26 December Thursday

പ്രയോഗത്തിലാണ്‌ 
ജീവൻ - പി രാജീവ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

എഴുതപ്പെട്ട വാക്കുകളിലെ ആശയങ്ങളും സൗന്ദര്യവും മാത്രമല്ല ഭരണഘടനയുടെ ജീവനും ആയുസ്സും നിർണയിക്കപ്പെടുന്ന ഘടകങ്ങൾ. പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ. ഭരണഘടനയെ അട്ടിമറിക്കാതെതന്നെ അതിന്റെ അന്തസ്സത്തയ്‌ക്ക് കടകവിരുദ്ധമായ പ്രയോഗങ്ങളാൽ ഭരണഘടനയെത്തന്നെ അപ്രസക്തമാക്കാമെന്ന അപകടമുണ്ടെന്ന ഗൗരവമായ നിരീക്ഷണം ഡോ. അംബേദ്കർ നടത്തിയത് ഈ യാഥാർഥ്യംകൂടി തിരിച്ചറിഞ്ഞുകൊണ്ടായിരിക്കും. ഭരണഘടന അസംബ്ലി ഭരണഘടന അംഗീകരിച്ചതിന്റെ 75–--ാം വാർഷികം ആഘോഷിക്കുമ്പോൾ ഈ മുന്നറിയിപ്പിന്  പ്രാധാന്യമേറെ. ഭരണഘടന മാറ്റിയെഴുതാൻ ആവശ്യമായ മൂന്നിൽരണ്ടു ഭൂരിപക്ഷം ഉണ്ടാകുമെന്ന പ്രഖ്യാപനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനം തള്ളിക്കളഞ്ഞതും ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം നൽകാതിരുന്നതും ആശ്വാസകരം. പക്ഷേ, ഭരണഘടനയുടെ അന്തസ്സത്തയ്‌ക്ക് വിരുദ്ധമായ പ്രയോഗങ്ങൾ  ഇല്ലാതാകുമെന്ന്  വ്യാമോഹിക്കരുത്.

ഭരണഘടനയുടെ കാഴ്‌ചപ്പാട് ഉൾക്കൊള്ളലിന്റേതാണെന്ന് ആമുഖത്തിലെ ആദ്യവാക്കായ ‘we’ വ്യക്തമാക്കുന്നു. അമേരിക്കൻ ഭരണഘടനയുടെ ആമുഖത്തിന് സമാനമാണിത്‌.  അമേരിക്കൻ ഭരണഘടന അംഗീകരിക്കുന്ന ഘട്ടത്തിൽ ആമുഖത്തിലെ ‘we’ ആ വാക്ക് സാധാരണ അർഥമാക്കുന്നതുപോലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടിരുന്നില്ല. കറുത്തവംശജരും സ്‌ത്രീകളും നികുതികൊടുക്കാൻ സാമ്പത്തിക സ്ഥിതിയില്ലാത്തവരും ‘we’ യിൽ  ഉൾപ്പെട്ടിരുന്നില്ല. പിന്നീട് അമേരിക്കൻ കോടതികളും കോൺഗ്രസും നടത്തിയ ഇടപെടലാണ് ഉൾക്കൊള്ളലിന്റെ അർഥപരിണതി പ്രയോഗത്തിന് നൽകിയത്. എന്നാൽ, നമ്മുടെ ഭരണഘടന അംഗീകരിക്കുമ്പോൾത്തന്നെ ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും ആമുഖത്തിലെ ‘we’ ഉൾക്കൊണ്ടിരുന്നു. എന്നാൽ, പലവിധ ഭേദഗതികളും നിയമനിർമാണങ്ങളും വഴി  ഉൾക്കൊള്ളലിനെ ദുർബലപ്പെടുത്താനാണ് ഇപ്പോൾ ശ്രമം. 

