23 November Saturday

ജനമനസ്സിലൂടെ...

കോടിയേരി ബാലകൃഷ്ണൻUpdated: Friday Jul 26, 2019



പതിനേഴാം ലോക‌്സഭാതെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് കനത്ത തോൽവിയുണ്ടായതിന്റെ കാരണങ്ങൾ ജനങ്ങളോട് ചോദിച്ചറിയുന്നതിനുവേണ്ടി സിപിഐ എം പ്രവർത്തകർ വീടുകളിലെത്തുന്ന പ്രവർത്തനം തുടരുകയാണ്. സംസ്ഥാനത്തെ എഴുപത് ലക്ഷത്തിലധികം വീടുകളിൽ ജൂലൈ 22 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ സന്ദർശിക്കാനാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചത്. മുപ്പത്തയ്യായിരത്തിലധികം പാർടി ബ്രാഞ്ചുകളും 5.15 ലക്ഷം പാർടി മെമ്പർമാരുമാണ് ഉള്ളത്. ഏതെങ്കിലും പ്രദേശത്ത് എല്ലായിടത്തും ഈ ദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് വരുംദിവസങ്ങളിൽ പൂർത്തിയാക്കണം. സംസ്ഥാനനേതാക്കൾമുതൽ ബ്രാഞ്ചംഗങ്ങൾവരെ ഈ പരിപാടിയിൽ വ്യാപൃതരാകണം.

ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും
തിരുവനന്തപുരത്ത് ഭവനസന്ദർശനം നടത്തിയപ്പോൾ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവർ തുറന്ന് അഭിപ്രായങ്ങൾ പറയുകയും അതെല്ലാം ഞാനടക്കമുള്ള സഖാക്കൾ കേൾക്കുകയുംചെയ്തു. വിരോധംകൊണ്ടല്ലെങ്കിലും എൽഡിഎഫിന് വോട്ട് ചെയ്യാതിരുന്നത് മനഃപൂർവമാണെന്ന് പറഞ്ഞവരുണ്ട്. ഇങ്ങനെയൊരു തോൽവിയുണ്ടാകുമെന്ന് കരുതിയില്ലെന്ന് മനസ്സിടറി പ്രതികരിച്ചവരുമുണ്ട്. ഇതുവരെ എൽഡിഎഫിനല്ലാതെ മറ്റാർക്കും വോട്ട് ചെയ്യാതിരുന്ന വോട്ടർമാരിൽ ചിലർ ഇക്കുറി മാറി ചിന്തിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കേരളത്തിന് അത് ഗുണകരമാകുമെന്നും കരുതി യുഡിഎഫിന് വോട്ടുകുത്തിയെന്ന് പറഞ്ഞവരുമുണ്ട്. രാഷ്ട്രീയ‐പ്രത്യയശാസ്ത്രവിഷയങ്ങളും ഭരണപരമായ കാര്യങ്ങളും വികസനസംബന്ധമായതും ജാതി‐മത‐വിശ്വാസവിഷയങ്ങളുമെല്ലാം ജനങ്ങൾ ഉന്നയിച്ച അഭിപ്രായങ്ങളിൽ തെളിഞ്ഞുവന്നു. ഇതിലൊന്നിനോടും അസഹിഷ്ണുതയും അതൃപ്തിയും നിറഞ്ഞ സമീപനം പാർടിക്കില്ല. പരിഹരിക്കേണ്ടവ പരിഹരിക്കും. തിരുത്തേണ്ടവ തിരുത്തും. കാരണം പാർടിയും ഭരണവും ജനങ്ങൾക്കുമുകളിലല്ല. ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് സംസ്ഥാന സർക്കാരും എൽഡിഎഫും  സിപിഐ എമ്മും മുന്നോട്ടുപോകും.

