26 December Thursday

ജന്മദിനത്തിലെ ആശങ്കകൾ

സെബാസ്റ്റ്യൻ പോൾUpdated: Tuesday Nov 26, 2024

 

ഐവർ ജെന്നിങ്സ് ബാലമരണത്തിനു വിധിച്ച നമ്മുടെ ഭരണഘടന ഇന്ന് 75 വർഷം പൂർത്തിയാക്കുന്നു. മാരകമായ രോഗപീഡകളെയും അപകടങ്ങളെയും ജനമാകുന്ന നല്ല വൈദ്യന്റെ ചികിത്സകൊണ്ടും പരിലാളനകൊണ്ടും അതിജീവിച്ചുകൊണ്ടാണ് റിപ്പബ്ളിക്കിന്റെ നിലനിൽപ്പിന് ആധാരമായ ഭരണഘടന ജന്മദിനമാഘോഷിക്കുന്നത്. ഭരണസംവിധാനത്തിന്റെ ഘടന നിശ്ചയിക്കുന്നതിനൊപ്പം വ്യക്തിയുടെ അന്തസ്സും സ്വാതന്ത്ര്യവും അവകാശങ്ങളും ഉച്ചൈസ്‌തരം പ്രഘോഷിക്കുകകൂടി ചെയ്യുന്നു എന്നതിലാണ് നമ്മുടെ ഭരണഘടനയുടെ മഹത്വം കുടിയിരിക്കുന്നത്. ചാതുർവർണ്യത്തിന്റെ ചാവുനിലങ്ങളിൽ ജന്മത്തെ അടിസ്ഥാനമാക്കി മനുഷ്യനെ ചവിട്ടിത്താഴ്‌ത്താൻ ശ്രമിക്കുന്നവർക്ക് ഫ്രഞ്ച് വിപ്ലവകാരികളിൽനിന്ന് ജവാഹർലാൽ നെഹ്റു കടംകൊണ്ട സ്വാതന്ത്ര്യം,​ സമത്വം,​ സാഹോദര്യം എന്നീ മാനവമൂല്യങ്ങളുടെ അർഥം മനസ്സിലാകില്ല. അവയ്‌ക്കൊപ്പം നമ്മൾ കൂട്ടിച്ചേർത്ത ധർമമാണ് നീതി. ഈ മൂല്യങ്ങളാൽ അലംകൃതമാണ് ഭരണഘടനയുടെ പൂമുഖം. ഭരണഘടനയുടെ പിതാവെന്ന് ആദരപൂർവം വിളിക്കപ്പെടുന്ന അംബേദ്കർ ഭരണഘടനാപരമായ ധാർമികതയുടെ അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നതും ഈ മൂല്യങ്ങൾതന്നെ.

