വീണ്ടുമൊരു ക്രിസ്‌മസ് എത്തുമ്പോൾ അന്ന് തെരുവിൽ മുഴങ്ങിയ ശബ്‌ദം വീണ്ടും ഉയരേണ്ടതുണ്ട്; ‘സമത്വം സാഹോദര്യം സ്വാതന്ത്ര്യം’. വാസ്‌തവത്തിൽ പള്ളിയിൽനിന്ന് മുഴങ്ങേണ്ട പദങ്ങളായിരുന്നു അത്. ചരിത്രപരമായ ധർമം കാലഗതിയിൽ പള്ളി അവഗണിക്കുകയോ മറന്നുപോകുകയോ ചെയ്‌തതുകൊണ്ടാണ് തെരുവുകളിൽനിന്ന് ഉയർന്നു കേട്ട ആ വാക്കുകൾ പള്ളിയുടെ മേലുള്ള ആക്രോശമായും അപമാനമായും അനുഭവപ്പെട്ടതും വല്ലാതെ പരിഭ്രമിച്ചുപോയതും.
ഇപ്പോൾ ഒരു ജയിലായി മാറിയിട്ടുള്ള പഴയകോട്ടയിൽ നിന്നാണ് അവർ ഇരമ്പിയാർത്ത് നഗരത്തിലേക്ക് എത്തിയിരിക്കുന്നത്. തകർത്ത കോട്ടയിൽനിന്ന് അടർന്നുവീണ ശിലാപാളികൾ അവർ ഇതിനകം ചന്തയിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. അടർന്നുപോകുന്ന പഴയകാലത്തിന്റെ സ്‌മാരകശിലയെന്ന നിലയിൽ അതിനും ആവശ്യക്കാരുണ്ടായിരുന്നു. ഭരണകൂടം, അതിനോട് മമത പുലർത്തുന്ന പള്ളി ഇവയൊക്കെ തകർക്കപ്പെടേണ്ട കോട്ടകളാണെന്നൊരു സങ്കൽപ്പം അന്തരീക്ഷത്തിലുണ്ടായിരുന്നു. പഴയനിയമത്തിലെ ജെറീക്കോ കോട്ടപോലെയാണത്. നിരായുധരായ മനുഷ്യർ ആരവം മുഴക്കി അതിനെ വലം ചുറ്റിയപ്പോൾ അത് നിലംപൊത്തിയെന്ന രൂപകകഥപോലെ. പുറത്തിപ്പോൾ ബാസ്റ്റീൽ കോട്ടയിൽ നിന്നെത്തിയ ആ മനുഷ്യർ സായുധരാണെന്ന വ്യത്യാസമുണ്ട്. 1789 ജൂലൈ 14 ആയിരുന്നു അന്ന്. അവർ മുഴക്കിയ പദങ്ങൾ ഏറ്റവും പുരാതനവും അതുപോലെ സദാ നൂതനവുമായ വിചാരമായിരുന്നു.‘സമത്വം സാഹോദര്യം സ്വാതന്ത്ര്യം’. ആ പദങ്ങളുടെ കുഴലൂത്തുകാരാകുമെന്ന് ഒരിക്കൽ കരുതിയ മനുഷ്യരാണ് ഇപ്പോൾ അതിന്റെ ശത്രുക്കളായി ഗണിക്കപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും കഠിനമായ, ക്രൂരമായ വിരോധാഭാസമായി ആ ദിനം ഓർമിക്കപ്പെടും. അതിലെ ശരിതെറ്റുകളല്ല നമ്മുടെ പ്രശ്നം. ശാസ്ത്രപുസ്‌തകം പോലെ വൈകാരികതയില്ലാതെ വായിക്കപ്പെടേണ്ട ഒന്നാണ് ചരിത്രപുസ്‌തകവും. ഓഷ്വിറ്റസിന്റെ ഭിത്തിയിൽ എഴുതിവച്ചിരിക്കുന്നതുപോലെ നമ്മൾ ചരിത്രം പഠിക്കേണ്ടത് കയ്‌പ്പുള്ളവരായി മാറാനല്ല, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാണെന്നാണ്. അതാണ് അതിന്റെ ശരി.