തിരുവനന്തപുരത്തെ ഒരു അഗ്രഹാരത്തെരുവിലെത്തിയപ്പോൾ പലവിധ പരാതികൾ കേട്ടു. അതിലൊന്ന് തങ്ങളെ "സവർണഹിന്ദു'ക്കളെന്ന് വിശേഷിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നായിരുന്നു. സവർണ ഹിന്ദു മേധാവിത്വ തത്ത്വശാസ്ത്രമാണ് ആർഎസ്എസിന്റേതെന്ന് കമ്യൂണിസ്റ്റുകാർ ചൂണ്ടിക്കാട്ടാറുണ്ട്. അത് ദാരിദ്ര്യാവസ്ഥയിൽ ഇന്നു കഴിയുന്ന, ജന്മംകൊണ്ട് സവർണസമുദായത്തിൽ പിറന്നവരെ അധിക്ഷേപിക്കാനല്ലെന്ന് ഞാൻ ഓർമപ്പെടുത്തി. പഴയകാലത്ത് അധികാരവും ധനവും നിയമവുമെല്ലാം അന്ന് പ്രതാപത്തിൽ കഴിഞ്ഞിരുന്ന ഹിന്ദുവിഭാഗത്തിലെ സവർണർക്കായിരുന്നു. അവർണർക്കാകട്ടെ അയിത്തവും അവഗണനയും. ആ വ്യവസ്ഥ പൊളിച്ചെഴുതാനാണ് ഇ എം എസ് ഉൾപ്പെടെയുള്ളവർ പരിശ്രമിച്ചത്. എന്നാൽ, സാമൂഹ്യ അസമത്വത്തിന്റെ വ്യവസ്ഥ നിലനിർത്താനാണ് ഗോൾവാൾക്കർ ഉൾപ്പെടെയുള്ളവർ യത്നിച്ചത്. ഈ വിഷയത്തിൽ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പോരാട്ടം തുടരും. അതിനൊപ്പം ഇന്നത്തെ സാമൂഹ്യയാഥാർഥ്യം മനസ്സിലാക്കി നിലപാടെടുക്കുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റുകാരുടേത്. ബ്രാഹ്മണർ ഉൾപ്പെടെ സവർണഹിന്ദുക്കളിൽ നല്ലൊരു വിഭാഗമിന്ന് സാമ്പത്തികമായി പിന്നണിയിലാണ്. അതുകൊണ്ടാണ് പിന്നോക്കസമുദായ സംവരണം നിലനിൽക്കെത്തന്നെ ഉയർന്ന ജാതിയിലെ പാവപ്പെട്ടവർക്ക് നിശ്ചിത ശതമാനം സംവരണം അനുവദിക്കണമെന്ന നിർദേശം സിപിഐ എം ദേശീയമായിത്തന്നെ വളരെമുമ്പേ ആവശ്യപ്പെട്ടത്. അഗ്രഹാരത്തിലെ ഒരു കാരണവർ പറഞ്ഞു: ""ഈ അഗ്രഹാരത്തിൽത്തന്നെ പട്ടിണിക്കാരായ കുടുംബങ്ങളെ കാട്ടിത്തരാം. അവർക്ക് രക്ഷ നൽകാൻ നിങ്ങളെല്ലാം എന്തെങ്കിലും ചെയ്യണം.''

ഈ ആവശ്യം വളരെ ന്യായമാണ്. ചേരികൾക്ക് സമാനമായ ദുഃസ്ഥിതിയിൽ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ട്. ഇത് പുതുക്കിപ്പണിയാൻ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സർക്കാരിന്റെയും ബന്ധപ്പെട്ട മറ്റ് സംവിധാനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാമെന്നും തുടർനടപടിയെടുപ്പിക്കാമെന്നും ഉറപ്പുനൽകി. എൽഐസി, ബാങ്ക്, ബിഎസ്എൻഎൽ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽമാത്രം ജോലിക്ക് പോകുന്നവരാണ് ഇവിടത്തെ ബിരുദധാരികളായ സ്ത്രീകൾ. പക്ഷേ, ആ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനുള്ള സാധ്യത വിരളമായി. പൊതുമേഖലകൾ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നയം തിരിച്ചടിയായി.