രണ്ടുവർഷവും 11 മാസവും 17 ദിവസവുമായിരുന്നു ഭരണഘടനാ രൂപീകരണത്തിനായി എടുത്ത കാലാവധി. 11 സെഷനിലായി 165 ദിവസത്തെ സിറ്റിങ്. അതിൽ 114 ദിവസവും കരട്‌ ഭരണഘടനയുടെ വ്യത്യസ്‌ത വായനകൾക്കാണ്‌ ചെലവഴിച്ചത്‌. 1947 ആഗസ്‌ത്‌ 29നാണ്‌ കരട്‌ സമിതി രൂപീകരിക്കുന്നത്‌. 1948 ഫെബ്രുവരിയിൽ ആദ്യകരട്‌ പ്രസിദ്ധീകരിച്ചു. അതിനെ അടിസ്ഥാനമാക്കി പൊതുസമൂഹത്തിന്‌ അഭിപ്രായങ്ങളും ഭേദഗതികളും നിർദേശിക്കാൻ സമയം നൽകി. അവ പരിശോധിച്ച്‌ ഒക്‌ടോബറിൽ രണ്ടാം കരട്‌ പ്രസിദ്ധപ്പെടുത്തി. കരട്‌ ഭരണഘടനയുടെ ഒന്നാംവായന 1948 നവംബർ നാലിനായിരുന്നു. രണ്ടാംവായന 1948 നവംബർ 15 മുതൽ 1949 ഒക്‌ടോബർ 17 വരെയും. ഓരോ ആർട്ടിക്കിളും ഇഴകീറി പരിശോധിച്ചു. 1949 നവംബർ 14 മുതൽ 26 വരെ  മൂന്നാംവായനയും പൂർത്തിയാക്കി ഭരണഘടനയ്‌ക്ക്‌ അംഗീകാരം നൽകി. 7635 ഭേദഗതിയാണ്‌  അവതരിപ്പിച്ചത്‌. അതിൽ 2473 ഭേദഗതി  ചർച്ച ചെയ്‌ത്‌ അംഗീകരിച്ചു. പതിനെട്ടു ഭാഗങ്ങളിൽ 395 ആർട്ടിക്കിളും എട്ട്‌ ഷെഡ്യൂളുമായി ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയ്‌ക്കാണ്‌ അസംബ്ലി അംഗീകാരം നൽകിയത്‌.


 

ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നത്. മതനിരപേക്ഷത അതിന്റെ മുഖമുദ്രയാണ്. പൗരത്വത്തിന് മതപരമായ വിവേചനമില്ലാതിരിക്കേണ്ടത് മതനിരപേക്ഷതയുടെ മുന്നുപാധിയാണ്. എപ്പോൾ മതം പൗരത്വത്തിന്റെ മാനദണ്ഡമാകുന്നോ അപ്പോൾ മതനിരപേക്ഷതയിൽനിന്ന്‌ മതരാഷ്ട്രത്തിലേക്കുള്ള യാത്രയാരംഭിക്കുന്നു. മതനിരപേക്ഷ റിപ്പബ്ലിക്കിൽ നീതിപീഠത്തിന് വെളിച്ചം പകരേണ്ടത് ഭരണഘടനയും നിയമസംഹിതയുമാണ്. മതത്തിനോ വിശ്വാസത്തിനോ അവിടെ ഇടമില്ല. മതരാഷ്ട്രങ്ങളിൽ വിശ്വാസസംഹിതകളും രീതികളും നീതിയെ നിർണയിക്കുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട കേസിൽ വിധിയെഴുതാൻ പ്രാർഥനയാണ് വെളിച്ചം നൽകിയതെന്ന് ഒരു ന്യായാധിപൻതന്നെ വ്യക്തമാക്കുമ്പോൾ ഭരണഘടനതന്നെ വെല്ലുവിളിക്കപ്പെടുന്നു.