തെരുവിൽനിന്ന് ഉയർന്നുകേട്ട ആ പദങ്ങളെ ഇത്ര ഋജുവായും പ്രായോഗികമായും അഭിമുഖീകരിച്ച മറ്റൊരു പുരാതന ധർമമില്ല. പിന്നീട് കമ്യൂൺ എന്ന പേരിൽ നാം പരിചയപ്പെടുന്ന സഹജീവിതത്തിന്റെയും സമതയുടെയും വേരുകൾ ആ തടിച്ച കറുത്ത തുകൽ ബൈൻഡിട്ട പുസ്‌തകത്തിന്റെ ഒടുവിലുണ്ട്: വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു. സകലതും പൊതുവക എന്നെണ്ണുകയും ജന്മഭൂമിയിൽ വസ്‌തുക്കളും വിറ്റ് അവനവന് ആവശ്യമുള്ളതു പോലെ എല്ലാവർക്കുമിടയിൽ പങ്കിടുകയും ചെയ്തു.
ഇടതുപക്ഷ ഭാവന ലോകത്തിന് സമ്മാനിച്ച സഖാവ്, ‘Comrade’ എന്ന പദം പോലെ ക്രിസ്റ്റ്യാനിറ്റി കണ്ടെത്തി, കൈമാറണം എന്ന് ആഗ്രഹിച്ച വാക്ക് അതായിരുന്നു ബ്രദർ/ സിസ്റ്റർ. അതിനുള്ളിൽ നേരത്തെ പറഞ്ഞ ആ മൂന്ന് പദങ്ങളും വിത്തിനുള്ളിലെന്ന പോലെ ഒരു ജൈവിക സാധ്യതയായി അടക്കം ചെയ്തിട്ടുണ്ട്. ഭൂമിയുടെ വിമോചന പ്രക്രിയകളോട് നിങ്ങൾ എത്ര അടുത്ത് നിൽക്കുന്നുവെന്നതാണ് എത്ര ആന്തരിക മനുഷ്യനാണ് നിങ്ങളെന്ന് അളന്നെടുക്കുവാൻ ഉപയോഗിക്കേണ്ട ഏക ഏകകം. വേദപുസ്‌തകത്തിലെ ഒടുവിലത്തെ താളുകൾ നാടുകടത്തപ്പെട്ട ദ്വീപിലിരുന്ന് പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള ഒരാളുടെ കാഴ്ചയും ആത്മഗതങ്ങളുമാണ്.
യേശുമൊഴികളിൽ പരക്കെ ഉപയോഗിക്കപ്പെടുകയും അത്രയുംതന്നെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വാക്യമാണ് ‘സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്.' അനുദിനജീവിതത്തിന്റെ ഉൽക്കണ്ഠകളിൽനിന്നും പാർക്കുന്ന ദേശത്തിന്റെ വ്യാകുലതകളിൽനിന്നും വഴുതിമാറാനുള്ള സമവായമായിട്ടാണ് ആ പദം ഇക്കണ്ട കാലമെല്ലാം ഉപയോഗിക്കപ്പെട്ടത്. അതിന്റെ പശ്ചാത്തലം അപഗ്രഥിക്കുമ്പോൾ അതങ്ങനെയല്ല എന്നു വെളിപ്പെട്ടുകിട്ടും. റോമ കീഴ്പ്പെടുത്തിയ ഒരു നാട്ടുരാജ്യത്തിലെ പൗരനായിരുന്നു യേശു. വൈദേശികനുകത്തിന്റെ അനവധിയായ സമ്മർദങ്ങൾക്ക് വിധേയപ്പെട്ടു ജീവിക്കണമോ വേണ്ടയോ എന്നതായിരുന്നു നികുതിയെക്കുറിച്ചുള്ള സംവാദങ്ങൾക്കു പിന്നിൽ. ഇതിനകം നിരവധി നികുതിപ്രക്ഷോഭങ്ങൾ ആ ദേശത്തു നടന്നിട്ടുണ്ട്. ‘Taxation was No Better Than Introduction to Slavery' എന്നാണ് ‘ജൂഡസ് ദ ഗലീലിയൻ' എന്നു കേൾവി കേട്ട വിപ്ലവകാരി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത്. അടിമത്തത്തിന്റെ ഉമ്മറമാണ് നികുതിയെന്ന്.