ഇടതുപക്ഷം കേരളത്തിൽ ശക്തമായതുകൊണ്ടാണ് വടക്കേ ഇന്ത്യയിൽ ഉണ്ടായതുപോലുള്ള വർഗീയ കുഴപ്പങ്ങൾ ഇവിടെയുണ്ടാകാത്തതെന്നും അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെ ദുർബലമാക്കാൻ സഭാനേതൃത്വം ബോധപൂർവമായ ഇടപെടലുകൾ നടത്തില്ലെന്നും അവർ പറഞ്ഞു

വിവിധ മതവിഭാഗങ്ങളിലെ സന്യാസിവര്യരെയും ഞങ്ങൾ കണ്ടു. അതിൽ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരായ മേജർ ആർച്ച് ബിഷപ്‌ കർദിനാൾ മാർബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മേജർ ആർച്ച് ബിഷപ്‌ സൂസപാക്യം, സിഎസ്ഐ ബിഷപ്‌ ധർമരാജ് റസാലം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സഭയും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള അകൽച്ച കുറഞ്ഞതിനെപ്പറ്റി സന്തോഷപൂർവം  അവർ പ്രതികരിച്ചു. ഇടതുപക്ഷം കേരളത്തിൽ ശക്തമായതുകൊണ്ടാണ് വടക്കേ ഇന്ത്യയിൽ ഉണ്ടായതുപോലുള്ള വർഗീയ കുഴപ്പങ്ങൾ ഇവിടെയുണ്ടാകാത്തതെന്നും അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെ ദുർബലമാക്കാൻ സഭാനേതൃത്വം ബോധപൂർവമായ ഇടപെടലുകൾ നടത്തില്ലെന്നും അവർ പറഞ്ഞു. ഓഖി, പ്രളയം തുടങ്ങിയവ വലിയ നഷ്ടമാണ് തീരദേശത്തുണ്ടാക്കിയത്. ഇതിനെപ്പറ്റി ശ്രദ്ധയോടെ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായെന്ന് സൂസപാക്യം പറഞ്ഞു. സർക്കാർതലത്തിൽ ഭരണനടപടികൾ തൃപ്തികരമായി പൂർത്തിയാക്കാൻ ഇനി ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. മത്സ്യത്തൊഴിലാളികൾ അടിസ്ഥാനവർഗമാണെന്നും അവരെ അടിസ്ഥാന തൊഴിലാളികളായിക്കണ്ട് കമ്യൂണിസ്റ്റുകാർ സംരക്ഷിക്കണമെന്നും ബിഷപ്‌ കൂട്ടിച്ചേർത്തു.  മത്സ്യത്തൊഴിലാളികളെയും കുടുംബാംഗങ്ങളെയും കൂടുതൽ വിദ്യാസമ്പന്നരാക്കാനും അവരെ വ്യത്യസ്ത തൊഴിൽമേഖലകളിലെത്തിക്കാനുമുള്ള പരിപാടികൾ സർക്കാരുമായി സഹകരിച്ച് നടപ്പാക്കാൻ സഭകൾ മുൻകൈയെടുക്കണമെന്ന് ഞാൻ അഭിപ്രായപ്പെട്ടു. അതിനോട് സൂസപാക്യം യോജിച്ചു.

സാമൂഹ്യരംഗത്തെ പ്രശ്നങ്ങൾക്കുപുറമെ വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങളുടെ ആവശ്യകത ക്ലീമിസ് തിരുമേനി വിവരിച്ചു. വിദ്യാർഥികളുടെ കുറവ് കാരണം സ്വാശ്രയ എൻജിനിയറിങ‌് കോളേജുകളിൽ നല്ലൊരു പങ്ക് പൂട്ടപ്പെടുകയോ, തകർച്ചയിലോ ആണ്. അതിനാൽ ഉന്നതവിദ്യാഭ്യാസമേഖലയിൽ നിലവാരമുയർത്താൻ പ്രത്യേകം ശ്രദ്ധവേണം. നിലവിലെ എൻജിനിയറിങ‌് കോളേജുകളിലെ നല്ല നിലവാരമുള്ളവയെ സ്വയംഭരണസ്ഥാപനങ്ങളാക്കുന്നതിന് സർക്കാർ അനുമതി നൽകണമെന്ന് ക്ലീമിസ് ബാവ നിർദേശിച്ചു. സഭയും കമ്യൂണിസ്റ്റുകാരും രണ്ട് ധ്രുവത്തിൽ നിൽക്കേണ്ടവരാണെന്ന പഴയ ചിന്താഗതി ഇന്ന് പൊളിഞ്ഞുവീണിട്ടുണ്ടെന്നും പഴയ അകൽച്ച മാറിയെങ്കിലും താഴേതട്ടിൽ എല്ലായിടത്തും പൊളിച്ചെഴുത്ത് ഉണ്ടായിട്ടില്ലെന്നും ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി. സിഎസ്ഐ സഭാംഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബിഷപ്  റസാലം വിശദീകരിച്ചു.