ഫെഡറലിസം എന്ന കാഴ്ചപ്പാട്‌ ഭരണഘടന അതിമനോഹരമായി ഒന്നാം ആർട്ടിക്കിളിൽത്തന്നെ അവതരിപ്പിക്കുന്നു. ‘India that is Bharat shall be a union of states’ എന്നതിൽ എല്ലാം സ്വാംശീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ മുകളിലുള്ള യൂണിയനായല്ല, സംസ്ഥാനങ്ങളുടെ യൂണിയനായാണ് ഇന്ത്യയെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് കേന്ദ്രീകരണത്തിന്റെ ഉപകരണമല്ല. അതുകൊണ്ടുകൂടിയാണ് ഭരണഘടനയിൽ കേന്ദ്ര ഗവൺമെന്റ്‌ എന്ന പദം ഉപയോഗിക്കാതിരിക്കുന്നതും പകരം യൂണിയൻ ഗവൺമെന്റ് എന്ന് പ്രയോഗിക്കുന്നതും. എന്നാൽ, ഇന്ന് പ്രയോഗത്തിൽ കേന്ദ്രീകരണം ശക്തിപ്പെടുന്നു. സംസ്ഥാനങ്ങൾ സാമന്ത രാജ്യങ്ങളായിമാത്രം പലപ്പോഴും പരിഗണിക്കപ്പെടുന്നു. സംസ്ഥാന നിയമസഭകളുടെയും പാർലമെന്റിന്റെയും നിയമനിർമാണ അധികാരങ്ങൾ സംസ്ഥാന ലിസ്റ്റിലും യൂണിയൻ ലിസ്റ്റിലും വ്യക്തമാക്കുന്നു. അതനുസരിച്ച് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി നിശ്ചയിക്കാൻ നിയമസഭകൾക്കും രാജ്യത്തിന്റെ കടപരിധി നിശ്ചയിക്കാൻ പാർലമെന്റിനുമാണ് അധികാരം. എന്നാൽ. ഇപ്പോൾ പ്രയോഗത്തിൽ എല്ലാ അധികാരവും യൂണിയൻ ഗവൺമെന്റിനായി മാറിയിരിക്കുന്നു. സംസ്ഥാനങ്ങളുടെ വിഭവസമാഹരണത്തിന്‌ ഭരണഘടന ഉറപ്പു നൽകിയ നികുതി പിരിക്കാനുള്ള അധികാരവും ജിഎസ്ടി കൗൺസിൽ വഴി കവർന്നെടുത്തു. ഇരുകൂട്ടർക്കും അധികാരമുള്ള മേഖലകളിൽ സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങൾ കേന്ദ്ര നിയമങ്ങളിലെ വകുപ്പുകളുമായി വൈരുധ്യമുണ്ടായാൽ കേന്ദ്ര നിയമമായിരിക്കും ശരിയെന്ന് ഭരണഘടന വ്യക്തമാക്കുന്നു. എന്നാൽ, പാർലമെന്റ്‌ നിർമിക്കുന്ന നിയമങ്ങൾ (Law made by the Parliament) എന്ന് വളരെ വ്യക്തമായി തന്നെ ഭരണഘടന പറയുന്നു. എങ്ങനെയാണ് പാർലമെന്റ്‌ നിയമനിർമാണം നടത്തേണ്ടതെന്ന് വളരെ വിശദമായി ഭരണഘടന വ്യക്തമാക്കുന്നു. അതിനെ അടിസ്ഥാനമാക്കി മൂന്നു വായനകളിലൂടെയും ആവശ്യമാണെങ്കിൽ പൊതുജനങ്ങളിൽനിന്ന്‌ അഭിപ്രായം തേടുന്ന സെലക്ട് കമ്മിറ്റി പരിശോധനകളിലൂടെയും നിർമിക്കുന്നതാണ് ഓരോ നിയമവും. ഈ നിയമം നൽകുന്ന അധികാരം വഴിയാണ് എക്‌സിക്യൂട്ടീവിന് ചട്ടം നിർമിക്കുന്നത്. അവ പാർലമെന്റിന്റെ മേശപ്പുറത്ത് വയ്‌ക്കുക മാത്രമാണ് ചെയ്യുന്നത്.


