23 December Monday

ചരിത്രത്തിന്റെ വഴികൾ - ചരിത്രകാരൻ മനു വി ദേവദേവനുമായി ജിതീഷ് പി എം നടത്തുന്ന അഭിമുഖം

മനു വി ദേവദേവൻ/ ജിതീഷ് പി എംUpdated: Friday Oct 25, 2024

മനു വി ദേവദേവൻ - കടപ്പാട്‌: infosysprize.org

ഒരു ജനവിഭാഗത്തെ സൂചിപ്പിക്കാൻ ഹിന്ദു എന്ന വാക്ക് പതിനൊന്നാം നൂറ്റാണ്ട് മുതൽ തന്നെ ഉപയോഗിച്ച് പോരുന്നുണ്ട്. അൽ ബിരൂനി ഭാരതത്തെ പറ്റി എഴുതിയതിൽ അത് കാണാം. പക്ഷെ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ ഭാരതത്തിലെ മുസ്ലീങ്ങളല്ലാത്ത ജനങ്ങൾ എന്ന അർഥത്തിലാണ് ഈ വാക്ക് പ്രയോഗത്തിലുണ്ടായിരുന്നത്. ആരും തന്നെ സ്വയം വിശേഷിപ്പിക്കാൻ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല. ആ വാക്ക് ഉപയോഗിക്കുന്ന സന്ദർഭങ്ങളിലൊക്കെ അത് ഇസ്‌ലാമേതരം എന്ന അർഥവും സൂചിപ്പിച്ചിരുന്നു.

പൂർവാധുനിക ഇന്ത്യൻ ചരിത്ര രചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകികൊണ്ടിരിക്കുന്ന ചരിത്രകാരനാണ് മാണ്ഡി ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസറും മലയാളിയുമായ മനു വി ദേവദേവൻ. The Early medieval, Origins of India, A Prehistory of Hinduism എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പുസ്തകങ്ങളാണ്. പൂർവാധുനിക ദക്ഷിണേന്ത്യൻ ചരിത്ര പഠനങ്ങൾക്ക് നൽകിയ ശ്രദ്ധേയ സംഭാവനകളെ മുൻനിർത്തി 2019 ലെ ഇൻഫോസിസ് ഹ്യുമാനിറ്റീസ് പുരസ്‌കാരം മനു വി ദേവദേവന് ലഭിക്കുകയുണ്ടായി. കൂടിയാട്ടത്തെക്കുറിച്ചും പല്ലവ ഭരണത്തെക്കുറിച്ചും പുരിയിലെ ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ചുമെല്ലാം ഒരേ നിലവാരത്തിൽ എഴുതാൻ സാധിക്കുന്ന നിലയിലുള്ള പാണ്ഡിത്യമാണ് അദ്ദേഹത്തിന്റെ സംഭാവനകളെ സവിശേഷമാക്കുന്നത്.

മനു വി ദേവദേവൻ

മനു വി ദേവദേവൻ

കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, സംസ്‌കൃതം തുടങ്ങി വിവിധ ഭാഷകളിലുള്ള പ്രാവീണ്യവും ഈ ഭാഷകളിലെ വിവിധ ശാസനങ്ങളെ സംബന്ധിച്ച അറിവും പാൻ സൗത്ത് ഇന്ത്യൻ ക്യാൻവാസിൽ പഠനം നടത്താൻ മനു വി ദേവദേവനെ സഹായിക്കുന്നു. ചരിത്രകാരൻ എന്നതിനൊപ്പം ഒരു വിവർത്തകനും കന്നഡ കവിയുമാണ് മനു. കേരള ചരിത്രത്തിലെയും ഇന്ത്യൻ ചരിത്രത്തിലെയും (ചരിത്ര രചനാശാസ്ത്രത്തിലെയും) ചില പ്രധാന പ്രമേങ്ങളെയും സംവാദങ്ങളെയും മുൻനിർത്തി മനു വി ദേവദേവനുമായി ജിതീഷ് പി എം സംസാരിക്കുന്നു.

? ഒരു സമകാലിക ചർച്ചയിൽ നിന്ന് തുടങ്ങാം എന്ന് തോന്നുന്നു. ഇന്ത്യ എന്നതിന് പകരം ഭാരതമെന്ന് മാത്രമായി രാജ്യത്തിന്റെ പേര് മാറ്റാനുള്ള ചില ചർച്ചകളും ശ്രമങ്ങളും ഈയടുത്ത് നടക്കുകയുണ്ടായല്ലോ. ഒരു ചരിത്രകാരൻ എന്ന നിലയിൽ ഇത്തരം ശ്രമങ്ങളെ താങ്കൾ എങ്ങനെയാണ് കാണുന്നത്? ഭാരതം, ഭാരതവർഷം തുടങ്ങിയ പേരുകളുടെ ചരിത്രത്തെക്കുറിച്ച് പറയാമോ?

= നിയമവാഴ്‌ച എന്ന വ്യവസ്ഥയ്ക്കകത്താണ് ഒരു രാജ്യത്തിന് ഒരു പേര് മാത്രമേ ആകാവൂ എന്ന സങ്കൽപ്പമുള്ളത്. നമ്മുടെ രാജ്യം ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാൻ, അൽ ഹിന്ദ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. മറ്റു ദേശങ്ങൾ ഈ രാജ്യത്തെ തെൻജീകൂ, തിയാൻശൂ, ഇൻഡോയ്, ഹോദൂ, ഗ്യാഗർ, ഫാഗ്യുൽ എന്നൊക്കെ വ്യവഹരിച്ചിട്ടുണ്ട്.

നൂറ്റി നാൽപ്പത്‌ കോടി ജനങ്ങൾ വസിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. അവിടെ എല്ലാവർക്കും സ്വീകാര്യമായ ഒരൊറ്റ പേര് വേണം എന്ന് ശഠിക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം. ഇനി ഭാരതവർഷം എന്ന പേരിന്റെ കാര്യം പറയുകയാണെങ്കിൽ ആ പേരിന് രണ്ടായിരം വർഷത്തെ പഴക്കമുണ്ട്. ഭുവനേശ്വറിലുള്ള, ബി സി ഒന്നാം നൂറ്റാണ്ടിലെ, ഖാരവേലന്റെ ഹാഥീഗുംഫ ശിലാശാസനത്തിലാണ് ഈ പ്രയോഗം ആദ്യമായി കാണുന്നത്.

അവിടെ ഖാരവേലൻ ഭാരതവർഷത്തെ ആക്രമിച്ചു എന്ന് പറയുന്നുണ്ട്. അതിൽനിന്ന് ആ വാക്കിന് പിൽക്കാലത്ത് ഉണ്ടായ വ്യാപ്തി അന്ന് കൈവന്നിരുന്നില്ല എന്ന് വ്യക്തമാണ്. ഏറെ പഴക്കമുള്ള ഒരു പ്രയോഗമാണ് ഭാരതവർഷം എന്നതിൽ സംശയമില്ല. പക്ഷെ കാലപ്പഴക്കമുള്ളതുകൊണ്ടു മാത്രം ഒരു പേര് എല്ലാവർക്കും സ്വീകാര്യമാകണം എന്നില്ലല്ലോ.

?താങ്കളുടെ The Early Medieval Origins of India എന്ന പുസ്തകം പരിശോധിക്കുന്നത് ഇന്ത്യൻ എന്ന് വിളിക്കാവുന്ന ചില ആശയങ്ങളുടെ, സ്ഥാപനരൂപങ്ങളുടെ ഉദയം 600 മുതൽ 1200 വരെ കാലഘട്ടത്തിൽ എങ്ങനെ നടന്നു എന്നാണല്ലോ. ഈ ആശയങ്ങളും സമൂഹ രൂപങ്ങളും എന്തൊക്കെയാണ്? ഇവയ്ക്ക് രൂപംനൽകിയ ചരിത്ര സാഹചര്യം എന്താണ്?

= സ്ഥാപനങ്ങൾ, ആശയങ്ങൾ, സ്വത്വരൂപങ്ങൾ എന്നീ മൂന്ന്‌ തലങ്ങളിലാണ് ഈ പുസ്തകത്തിലെ വിശകലനങ്ങൾ നടക്കുന്നത്. ഇന്ത്യൻ എന്ന് വിളിക്കാവുന്നവയെയല്ല, അങ്ങനെ വിളിക്കാൻ നാം ശീലിച്ചുപോന്നിട്ടുള്ള കാര്യങ്ങളെയാണ് ഈ പുസ്തകത്തിൽ ചർച്ചയ്ക്ക് വിധേയമാക്കിയിട്ടുള്ളത്. ഇവ രണ്ടും തമ്മിൽ വ്യത്യാസമുണ്ടല്ലോ.