എൽഡിഎഫിന് വോട്ടുചോർച്ചയുണ്ടായതിൽ "ശബരിമല' ഒരു ഘടകമാണെന്ന് ചിലർ വെളിപ്പെടുത്തി. ശബരിമല കാരണമാണ് വോട്ട് മാറി ചെയ്തതെന്ന് ചില വീട്ടമ്മമാർ തുറന്നുപറഞ്ഞു. ശക്തമായ അതൃപ്തിയുണ്ടെങ്കിലും വോട്ട് എൽഡിഎഫിനുതന്നെ ചെയ്തെന്ന് പറഞ്ഞവരുമുണ്ട്.

എൽഡിഎഫിന് വോട്ടുചോർച്ചയുണ്ടായതിൽ "ശബരിമല' ഒരു ഘടകമാണെന്ന് ചിലർ വെളിപ്പെടുത്തി. ശബരിമല കാരണമാണ് വോട്ട് മാറി ചെയ്തതെന്ന് ചില വീട്ടമ്മമാർ തുറന്നുപറഞ്ഞു. ശക്തമായ അതൃപ്തിയുണ്ടെങ്കിലും വോട്ട് എൽഡിഎഫിനുതന്നെ ചെയ്തെന്ന് പറഞ്ഞവരുമുണ്ട്. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി എൽഡിഎഫ് സർക്കാരിന്റെ സൃഷ്ടിയല്ല. വിധി വന്നപ്പോൾ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ളവർ അനുകൂലിച്ചു. പിന്നീട് അവർ നിലപാടിൽ മാറ്റംവരുത്തിയപ്പോൾ ഒരു രാഷ്ട്രീയസമരമായി മാറുന്നുവെന്ന് കണക്കിലെടുത്ത് ഇടപെടാൻ ഗവൺമെന്റിന് കഴിഞ്ഞില്ലെന്ന് ചിലർ കുറ്റപ്പെടുത്തി. വനിതാമതിലിന് ശേഷം രണ്ട് സ്ത്രീകൾ, പ്രത്യേകിച്ച് വിശ്വാസികളല്ലെന്ന് വിശ്വാസികൾ കരുതുന്ന സ്ത്രീകൾ, ക്ഷേത്രത്തിൽ കയറിയത് സർക്കാരിനും എൽഡിഎഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായങ്ങളുണ്ടായി.

നിർദേശങ്ങൾ പരിശോധിക്കും തുടർനടപടികൾ സ്വീകരിക്കും
സ്ത്രീ‐പുരുഷസമത്വമെന്ന ഭരണഘടനയുടെ മൗലികാവകാശം ഉൾക്കൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് ശബരിമല വിഷയത്തിൽ വിധി പ്രഖ്യാപിച്ചത്. അത് അസാധുവാക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന എൽഡിഎഫ് വാദം ഇന്ന് ബോധ്യമാകുന്നതായി ചില വീട്ടമ്മമാർതന്നെ വ്യക്തമാക്കി. കോടതിവിധി മറികടക്കാൻ നിയമനിർമാണത്തിന് ശശി തരൂർ പാർലമെന്റിൽ ആവശ്യപ്പെട്ടപ്പോൾ ഭരണഘടനാബെഞ്ചിന്റെ വിധി മറികടന്ന് നിയമനിർമാണം സാധ്യമല്ലെന്ന്  കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മറുപടി നൽകി. എന്നിട്ടാണ് അധികാരത്തിൽവന്നാൽ സംസ്ഥാനത്ത് നിയമസഭയിൽ നിയമനിർമാണം  നടത്തുമെന്ന യുഡിഎഫിന്റെ പ്രചാരണം. ബിജെപിയുടെയും കോൺഗ്രസിന്റെയും ശബരിമലനയം ജനങ്ങളെ കബളിപ്പിച്ച് വോട്ടുനേടാനുള്ള നുണുക്ക് വിദ്യയാണ്. അത് ജനങ്ങളിൽ നല്ലൊരുവിഭാഗം തിരിച്ചറിഞ്ഞു തുടങ്ങുന്നു. ജനങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തിനോ  വിശ്വാസം പുലർത്തുന്നതിനോ ആചാരാനുഷ്ഠാനത്തിനോ സിപിഐ എം എതിരല്ല. എന്നാൽ, ശത്രുവർഗ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ചില ജാതി‐മത‐സമുദായ സംഘടനകളുടെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും ഇടപെടൽവഴി വിശ്വാസസ്വാതന്ത്ര്യത്തിനും ഭക്തജനങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തിനും എൽഡിഎഫ് എതിരാണെന്ന തെറ്റിദ്ധാരണ വലിയ തോതിൽ സൃഷ്ടിക്കാൻ കഴിഞ്ഞു. അത് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വോട്ട് ചോർച്ചയ്ക്ക് കാരണമായെന്ന് ജനങ്ങളുടെ പ്രതികരണങ്ങളിൽനിന്ന് ബോധ്യമായി.