 

പ്രമേയം വഴി ചട്ടം ഭേദഗതി ചെയ്യാനോ നിരാകരിക്കാനോ പാർലമെന്റിനുള്ള അവകാശം അത്യപൂർവ സന്ദർഭങ്ങളിൽമാത്രം നടക്കുന്നതാണ്. പക്ഷേ, ഭരണഘടന അനുശാസിക്കുംവിധം സംസ്ഥാന നിയമസഭ നിർമിക്കുന്ന അധികാരങ്ങൾക്ക് മുകളിലാണ് ചട്ടമെന്ന് വന്നാൽ ഫെഡറലിസത്തെ മാത്രമല്ല ജനാധിപത്യത്തെയും ദുർബലമാക്കും.  ഭരണഘടന രാഷ്ട്രഭാഷയെ അംഗീകരിക്കുന്നില്ല. ഇംഗ്ലീഷും ഹിന്ദിയും ഔദ്യോഗികഭാഷകളാണ്. ഭരണഘടനയിൽ പ്രാദേശിക ഭാഷകളില്ല. ഭരണഘടന അംഗീകരിച്ച് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഭാഷകൾക്കും അതിന്റേതായ ഭരണഘടനാ പ്രാധാന്യമുണ്ട്. എന്നാൽ, പ്രയോഗത്തിൽ ഇതെല്ലാം അപ്രസക്തമാകുന്നു. സുപ്രീംകോടതിയുടെയും സർക്കാരുകളുടെ ആശയവിനിമയത്തിന്റെയും നിയമനിർമാണത്തിന്റെയും ഭാഷയായി ഭരണഘടന ഇംഗ്ലീഷിനെ അംഗീകരിക്കുമ്പോൾ പാർലമെന്റിൽ ഇംഗ്ലീഷിൽ മറുപടി ലഭിക്കാൻ എംപിമാർ പ്രതിഷേധിക്കേണ്ടിവരുന്നു. നിയമങ്ങളുടെ പേരുകളിൽപ്പോലും ഹിന്ദി അടിച്ചേൽപ്പിക്കുന്നു.

ഭരണഘടന സോഷ്യലിസം അടിസ്ഥാനശിലയായി കാണുന്നു. സമ്പദ്ഘടനയുടെ പ്രവർത്തനം സമ്പത്തിന്റെ കേന്ദ്രീകരണത്തിലേക്ക് നയിക്കരുതെന്ന് ഭരണഘടന അനുശാസിക്കുന്നു. പ്രയോഗത്തിൽ സമ്പത്തിന്റെ കേന്ദ്രീകരണവും പാപ്പരീകരണവും ശക്തിപ്പെടുന്നു. ഏതൊരു സംസ്ഥാനത്തെയും ഒന്നിച്ചോ വിഭജിച്ചോ എപ്പോൾ വേണമെങ്കിലും കേന്ദ്രഭരണ പ്രദേശമാക്കാമെന്ന് ജമ്മു കശ്‌മീരിൽ തെളിയിച്ചു. എന്നാൽ, അക്കാര്യത്തിൽമാത്രം നിലപാട് വ്യക്തമാക്കാത്ത ഉന്നതനീതിപീഠം അനിശ്ചിതത്വത്തിന്റെ വാതിൽ തുറന്നിടാൻ സമ്മതിച്ചു. ഇങ്ങനെയുള്ള നിരവധി നടപടികൾ വഴി ഭരണഘടനയെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ സംരക്ഷണമാണ് ഓരോ ഇന്ത്യക്കാരനും ഈ വാർഷികത്തിൽ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top