ഈ കൃതിയിൽ പരിശോധിക്കുന്നത് മണ്ഡലാകൃതിയിലുള്ള ഭരണകൂടങ്ങൾ, കാർഷിക ബന്ധങ്ങൾ, കാവ്യപാരമ്പര്യം, ക്ഷേത്രങ്ങൾ, മതവിഭാഗങ്ങൾ, പ്രദേശങ്ങൾ, പ്രാദേശിക ഭാഷകൾ, ജാതി, ലിംഗഭേദം, ശാസ്‌ത്രം, കലാരൂപങ്ങൾ, കാലബോധം എന്നിവയുടെ രൂപീകരണമാണ്.

കൂടിയാട്ടം

കൂടിയാട്ടം

ഭരണകൂടങ്ങൾ, ജാതി, ലിംഗഭേദം എന്നിവ സാർവത്രികമായ രീതിയിലാണ് ചർച്ച ചെയ്തിട്ടുള്ളത്. മറ്റു പല വിഷയങ്ങളും പ്രത്യേക ഉദാഹരണങ്ങളുടെ സഹായത്തോടെ കൈകാര്യം ചെയ്‌തിരിക്കുന്നു. ഉദാഹരണത്തിന്, കലകളുടെ ചർച്ച കൂടിയാട്ടവുമായി ബന്ധപ്പെട്ടാണ് ചെയ്‌തിട്ടുള്ളത്.

പ്രദേശങ്ങളെപ്പറ്റിയുള്ള ചർച്ച കലിംഗ ദേശത്തെ ഉദാഹരണമായി സ്വീകരിക്കുന്നു, കാവ്യചർച്ച ഭാരവിയുടെ കിരാതാർജുനീയത്തെ മുൻനിർത്തിക്കൊണ്ടാണ്, ക്ഷേത്രങ്ങളുടെ ചർച്ച പുരിയിലെ ജഗന്നാഥക്ഷേത്രത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ്, പ്രാദേശിക ഭാഷകളുടെ വികാസം കന്നഡ ഭാഷയുടെ വളർച്ചയെ ഉദാഹരിച്ചുകൊണ്ടും.

ഇവയൊക്കെ നമ്മുടെ രാജ്യത്തുണ്ടായിരുന്ന സാമ്പത്തികവും രാഷ്‌ട്രീയവും ഭൂമിശാസ്‌ത്രപരവുമായ ഭൗതിക സാഹചര്യങ്ങളിലൂടെയാണ് വളർന്നുവന്നത്. അല്ലാതെ ഭാരതം എന്ന സത്താപരമായ മനുഷ്യപ്രപഞ്ചത്തിൽനിന്നല്ല. 

ഇവയ്ക്ക് രൂപം നൽകിയ ചരിത്രസാഹചര്യം എന്താണ് എന്ന ചോദ്യത്തിന് ഏതാനും വരികളിൽ മറുപടി സാധ്യമല്ല. കൃഷിയുടെ വ്യാപനവുമായി ബന്ധപ്പെട്ട് ഭൂബന്ധങ്ങളും കാർഷികബന്ധങ്ങളും സങ്കീർണമായതോടെ ജനവിഭാഗങ്ങൾ തമ്മിലുള്ള വേർതിരിവുകൾ തീവ്രമായി മാറിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഇവയൊക്കെ രൂപം കൊണ്ടത്.

അത്തരം ഒരു കാലഘട്ടം പല തരത്തിലുള്ള സാഹചര്യങ്ങൾക്ക് സാക്ഷ്യം വഹിക്കും. കൂടിയാട്ടം രൂപം കൊണ്ട സാഹചര്യമല്ല രാഷ്‌ട്രകൂടന്മാരുടെ ഭരണം ഉരുത്തിരിഞ്ഞുവന്ന സാഹചര്യം.

പുരി ജഗന്നാഥ ക്ഷേത്രം

പുരി ജഗന്നാഥ ക്ഷേത്രം

പുരിയിലെ ക്ഷേത്രം ഉണ്ടായിവന്ന സാഹചര്യമല്ല വരാഹമിഹിരൻ ഗ്രന്ഥരചന നടത്തിയ സാഹചര്യം. ജാതിവ്യവസ്ഥ എങ്ങനെ ഉണ്ടായി എന്ന വിശദീകരണം കിരാതാർജുനീയത്തിന്റെ രൂപഘടനയുടെ ചർച്ചയ്ക്ക് ബാധകമാവില്ലല്ലോ. 

? അങ്ങനെയെങ്കിൽ ഈയൊരു കാലഘട്ടത്തിന് മുമ്പും ശേഷവും നടന്നിട്ടുള്ള  വിവിധ ആശയങ്ങളുടെയും സ്വത്വങ്ങളുടെയും രൂപീകരണമോ.

= നാം ഒരു വസ്തു വാങ്ങുന്നു. അടിത്തറ പാകുന്നു. വീട് വയ്‌ക്കുന്നു. താമസം തുടങ്ങുന്നു. കരം അടയ്ക്കുന്നു. കുറെ കാലത്തിനുശേഷം വീട് പുതുക്കിപ്പണിയുന്നു. ഒരു നിലകൂടി പണിയുകയോ, ഒരു മുറി ഇടിച്ചു പൊളിക്കുകയോ ചെയ്യുന്നു. വെള്ള പൂശിയിരുന്ന ഭിത്തിയുടെ നിറം മാറ്റി ഇളം മഞ്ഞയോ ഇളം നീലയോ ആക്കുന്നു. അങ്ങനെയൊരു വീടിന് അടിത്തറ പാകിയ കഥയാണ് ഈ പുസ്തകത്തിൽ.

അതുകൊണ്ട് അടിത്തറ പാകിയ മണ്ണ് നേരത്തെ ഉള്ളതല്ലേ, വസ്തു എത്രയോ കാലമായി അവിടെത്തന്നെ ഉണ്ടല്ലോ, അതിനൊന്നും പ്രസക്തിയില്ലേ എന്ന് ചോദിക്കേണ്ടതില്ല. അതുപോലെ തന്നെയാണ് ഒരുനിലക്കെട്ടിടം പിൽക്കാലത്ത് ഇരുനിലക്കെട്ടിടമായി മാറിയതിന് ഒരു പ്രാധാന്യവും ഇല്ലേ എന്ന ചോദ്യവും. ആ നിലകളൊന്നും അല്ല, അടിത്തറ മാത്രമാണ് ഈ പുസ്തകത്തിന്റെ വിഷയം.

?

താങ്കളുടെ ശ്രദ്ധേയമായ ഒരു ഉദ്യമമാണ്  A Prehistory of Hinduism എന്ന പുസ്തകം.  ഈ പുസ്തകത്തിൽ വിശദമായിത്തന്നെ ഹിന്ദുമതം ഉണ്ടായതിനെ സംബന്ധിച്ചുള്ള പണ്ഡിതരുടെ രണ്ട് പ്രധാന സമീപനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്: അനാദിയായ ഒരു അസ്തിത്വമെന്ന സമീപനവും ആധുനിക സൃഷ്ടിയെന്ന വേറൊരു സമീപനവും. താങ്കളുടെ അന്വേഷണത്തിൽ തെളിഞ്ഞുവന്നത് എന്താണ്? ഹിന്ദു എന്ന് ഏതെങ്കിലും വിഭാഗം സ്വയം വിളിച്ച് തുടങ്ങിയത്, അത്തരമൊരു അവബോധം രൂപം കൊള്ളുന്നത് എപ്പോഴാണ് ? നിലവിലെ തെളിവുകൾ എന്താണ് സൂചിപ്പിക്കുന്നത്?

= ഒരു ജനവിഭാഗത്തെ സൂചിപ്പിക്കാൻ ഹിന്ദു എന്ന വാക്ക് പതിനൊന്നാം നൂറ്റാണ്ട് മുതൽ തന്നെ ഉപയോഗിച്ച് പോരുന്നുണ്ട്. അൽ ബിരൂനി ഭാരതത്തെ പറ്റി എഴുതിയതിൽ അത് കാണാം. പക്ഷെ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ ഭാരതത്തിലെ മുസ്ലീങ്ങളല്ലാത്ത ജനങ്ങൾ എന്ന അർഥത്തിലാണ് ഈ വാക്ക് പ്രയോഗത്തിലുണ്ടായിരുന്നത്. ആരും തന്നെ സ്വയം വിശേഷിപ്പിക്കാൻ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല. ആ വാക്ക് ഉപയോഗിക്കുന്ന സന്ദർഭങ്ങളിലൊക്കെ അത് ഇസ്‌ലാമേതരം എന്ന അർഥവും സൂചിപ്പിച്ചിരുന്നു.