പല കാരണങ്ങളാൽ എൽഡിഎഫിനെതിരെ വോട്ട് ചെയ്തവർതന്നെ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പൊതുവിൽ വലിയ മതിപ്പാണ് പ്രകടിപ്പിച്ചത്

പല കാരണങ്ങളാൽ എൽഡിഎഫിനെതിരെ വോട്ട് ചെയ്തവർതന്നെ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പൊതുവിൽ വലിയ മതിപ്പാണ് പ്രകടിപ്പിച്ചത്. സർക്കാർ നേട്ടങ്ങളെ മുക്കിക്കളയുന്ന ചില വിവാദങ്ങൾ ചിലപ്പോഴെല്ലാം ഉണ്ടാകുന്നതായും അത് തിരുത്തപ്പെടണമെന്നുമുള്ള നിർദേശങ്ങളുണ്ടായി. പൊലീസ് പ്രവർത്തനങ്ങളിൽ നടത്തേണ്ട ജാഗ്രതകളെപ്പറ്റിയും അഭിപ്രായങ്ങളുയർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ബ്രാഞ്ചുകൾ ഉപരികമ്മിറ്റികൾ മുഖാന്തരം സംസ്ഥാന കമ്മിറ്റിയിൽ എത്തിക്കും. ആഗസ്‌തിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും. ജനങ്ങളിൽ നിന്ന്  ലഭിച്ചിട്ടുള്ള അഭിപ്രായങ്ങളിൽ പാർടിയും മുന്നണിയും സർക്കാരും പരിശോധിക്കേണ്ട ചില വിമർശനങ്ങളും നിർദേശങ്ങളുമുണ്ട്. അവ പരിശോധിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.

പ്രാദേശികമായും സംസ്ഥാനതലത്തിലും പരിഹരിക്കണ്ട വികസനപ്രശ്നങ്ങളെപ്പറ്റിയുള്ള പരാതികളും നിർദേശങ്ങളും വന്നിട്ടുണ്ട്. ആവശ്യമായവയിൽ ഭരണ ഇടപെടലും തുടർനടപടികളും ഉണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണസ്ഥാപനങ്ങളുടെയും  പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള പരിശോധന അതത് സ്ഥലങ്ങളിലുണ്ടാകും. പാർടിയുടെയും മുന്നണിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ ഏതെല്ലാംവിധത്തിൽ മികച്ചതാക്കണം, തിരുത്തപ്പെടേണ്ട തെറ്റുകൾ ഏതെല്ലാം ‐ ഇക്കാര്യങ്ങൾ പരിശോധിക്കും. ഒരാഴ്ചത്തെ ഗൃഹസന്ദർശനപരിപാടി കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയൊരു അനുഭവം പ്രദാനംചെയ്തിരിക്കുകയാണ്. ജനമനസ്സ് അറിയാനുള്ള ദൗത്യമായിരുന്നു. ജനങ്ങളിൽനിന്ന് പഠിക്കുക, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുക, പാർടി ഘടകങ്ങളുടെയും വർഗ‐ബഹുജന സംഘടനകളുടെയും പ്രവർത്തനം ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുക. ഇതിന് ഊർജം  പകരുന്നതാണ് ഇപ്പോഴത്തെ ബഹുജനസമ്പർക്ക പരിപാടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top