യേശു ചോദിച്ചു, "നിങ്ങൾ കപ്പം കൊടുക്കുന്ന നാണയം കാണിച്ചുതരിക. അതിൽ ആരുടെ മുദ്രയാണുള്ളത്’. "സീസറുടേത്’ അവർ ഉത്തരം നൽകി. "അങ്ങനെയെങ്കിൽ, സീസറിന് അവകാശപ്പെട്ടത് സീസറിനു നൽകുക. ഈശ്വരന് അർഹതപ്പെട്ടത് ഈശ്വരനും.’ എന്താണ് ഇതിന്റെ അർഥം. നാണയത്തിനു മീതെ അതു കമ്മട്ടത്തിൽ അടിച്ച സീസറിന്റെ മുദ്രയുണ്ട്. എന്നാൽ, നാണയം കൈവെള്ളയിലെടുത്തു നിൽക്കുന്ന നിങ്ങളിൽ ആരുടെ മുദ്രയാണുള്ളത്. യഹൂദർക്ക് ഏറ്റവും പരിചിതമായ വേദഭാഗത്തിന്റെ ഓർമപ്പെടുത്തലായിരുന്നു അത്; നരനെ ദൈവികഛായയിലും സാദൃശ്യത്തിലുമാണ് അവിടുന്ന് സൃഷ്ടിച്ചതെന്ന്. നാണയത്തിൽ അത് കമ്മട്ടത്തിൽ അടിച്ച സീസറിന്റേതെന്നതുപോലെ, നിങ്ങളുടെ നെഞ്ചിൽ പതിഞ്ഞുകിടക്കുന്ന ആ ഒരേയൊരാളുടെ മുദ്രയ്ക്കു നിരക്കുന്നവരായി, അയാൾക്കു മാത്രം വിധേയപ്പെട്ടവരായി ജീവിക്കുക. വലിയ സ്വാതന്ത്ര്യത്തിലേക്കുള്ള ആ ശംഖനാദമാണ് മത -രാഷ്ട്രീയങ്ങൾക്കിടയിലെ അവിശുദ്ധബാന്ധവങ്ങളെ നീതീകരിക്കാൻ പല ദേശങ്ങളിലും പല കാലങ്ങളായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
‘Take Your Bible and Take Your Newspaper, and Read Both. But Interpret Newspapers from Your Bible.’ എന്ന കാൾ ബാർത്തിന്റെ വിചാരം ഒരിക്കൽ വേദശാസ്ത്രക്ലാസുകളിൽ നന്നായി മുഴങ്ങിയിരുന്നു. വേദപുസ്‌തകത്തിന്റെ കണ്ണിലൂടെ വർത്തമാനകാലം കാണാനുള്ള ക്ഷണമാണത്. ഭൂമിയുടെ സ്വാതന്ത്ര്യദാഹത്തിലേക്ക് അവനെയും അവന്റെ പരിഗണനകളെയും തിരിച്ചു വിളിക്കുമ്പോഴാണ്, വാക്ക് ശരീരമായി നമുക്കിടയിൽ വസിച്ചു എന്ന തിരുവചനത്തിന് കാലികമായ മുഴക്കമുണ്ടാകുന്നത്. പുൽക്കൂട് ഒരു രാഷ്ട്രീയ രൂപകം കൂടിയാകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..