എം ടി വാസുദേവൻനായരുടെ രചനാഭംഗി തികഞ്ഞ ലേഖനങ്ങളിലൊന്ന് എന്ന നിലയിൽ ആവർത്തിച്ചുള്ള വായനയ്‌ക്ക് പ്രേരിപ്പിക്കാറുണ്ട് ‘കണ്ണാന്തളിപ്പൂക്കളുടെ കാലം'. എന്താണ് ആ ലേഖനത്തിന്റെ അഥവാ ഉപന്യാസത്തിന്റെ ഉള്ളടക്കം? മനോഹരമായ ആ ശീർഷകം സൂചിപ്പിക്കുംപോലെ കണ്ണാന്തളിപ്പൂക്കളെപ്പറ്റിയും അവയുടെ തിരോധാനത്തെപ്പറ്റിയും മാത്രമാണോ അത്? അല്ലേയല്ല. ബാല്യം, ബാല്യത്തിലെ ഓണം എന്നിങ്ങനെ ചില ഇളംനിറങ്ങളുടെ ഗൃഹാതുരശോഭ കലർത്തിയാണ് എം ടി കണ്ണാന്തളിപ്പൂക്കളുടെ ചിത്രം വരയുന്നത്. എന്നാൽ, അതൊന്നുമല്ല ആ ഗദ്യശിൽപ്പം നിവേദിക്കുന്ന പ്രധാനാശയവും അനുഭവവും. അത് വിശപ്പാണ്. വേണമെങ്കിൽ ഒന്നുകൂടി ഇതിനോട് കൂട്ടിച്ചേർക്കാം, അത് കുഞ്ഞമ്മാമ എന്ന സ്നേഹോദാരനായ മനുഷ്യന്റെ, ‘നാളികേരപാകം' എന്നു പറയാവുന്ന വ്യക്തിചിത്രമാണ്.
കുഞ്ഞമ്മാമയുടെ കഥയിലും ‘വിശപ്പ്' ഒരു കഥാപാത്രമായതിനാൽ ആ അദൃശ്യനായകനെയോ പ്രതിനായകനെയോ ചുറ്റിപ്പറ്റിയാണ് ‘കണ്ണാന്തളിപ്പൂക്കൾ' വികസിക്കുന്നത് എന്നു പറയാം. ഒരു ചെറുകഥയുടെ കാര്യത്തിലാണെങ്കിൽ അതിന്റെ ക്രാഫ്റ്റിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് വിചാരിക്കാം. ഒരു ലേഖനത്തിലോ ഉപന്യാസത്തിലോ ഇത്തരം ശിൽപ്പപ്പെടുത്തൽ അസാധാരണമായതുകൊണ്ടുകൂടിയാണ് ഈ എം ടി ലേഖനം അത്രമേൽ ശ്രദ്ധേയമാകുന്നത്.കണ്ണാന്തളിപ്പൂക്കളെക്കുറിച്ചും കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ചുമുള്ള കാൽപ്പനികഗദ്യം വിശപ്പിന്റെ ദാരുണകഥനമായും ജീവിതകഥനമായും മാറുന്ന സന്ധിയിലാണ് എം ടി തന്റെ ഉപന്യാസത്തെ, അതിനിപുണനായ ഒരു കാഥികന്റെ ചാതുരിയോടെ, മറ്റൊരു വിതാനത്തിലേക്ക് ഉയർത്തുന്നത്. ആ ലേഖനഭാഗം ഇവിടെ എടുത്തെഴുതാം.
‘‘വടക്കേപ്പാടത്തെ നെല്ല് പാലുറയ്‌ക്കാൻ തുടങ്ങുമ്പോൾ താന്നിക്കുന്നുതൊട്ട് പറക്കുളം മേച്ചിൽപ്പുറംവരെ കണ്ണാന്തളിച്ചെടികൾ തഴച്ചുവളർന്നുകഴിയും. ഇളംറോസ് നിറത്തിലുള്ള പൂക്കൾ തലകാട്ടിത്തുടങ്ങും. ആ പൂക്കളുടെ നിറവും ഗന്ധവുംതന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും, പൂക്കളുടെയും ചോറിന്റെയും സമൃദ്ധിക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ മാസമാണ് ഞങ്ങൾക്കു കർക്കടകം’.
