27 December Friday

കാലമേ നന്ദി - രണ്ടാമൂഴത്തിന്റെ ആദ്യപതിപ്പിന് ഗ്രന്ഥകാരൻ കുറിച്ച മുഖവുരയിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

ഭാരതത്തിലെ കൃഷ്‌ണൻ അത്രയൊന്നും ശക്തനല്ലാത്ത ഒരു ചെറിയ രാജ്യത്തിലെ യുവരാജാവായിരുന്നു. പല യുദ്ധങ്ങളിലും യാദവർ തോറ്റു. ജരാസന്ധനെ ഭയന്ന്‌ മഥുരവിട്ട്‌ ദ്വാരകയിലേക്ക്‌ മാറേണ്ടിവന്നു യാദവർക്ക്‌. മികച്ച തേരാളി, ചക്രയുദ്ധത്തിലെ അതുല്യൻ, മറുനാടുകളുമായുള്ള നയതന്ത്രബന്ധങ്ങളിൽ അതിവിദഗ്ധൻ (ചേരിചേരാനയം അവിടെനിന്ന്‌ തുടങ്ങുന്നു), നിപുണനായ യുദ്ധമർമജ്ഞൻ–-ഇതൊക്കെയാണ്‌ ഭാരതത്തിലെ കൃഷ്‌ണൻ. വിദേശങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച്‌ യാദവരുടെ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കൃഷ്‌ണൻ നിശ്ചയിച്ചതാണ്‌. അച്ഛൻപെങ്ങളുടെ ബന്ധം മാത്രമല്ല, ജരാസന്ധനുമായി ഏറ്റുമുട്ടാൻ പറ്റിയ ഒരു കരുത്തൻ കൂട്ടത്തിലുള്ളതും പാണ്ഡവരോട്‌ കൂടുതലടുക്കാൻ കൃഷ്‌ണനെ പ്രേരിപ്പിച്ചിരിക്കണം. ബ്രാഹ്മണർക്കും ക്ഷത്രീയർക്കും ഒരുപോലെ പ്രിയപ്പെട്ട ആളായിരുന്നു കൃഷ്‌ണൻ. അദ്ദേഹത്തിന്റെ നയതന്ത്രബന്ധങ്ങളുടെ ഏറ്റവും നല്ല തെളിവാണല്ലോ അർജുനന്റെ സുഭദ്രാപരിണയം.

 ഭാരതത്തിലെ കൃഷ്‌ണൻ പലർക്കും വിവാദപുരുഷനാണ്‌. ‘കൊള്ളരുതാത്തവൻ, ധൂർത്തൻ, പാരമ്പര്യമില്ലാത്തവൻ’ എന്നൊക്കെ നിശിതമായി വിമർശിച്ചവരുണ്ട്‌. പ്രൊഫസർ യോഹാൻ ജെ മേയർ അതിൽപ്പെടുന്നു. ഇവിടെ ഭീമന്റെ കാഴ്‌ചപ്പാടിൽ, ഭീമനുമായി ബന്ധപ്പെടുന്ന കൃഷ്‌ണനെ മാത്രമേ ഞാൻ അവതരിപ്പിക്കുന്നുള്ളൂ. അധികം അടുപ്പം സ്ഥാപിക്കാൻ ഭീമൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇഷ്ടമാണ്‌. എങ്കിലും അനുജന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായതുകൊണ്ടാകാം, അൽപ്പം അകന്നുനിൽക്കുകയാണ്‌ ഭീമന്റെ പതിവ്‌. അർഹിക്കുന്ന ബഹുമാനം കൃഷ്‌ണൻ എപ്പോഴും ഭീമന്‌ നൽകുന്നുമുണ്ട്‌.

മഹാഭാരതത്തിലെ ചില മാനുഷികപ്രതിസന്ധികളാണ്‌ എന്റെ പ്രമേയം. ആ വഴിക്ക്‌ ചിന്തിക്കാൻ അർഥഗർഭമായ നിശബ്ദതകൾ കഥപറയുന്നതിനിടയ്‌ക്ക്‌ കരുതിവച്ച കൃഷ്‌ണദ്വൈപായനന്‌ പ്രണാമങ്ങൾ. ശിഥിലമായ കുടുംബബന്ധങ്ങളും അവയ്‌ക്കിടയിൽപ്പെട്ട മനുഷ്യരും എന്റെ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മുമ്പ്‌ എനിക്ക്‌ വിഷയമായിട്ടുണ്ട്‌. കുറേക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബകഥയാണ്‌ ഞാൻ ഇവിടെ പറയുന്നത്‌ എന്ന വ്യത്യാസമേയുള്ളൂ.

1977 നവംബറിൽ മരണം വളരെ സമീപമെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തിൽ അവശേഷിച്ച കാലംകൊണ്ട്‌ ഇതെങ്കിലും തീർക്കണമെന്ന വെമ്പലോടെ മനസ്സിൽ എഴുതാനും വായിച്ച്‌ വിഭവങ്ങൾ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ, എഴുതിത്തീരാൻ 1983 ആകേണ്ടിവന്നു. സമയമനുവദിച്ചുതന്ന കാലത്തിന്റെ ദയയ്‌ക്ക്‌ നന്ദി.   ഇതിനുവേണ്ട തയ്യാറെടുപ്പിന്റെ ഭാഗമായി ചെയ്‌ത വായനയും പഠനവും വലിയൊരു നേട്ടമായി ഞാൻ കരുതുന്നു. അത്‌ സാധ്യമാക്കിയ പുസ്‌തകങ്ങൾ തേടിപ്പിടിച്ചുതരാൻ എന്നെ സഹായിച്ച നാഗ്‌പുർ, കോഴിക്കോട്‌, ബോംബെ സർവകലാശാലകളിലെയും മറ്റു സ്ഥാപനങ്ങളിലെയും സുഹൃത്തുക്കളോട്‌ ഞാൻ കടപ്പെട്ടിരിക്കുന്നു. തോഴരേ, നിങ്ങൾക്ക്‌ നന്ദി.

ഈ വായനയെക്കാളേറെ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ജനിച്ച്‌, പുരാണേതിഹാസങ്ങൾ കേട്ടുവളർന്ന്‌, ഇവിടെ ജീവിച്ചു എന്നതാണ്‌ ഈ പുസ്‌തകമെഴുതാൻ എനിക്ക്‌ പ്രേരണനൽകിയ ആന്തരശക്തി എന്ന്‌ ഞാൻ വിശ്വസിക്കുന്നു. കൃഷ്‌ണദ്വൈപായനനെ നമുക്ക്‌ വീണ്ടും വാഴ്‌ത്താം.
(1977ൽ സമീപത്തെത്തിയ മരണത്തെ തോൽപ്പിച്ച്‌, ദീർഘമായ പഠന ഗവേഷണങ്ങളിലൂടെ എം ടി എഴുതിയ മഹാസൃഷ്‌ടിയാണ്‌ രണ്ടാമൂഴം.

1984ൽ അതിന്റെ ആദ്യപതിപ്പിന് ഗ്രന്ഥകാരൻ കുറിച്ച മുഖവുരയിൽനിന്ന്‌)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top