26 December Thursday

സോഷ്യലിസം, മതനിരപേക്ഷത

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

 

ഭരണഘടന ആരുടെ 
ആശയം
ഇന്ത്യയിലെ പരമോന്നത നിയമമാണ് ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്‌ട്രീയ തത്വങ്ങളുടെ നിർവചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരരുടെ മൗലികാവകാശങ്ങൾ, കടമകൾ, രാജ്യഭരണത്തിനായുള്ള നിർദേശകതത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്‌ക്കുന്നു. പരമാധികാര രാഷ്‌ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ ഏറ്റവും വലുതാണ് ഇന്ത്യൻ ഭരണഘടന. ഡോ. ബി ആർ അംബേദ്കറെ ഭരണഘടനാശിൽപ്പി എന്ന് വിശേഷിപ്പിക്കുന്നു.    ഇന്ത്യക്ക്‌ സ്വന്തമായി ഒരു ഭരണഘടനയെന്ന ആശയം അവതരിപ്പിച്ചത് കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന എം എൻ റോയ് ആയിരുന്നു.

2 വർഷം 11 മാസം,17 ദിവസം
രണ്ടു വർഷവും 11 മാസവും 17 ദിവസവും കൊണ്ടാണ് ഭരണഘടന തയ്യാറാക്കിയത്. സഭയുടെ പ്രവർത്തനത്തിന് അഞ്ച് ഘട്ടമുണ്ടായിരുന്നു. വിവിധ വിഷയങ്ങളിൽ വിവിധ കമ്മിറ്റികൾ റിപ്പോർട്ട് അവതരിപ്പിച്ചു. 11 തവണയായി 165 ദിവസം സഭ സമ്മേളിച്ചു. ഇതിൽ 101 ദിവസം ഭരണഘടനയുടെ കരടിനെ ആധാരമാക്കിയുള്ള ആഴത്തിലുള്ള ചർച്ചകളുടേതായിരുന്നു. ആദ്യ കരട് തയ്യാറാക്കിയത് ബി എൻ റാവുവിന്റെ കീഴിലാണ്. ഇത് 1947 ഒക്ടോബറിൽ പുറത്തുവന്നു. എന്നാൽ, അതിനുമുമ്പ് ആഗസ്ത്‌ 29ന് അംബേദ്കർ ചെയർമാനായി ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. അംബേദ്കറുടെ നേതൃത്വത്തിൽ ഡ്രാഫ്റ്റിങ്‌ കമ്മിറ്റി ഭരണഘടനയുടെ കരട് 1948 ഫെബ്രുവരി 21ന് ഭരണഘടനാ നിർമാണസഭയുടെ അധ്യക്ഷനായ ഡോ. രാജേന്ദ്ര പ്രസാദിന് സമർപ്പിച്ചു. ഇത് പൊതുചർച്ചയ്‌ക്കായി പരസ്യപ്പെടുത്തി.  

ഭരണഘടനാ ദിനം
1949 നവംബർ 26-ന്‌ ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ചു. ഇതിന്റെ ഓർമയ്ക്കായി എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാദിനമായി ആചരിക്കുന്നു.    1950 ജനുവരി 24ന് ഭരണഘടനാ നിർമാണസഭയുടെ അവസാന സമ്മേളനത്തിൽ ഭരണഘടനയിൽ ഒപ്പുവച്ചു. ജനുവരി 26ന് ഭരണഘടന പ്രാബല്യത്തിൽ വന്നു, ഇന്ത്യ റിപ്പബ്ലിക്കാകുകയും ചെയ്തു. ഭരണഘടനയിൽ 22 അധ്യായവും (Parts) 395 അനുച്ഛേദവും (Articles) എട്ട് ഷെഡ്യൂളുമാണുണ്ടായിരുന്നത്. സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തിൽ അധിഷ്ഠിതമായ പാർലമെന്ററി ഭരണസംവിധാനവും സ്വീകരിച്ചു.

നിർമാണസഭ
1946-ലെ ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ്‌ ഭരണഘടനാ നിർമാണസഭ രൂപീകരിക്കുന്നത്. ആനുപാതിക പ്രാതിനിധ്യത്തിന്റെ ഒരു കൈമാറ്റം ചെയ്യാവുന്ന വോട്ട് രീതിയിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. തുടക്കത്തിൽ 389 പേർ അംഗങ്ങളായി. 1946 ഡിസംബർ ഒമ്പതിന് ആദ്യമായി യോഗം ചേർന്നു. വിഭജനം ആവശ്യപ്പെട്ട് ആദ്യ യോഗം മുസ്ലിംലീഗ് അംഗങ്ങൾ ബഹിഷ്‌കരിച്ചു. രാജ്യം ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ട ശേഷം അംഗങ്ങളുടെ എണ്ണം 299 ആയി. ഇതിൽ 229 പേർ ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളിൽനിന്നുള്ളവരും 70 പേർ നാട്ടുരാജ്യങ്ങളിൽനിന്നുള്ളവരുമായിരുന്നു. ഏറ്റവും പ്രായം കൂടിയ അംഗമായ സച്ചിദാനന്ദ സിൻഹ സഭയുടെ ആദ്യ ചെയർമാനായി (താൽക്കാലികം).