ഇങ്ങനെ, പൂവിനെയും ചോറിനെയും ചേർത്തുനിർത്തുന്ന മറ്റൊരു സന്ദർഭമുണ്ടാകില്ല മലയാളസാഹിത്യത്തിലെന്നാണ് എന്റെ തോന്നൽ. അസാധാരണമായ ഒരു ഭാവനാവ്യാപാരത്തിന്റെയോ മാനസികവ്യാപാരത്തിന്റെയോ ഫലമായി അവ സമീകരിക്കപ്പെടുന്നു. കണ്ണാന്തളിപ്പൂക്കളുടെ കാൽപ്പനികയാഥാർഥ്യം, പുന്നെല്ലരിയുടെ ചോറ് എന്ന ജീവിതയാഥാർഥ്യവുമായി അന്വയിക്കപ്പെടുന്നു. അങ്ങനെ കാൽപ്പനികതയെന്ന ത്രാസിന്റെ മറ്റേത്തട്ട് ചോറിന്റെയും വിശപ്പിന്റെയും കനത്താൽ പുതിയൊരു സന്തുലനം കൈവരിക്കുകയും ഒരു തട്ടിൽ പൂവും മറുതട്ടിൽ പുന്നെല്ലരിയുടെ ചോറും വച്ചുകൊണ്ടുള്ള ഒരപൂർവ തുലാഭാരമായി അത് മാറുകയും ചെയ്യുന്നു.
ഇതിന് ‘കാൽപ്പനികറിയലിസം' എന്നു പേരിടാമോ എന്നെനിക്കറിയില്ല. അതെന്തായാലും, ‘അസ്സൽ ചൊറിത്തവളകളുള്ള ഭാവനോദ്യാനങ്ങളാ'യി (imaginary gardens with real toads in them) കവിതയെ നിർവചിച്ച മരിയൻ മൂറിനുകൂടി സമ്മതമാകാനിടയുള്ള ഒരു കലാനിർവചനമായും അതിന്റെ രൂപകമായും മാറുന്നുണ്ട്. ഏകാകികളുടെ ലോകമായും കാത്തിരിപ്പിന്റെ ലോലവിഷാദമായുംമറ്റും എം ടിയുടെ കലയെ വിവരിക്കുമ്പോൾ അതിലെ വിശപ്പിന്റെയും പട്ടിണിയുടെയും പണച്ചുരുക്കത്തിന്റെയും ദാരുണമുദ്രകളെ നമ്മൾ കാണാതെ പോവുകയോ കണ്ടില്ലെന്നു നടിക്കുകയോ ആണ് ചെയ്യുന്നത്.
എം ടി തന്റെ ഓർമക്കുറിപ്പുകളുടെ (memoirs) ആധാരമായി സ്വീകരിച്ചത് നാല് അടിസ്ഥാന ജീവിതാവശ്യങ്ങളെയായിരുന്നു. കഞ്ഞി, കാശ്, കുപ്പായം, കാമം എന്നിങ്ങനെ (ഇതിൽ ‘കാമം' എം ടി എഴുതുകയുണ്ടായില്ല. മറ്റു മൂന്നും എഴുതുകയും ആ ഒന്നുമാത്രം കുസൃതി നിറഞ്ഞ കൗശലത്തോടെ തന്റെ വായനക്കാരിൽ നിന്നൊളിപ്പിക്കുകയും ചെയ്തു!) എം ടിയുടെ കഥനഭാവനയുടെയും ആധാരശിലകളാണ് ഇപ്പറഞ്ഞവ മൂന്നും. ‘കർക്കിടകം' എന്ന ഏറെ പ്രസിദ്ധമായ കഥ ഓർക്കാം; അതിലെ പ്രാരംഭവാക്യങ്ങളിലൊന്നിൽത്തന്നെ ‘വിശപ്പ്' കടന്നുവരുന്നുണ്ട് എന്നും. ‘വാനപ്രസ്ഥ'ത്തിലുമുണ്ട് പ്രാരബ്ധത്തിന്റെ ഒട്ടേറെ പരാമർശങ്ങൾ; ജീപ്പുകൂലിയും ശമ്പളക്കണക്കുംതൊട്ട് പൂജയുടെ ചെലവുവരെ. മൂകാംബികാദേവിയെപ്പറ്റിയുള്ള ഒരു പുസ്തകം, അവിടെ കണ്ടത്, വിലക്കൂടുതൽമൂലം താൻ വാങ്ങിയില്ല എന്നും കരുണൻ മാഷ്. പക്ഷേ, ഇതൊന്നുമല്ല ആദ്യവായനയ്ക്കുശേഷം വർഷങ്ങൾ പിന്നിട്ടിട്ടും എന്റെയുള്ളിൽ ശേഷിക്കുന്നത്. അത് ഈ വാക്യമാണ് ‘വിനോദിനി തുണിസഞ്ചിയും മാസ്റ്ററുടെ തോൽബാഗും എടുത്തുകൊണ്ട് ഇറങ്ങാൻ തുടങ്ങി. ചവിട്ടുപടിമേൽ കാലുറപ്പിക്കാൻ സാരിത്തുമ്പ് ഒതുക്കിപ്പിടിച്ചപ്പോൾ അടിപ്പാവാടയുടെ അറ്റത്തെ കീറിയ ലെയ്സിന്റെ ചിതറിയ അറ്റങ്ങൾ കണ്ടു’.