മിക്കപ്പോഴും മുസ്‌ലിം എന്ന വാക്കിന്റെ കൂടെയായിരുന്നു ഹിന്ദു പ്രയോഗിച്ചിരുന്നത്. കബീറിന്റെ കൃതികളും സിഖ് മതക്കാരുടെ ഗുരുഗ്രന്ഥ സാഹിബുമൊക്കെ വായിക്കുമ്പോൾ ഇത് വ്യക്തമാകും. വിജയനഗര രാജാക്കന്മാർ തങ്ങളെ സ്വയം വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രയോഗം 'ഹിന്ദൂരായ സുരത്രാണ/ ഹിന്ദൂരായ സുരതാളു’ എന്നാണ്. അതായത് ഹിന്ദു രാജാക്കന്മാരുടെ ഇടയിലെ സുൽത്താൻ.

എല്ലാ സ്വത്വബോധങ്ങളും ആത്യന്തികമായി സാപേക്ഷികമാണ്. പക്ഷെ മിക്ക സ്വത്വങ്ങളും ചരിത്രരേഖകളിൽ സാപേക്ഷികമല്ലാതെ സ്വതന്ത്രമായി പ്രയോഗിച്ചു കാണാം. എന്നാൽ ഹിന്ദു എന്ന സ്വത്വം സാപേക്ഷികമല്ലാതെ വ്യവഹരിച്ചുകാണുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണ്.

എല്ലാ സ്വത്വബോധങ്ങളും ആത്യന്തികമായി സാപേക്ഷികമാണ്. പക്ഷെ മിക്ക സ്വത്വങ്ങളും ചരിത്രരേഖകളിൽ സാപേക്ഷികമല്ലാതെ സ്വതന്ത്രമായി പ്രയോഗിച്ചു കാണാം. എന്നാൽ ഹിന്ദു എന്ന സ്വത്വം സാപേക്ഷികമല്ലാതെ വ്യവഹരിച്ചുകാണുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണ്.

പത്തൊമ്പതാം നൂറ്റാണ്ടിൽ അങ്ങനെയൊരു സ്വത്വബോധം രൂപം കൊള്ളാൻ എന്താണ് കാരണം എന്ന് വ്യക്തമല്ല. ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ചതാണെന്ന് ഒരു വാദമുണ്ട്.

രാജാറാം മോഹൻറോയിയെപ്പോലെയുള്ള പരിഷ്‌കർത്താക്കളുടെ നിർമിതിയാണ് ഹിന്ദുമതം എന്നത് മറ്റൊരു വാദം. ബ്രിട്ടീഷ് അധിനിവേശത്തെയും പരിഷ്‌കരണ പ്രസ്ഥാനങ്ങളെയും ഒരേപോലെ എതിർത്തിരുന്ന ഒരു വരേണ്യവർഗത്തിന്റെ നിർമിതിയാണ് ഹിന്ദുമതം എന്നും ചിലർ കരുതുന്നു. ഇത്ര നിസ്സാരമായ രീതികളിലാണ് ചരിത്രം മുന്നേറുന്നത് എന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.

ഇന്ത്യയിൽ ഹിന്ദു ക്ഷേത്രങ്ങൾ രൂപംകൊള്ളുന്നത് ഏത് കാലഘട്ടത്തിലാണ്? ക്ഷേത്രങ്ങൾ ഉയർന്നുവന്നതിന്റെ രാഷ്‌ട്രീയ‐സാമൂഹിക പശ്ചാത്തലം എന്താണ്?

= ഹിന്ദു ക്ഷേത്രങ്ങൾ രൂപംകൊള്ളുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. അതിന് മുമ്പ് ശൈവക്ഷേത്രങ്ങളും വൈഷ്ണവ ക്ഷേത്രങ്ങളും ശാക്തേയക്ഷേത്രങ്ങളും പലതരം മഠങ്ങളുമൊക്കെയാണ് ഉണ്ടായിരുന്നത്. ശൈവമെന്നും വൈഷ്ണവമെന്നും വ്യവഹരിക്കാതെ അതത് പേരുകളിൽ ബദരീനാഥ് എന്നും ഏക്ലിംഗ്‌ജി എന്നും കൂടൽമാണിക്യം എന്നും വൈദ്യനാഥ് എന്നുമൊക്കെ ക്ഷേത്രങ്ങളെ വിളിച്ചിരുന്ന ഉദാഹരണങ്ങളാണ് അധികവും.

അങ്ങനെയുള്ള നിരവധി ക്ഷേത്രങ്ങളെ പരിചയപ്പെടുത്തുന്ന സ്‌കന്ദപുരാണം, തീർഥപ്രബന്ധം തുടങ്ങിയ ഗ്രന്ഥങ്ങളിൽപോലും അവയെ ഹിന്ദു ക്ഷേത്രങ്ങൾ എന്നൊന്നും വിളിക്കുന്നില്ല.
ക്ഷേത്രാരാധന ആരംഭിക്കുന്നത് എഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലാണ്. അക്കാലത്ത് രാജാക്കന്മാർ നൽകിയ ദാനങ്ങൾ രേഖപ്പെടുത്തുന്ന ചെപ്പേടുകളിലും മറ്റും അവയുടെ പരാമർശം കാണാം.

പക്ഷെ അന്നത്തെ ക്ഷേത്രങ്ങൾ ഒന്നുംതന്നെ ഇപ്പോൾ അവശേഷിക്കുന്നില്ല. സാതവാഹനവംശം ഭരിച്ചിരുന്ന കാലത്ത്‌ ക്ഷേത്രനിർമാണം നടന്നിരുന്നു എന്നും ഉത്‌ഖനനങ്ങളിൽ കണ്ടെടുത്ത ചില കെട്ടിടങ്ങളുടെ അടിത്തറകൾ ക്ഷേത്രങ്ങളുടേതാണെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉജ്ജയിനിയിലെ മഹാകാല ക്ഷേത്രം

ഉജ്ജയിനിയിലെ മഹാകാല ക്ഷേത്രം

ഇവയ്‌ക്കൊന്നും സ്ഥിരീകരിക്കാൻ പര്യാപ്തമായ തെളിവുകൾ ഇല്ല എന്നതാണ് വസ്തുത. എ ഡി 400ന്‌ മുമ്പ് നിർമിക്കപ്പെട്ട ഉജ്ജയിനിയിലെ മഹാകാല ക്ഷേത്രമാണ് നിലവിലുള്ളവയിൽ വച്ച്‌ ഏറ്റവും പഴയ ക്ഷേത്രം. കാളിദാസന്റെ മേഘദൂതിൽ അത് പരാമർശിക്കപ്പെടുന്നുണ്ട്. ഈ ക്ഷേത്രത്തിന്റെ ആദ്യകാലരൂപം എങ്ങനെയായിരുന്നു എന്ന് പറയുക സാധ്യമല്ല. മഹാകാലക്ഷേത്രം പലപ്രാവശ്യം പുതുക്കി പണിതിട്ടുണ്ട്.

ഇന്ന് അവശേഷിക്കുന്നവയിൽ എഡി 600ന് മുമ്പ് നിർമിച്ച ക്ഷേത്രങ്ങളുടെ എണ്ണം ഇരുപതു പോലും ഇല്ല. ഇവയിൽ ഉത്തർപ്രദേശിലെ ദേവ്ഗഡിലുള്ള ദശാവതാര ക്ഷേത്രം, മധ്യപ്രദേശിലെ നച്‌നാ കുഠാരയിലെ പാർവതി ക്ഷേത്രം, ഒഡിഷയിലെ ഭുവനേശ്വറിലുള്ള ശത്രുഘ്‌നേശ്വര ക്ഷേത്രം എന്നിവ ഉൾപ്പെടുന്നു.

