിയാണെന്ന് ബോധ്യപ്പെടുത്താൻ സർക്കാരിനും നീതിനിർവഹണ സംവിധാനത്തിനും ബാധ്യതയുണ്ട്.

ഹേമ കമ്മിറ്റിയുടെ അലയൊലികൾ തമിഴ്, തെലുങ്ക് സിനിമ മേഖലകളിലും അനുരണനങ്ങൾ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്.

പൊതുജനം ഏറ്റവും അധികം ഇഷ്ടപ്പെടുന്ന കലയാണ് സിനിമ. ഇത്രയേറെ ജനപ്രിയമായ മറ്റൊരു കലാരൂപമില്ല. എന്നാൽ അങ്ങനെയുള്ള സിനിമ ഏറ്റവും പ്രതിലോമകരവും അനഭിലഷണീയവുമായ പ്രവണതകളുടെ കൂടാരമായിക്കൂടാ.

 

 ചിന്ത വാരികയിൽ നിന്ന്

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top