ഇന്ത്യൻ ജനതയെയാണ് ഭരണഘടനയുടെ സ്രഷ്ടാക്കളായി ഭരണഘടനാശിൽപ്പികൾ കണ്ടത്. സൃഷ്ടി,​ സ്ഥിതി,​ സംഹാരം എന്നിവ ശക്തിയുടെ മൂന്നു വശങ്ങളാണ്. ഇവ മൂന്നും ഭരണഘടന അനുഭവിച്ചു. ഭരണകൂടത്തിന്റെ അത്യാചാരം നിമിത്തം മാത്രമല്ല, നമ്മുടെ ഗുണദോഷവിചിന്തനത്തിന്റെ പോരായ്‌മകൊണ്ടും ഭരണഘടന വെല്ലുവിളികളെ നേരിടേണ്ടിവന്നിട്ടുണ്ട്. സൃഷ്ടിയുടെ കരുത്ത് സംഹാരശക്തിയെ അതിജീവിച്ച് സ്ഥിതി നിലനിർത്തുന്നത് നമ്മുടെ ഭാഗ്യം. ഭൂരിപക്ഷഭരണമല്ല,​ ഭരണഘടനാപരമായ ഭരണമാണ് ജനാധിപത്യഭരണം സ്വമേധയാ സ്വീകരിച്ചതിലൂടെ നമ്മൾ ലക്ഷ്യമാക്കിയത്. അമേരിക്കൻ മോഡലിലുള്ള പ്രസിഡൻഷ്യൽ രീതിക്കു പകരം ബ്രിട്ടീഷ് മാതൃകയിലുള്ള പാർലമെന്ററി രീതി നമ്മൾ സ്വീകരിച്ചത് ഇന്ത്യയുടെ വിസ്‌മയകരമായ വൈവിധ്യത്തെ ഉൾക്കൊള്ളുന്നതിനുവേണ്ടിയായിരുന്നു. ബ്രിട്ടന്റെ നേരിട്ടുള്ള ഭരണം നടക്കുന്ന പ്രദേശത്തിനു പുറമേ 600 നാട്ടുരാജ്യംകൂടി ചേർന്നതായിരുന്നു ഭരണഘടന തയ്യാറാക്കാൻ സമ്മേളിച്ചപ്പോൾ നാമറിഞ്ഞ ഇന്ത്യ. ഫെഡറലിസം എന്ന രാഷ്ട്രതത്വത്തിന്റെ പരാമർശമില്ലാതെയുള്ള സ്വീകാര്യത്തിലൂടെ കേന്ദ്രത്തിന്‌ സ്വേച്ഛാപരമായി മെതിക്കാനോ മേയ്‌ക്കാനോ ഉള്ളതല്ല സംസ്ഥാനങ്ങൾ എന്ന പ്രഖ്യാപനമാണ് ഭരണഘടന നടത്തിയത്. സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ എന്ന ഭാരതം എന്ന പ്രഖ്യാപനത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. 1973ലെ കേശവാനന്ദ ഭാരതി കേസിൽ പാർലമെന്ററി ഭൂരിപക്ഷംകൊണ്ട് തകർക്കാൻ കഴിയാത്ത അടിസ്ഥാന ഘടനയുടെ ഭാഗമാണ് ഫെഡറലിസം എന്ന്‌ സുപ്രീംകോടതി  പ്രഖ്യാപിക്കുകയും ചെയ്‌തു.

ഏകപൗരത്വവും ഉപാധികളില്ലാതെയുള്ള സാർവത്രിക  വോട്ടവകാശവും നൽകി പ്രജയെ പൗരനാക്കിയ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക്,​ മതാടിസ്ഥാനത്തിലായാലും അല്ലാതെയായാലും,​ അവശതയും അരക്ഷിതാവസ്ഥയും ഉണ്ടാകരുതെന്ന കാര്യത്തിൽ പ്രത്യേകമായ കരുതൽ കാണിക്കുന്നു. ആത്യന്തിക അപഗ്രഥനത്തിൽ നമ്മുടെ ഭരണഘടന വ്യക്തികേന്ദ്രീകൃതമാണ്. അന്നത്തെ 1,​17,​369 വാക്കുകളുടെ സാരാംശം അനുച്ഛേദം 21ലെ പതിനെട്ട് വാക്കുകളിൽ അടക്കിയിരിക്കുന്നു. സ്വാതന്ത്ര്യത്തോടെ അന്തസ്സായി ജീവിക്കുന്നതിനുള്ള അവകാശം പൗരസമൂഹത്തിനു മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. അത് സമസ്‌ത മാനവർക്കും നൽകുന്ന ഉറപ്പാണ്. മാനവസാഹോദര്യത്തിന്റെ ഭോജനശാലയിലെ വറ്റാത്ത അക്ഷയപാത്രമാണ് അനുച്ഛേദം 21. സ്വകാര്യത വ്യക്തിയുടെ അന്തസ്സിനും മൂല്യവത്തായ ജീവിതത്തിനും അനിവാര്യമാണെന്നു കണ്ടപ്പോൾ നാം അത് കണ്ടെത്തിയത് ആ പാത്രത്തിൽനിന്നായിരുന്നു.

സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യയെങ്കിൽ സംസ്ഥാനങ്ങളില്ലെങ്കിൽ ഇന്ത്യയില്ല. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശമാണ് ഭരണഘടനയുടെ പ്രഖ്യാപനം. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ കൃത്യമായി നിർവചിച്ചിട്ടുള്ള ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളോട് പെരുമാറേണ്ടതെങ്ങനെയെന്ന് യൂണിയൻ ഇനിയും കൃത്യമായി പഠിച്ചിട്ടില്ല. ബ്രിട്ടീഷ് ഭരണത്തിന്റെ തുടർച്ചയല്ല ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറൽ സംവിധാനത്തിലെ യൂണിയൻ ഗവൺമെന്റ്‌. യൂണിയന് കപ്പം കൊടുക്കുന്ന സാമന്തദേശങ്ങളല്ല  സംസ്ഥാനങ്ങൾ. സംസ്ഥാനങ്ങളിൽനിന്ന് ശേഖരിക്കുന്നത് നിശ്ചിത അനുപാതത്തിൽ സംസ്ഥാനങ്ങൾക്ക് തിരികെക്കൊടുക്കാൻ യൂണിയൻ ബാധ്യസ്ഥം. അതിന് ഭിക്ഷാപാത്രവുമായി സംസ്ഥാനങ്ങൾ ഡൽഹിയിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാകരുത്. കേന്ദ്രസഹായം എന്ന പദംതന്നെ ​ഫെഡറലിസത്തിന്റെ പദാവലിക്ക് യോജിച്ചതല്ല.

ഫ്രീഡം ഓഫ് സ്‌പീച്ച് പ്രഖ്യാപിത തത്വമാണ്. ഫ്രീഡം ആഫ്ടർ സ്‌പീച്ച് സംശയാസ്പദമാണ്. അപകീർത്തി ക്രിമിനൽ കുറ്റമായി തുടരുന്ന സാഹചര്യത്തിൽ പണവും സ്വാധീനവും ഉള്ളവർ പൊലീസിന്റെ സഹായത്തോടെ സ്വതന്ത്രഭാഷണത്തിന് വിഘ്നം സൃഷ്ടിക്കുന്ന അവസ്ഥയുണ്ട്. ശിക്ഷാനിയമത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന വർത്തമാനത്തിലെ രാജ്യദ്രോഹം ന്യായസംഹിതയിൽ ക്രമനമ്പർ മാറ്റി നിലനിർത്തിയിട്ടുണ്ട്. ഭരണഘടനയ്‌ക്ക്‌ നിരക്കാത്ത അപഭ്രംശങ്ങൾ നിമിത്തമാണ് ജനാധിപത്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും സൂചികയിൽ ഇന്ത്യ പിന്നിലാകുന്നത്.വത്തിക്കാനിലൊഴികെ ഒരിടത്തും ഒരു മതത്തിൽപ്പെട്ടവർമാത്രം അധിവസിക്കുന്നുണ്ടാകില്ല. വ്യത്യസ്‌തമതങ്ങളിൽപ്പെട്ടവർ സംഘർഷമില്ലാതെ സഹകരിച്ചു ജീവിക്കുമ്പോഴാണ് മതസൗഹാർദമുണ്ടാകുന്നത്. അത് വ്യക്തികളുടെ ഉത്തരവാദിത്വമാണെങ്കിൽ മതങ്ങളോട് നിർമമത പ്രകടിപ്പിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. സെക്യുലർ ആകാതിരിക്കുകയെന്നത് സമൂഹത്തിനും രാഷ്ട്രത്തിനും അപമാനകരമാണ്. ഫെഡറലിസംപോലെതന്നെ സെക്യുലറിസവും 1976 വരെ ഭരണഘടനയിൽ പരാമർശിച്ചിരുന്നില്ല. പക്ഷേ 1973ൽത്തന്നെ കേശവാനന്ദ ഭാരതി കേസിൽ ഫെഡറലിസത്തോടൊപ്പം സെക്യുലറിസവും ബേസിക് സ്ട്രക്ചറിന്റെ ഭാഗമായി സുപ്രീംകോടതി ഉൾപ്പെടുത്തി. മതനിരപേക്ഷതയുടെ സുഗന്ധമാണ് ഭരണഘടനയിൽ നിറഞ്ഞുനിൽക്കുന്നതെന്നു പറയാൻ ഭരണഘടനയുടെ പ്രാരംഭവായന മതിയാകും.