തുടർന്നുള്ള കാലഘട്ടത്തിൽ ക്ഷേത്രനിർമാണം നടത്തിയത് അതത് പ്രദേശത്തെ ഭൂവുടമകളും കാഞ്ചീപുരത്തെ പല്ലവരെയും ബാദാമിയിലെ ചാലൂക്യരെയും പോലെയുള്ള രാജവംശങ്ങളുമാണ്. ക്ഷേത്രനിർമാണത്തിന് ഭക്തി പോലെയുള്ള ആദർശങ്ങളുമായി ബന്ധമുണ്ട്. കാർഷിക ബന്ധങ്ങൾ, ഭൂ ഉടമസ്ഥത, വ്യാപാരം എന്നിവയുമായി ബന്ധമുണ്ട്, പുരാണങ്ങളുമായി ബന്ധമുണ്ട്, ജാതിവ്യവസ്ഥയുമായി ബന്ധമുണ്ട്, അധികാരവുമായി ബന്ധമുണ്ട്. ക്ഷേത്രങ്ങളുടെ ബഹുമുഖവും ബഹുസ്വരവുമായ സ്വഭാവത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് ക്ഷേത്രങ്ങളെ  ഈശ്വരാരാധന നടന്നിരുന്ന കേന്ദ്രങ്ങളായി മാത്രം ചിത്രീകരിക്കുന്നത് ശരിയല്ല.

അലക്‌സാണ്ടറുടെ കാലത്ത് ഗ്രീസുമായി സമ്പർക്കം സ്ഥാപിച്ചതിനു ശേഷമാണ് ഭാരതത്തിൽ അന്നുവരെ പരിമിതമായി മാത്രം നിലകൊണ്ടിരുന്ന വിഗ്രഹനിർമാണകല പ്രചാരം നേടുന്നത്.

അലക്‌സാണ്ടറുടെ കാലത്ത് ഗ്രീസുമായി സമ്പർക്കം സ്ഥാപിച്ചതിനു ശേഷമാണ് ഭാരതത്തിൽ അന്നുവരെ പരിമിതമായി മാത്രം നിലകൊണ്ടിരുന്ന വിഗ്രഹനിർമാണകല പ്രചാരം നേടുന്നത്. വിഗ്രഹാരാധനയിൽ അധിഷ്ഠിതമായ ക്ഷേത്രങ്ങൾക്ക് ആദ്യകാലത്ത് വലിയ സ്വീകാര്യതയൊന്നും ഉണ്ടായിരുന്നില്ല. ക്ഷേത്രാചാരങ്ങളെ മനുസ്മൃതി മോശമായിട്ടാണല്ലോ ചിത്രീകരിക്കുന്നത്.

'ചികിത്സകാൻ ദേവലകാൻ മാംസവിക്രയിണസ്തഥാ വിപണേന ച ജീവന്തോ വർജ്യാഃ സ്യുർഹവ്യകവ്യയോഃ’ എന്നാണ് മനുസ്മൃതി പറയുന്നത്. അതായത് ദേവന്മാർക്കും പിതൃക്കൾക്കുമുള്ള പുണ്യകർമങ്ങളിൽ പങ്കുചേരാൻ അർഹരല്ലാത്ത വൈദ്യൻമാരുടെയും മാംസം വിൽക്കുന്നവരുടെയും വ്യാപാരികളുടെയും കൂട്ടത്തിൽ ക്ഷേത്രങ്ങളിൽ പൂജിക്കുന്നവരും (ദേവലകർ) പെടും എന്നർഥം.

? ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി പല ബുദ്ധ‐ജൈന ആരാധനാ കേന്ദ്രങ്ങളും പിന്നീട് ഹിന്ദു ക്ഷേത്രങ്ങളായി മാറ്റപ്പെട്ടിട്ടുണ്ട് എന്നത് ഒരു ചരിത്ര വസ്തുതയാണ്. അതേസമയം ഹിന്ദു ക്ഷേത്രങ്ങൾ ശ്രമണ ആരാധനാ കേന്ദ്രങ്ങളെ മാതൃകയാക്കി ഉയർന്നുവന്നു എന്നൊരു വാദം ചിലരെങ്കിലും മുന്നോട്ടുവയ്ക്കുന്നുണ്ട്. ചരിത്രപരമായി നോക്കുമ്പോൾ എന്തെങ്കിലും സാധുതയുള്ള വാദമാണോ ഇത്.

= ഭാരതത്തിന്റെ ചരിത്രത്തെ ഗൗരവത്തോടു കൂടി പഠിക്കുന്നവർക്ക് അങ്ങനെ ഒരു നിലപാടിൽ എത്തിച്ചേരാൻ ആവില്ല. പല ബൗദ്ധകേന്ദ്രങ്ങളും ജൈന കേന്ദ്രങ്ങളും പിൽക്കാലത്ത് ശിവന്റെയും വിഷ്ണുവിന്റെയും ദേവിയുടെയുമൊക്കെ ക്ഷേത്രങ്ങളായി മാറിയതിന് ധാരാളം തെളിവുകളുണ്ട്. പക്ഷെ ബൗദ്ധ‐ജൈനാദി കേന്ദ്രങ്ങൾ മാതൃകയായിരുന്നു എന്നത് അസംബന്ധമാണ്.

തിരുമിറ്റക്കോട്‌ അഞ്ചുമൂർത്തി ക്ഷേത്രം

തിരുമിറ്റക്കോട്‌ അഞ്ചുമൂർത്തി ക്ഷേത്രം

എന്താണ് ഈ മാതൃക? ഭാരതപ്പുഴയുടെ തീരത്തുള്ള തിരുമിറ്റക്കോടും തിരുവില്വാമലയും തിരുന്നാവായയും മൂന്ന് വ്യത്യസ്ത മാതൃകകളാണ് കാഴ്ചവയ്ക്കുന്നത്. അലഹാബാദിലെ അലോപീ ബാഗ്, ജ്വാലാജിയിലെ ജ്വാലാമുഖി, കൊൽക്കത്തയിലെ കാളീഘാട്ട്, കാഞ്ചീപുരത്തെ കാമാക്ഷി, കാശിയിലെ വിശാലാക്ഷി‐ ഈ അഞ്ചും ശക്തിപീഠങ്ങളാണ്. എന്താണ് ഇവ തമ്മിലുള്ള ഘടനാപരമായ സാമ്യം? ഇത്രയേറെ വൈവിധ്യങ്ങളുള്ള ക്ഷേത്രങ്ങൾക്ക് മാതൃകയായത് ഏത് ശ്രമണകേന്ദ്രമാണ്? എന്താണ് അതിനുള്ള തെളിവുകൾ?

? തിണകളെ സംബന്ധിച്ച ഒരു  പുനർവായന താങ്കൾ നടത്തുന്നുണ്ട്. പലപ്പോഴും അഞ്ച് തിണകൾ എന്നാൽ തമ്മിൽ ഏറെ വ്യത്യസ്തമായ അഞ്ച് ഭൗമ സാമ്പത്തിക സ്ഥലികൾ എന്നാണ് ക്ലാസ് മുറികളിൽ പഠിപ്പിക്കാറുള്ളത്. പൊതുധാരണയും ഏറെക്കുറെ  അങ്ങനെയാണ്. വിവിധ പണ്ഡിതരുടെ വായനകളെ എങ്ങനെയാണ് വിലയിരുത്തുന്നത്. തിണകളെ സംബന്ധിച്ച എന്ത് പുനർ വിചിന്തനമാണ് സാധ്യമാകുന്നത്.

തിണകളെ പരസ്പരബന്ധമില്ലാത്ത ഭൂപ്രദേശങ്ങളായി ക്ലാസ് മുറികളിൽ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ അതത് ക്ലാസിലെ അധ്യാപകരാണ്, അല്ലാതെ തിണകളെ പഠനത്തിന് വിധേയമാക്കിയവരല്ല

= തിണകളെ പരസ്പരബന്ധമില്ലാത്ത ഭൂപ്രദേശങ്ങളായി ക്ലാസ് മുറികളിൽ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ അതത് ക്ലാസിലെ അധ്യാപകരാണ്, അല്ലാതെ തിണകളെ പഠനത്തിന് വിധേയമാക്കിയവരല്ല. കാമിൽ

കൊൽക്കത്തയിലെ കാളീഘാട്ട്‌ ക്ഷേത്രം

കൊൽക്കത്തയിലെ കാളീഘാട്ട്‌ ക്ഷേത്രം

സ്വെലേബിലും രാമചന്ദ്ര ദീക്ഷിതരുമൊക്കെ തിണകളെ വികാസ പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായിട്ടാണ് കണ്ടത്.

അഞ്ചു തിണകൾ ഒരേകാലത്ത് കാണപ്പെട്ടിരുന്നുവെന്ന് തന്റെ ലേഖനത്തിൽ കാർത്തികേശു ശിവതമ്പി വാദിക്കുന്നു. ശിവതമ്പി പരിണാമവാദത്തെ മുഴുവനായും തള്ളിപ്പറയുന്നുമില്ല. അദ്ദേഹം നൽകുന്ന ചിത്രത്തെ കൂടുതൽ സങ്കീർണമാക്കുകയാണ് ആർ ചമ്പകലക്ഷ്മിയും രാജൻ ഗുരുക്കളും വിജയ രാമസ്വാമിയും കേശവൻ വെളുത്താട്ടുമൊക്കെ ചെയ്യുന്നത്.