‘രണ്ടാമൂഴം' എന്ന നോവൽശീർഷകത്തിനുതന്നെ വമ്പിച്ച ധ്വനിമൂല്യമുണ്ട്. മഹാബലനും പാണ്ഡവരുടെ യുദ്ധവിജയത്തിനുപിന്നിലെ കരുത്തിന്റെ വറ്റാത്ത ഉറവിടവുമായിരുന്നിട്ടും എന്നും എവിടെയും രണ്ടാമനാക്കപ്പെടുന്ന ഭീമസേനന്റെ തിരസ്കൃതപൗരുഷത്തിന്റെ ഗാഥയാണ് ആ നോവൽ. താൻ വായുപുത്രനല്ല, മറിച്ച് ചങ്ങലയഴിച്ച ചണ്ഡമാരുതനെപ്പോലെ കരുത്തനായ ഒരു കാട്ടാളന്റെ മകനാണെന്ന അന്തിമമായ വെളിപ്പെടൽ ഇക്കാര്യത്തിൽ നിർണായകമാണ്. ജീവിതത്തിൽ ഭീമനേറ്റ തിരിച്ചടികളും തിരസ്കാരങ്ങളും ആ ബലശാലിയുടെ നിഷാദ പിതൃത്വത്തിനേറ്റ പ്രഹരങ്ങൾകൂടിയായിരുന്നു. ആ അർഥത്തിൽ കാടും കറുപ്പും കരുത്തും പൈതൃകമായവരുടെ രണ്ടാമൂഴത്തിന്റെ കഥകൂടിയാകുന്നു ‘രണ്ടാമൂഴം'.
‘പള്ളിവാളും കാൽച്ചിലമ്പും' എന്ന ചെറുകഥ, അതിന്റെ ചലച്ചിത്രരൂപമായ ‘നിർമാല്യ'വും ഒരേയൊരു കഥനസന്ധിയുടെ അക്രാമകമായ വിധ്വംസകവീര്യത്താലാണ് ഇന്നും ഓർമിക്കപ്പെടുന്നത്. ആജീവനാന്തം സ്വന്തം ചോരകൊണ്ട് തർപ്പണം ചെയ്തിരുന്ന ഭഗവതിയുടെ മുഖത്ത് ആഞ്ഞുതുപ്പുന്ന വെളിച്ചപ്പാടിന്റെ ദൈവധ്വംസകമായ മനുഷ്യക്രോധമാണത്. മനുഷ്യനെയും അവന്റെ യാതനയെയും ശിലാബിംബത്തിന്റെ മൂകനിസ്സംഗതയ്ക്കുമുകളിൽ പ്രതിഷ്ഠിക്കുന്ന നവോത്ഥാനവീറിന്റെ പെരുംചുവടായിരുന്നു അത്; നോവും പട്ടിണിയും തിന്ന് അസ്ഥിക്കരുത്താർജിച്ച മനുഷ്യന്റെ അന്തിമപ്രതികാരവും!
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..