1946 ഡിസംബർ 11-ന് ‍ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായും ഹരേന്ദ്രകുമാർ മുഖർജിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ബി എൻ റാവുവിനെ ഭരണഘടനാ ഉപദേഷ്ടാവാക്കി.

മൗലിക ചുമതലകൾ 
(അനുച്ഛേദം 51എ)
ഭരണഘടനയുടെ 42–--ാം ഭേദഗതിയനുസരിച്ച് മൗലികാവകാശങ്ങളോടൊപ്പം മൗലിക ചുമതലകളുമുണ്ട്. ഭരണഘടനയെ അനുസരിക്കുക, ശാസ്‌ത്രീയ വീക്ഷണവും മാനവികതയും അന്വേഷണാത്മകതയും പരിഷ്‌കരണത്വരയും വികസിപ്പിക്കുക, പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക, ദേശീയപതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക, സ്വാതന്ത്ര്യസമരത്തിന് ഉത്തേജനം പകർന്ന ഉന്നത ആദർശങ്ങളെ പിന്തുടരുക, പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക, രാജ്യരക്ഷയ്ക്കും രാഷ്ട്രസേവനത്തിനും തയ്യാറാകുക, മതം, ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുധ്യങ്ങൾക്കതീതമായി സാഹോദര്യം വളർത്താൻ ശ്രമിക്കുക, പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, ജീവനുള്ളവയോടെല്ലാം അനുകമ്പ കാട്ടുക, എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക തുടങ്ങിയവയാണ് പൗരന്റെ കടമകൾ.

പരമാധികാര സോഷ്യലിസ്റ്റ് 
മതനിരപേക്ഷ ജനാധിപത്യ 
റിപ്പബ്ലിക്
ഏകാത്മ(unity) സ്വഭാവം ഉൾക്കൊള്ളുന്ന ഫെഡറൽ ഘടനയാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത്‌.സോഷ്യലിസം, മതനിരപേക്ഷത, രാഷ്ട്രത്തിന്റെ ഐക്യം എന്നീ ആശയങ്ങൾ 1976ലെ 42–--ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ആമുഖത്തിൽ ഉൾപ്പെടുത്തിയത്.

 

മൗലിക അവകാശങ്ങൾ 
(അനുച്ഛേദം 14–-35)

സമത്വത്തിനുള്ള 
അവകാശം (14–--18)
നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണ്. മതം, വർഗം, ജാതി, ജന്മസ്ഥലം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല.

സ്വാതന്ത്ര്യത്തിനുള്ള 
അവകാശം (19–--22)
ആശയപ്രകടനം, സംഘടിക്കൽ, ഇന്ത്യയിലെവിടെയും സഞ്ചാരവും താമസവും, ഏത് തൊഴിലും സ്വീകരിക്കൽ എന്നി

 വയ്ക്കുള്ള സ്വാതന്ത്ര്യം.

ചൂഷണത്തിനെതിരായ അവകാശം (23, 24)
നിർബന്ധിതമായി ജോലിയെടുപ്പിക്കുന്നതും 14 വയസ്സിൽ താഴെയുള്ള കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതും അടിമക്കച്ചവടവും നിരോധിക്കുന്ന വകുപ്പ്.

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (25-–-28)
എല്ലാ പൗരന്മാർക്കും ഏതു മതത്തിലും വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്.

സാംസ്കാരികവും 
വിദ്യാഭ്യാസപരവുമായ 
അവകാശം (29, 30)

ഏതു വിഭാഗത്തിനും അവരുടെ സംസ്കാരവും ഭാഷയും ലിപിയും നിലനിർത്താനും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുമുള്ള അവകാശം.

ഭരണഘടനാപരമായ 
അവകാശങ്ങൾക്കുള്ള 
അവകാശം (32-–-35)
ഏതൊരു പൗരനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ നേടുന്നതിനുള്ള അവകാശം. ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്നു വിശേഷിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top