ആരുംതന്നെ തിണകൾ പരസ്പരബന്ധമില്ലാത്ത പ്രദേശങ്ങളായിരുന്നു എന്ന് വാദിക്കുന്നില്ല. ഓരോ തിണയ്ക്കും അതതിന്റെ തനിമ ഉണ്ടായിരുന്നു എന്നേ അവകാശപ്പെടുന്നുള്ളൂ.

മുല്ലൈ (പുൽമേടുകൾ), മരുതം (നീർനിലങ്ങൾ), കുറിഞ്ചി (മലമ്പ്രദേശങ്ങൾ), നെയ്തൽ (കടലോരം), പാലൈ (പാഴ്‌നിലങ്ങൾ)  എന്നീ  അഞ്ചു തിണകൾ ഉണ്ടായിരുന്നു എന്നും ഇവ അഞ്ച്‌ വ്യത്യസ്ത ഭൂപ്രകൃതിയേയും  ആവാസ വ്യവസ്ഥിതിയേയും  പ്രതിനിധീകരിച്ചിരുന്നു എന്നുമാണ് പൊതുവിലുള്ള ധാരണ. സംഘം കൃതികളിലെ തെളിവുകൾ ഉപയോഗിച്ചുകൊണ്ടുതന്നെ ഈ നിലപാട് വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുകയാണ് എന്റെ ലേഖനത്തിൽ ചെയ്തിട്ടുള്ളത്.

തിണകളുടെ എണ്ണം അഞ്ചല്ല, പത്തൊമ്പതാണ്. ഇവയിൽ ഏഴ് അകത്തിണകളെയും ഏഴ്‌ പുറത്തിണകളെയും തൊൽകാപ്പിയം തന്നെ അവതരിപ്പിക്കുന്നുണ്ട്. പുറനാനൂറ് പോലെയുള്ള ശേഖരത്തിൽ മറ്റു മൂന്ന് പുറത്തിണകളും രണ്ട് അകത്തിണകളും കാണാം. തിണകൾക്ക് ഉണ്ടായിരുന്നത് സൗന്ദര്യപരമായ പ്രാധാന്യമാണെന്നും അവ അന്നത്തെ കാലബോധത്തെയും സ്ഥലബോധത്തെയും സൂചിപ്പിക്കുന്നു എന്നുമാണ് ഞാൻ വാദിച്ചിട്ടുള്ളത്.

തിണകളുടെ വ്യാഖ്യാനം (ഞാൻ വ്യാഖ്യാനത്തെ വായന എന്നല്ല, വ്യാഖ്യാനം എന്നുതന്നെ വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്) പല രീതികളിൽ സാധ്യമാണ്. തിണകളെ ചരിത്രപരമായി സമീപിക്കാം. അതാണ് എനിക്ക്  താൽപര്യമുള്ള രീതി. സൗന്ദര്യശാസ്ത്രം, കാവ്യം, പ്രകൃതിബോധം, ചിഹ്നശാസ്ത്രം, ഭാഷാശാസ്ത്രം എന്നിങ്ങനെയുള്ള മറ്റനേകം രീതികളിലും  അവയെ വിശകലനം ചെയ്യാനാകും.

? ആധുനികപൂർവ കാലത്തെ രാഷ്‌ട്രീയ സമ്പദ്‌വ്യവസ്ഥയാണല്ലോ താങ്കൾക്ക് ഏറെ താൽപ്പര്യമുള്ള ഗവേഷണമേഖല. കേരളചരിത്രത്തെക്കുറിച്ച്‌ ഈ നിലയിൽ നടന്നിട്ടുള്ള,  ഇതുവരെയുള്ള അന്വേഷണങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്. ചരിത്രകാരന്മാർ എത്രത്തോളം മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്.  ഒപ്പം, ഇനിയും ഗവേഷണപരമായി മുന്നോട്ടുപോകേണ്ട, പരിശോധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് താങ്കൾ കരുതുന്നത്.

= കേരള സംസ്ഥാനം രൂപീകരിച്ച കാലത്തെ ചരിത്രപഠനങ്ങളെ അപേക്ഷിച്ച്‌ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിൽ ചരിത്ര വിദഗ്ധർ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചരിത്രം എന്നാൽ സംഭവപരമ്പരയുടെ ആഖ്യാനം എന്നതിൽനിന്ന് മാറി മനുഷ്യജീവിതത്തെ ചരിത്ര സാഹചര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ട്‌ മനസ്സിലാക്കുക എന്ന അവസ്ഥയിലേയ്ക്ക് എത്തിയത് സുപ്രധാന നേട്ടം തന്നെയാണ്.

കേശവൻ വെളുത്താട്ടും മനു വി ദേവദേവനും

കേശവൻ വെളുത്താട്ടും മനു വി ദേവദേവനും

അതുകൊണ്ട് ഇന്ന് നമുക്ക് ഭരണകൂടം, തൊഴിൽ കൂട്ടായ്മകൾ, കാർഷിക ബന്ധങ്ങൾ, നാടുകൾ, നാട്ടറിവുകൾ, ഭൂപ്രകൃതി, മതങ്ങൾ, ജാതിവ്യവസ്ഥ, ലിംഗഭേദം, ലൈംഗികത, ചൂഷണം, അടിമത്തം, ക്ഷേത്ര പാരമ്പര്യം, കാവ്യ പാരമ്പര്യം, വ്യാപാരം, അധിനിവേശം എന്നിങ്ങനെയുള്ള വിഷയങ്ങൾ ചരിത്രബോധത്തോടുകൂടി ചർച്ചചെയ്യാൻ കഴിയുന്നുണ്ട്, അങ്ങനെയൊരു ബോധത്തോടുകൂടിയല്ല മിക്കപ്പോഴും ചർച്ചകൾ നടക്കുന്നതെങ്കിലും.  

എന്നിരിക്കിലും നിലവിലുള്ള പഠനങ്ങൾ ആവശ്യത്തിലധികം ഗവേഷണത്തിന്റെ പൂർവമാതൃകകളെ ആശ്രയിക്കുന്നു എന്നതാണ് വസ്തുത. യൂറോപ്പിലെയും അമേരിക്കയിലെയും സർവകലാശാലകളിൽ പയറ്റിത്തെളിഞ്ഞ ആശയങ്ങൾ മാത്രമേ ഇവിടെ സ്വീകാര്യമാവുന്നുള്ളൂ, പലതരം തനതുവാദങ്ങൾക്ക് അടക്കം.

ഭാരതത്തിൽ ബ്രിട്ടീഷ് ഭരണം ആരംഭിച്ചു, അതിന്റെ ഭാഗമായി പുതിയ വിദ്യാഭ്യാസമാതൃക നിലവിൽ വന്നു, കലാലയങ്ങളും സർവകലാശാലകളും സ്ഥാപിക്കപ്പെട്ടു, അങ്ങനെ അറിവിന്റെ മേഖല ആകമാനം മാറി. ഇത് നമ്മുടെ ചരിത്രവിദഗ്ധർക്ക് അറിയാമായിരുന്നു, അവർ അതേപ്പറ്റി എഴുതിയിട്ടുമുണ്ട്.

പക്ഷെ ഈ അറിവിലൂടെ അധിനിവേശശക്തികൾ അധികാരം സ്ഥാപിക്കുന്നത് അറിവിനെ കുത്തകയാക്കിക്കൊണ്ടുകൂടിയാണ് എന്ന ഒരു നിലപാട് സ്വീകരിക്കാൻ അവർക്ക് സാധിക്കാതെ പോയത് എന്തുകൊണ്ടാണ്? എഡ്വേഡ് സെയ്‌ദ് കൊളംബിയ സർവകലാശാലയിൽ ഇരുന്നുകൊണ്ട് ഇക്കാര്യം പറഞ്ഞപ്പോൾ മാത്രമല്ലേ  ഇവിടെയുള്ളവർക്ക് ഈ വെളിപാട് ഉണ്ടായുള്ളൂ? ഇത് ഒരു ഉദാഹരണം മാത്രം.