ഭരണഘടനയുടെ ആമുഖത്തിലെ വി ദ പീപ്പിൾ എന്ന ആമുഖവാക്കുകൾ രാഷ്ട്രത്തിന് ഹൃദിസ്ഥമാണ്. അതിന്റെ അർഥതലങ്ങൾ വിപുലമാണ്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പടുന്നവരാണോ തെരഞ്ഞെടുക്കപ്പെട്ടവരാൽ നിയമിക്കപ്പെടുന്നവരാണോ ജനാധിപത്യത്തിൽ പ്രമുഖസ്ഥാനം വഹിക്കേണ്ടതെന്ന തർക്കമുണ്ട്. ഭരണഘടനയുടെ സൂക്ഷ്‌മ വായന അതിനുള്ള ഉത്തരം നൽകും. ഇന്ദിര ഗാന്ധിയുടെ കാലത്ത് പ്രതിജ്ഞാബദ്ധമായ ജുഡീഷ്യറി എന്ന സിദ്ധാന്തം സിദ്ധാർഥ ശങ്കർ റേ അവതരിപ്പിച്ചു. ഭരണഘടനയോടല്ലാതെ മറ്റാരോടാണ് ജഡ്‌ജിമാർ പ്രതിജ്ഞാബദ്ധരാകേണ്ടത്. വി ദ പീപ്പിൾ എന്ന വാക്കുകൾ വ്യാഖ്യാനിച്ച്‌ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പ്രാമുഖ്യം എന്ന സിദ്ധാന്തം ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ അവതരിപ്പിച്ചു. കേശവാനന്ദ ഭാരതിക്ക് വിരുദ്ധവും ഇന്ദിര ഗാന്ധിയുടെ നിർബന്ധബുദ്ധിക്ക് അനുയോജ്യവുമാണ് ഈ നിലപാട്. കേശവാനന്ദ ഭാരതി കേസിൽ ഇന്ദിര ഗാന്ധിക്ക് അനഭിമതമായ നിലപാട് സ്വീകരിച്ച മൂന്ന് ജഡ്‌ജിമാർക്ക് സ്ഥാനമൊഴിയേണ്ടിവന്നു.

അടിയന്തരാവസ്ഥയെ ന്യായീകരിക്കാതിരുന്ന ജസ്റ്റിസ് ഖന്നയ്‌ക്കും കസേര ഒഴിയേണ്ടിവന്നു. സുപ്രീംകോടതിയിലെ നാല് ജഡ്‌ജിമാരെ രാജിവയ്‌പിക്കുന്നതിനുള്ള അസുലഭാവസരം ഇന്ദിര ഗാന്ധിക്കാണുണ്ടായത്. അടിയന്തരാവസ്ഥയുടെ അന്ധകാരത്തിലേക്ക് രാഷ്ട്രം നിപതിച്ചു. ഭരണഘടന അപകടത്തിലായ ദിവസങ്ങളായിരുന്നു അവ. ഭരണഘടന സംഹാരാവസ്ഥയിലാകുമ്പോൾ സൃഷ്ടി സ്ഥിതി കർത്താക്കൾ ഉണരും. 1977ലെന്നപോലെ 2024ലും ജനങ്ങളുടെ ഉണർവ് ഭരണഘടനയുടെ സംരക്ഷണത്തിനുവേണ്ടിയുള്ള ജാഗ്രതയായിരുന്നു. ജനങ്ങൾക്ക് കാവൽ ഭരണഘടനയാണെങ്കിൽ ഭരണഘടനയ്ക്ക് കാവൽ ജനങ്ങൾതന്നെയാണ്. ഭരണഘടനാദിനത്തിൽ നാം സംഗ്രഹിക്കേണ്ടതായ സുസ്ഥിരതയുടെ സന്ദേശം ഇതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top