ഇനി ഗവേഷണം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചാൽ എല്ലാം തന്നെ, അതായത് ഇതുവരെ പഠനങ്ങൾക്ക് വിധേയമായിട്ടുള്ളവയും ഇല്ലാത്തവയും അന്വേഷിക്കേണ്ട വിഷയങ്ങൾ തന്നെയാണ് എന്നേ ഞാൻ പറയൂ. എന്തുകൊണ്ടെന്നാൽ ചരിത്രപഠനങ്ങളിൽ ആത്യന്തികമായ നിർണയങ്ങൾക്കല്ല, അന്വേഷണസാധ്യതകൾക്കും ചർച്ചകൾക്കുമാണ് പ്രാധാന്യം. അവ തുടരേണ്ടതുണ്ട്.

? രാഷ്‌ട്രീയഭരണ ചരിത്രത്തിൽനിന്നു മാറി കേരള ചരിത്രത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക വശങ്ങളെ പഠനവിധേയമാക്കുന്നതിൽ ഏറെ സംഭാവനകൾ നൽകിയ മൂന്ന് ചരിത്രകാരന്മാരുടെ (കേശവൻ വെളുത്താട്ട്, രാജൻ ഗുരുക്കൾ, കെ എൻ ഗണേശ്) സമീപനങ്ങളിൽയഥാക്രമം രാഷ്‌ട്രീയ നിർണയവാദം, സാമ്പത്തിക നിർണയവാദം, സാമൂഹിക നിർണയവാദം കാണാമെന്ന് താങ്കൾ എഴുതിയിട്ടുണ്ട്. കൂടുതൽ വിശദീകരിക്കാമോ.

രാജൻ  ഗുരുക്കൾ

രാജൻ ഗുരുക്കൾ

കേശവൻ  വെളുത്താട്ട്‌

കേശവൻ വെളുത്താട്ട്‌

കെ എൻ ഗണേശ്‌

കെ എൻ ഗണേശ്‌

= മനുഷ്യർ ഉൽപ്പാദിപ്പിക്കുന്ന അറിവിന് പരിമിതികളുണ്ട്. അത് നിർണയവാദങ്ങൾക്കും ബാധകമാണ്. ഭൗതികശാസ്ത്രം പ്രപഞ്ചത്തെ അപഗ്രഥിക്കുന്നതിൽ പോലും ഉണ്ടല്ലോ പരിമിതികൾ. ഉദാഹരണത്തിന്, ഇന്ന് ശാസ്‌ത്രജ്ഞർ വിശ്വസിക്കുന്നത് സ്ഥലരാശി പല മാനങ്ങളുള്ളതാണെന്നും മടക്കുകയും നിവർത്തുകയും വളയ്ക്കുകയുമൊക്കെ ചെയ്യാവുന്നതാണ് അതിന്റെ ആകൃതി എന്നുമാണ്. ചുരുട്ടിക്കൂട്ടിയ ഒരു പുതപ്പ് പോലെ.

അങ്ങനെയുള്ള സ്ഥലരാശി കോടാനുകോടി വർഷങ്ങൾക്കു ശേഷം വളഞ്ഞും തിരിഞ്ഞും ഈ ഭൂമിയെ പൊതിഞ്ഞു എന്ന് കരുതുക. അതോടെ ബഹിരാകാശത്തുനിന്നുള്ള ജ്യോതിസ്സുകളുടെ വെളിച്ചം ഭൂമിയിൽ എത്താതെയാകും. ഈ വെളിച്ചത്തിൽ അടങ്ങിയിരിക്കുന്ന വിവരമാണല്ലോ ഇന്ന് പ്രപഞ്ചത്തെപ്പറ്റി നമുക്കുള്ള പല അറിവുകൾക്കും ആധാരം.

ഈ ആധാരം ലഭ്യമല്ലാത്ത ഒരു അവസ്ഥ ഉണ്ടായാൽ ഇപ്പോഴുള്ള അറിവിന് പിന്നെന്തു പ്രസക്തിയായിരിക്കും ഉണ്ടാവുക? സ്ഥിരീകരിക്കാൻ സാധിക്കാത്ത ഒരു അറിവായിരിക്കില്ലേ അത്? നമ്മുടെ സ്ഥിരീകരണരീതികൾക്ക് അതീതമായ എന്തെല്ലാം ഭൗതിക പശ്ചാത്തലങ്ങൾ കടന്നാണ് ഇപ്പോഴുള്ള അറിവ് നമ്മളിലേക്ക് എത്തുന്നത് എന്ന് നമുക്കറിയാമോ?

പ്രവചിക്കാൻ സാധ്യമായ ഭൗതികശാസ്‌ത്രത്തിന്റെ കാര്യംപോലും ഇങ്ങനെയാണെങ്കിൽ പ്രവചിക്കാനാകാത്ത ബോധം എന്ന സവിശേഷതയുടെ ഉടമകളായ മനുഷ്യരുടെ ചരിത്രം പഠിക്കുമ്പോൾ പരിമിതികൾ കാണാതിരിക്കില്ലല്ലോ.

? ഇന്ത്യൻ ഭാഷകളുടെ രൂപീകരണത്തെയും പരിണാമങ്ങളെയും സംബന്ധിച്ച് ഈയടുത്തകാലത്ത് പുറത്തിറങ്ങിയ ശ്രദ്ധേയമായ പുസ്‌തകമാണല്ലോ പെഗ്ഗി മോഹന്റെ Wanderers, Kings, Merchants: The Story of India Through Its Languages. ഈ കൃതിയിൽ അവർ മലയാള ഭാഷയിലെ സംസ്‌കൃത സ്വാധീനത്തെക്കുറിച്ച് ഒരു അധ്യായം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. മണിപ്രവാള സാഹിത്യത്തെ ഉദ്ധരിച്ചുകൊണ്ടും മറ്റും അവർ പറയുന്നത് സാഹിത്യത്തിലൂടെയാണ് സംസ്‌കൃതം മലയാളത്തിൽ എത്തിയതെന്നും ഇത് അപൂർവമാണെന്നുമാണ്. ഒപ്പം മലയാളത്തിൽ ആകെ സംസ്‌കൃത സ്വാധീനമാണെന്ന് ആളുകൾ പറയുന്നത് ശരിയല്ലെന്നും ഏറെക്കുറെ ആദിമ മലയാളം നിലനിൽക്കുന്നു എന്നുമാണ് (പല ഭാഷകളും വാമൊഴി വഴിയുള്ള സംസ്‌കൃത സ്വാധീനത്താൽ ആകെ മാറിപ്പോയ കാര്യവും അവർ സൂചിപ്പിക്കുന്നു). കന്നഡ ഉൾപ്പെടെ ബഹുഭാഷകൾ അറിയാവുന്ന ഒരു ചരിത്രകാരൻ എന്നനിലയിൽ ഈ വാദത്തെ എങ്ങനെ കാണുന്നു.

= പെഗ്ഗി മോഹന്റെ ഒറ്റ കൃതിയേ ഞാൻ വായിച്ചിട്ടുള്ളൂ. അത് ജഹാജിൻ എന്ന നോവലാണ്. മലയാളത്തെപ്പറ്റി അവർ എന്ത് പറയുന്നു എന്ന് അറിഞ്ഞുകൂടാ.
സംസ്‌കൃതം അടക്കമുള്ള ഭാരതത്തിലെ എല്ലാ ഭാഷകളിലും അന്യഭാഷകളുടെ സ്വാധീനം കാണാം.

മലയാളത്തിൽ തമിഴ്, കന്നഡ, സംസ്‌കൃതം, പ്രാകൃതം, ഹിന്ദി, ഫ്രഞ്ച്, അറബി, പേർഷ്യൻ, പോർച്ചുഗീസ്, ഹീബ്രൂ, ഡച്ച്, ഇംഗ്ലീഷ് എന്നിങ്ങനെ എത്രയോ ഭാഷകളിലെ വാക്കുകൾ ഉണ്ട്. മലയാളത്തിൽ ആകെ സംസ്‌കൃത സ്വാധീനം എന്ന് പറയുമ്പോൾ ഏത് മലയാളം എന്നൊരു ചോദ്യം ഉന്നയിക്കേണ്ടിവരും.

കൊയിലാണ്ടിക്കാരുടെ മലയാളമല്ലല്ലോ പത്തനംതിട്ടക്കാരുടേത്. തിരുവനന്തപുരത്തെ കടപ്പുറത്തുള്ള മലയാളവും വയനാട്ടിലെ വനങ്ങളിലെ മലയാളവും വെവ്വേറെയല്ലേ? ഈ എല്ലാ മലയാളങ്ങളെയും സംസ്‌കൃതം വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. അതേസമയം വിസ്മരിക്കരുതാത്ത മറ്റൊരു വസ്തുത കൂടിയുണ്ട്.

വായിക്കുമ്പോൾ കൃത്രിമമെന്ന് തോന്നാത്ത രീതിയിൽ ഇന്ന് ദ്രാവിഡ പദങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു നോവൽ എഴുതാൻ ഒരുപക്ഷെ തമിഴിലും മലയാളത്തിലും മാത്രമേ പറ്റൂ.  മനോജ് കുറൂരിന്റെ നിലം പൂത്തു മലർന്ന നാൾ അത്തരത്തിൽ ഒരു ശ്രമമാണല്ലോ.

മനോജ്‌ കുറൂർ

മനോജ്‌ കുറൂർ

വായിക്കുമ്പോൾ കൃത്രിമമെന്ന് തോന്നാത്ത രീതിയിൽ ഇന്ന് ദ്രാവിഡ പദങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു നോവൽ എഴുതാൻ ഒരുപക്ഷെ തമിഴിലും മലയാളത്തിലും മാത്രമേ പറ്റൂ.  മനോജ് കുറൂരിന്റെ നിലം പൂത്തു മലർന്ന നാൾ അത്തരത്തിൽ ഒരു ശ്രമമാണല്ലോ. കന്നടയിലും തെലുങ്കിലും ഇങ്ങനെ നോവൽ എഴുതാം, പക്ഷെ അവ അത്യന്തം കൃത്രിമമായിരിക്കും. കേൾക്കുന്നത് മാത്രമല്ല ഭാഷ, ഭാഷയ്ക്ക്  കേൾക്കാപ്പുറങ്ങളും ഉണ്ട് എന്നാണ് പറഞ്ഞുവരുന്നത്.

? കേരളത്തിലെ ജാതിവ്യവസ്ഥ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ കർക്കശമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.  ജാതി മര്യാദകൾ അതിക്രൂരമായ രൂപത്തിൽ തിരുവിതാംകൂറിൽ നിലനിന്നിരുന്നല്ലോ. ജാതി മര്യാദകൾ ഇവിടെ ഇത്രയും കർക്കശമായതിന്റെ സാഹചര്യമെന്താണ്. കെ എൻ ഗണേശിനെ പോലുള്ള ചരിത്രകാരന്മാർ പറയുന്നത് ഭൂമിശാസ്‌ത്രപരമായ സാഹചര്യങ്ങൾകൊണ്ട് മറ്റ് പ്രദേശങ്ങളിൽ ഉണ്ടായിരുന്നതുപോലുള്ള ജാതി ഗ്രാമങ്ങൾ മലയാള നാട്ടിൽ വളർന്നുവന്നില്ലെന്നും അതിനാൽ ആളുകൾ തമ്മിൽ കൂടുതൽ ഇടപഴകേണ്ട സാഹചര്യം വന്നുചേരുന്നതിനാൽ ജാതി മര്യാദകൾ കർക്കശമാക്കിക്കൊണ്ട് ജാതിവ്യവസ്ഥയെ, അശുദ്ധിയെ നിലനിർത്തി എന്നുമാണ്. താങ്കളുടെ അഭിപ്രായം എന്താണ്.

= ഭാരതത്തിലെ മറ്റു പ്രദേശങ്ങളെക്കാൾ കർക്കശമായിരുന്നു കേരളത്തിൽ ജാതിവ്യവസ്ഥ എന്നൊന്നും ഞാൻ കരുതുന്നില്ല. അത് പരക്കെയുള്ള ഒരു വിശ്വാസമാണ് എന്നത് ശരിതന്നെ. എന്നാൽ അതല്ല വസ്‌തുത. മറ്റു സംസ്ഥാനങ്ങളിൽ എത്രയോ ജാതികളിൽപ്പെട്ടവരെ തൊടരുത്, കാണരുത്, അവരുടെ ശബ്ദം പോലും കേൾക്കരുത് എന്നായിരുന്നു ഒരുകാലത്തെ വ്യവസ്ഥ.

ബിഹാറിലെ ഭംഗികളും തമിഴ്‌നാട്ടിലെ പുരത വണ്ണാരുമൊക്കെ ഇക്കൂട്ടത്തിൽ പെടും. പല ജാതിക്കാർക്കും രാത്രികാലങ്ങളിൽ മറ്റെല്ലാവരും ഉറങ്ങിക്കഴിഞ്ഞതിനു ശേഷം മാത്രമേ പുറത്തിറങ്ങി നടക്കാൻ അവകാശമുണ്ടായിരുന്നുള്ളൂ. അതും മേൽജാതിക്കാർ നടക്കുന്ന വഴികളിലൂടെയല്ല. ഇവർ അനുഭവിച്ചിട്ടില്ലാത്ത എന്ത് ക്രൂരതയാണ് കേരളത്തിൽ മാത്രമായി അരങ്ങേറിയിരുന്നത്?

കേരളത്തിൽ എന്നപോലെ ഈ സമുദായങ്ങളിലും ഒരു അയ്യൻകാളി പിറന്നിരുന്നുവെങ്കിൽ അവർ അനുഭവിച്ച ക്രൂരതകൾ വെളിച്ചത്തിൽ വരികയും ചർച്ചയ്ക്ക് വിധേയമാവുകയും ചെയ്തേനേ.  

? ഇന്ത്യൻ ഫ്യൂഡലിസത്തെ സംബന്ധിച്ച്‌ ആർ എസ് ശർമ്മയും മറ്റും രൂപപ്പെടുത്തിയെടുത്ത മാതൃകയെ പിൻപറ്റി കേരളത്തിൽ അതെങ്ങനെ പ്രാവർത്തികമായി എന്നുള്ള അന്വേഷണമാണല്ലോ ഭൂദാനത്തിലൂടെ  ക്ഷേത്രങ്ങൾക്ക് ഭൂമി ലഭിച്ചതിനെക്കുറിച്ചും ബ്രാഹ്മണർ ഭൂവുടമകൾ ആയതിനെക്കുറിച്ചും ജന്മി സമ്പ്രദായം രൂപപ്പെട്ടതിനെക്കുറിച്ചുമുള്ള നിഗമനങ്ങളിലേക്ക് എത്തിച്ചേരാൻ കാരണമായത്.

ഈ സമീപനം നീർനില കൃഷിയെ മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ എന്നും ഉൽപ്പാദനവ്യവസ്ഥയിൽ വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള പങ്കിന് പഠനങ്ങളിൽ ഇടം കിട്ടിയില്ല എന്നും പല എഴുത്തുകാരും വിമർശനം  ഉന്നയിച്ചിട്ടുണ്ട്. താങ്കളുടെ വിലയിരുത്തൽ എന്താണ്.

= ശർമ്മയുടെ ഇന്ത്യൻ ഫ്യൂഡലിസം മാതൃകയ്ക്ക് ഇന്ന് വിദഗ്‌ധർക്കിടയിൽ വലിയ സ്വീകാര്യതയൊന്നും ഇല്ല. ആ മാതൃക കേരളത്തിന് അനുയോജ്യവുമല്ല. കേരളത്തിൽ ബ്രാഹ്മണർ ഭൂദാനത്തിലൂടെയല്ല ജന്മിമാരായത്. ക്ഷേത്രങ്ങൾക്ക് ദാനം കിട്ടിയിരുന്നു എന്നതിന് തെളിവുണ്ട്. പിൽക്കാലത്ത് പല ബ്രാഹ്മണ കുടുംബങ്ങൾക്കും തദ്ദേശീയരായ ഭരണാധികാരികൾ ഭൂദാനം നൽകിയിട്ടുണ്ട്.

പക്ഷെ അതിനുമുമ്പേ ഇവിടെ ബ്രാഹ്മണ ജന്മിത്തം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിരുന്നു. നീർനിലങ്ങളിൽ നിന്നുള്ള മിച്ചത്തിന് അതിന്റേതായ പ്രാധാന്യമുണ്ട് എന്നത് നേരാണ്.

പക്ഷെ കേരളത്തിലെ നീർനിലങ്ങൾക്ക് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ഒഡിഷയിലെയുമൊക്കെ നീർനിലങ്ങളെ അപേക്ഷിച്ച് ഏറെ പരിമിതികളുണ്ട്. നീർനിലങ്ങളിൽ നിന്ന് കൈവരുന്ന മിച്ചം കൊണ്ട് തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലുള്ളത്ര സ്വർണമൊന്നും സംഭരിക്കാൻ സാധിക്കില്ല.

? പാഠപുസ്‌തകങ്ങളിൽ അതിവേഗത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാം ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ പത്രവാർത്ത പ്രകാരം ഹാരപ്പൻ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന രാഖിഗർഹി എന്ന സ്ഥലത്തുനിന്ന് ലഭ്യമായ ഡിഎൻഎയുടെ പരിശോധനകളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിലേക്ക് ആര്യൻ കുടിയേറ്റം കാര്യമായി നടന്നിട്ടില്ലെന്നും അങ്ങനെ വിളിക്കപ്പെടുന്നവർ തദ്ദേശീയരാണെന്നും അവർ ഇന്ത്യയിൽനിന്ന് കുടിയേറി മറ്റ് സ്ഥലങ്ങളിൽ പോയപ്പോൾ ആ ജനവിഭാഗം അവിടെയും വ്യാപിക്കുകയാണ് ഉണ്ടായത് എന്നും സിബിഎസ്ഇ  പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി കാണുന്നു. ഇത്തരമൊരു തിരുത്തലിന് മതിയായ അക്കാദമിക തെളിവുകൾ ഉണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ.

= ഒരു വംശീയ കൂട്ടായ്മ എന്ന നിലയ്ക്ക് ആര്യൻ എന്ന വാക്കിന് സാധുതയുണ്ട് എന്ന് പറയാൻ കഴിയില്ല. പല ജനുസ്സുകളുടെയും കലർപ്പാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളത് എന്നാണ് ഡിഎൻഎ തെളിവുകൾ കാണിക്കുന്നത്.

ആര്യന്മാരുടേത് എന്ന് പലരും വാദിക്കുന്ന ആർ1എ  ഹാപ്‌ലോഗ്രൂപ്പ്‌  ഇൻഡോ‐യൂറോപ്യൻ അല്ലാത്ത ദ്രാവിഡ ഭാഷകളും ടർക്കിക്ക് ഭാഷകളും സംസാരിക്കുന്ന ജനവിഭാഗങ്ങളിലും പരക്കെ കണ്ടുപോരുന്നുണ്ട്. ഈ ആർ1എ ഹാപ്‌ലോ ഗ്രൂപ്പ്‌ വൈ ക്രോമോസോം ആണെന്നുകൂടി ഓർക്കണം. പുരുഷന്മാരിലാണ് അത് കാണപ്പെടുക.

വേദങ്ങൾ രചിച്ചത് ഇൻഡോ‐യൂറോപ്യൻ ഭാഷകൾ സംസാരിച്ചിരുന്നവർ മാത്രമാണ് എന്നും പറയാനാകില്ല.  ഇൻഡോ‐യൂറോപ്യൻ അല്ലാത്ത എത്രയോ വാക്കുകൾ വേദങ്ങളിലുണ്ട്. ഉദാഹരണത്തിന്, കുലിശ, ലാംഗല, കുസീദ, ബില, കാണ, ഉഖ, കുൽഫ, കരംഭ, ഖല എന്നിങ്ങനെ. അതേപോലെ അലിന, രുശമ, ശിഗ്രു, ചേദി, മാന്ദര്യ, ഇടന്ത്, ശിരിമ്പിഠ, കുരംഗ, ഭലാന, തിരിന്ദിര തുടങ്ങിയ ഇൻഡോ‐യൂറോപ്യൻ അല്ലാത്ത വ്യക്തിനാമങ്ങളും വേദങ്ങളിൽ കാണാം.

ഇന്ത്യയിൽ ആയിരത്താണ്ടുകളായിട്ട് പല രീതിയിലുള്ള കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്. അങ്ങനെ കുടിയേറിയവരിൽ ഇൻഡോ‐യൂറോപ്യൻ ഭാഷകൾ സംസാരിച്ചിരുന്നവരും പെടും.

ഇന്ത്യയിൽ ആയിരത്താണ്ടുകളായിട്ട് പല രീതിയിലുള്ള കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്. അങ്ങനെ കുടിയേറിയവരിൽ ഇൻഡോ‐യൂറോപ്യൻ ഭാഷകൾ സംസാരിച്ചിരുന്നവരും പെടും. ഈ ഇൻഡോ‐യൂറോപ്യൻ കുടിയേറ്റം നമ്മുടെ ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

എന്നതുകൊണ്ട് പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ ആളുകൾ ഇങ്ങോട്ട് കുടിയേറി എന്ന് അവകാശപ്പെടാൻ പര്യാപ്തമായ തെളിവുകളില്ല. കുടിയേറിയവരിൽ ഭൂരിഭാഗവും പുരുഷന്മാർ ആയിരുന്നുവെന്നും അവർ തദ്ദേശീയരായ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചു എന്നും വിശ്വസിക്കുന്നവരുണ്ട്.

ബിസി 2600നും 1900നും ഇടയ്‌ക്ക്‌ നിലനിന്നിരുന്ന സിന്ധു താഴ്‌വരയിലെ നഗരങ്ങളിൽ പൊതുവെ ശ്മശാനങ്ങൾ കാണാറില്ല. അതുകൊണ്ട് അവിടങ്ങളിൽ മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തിരുന്നത്, അടക്കുകയല്ല എന്ന് കരുതപ്പെടുന്നു. വൈദികർക്കിടയിലും മൃതദേഹം ദഹിപ്പിക്കുന്ന സമ്പ്രദായമായിരുന്നല്ലോ നിലനിന്നിരുന്നത്.

എന്നാൽ ഇൻഡോ യൂറോപ്യൻ ഭാഷികളുടെ ആദിമ വാസകേന്ദ്രങ്ങൾ എന്ന് പലരും വിശ്വസിക്കുന്ന പോണ്ടിക്ക് കാസ്‌പിയൻ പുൽപ്രദേശങ്ങളിൽ ഉണ്ടായിരുന്നത് മൃതദേഹം അടക്കുന്ന സമ്പ്രദായമാണ്. കുടിയേറിയവർ സ്വന്തം ആചാരങ്ങൾ കൊണ്ടുവന്നുവെങ്കിലും തദ്ദേശവാസികളുടെ പല ആചാരങ്ങളും സ്വീകരിച്ചിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

ഇവിടെയും നാം കാണുന്നത് കുടിയേറിയവരുടെയും തദ്ദേശവാസികളുടേയും കൂടിക്കലരലാണ്. അതുകൊണ്ട് കലർപ്പില്ലാതെ നിലനിൽക്കുന്ന ആര്യവംശത്തെയും ദ്രാവിഡവംശത്തെയും മറ്റും വിഭാവനം ചെയ്യുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല.

?  അക്കാദമിക മികവിന് 2019ൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ താങ്കൾക്ക് ഇൻഫോസിസ് പുരസ്‌കാരം ലഭിക്കുകയുണ്ടായല്ലോ. ആ പുരസ്‌കാര സമിതി ചെയർമാൻ പ്രൊഫസർ അകീൽ ബിൽഗ്രാമി താങ്കളുടെ ഗവേഷണത്തെക്കുറിച്ച് ശ്രദ്ധേയമായ അഭിപ്രായം പറയുന്നുണ്ട്. വളർന്നുവരുന്ന ചരിത്ര ഗവേഷകരോടും വിദ്യാർഥികളോടും താങ്കൾക്ക് എന്താണ് പറയാനുള്ളത്.

= ചരിത്ര ഗവേഷകരും വിദ്യാർഥികളും പല ജീവിത സാഹചര്യങ്ങളിൽനിന്ന് വരുന്നവരാണ്. അവരുടെ സാധ്യതകളും ആവശ്യങ്ങളും വെവ്വേറെയായിരിക്കും. രണ്ടുമൂന്ന് തലമുറകളായി അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടിയ ചരിത്ര വിദഗ്‌ധരുണ്ട്.

അവരുടെ കുടുംബത്തിലെ അടുത്ത തലമുറ ആ മേഖലയിൽത്തന്നെ ഗവേഷണം നടത്തുമ്പോൾ അനുഭവിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് അധികം വെല്ലുവിളികളാണ് കുടുംബത്തിൽ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ ഒരു വിദ്യാർഥി ഗവേഷണം നടത്തുമ്പോൾ നേരിടുന്നത്.

ഗവേഷണത്തെ ജാതി, വർഗം, ലിംഗഭേദം, ഭാഷ എന്നിവയൊക്കെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. അങ്ങനെയിരിക്കെ എല്ലാവർക്കും ബാധകമായ എന്താണ് പറയുക, 'പഠിക്കൂ, നല്ലവണ്ണം പഠിക്കൂ’ എന്നല്ലാതെ.


ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top